Current Date

Search
Close this search box.
Search
Close this search box.

ഭീരുക്കളല്ല; വാരിയംകുന്നത്തിന്റെ പേര് ഉച്ചരിക്കേണ്ടത്

മക്കാ വിജയത്തിനു ശേഷം ഇസ്‍ലാം സ്വീകരിച്ച, എന്നാൽ റസൂൽ (സ) യെ നേരിട്ട് കണ്ടിട്ടില്ലാത്ത, പണ്ഡിതന്മാർ താബിഈ എന്നു വിശേഷിപ്പിച്ച വ്യക്തിത്വമാണ് അബു റജാഉൽ ഉതാരിദി. റസൂലിന്റെ മരണത്തിന് ശേഷം കുറെ കാലം കഴിഞ്ഞാണ് അദ്ദേഹം ബസറയിൽ നിന്ന് മദീനയിൽ എത്തിയത്. അദ്ദേഹം മദീന തെരുവോരങ്ങളിലൂടെ നടന്നു. അപ്പോൾ അദ്ദേഹം ഒരു കാഴ്ച കണ്ടു. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ തലയിൽ ചുംബിച്ചു കൊണ്ട് പറയുന്നു. ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു. താങ്കൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ നശിച്ചു പോയേനെ. അബു റജാഉൾ ഉതാരിദി അവിടെ കൂടിയ ആളുകളോട് ചോദിച്ചു: ആരാണ് ചുംബിച്ചത്? ആരെയാണ് ചുംബിച്ചത്? അവർ പറഞ്ഞു: അത് ഉമർ ബിൻ ഖത്വാബ്‌ (റ)ആണ്. അബൂബക്കർ സിദ്ദിഖ്(റ) ന്റെ തലയിലാണ് ചുംബിക്കുന്നത്. മതപരിത്യാഗികളുമായുള്ള യുദ്ധത്തിൽ അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിച്ചു കൊണ്ടാണ് അദ്ദേഹം ചുംബിക്കുന്നത്. നിർണായകമായ ഘട്ടങ്ങളിൽ യോജിച്ച തീരുമാനം എടുക്കുക എന്നത് മഹത്തായ കാര്യത്തിൽ പെട്ടതാണ്.മുസ്‌ലിം ഉമ്മത്ത് വളരെ നിർണായകമായ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. നബി(സ) വഫാത്തിനു ശേഷം മുസ്‌ലിം ഉമ്മത്ത് ഭയചകിതരാവുകയും ചിന്നിചിതറി പോവുകയുംചെയ്തു. ഈ നിർണായക സന്ദർഭത്തെ കുറിച്ചു ഉർവത്തു ബ്നു സുബൈർ (റ) പറയുന്നു: ” കനത്ത പേമാരി പെയ്യുന്ന രാത്രിയിൽ ചിതറി തെറിച്ച ആട്ടിൻ കുഞ്ഞുങ്ങളെ പോലെയായിരുന്നു മുസ്ലിം ഉമ്മത്ത് നബി (സ) വിയോഗ ശേഷം”.

ഈ സമയത്തു അബൂബക്കർ (റ) ധീരതയോടെ എഴുന്നേറ്റു നിൽക്കുകയും ഭയത്തോടെ ഭിന്നിചിതറി നിൽക്കുന്ന മുസ്ലിം ഉമ്മത്തിനെ ഒന്നിപ്പിക്കുന്നതിന് വേണ്ടി സ്വയം നായക പരിവേഷം അണിയുകയും ചെയ്‌തു. ഈ നടപടിയെ അംഗീകരിച്ചു കൊണ്ട് ഉമർ (റ) ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ ചുംബിച്ചു എന്നതാണ് ചരിത്രം. തന്റെ മരണത്തിനു മുൻപ് റസൂൽ (സ) ഉസാമ(റ) വിന്റെ നേതൃത്വത്തിൽ റോമാക്കാരെ നേരിടാൻ വേണ്ടി ഒരു സൈന്യത്തെ സജ്ജീകരിച്ചിരുന്നു. റസൂൽ വിട പറഞ്ഞപ്പോൾ മുസ്‌ലിം സമൂഹം ദുഃഖത്തിലും ഭിന്നിപ്പിലും ആയിമാറി.ശത്രുക്കൾ എല്ലാവരും ഒന്നിച്ചു. ആ സമയത്തു ചില സഹാബികൾ അബൂബക്കർ(റ) വിന്റെ അടുക്കൽ ചെന്നിട്ട് രണ്ട് നിർദ്ദേശങ്ങൾ വെച്ചു. ഉസാമയുടെ സൈന്യത്തെ ഇപ്പോൾ റോമിലേക്ക് അയകേണ്ടതില്ല.അതല്ല അയക്കാൻ ആണ് തീരുമാനം എങ്കിൽ കേവലം 18 വയസ്സുള്ള ഉസാമയെ മാറ്റി യുദ്ധത്തിൽ നൈപുണ്യം ഉള്ള മറ്റൊരു സൈനിധിപന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയക്കുക. ഈ നിർണായക ഘട്ടത്തിൽ അബൂബക്കർ(റ) വിന്റെ നിലപാട് ധീരമായിരുന്നു. അദ്ദേഹം പറഞ്ഞു: മദീനയിലെ സ്ത്രീകളുടെ ആഭരണങ്ങൾ തെരുവ് നായ്ക്കൾ കടിച്ചു കീറുന്ന സന്ദർഭം സംജാതമായാൽ പോലും അല്ലാഹുവിന്റെ റസൂൽ (സ) തീരുമാനിച്ച സൈന്യത്തെ തിരിച്ചു വിളിക്കാനോ റസൂൽ തീരുമാനിച്ച നേതാവിനെ മാറ്റാനോ ഞാൻ തയ്യാറല്ല എന്നു അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ രണ്ടു തരക്കാരാണ്. ഒന്ന് ഏത് പ്രതിസന്ധി ഘട്ടത്തിലും പാറ പോലെ ഉറച്ചു നിൽക്കുന്നവർ.സമൂഹത്തിൽ അവർ ധീരന്മാർ എന്നറിയപ്പെടും. മറ്റൊന്ന് പരീക്ഷണങ്ങൾ വരുമ്പോൾ പേടിച്ചു വിറച്ച് ഓടി ഒളിക്കുന്നവർ. സമൂഹത്തിൽ അവർ ഭീരുക്കൾ എന്നറിയപ്പെടും. സമൂഹത്തിൽ ഒന്നാമത്തെ വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് അബൂബക്കർ (റ) ആണ്. റസൂൽ (സ) യുടെ വിയോഗാനന്തരം ഉണ്ടായ പ്രതിസന്ധി മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചത് അതു കൊണ്ടാണ്.

Also read: ദേവീന്ദർ സിങും ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളും

അലി (റ) ഒരിക്കൽ മിമ്പറിൽ വെച്ചു ജനങ്ങളോട് ചോദിച്ചു:  ജനങ്ങളിൽ ആരാണ് ഏറ്റവും വലിയ ധീരൻ? അവർ പറഞ്ഞു: “അമീറുൽ മുഅമിനീൻ താങ്കൾ തന്നെയാണ് ധീരൻ.കാരണം താങ്കളെ പോലെ യുദ്ധം ചെയ്യുന്നവരെ ഞങ്ങൾ കണ്ടിട്ടില്ല”.  അദ്ദേഹം പറഞ്ഞു: “യുദ്ധത്തിൽ ഒരു പക്ഷെ ഞാൻ ധീരമായി പൊരുതിയേക്കാം.എന്നാൽ നിർണായകമായ ഘട്ടത്തിൽ ഉറച്ച നിലപാടുകൊണ്ട് യോജിച്ച തീരുമാനം എടുക്കുന്നതാണ് ധീരത.അതിൻപ്രകാരം അബൂബക്കർ(റ) ഏറ്റവും വലിയ ധീരൻ”.

വളരെ പ്രതിസന്ധി അനുഭവിക്കുന്ന സന്ദർഭത്തിൽ മനസ്സ് ചാഞ്ചാടുന്ന ഘട്ടത്തിൽ പതറാതെ തീരുമാനം എടുക്കുന്നവൻ ആണ് ധീരൻ എന്ന് ജാഹിള് പറയുന്നു. മരണ ഭയമില്ലാതെ തന്റേതായ പ്രയാസങ്ങളെ മാറ്റി നിർത്തി സാമൂഹികമായ താൽപ്പര്യങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങുക എന്നതാണ് ധീരതയുടെ പ്രായോഗിക രൂപം. ധീരൻ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടി വരുന്നത് ഒരു മല്ലന്റെ ചിത്രമാണ്. എന്നാൽ ധീരതയും ആരോഗ്യവുമായി ബന്ധമില്ല. ആരോഗ്യവുമായി ബന്ധമുണ്ടായിരുന്നുവെങ്കിൽ അബൂബക്കർ(റ) ധീരനാകുമായിരുന്നില്ല. ധീരത എന്നത് കരളുറപ്പാണ്. ഖാലിദ് ബിൻ വലീദ്(റ) വിനെ സൈന്യാധിപൻ ആയി അയക്കുന്ന വേളയിൽ അബൂബക്കർ(റ) പറഞ്ഞു:
يا خالد احرص على الموت توهب لك الحياة  താങ്കൾ മരണത്തിനു വേണ്ടി യുദ്ധം ചെയ്യുക.അങ്ങനെ ചെയ്യുമ്പോൾ സമാധാനപരമായ ജീവിതം ലഭിക്കും എന്നതാണ് ഖാലിദ് (റ) നൽകപ്പെട്ട ഉപദേശം. മുസ്ലിം സമുദായത്തിന്റെ ചരിത്രം പഠിക്കുമ്പോൾ മനസ്സിലാകുന്നത്, അവർ വിജയം നേടിയത് ആയുധം ഉള്ളത് കൊണ്ടായിരുന്നില്ല മറിച്ച് കരളുറപ്പ് ഉള്ളത് കൊണ്ടായിരുന്നു. റസൂൽ (സ)യെ കുറിച്ചു അനസ് ബ്നു മാലിക്ക് (റ) പറയുന്നു:
عَنْ أَنَسٍ ، قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ، وَأَشْجَعَ النَّاسِ، وَأَجْوَدَ النَّاسِ. كَانَ فَزَعٌ بِالْمَدِينَةِ فَخَرَجَ النَّاسُ قِبَلَ الصَّوْتِ، فَاسْتَقْبَلَهُمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ سَبَقَهُمْ، فَاسْتَبْرَأَ الْفَزَعَ عَلَى فَرَسٍ لِأَبِي طَلْحَةَ عُرْيٍ، مَا عَلَيْهِ سَرْجٌ، فِي عُنُقِهِ السَّيْفُ، فَقَالَ : ” لَمْ تُرَاعُوا “. وَقَالَ لِلْفَرَسِ : ” وَجَدْنَاهُ بَحْرًا “، أَوْ ” إِنَّهُ لَبَحْرٌ ജനങ്ങളിൽ ഏറ്റവും നല്ല മനുഷ്യനും ധീരനും റസൂൽ(സ) ആയിരുന്നു.ഒരിക്കൽ മദീയനയിൽ ഒരു ഘോര ശബ്ദം കേട്ടു. ജനങ്ങൾ ഭയചകിതരായി. അപ്പോൾ റസൂൽ(സ) അബു ത്വല്ഹയുടെ(റ) കുതിരപ്പുറത്ത് കടിഞ്ഞാണ് പോലുമില്ലാതെ എല്ലാവരെക്കാളും മുന്നേ എത്തി. ശേഷം അദ്ദേഹം വിശദീകരിക്കുന്നു. ജനങ്ങൾ ക്കിടയിൽ റസൂൽ(സ) ഒരു ബഹർ പോലെ ചുറ്റി നടന്നു. അലി (റ) റസൂലിനെ കുറച്ചു പറയുന്നു: إذا كنا اشتد البحث وحمية الحرب اتقينا برسول الله صلى الله عليه وسلم فما يكون أحد اقرب إلى العدو منه.  യുദ്ധവേളയിൽ ഞങ്ങൾ റസൂൽ(സ) യുടെ പിന്നിൽ നിന്ന് യുദ്ധം ചെയ്യുമായിരുന്നു. യുദ്ധത്തിൽ മുൻ പന്തിയിലായിരുന്നു റസൂൽ(സ)യുടെ സ്ഥാനം. ശത്രുക്കളോട് ഇത്രത്തോളം അടുത്ത് യുദ്ധം ചെയ്യുന്ന വേറെ ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഇത് വിശ്വാസിയുടെ സ്വഭാവമാണ്.

ഇതിന് നേരെ വിപരീതമായ ഒന്നാണ് ഭീരുത്വം. ധീരതയും ഭീരുത്വവും ഒരു വ്യക്തിയിൽ ഒരുമിച്ചു ഉണ്ടാവുകയില്ല. രണ്ടു പേരും ജീവിക്കുന്നുണ്ട്. എന്നാൽ രണ്ടു പേരുടെയും ജീവിതത്തിന് ചില അടിസ്ഥാന വ്യത്യാസങ്ങൾ ഉണ്ട്. ധീരനായ മനുഷ്യൻ തല ഉയർത്തി പിടിച്ചു ജീവിക്കുന്നു. ഭീരുവാകട്ടെ സമൂഹത്തിൽ എപ്പോഴും ഭയത്തോടെ ജീവിക്കുന്നു.വിശ്വാസിയുടെ വിശേഷണമായി വിശുദ്ധ ഖുർആൻ പറയുന്നു:
قُلْ هَلْ تَرَبَّصُونَ بِنَا إِلَّا إِحْدَى الْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ اللَّهُ بِعَذَابٍ مِّنْ عِندِهِ أَوْ بِأَيْدِينَا ۖ فَتَرَبَّصُوا إِنَّا مَعَكُم مُّتَرَبِّصُونَ} [التوبة : 52]
പറയുക: (രക്തസാക്ഷിത്വം, വിജയം എന്നീ) രണ്ടു നല്ലകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്‍റെ പക്കല്‍ നിന്ന് നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്‍പിക്കും എന്നാണ്‌. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്‌. ഇതാണ് ഭീരുക്കളും ധീരന്മാരും തമ്മിലുള്ള വ്യത്യാസം. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വ്യത്യാസം.
قيل لعليّ- رضي اللّه عنه :إذا جالت الخيل، فأين نطلبك؟ قال: حيث تركتموني  അലി (റ) വിനോട് അനുയായികൾ ചോദിച്ചു: യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ ഞങ്ങൾ താങ്കളെ എവിടെയാണ് അന്വേഷിക്കേണ്ടത്.
അദ്ദേഹം മറുപടി പറഞ്ഞു: യുദ്ധം തുടങ്ങുന്ന വേളയിൽ നിങ്ങൾ എന്നെ എവിടെ കാണുന്നുവോ. അവസാനം വരെ നിങ്ങൾ എന്നെ അവിടെ തന്നെ കാണും. ഞാൻ ഒരിക്കലും പിന്നോട്ട് മാറുകയില്ല.

Also read: ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-2

قال سعد بن أبي وقّاص- رضي اللّه عنه-: كان حمزة بن عبد المطّلب يقاتل يوم أحد بين يدي رسول اللّه صلّى اللّه عليه وسلّم ويقول: أنا أسد اللّه
സഅദ് ബ്നു അബീ വഖാസ് (റ) ഹംസത് ഇബ്നു അബ്ദിൽ മുത്തലിബ് (റ) നെ കുറിച്ചു പറയുന്നത്:
ഉഹ്ദ് യുദ്ധ വേളയിൽ ‘ഞാൻ അസദുള്ള'(അല്ലാഹുവിന്റെ സിംഹം) എന്നു പറഞ്ഞു കൊണ്ടാണ് ഹംസത് ഇബ്നു അബ്ദുൽ മുത്വലിബ് (റ) യുദ്ധം ചെയ്തിരുന്നത്.

അറബികൾ സാധാരണ പറയാറുണ്ട്. الشجاع محبب حتى الى عدوه والجبان مبغض حتى إلى أمه  നമുക്ക് ധീരതയുണ്ടെങ്കിൽ ശത്രുക്കൾ പോലും നമ്മെ ബഹുമാനിക്കും. നാം ഭീരുവാണെങ്കിൽ പ്രസവിച്ച മാതാവ് പോലും വെറുത്തുകളയും .  വെറുക്കപ്പെട്ട സ്വഭാവം ആണ് ഭീരുത്വം എന്നത്.വിശ്വാസികൾ ഒരിക്കലും ഭീരു ആവുകയില്ല. അല്ലാഹുവിൽ വിശ്വസിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി.അവനൊരിക്കലും ഭീരുവാകാൻ സാധിക്കുകയില്ല.
റസൂൽ (സ) പറഞ്ഞു:   لَا تَجِدُونِي بَخِيلًا، وَلَا كَذَّابًا، وَلَا جَبَانًا “. നിങ്ങൾ എന്നെ പിശുക്കനായോ കളവ് പറയുന്നവനായോ ഭീരുവായോ കാണുകയില്ല. ആയിഷ (റ) പറയുന്നു:  إن للَّه خلقًا قلوبهم كقلوب الطير، كلما خفقت الريح؛ خفقت معها، فَأفٍّ للجبناء، فأفٍّ للجبناء. ചിലയാളുകൾ അവരുടെ ഹൃദയം പക്ഷികളെ പോലെ ചെറുതാണ്.കാറ്റടിക്കുമ്പോൾ പാറി പോകുന്ന ഇലകളെ പോലെ ഭീരുക്കൾ ആണ് അവർ. അത്തരം ഭീരുക്കൾക്ക് നാശം വിശ്വസത്തിലെ വലിയ പോരായ്മയാണ് ഭീരുത്വം എന്നത്.അല്ലാഹുവിൽ ഭരമേൽപ്പിക്കുക എന്ന വിശ്വാസിയുടെ വിശേഷണത്തിന് വിള്ളൽ ഏല്പിക്കുന്നതാണ് ഭീരുത്വം. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവൻ സമൂഹത്തിൽ ധീരനായി ജീവിക്കുന്നു.  വിശുദ്ധ ഖുർആന്റെ ഭാഷയിൽ മുനാഫിഖുകൾ ഭീരുക്കൾ ആണ്. അവർ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയില്ല. ദൈവ വിശ്വാസം ഇല്ലാത്തവർ സമൂഹത്തിൽ ഭീരുക്കൾ ആയിട്ടാണ് ജീവിക്കുന്നത്. സമര മുഖത്തു നിന്ന് പിന്തിരിയുന്നവരുടെ നിലപാടിനെ കുറിച്ചു ഖുർആൻ പരാമർശിക്കുന്നു. മരണത്തെയും പരാജയത്തെയും ഭയപ്പെടുന്നവരാണ് അവർ. സമരത്തിന് അവർ ആഗ്രഹിക്കുകയില്ല. എന്നാലോ അവർ അത് തുറന്നു പറയുകയുമില്ല. സമര മുഖത്ത് അവർ നിങ്ങളോട് ഐഖ്യദാർഡ്യം പ്രഖ്യാപിക്കും.’ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്’ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ അവർ നടത്തും. എന്നാലോ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള കാരണങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കും. നിങ്ങളുടെ മുദ്രാവാക്യങ്ങൾ ഞങ്ങൾക്ക് യോജിച്ചതല്ല. നിങ്ങളുടെ സ്ത്രീകൾ സമര മുഖത്തു വരുന്നത് ഞങ്ങളുടെ നിലപാടിന് ചേർന്നതല്ല. ഇത്തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞു കൊണ്ട് സമരത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. മാത്രമല്ല സമരത്തിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളുകളുണ്ട്.അവരെ കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നു:
وَيَحْلِفُونَ بِاللَّهِ إِنَّهُمْ لَمِنكُمْ وَمَا هُم مِّنكُمْ وَلَٰكِنَّهُمْ قَوْمٌ يَفْرَقُونَ. لَوْ يَجِدُونَ مَلْجَأً أَوْ مَغَارَاتٍ أَوْ مُدَّخَلًا لَّوَلَّوْا إِلَيْهِ وَهُمْ يَجْمَحُونَ [التوبة : 56-57]

തീര്‍ച്ചയായും അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരാണെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു പറയും. എന്നാല്‍ അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരല്ല. പക്ഷെ അവര്‍ പേടിച്ചു കഴിയുന്ന ഒരു ജനവിഭാഗമാകുന്നു. ഏതെങ്കിലും അഭയസ്ഥാനമോ, ഗുഹകളോ, കടന്ന് കൂടാന്‍ പറ്റിയ ഏതെങ്കിലും സ്ഥലമോ അവര്‍ കണ്ടെത്തുകയാണെങ്കില്‍ കുതറിച്ചാടിക്കൊണ്ട് അവരങ്ങോട്ട് തിരിഞ്ഞുപോകുന്നതാണ്‌. എന്തിനാണ് അവർ നിങ്ങളോട് ഐഖ്യദാർഡ്യം പുലർത്തുന്നത്? നിങ്ങളുടെ ഇടയിൽ കയറി നിങ്ങളെ പിളർത്താൻ ഉദ്ദേശിക്കുന്നവരാണ് അവർ. തങ്ങൾക്ക്സു രക്ഷിത സ്ഥാനം തേടുന്നവരാണ് അവർ. ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളിൽ നിങ്ങളുടെ അപ്രീതി നേടാതിരിക്കാൻ വേണ്ടി അവർ പരസ്യമായി ഐഖ്യദാർഡ്യം പ്രഖ്യാപിക്കും. എന്നാൽ നിങ്ങൾക്ക് അവരെ കൂടെ കൂട്ടാൻ സാധിക്കുകയില്ല.
അവർ എന്തിനാണ് നിങ്ങളുടെ കൂടെ കൂടുന്നത് എന്നും അവരുടെ ഉദ്ദേശ്യം എന്തെന്നും ഖുർആൻ വ്യക്തമാക്കുന്നു:
لَوْ خَرَجُوا فِيكُم مَّا زَادُوكُمْ إِلَّا خَبَالًا وَلَأَوْضَعُوا خِلَالَكُمْ يَبْغُونَكُمُ الْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ [التوبة : 47]
നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേടിത്തരുമായിരുന്നില്ല. നിങ്ങള്‍ക്ക് കുഴപ്പം വരുത്താന്‍ ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കംപായുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പറയുന്നത് ചെവികൊടുത്ത് കേള്‍ക്കുന്ന ചിലരുണ്ട് താനും. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്‌. നിങ്ങൾക്കിടയിൽ പിളർപ്പ് ഉണ്ടാക്കാൻ ആണ് അവരുടെ ലക്ഷ്യം. റഷ്യയിലെയും ചൈനയിലെയും ഇന്ത്യയിലെയും മുസ്ലിം ചരിത്രം എടുത്തു പരിശോധിക്കുമ്പോൾ, അവർക്ക് നിങ്ങളോട് യാതൊരു കൂറും ഇല്ല എന്ന് മനസ്സിലാകും. ദുര്ബലരുടെ അവകാശങ്ങൾക്ക് വേണ്ടി അവർ യാതൊന്നും ചെയ്യുകയില്ല.
لَقَدِ ابْتَغَوُا الْفِتْنَةَ مِن قَبْلُ وَقَلَّبُوا لَكَ الْأُمُورَ حَتَّىٰ جَاءَ الْحَقُّ وَظَهَرَ أَمْرُ اللَّهِ وَهُمْ كَارِهُونَ [التوبة : 48] മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുകയും നിനക്കെതിരില്‍ അവര്‍ കാര്യങ്ങള്‍ കുഴച്ചു മറിക്കുകയും ചെയ്തിട്ടുണ്ട്‌. അവസാനം അവര്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും സത്യം വന്നെത്തുകയും അല്ലാഹുവിന്‍റെ കാര്യം വിജയിക്കുകയും ചെയ്തു.

Also read: വിശ്വാസത്തിന്റെ പ്രതാപം

മുൻപും അവർ ഇങ്ങനെ തന്നെയാണ് ചെയ്തത്. വിശുദ്ധ ഖുർആൻ വളരെ കൃത്യമായാണ് ആളുകളെയും പ്രത്യയശാസ്ത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.  നിർണായകമായ സാഹചര്യത്തിലൂടെയാണ് മുസ്‌ലിംകൾ കടന്നു പൊയ്കൊണ്ടിരിക്കുന്നത്. സ്വയം ആത്മ പരിശോധന നടത്തണം. എവിടേക്കാണ് നാം ചേർന്നു കൊണ്ടിരിക്കുന്നത്? മുസ്ലിം വിരുദ്ധ നിലപാടുകൾ കൈക്കൊള്ളുന്ന നേതാവിന്റെ കീഴിലാണോ, നിർണായക നിമിഷത്തിൽ പാലം വലിക്കുന്ന സമീപനം സ്വീകരിക്കുന്ന നിലപാടുള്ള രാഷ്ട്രീയ പാർട്ടിയിലാണ് നാം പ്രവർത്തിക്കുന്നതെങ്കിൽ അത് ഇസ്ലാമിന് വിരുദ്ധമാണെന്ന് മനസ്സിലാക്കണം.ഈ ഭീരുക്കളുടെ വിശേഷണങ്ങൾ ഓരോന്നായി വിശുദ്ധ ഖുർആൻ പറയുന്നു:
وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْهُمْ ۚ قَاتَلَهُمُ اللَّهُ ۖ أَنَّىٰ يُؤْفَكُونَ [المنافقون : 4]
നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌?

കേരളം ഒന്നിക്കുമ്പോൾ കേരള മുസ്ലിം സംഘടനകൾ എല്ലാം ഒന്നിക്കുമ്പോൾ അതിൽ നിന്ന് മാറി നിന്ന് ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭം ഞങ്ങൾ ഒറ്റക്ക് നടത്തും എന്നു പ്രഖ്യാപിക്കുന്നു അവർ. ഫാസിസ്റ്റ്കൾ ശത്രുക്കളാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും എന്നിട്ട് അവർക്ക് വേണ്ടി ഇരകളെ ഇട്ടു കൊടുക്കുന്ന ആളുകൾ ഉണ്ട്. അവരാണ് ശത്രുക്കൾ. നിങ്ങൾ അവരെയാണ് സൂക്ഷിക്കേണ്ടത് എന്നു വിശുദ്ധ ഖുർആൻ. കേരള മുസ്‌ലിം ചരിത്രമാണ് അവർ പറയുന്നത്. വാരിയം കുന്നത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തിയതിന്റെ പേരിൽ നാട് കടത്തപ്പെട്ട ഫസൽ പൂക്കോയ തങ്ങളുടെയും ചരിത്രമാണ് വളരെ മനോഹരമായ രീതിയിൽ പ്രസംഗിക്കുന്നത്. അവരൊക്കെ എവിടെ നിന്നു വന്നു എന്നത് ഇത്തരം ആളുകൾ പറയുകയില്ല.അതവരുടെ വിഷയമല്ല.ഇവിടെയാണ് പ്രശ്നം. ഈ പേരുകൾ ഭീരുക്കൾ അല്ല ഉച്ചരിക്കേണ്ടത്. നിങ്ങളുടെ ഭീരുത്വം ഞങ്ങൾക്ക് പ്രശ്‌നമല്ല. വേദന എന്നത്, ഒരു നാട് മുഴുവൻ നേരിടുന്ന പ്രശ്‌നത്തിൽ അവരുടെ കൂടെ കൂടാതെ മാറി നിന്ന് ഫാസിസ്റ്റ്കൾക്കെതിരെ പോരാടിയ ആളുകളുടെ പേരുകൾ നിങ്ങൾ ഏറ്റെടുക്കുന്നു എന്നതിലാണ് വേദന. ഭയത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. ജനങ്ങൾ ഭയന്നു കഴിയുന്നു. ഭയമുള്ളവർക്ക് ഭയം മാത്രമേ കൊടുക്കാൻ സാധിക്കുകയുള്ളു എന്നു തിരിച്ചറിയേണ്ടതുണ്ട്. ഭയം ശൈത്താനിൽ നിന്നാണ് എന്നു ഖുർആൻ പറയുന്നു:
إِنَّمَا ذَٰلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ} [آل عمران : 175] അത് പിശാചു മാത്രമാകുന്നു. അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി (നിങ്ങളെ) പേടിപ്പെടുത്തുകയാണ്‌. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍

ഭീരുവായി ജീവിക്കുന്നവന് ജീവിതമില്ല.അവൻ മരിച്ചാണ് ജീവിക്കുന്നത്. പക്ഷെ ധീരനായ മനുഷ്യൻ മരണത്തിനു ശേഷവും ജീവിച്ചിരിക്കും എന്നതാണ് യാഥാർത്ഥ്യം. മിസ്അബുബ്നു സുബൈർ (റ) ഇറാഖിൽ രക്തസാക്ഷി ആയി. വിവരമറിഞ്ഞ അബ്ദുല്ലാഹിബ്നു സുബൈർ (റ) മക്കയിൽ വെച്ചു ഖുതുബ നടത്തി കൊണ്ട് പറഞ്ഞു:
والله الذي لا اله الا هو نحن لا نموت كما يموت آل مروان. انا نموت تحت ضرب السيوف وقصح الرماح، عبد الله بن الزبير تطيب وتحنط ولبس اكفانه وأتى إلى أمه اسماء بنت ابي بكر (ر) فقال : يا أماه الحجاج قد أغلق علي الحرم ومعه إثنا عشر الفا وما عندي الا خمس مائة ،فماذا أفعل هل اسلم نفسي؟
قالت: لا، اتق الله لا تسلم نفسك قاتل حتى تقتل.
قال: والله ما اخاف القتل، ولكن أخشى أن يمثل بي إذا قتلني يقطع انفي ويبقر بطني.
قالت: لا تضر الشاة سلخها بعد ذبحها.
فيصلبه الحجاج ومرت به وسلمت عليه وهو مصلوب.
മർവാന്റെ കുടുംബം മരിക്കുന്നത് പോലെ ഞങ്ങൾ മരിക്കുകയില്ല. മൃഗങ്ങൾ മരിക്കുന്നത് പോലെ ഞങ്ങൾ മരിക്കുകയില്ല. സമര മേഖലയിൽ പോരാടിയാണ് ഞങ്ങൾ മരിക്കുക എന്നു ഞാൻ പ്രഖ്യാപിക്കുന്നു. അതിനു ശേഷമാണ് അബ്ദുല്ലാഹിബ്നു സുബൈർ (റ) മരിക്കുന്നത്.സ്വന്തം കഫൻ പുടവ അണിഞ്ഞ്‌കൊണ്ട് സുഗന്ധം പൂശി അദ്ദേഹം തന്റെ ഉമ്മയുടെ അടുക്കൽ വന്നിട്ട് ചോദിച്ചു:  ഉമ്മാ.. ഹജ്ജാജ് 12000 സൈന്യവുമായി കടന്നു വരുന്നു. എന്റെ പക്കൽ ശേഷിക്കുന്നത് ആകെ 500 മാത്രമാണ്.ഞാൻ എന്താണ് ചെയ്യേണ്ടത്.കീഴടങ്ങേണ്ടതുണ്ടോ?  ഉമ്മ മറുപടി പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഒരിക്കലും കീഴടങ്ങരുത്. മരണം വരെ യുദ്ധം ചെയ്യുക.  അദ്ദേഹം പറഞ്ഞു: മരണത്തെ എനിക്ക് ലവലേശം പേടിയില്ല. മരിച്ചു കഴിഞ്ഞാൽ അവർ എന്റെ ശരീരത്തെ ചിന്നഭിന്നമാക്കും എന്നതാണ് ഞാൻ ഭയപ്പെടുന്നത്.  മാതാവ് പറഞ്ഞു: മരിച്ച ആടിന്റെ തൊലിയുരിച്ചത് കൊണ്ട് അതിന് വേദനയെടുക്കുകയില്ല. അതു കൊണ്ട് നീ പോയി യുദ്ധം ചെയ്യുക. അങ്ങനെ ഹജ്ജാജ് അദ്ദേഹത്തെ കൊന്നു കളഞ്ഞു.ശേഷം തെരുവിൽ അദ്ദേഹത്തിന്റെ ശരീരം ക്രൂശിച്ചു. അതിനു മുന്നിലൂടെ നടന്നു പോയ മാതാവ് അസ്മ ബിൻത് അബീബക്കർ(റ) തന്റെ മകന്റെ മൃതദേഹം നോക്കി പറഞ്ഞു: മകനെ നിനക്കു സമാധാനം. എന്നു പറഞ്ഞു കൊണ്ട് മുന്നോട്ട് പോയി എന്ന് ചരിത്രം. ഈ ചരിത്രത്തിൽ നിന്നാണ് വാരിയംകുന്നത്തും ഫസൽ പൂക്കോയ തങ്ങളും ജനിച്ചത്. അത്കൊണ്ട് ഈ ചരിത്രത്തെയും ഈ പേരുകളെയും ഏതെങ്കിലും പ്രത്യയശാസ്ത്രത്തോടൊ ഏതെങ്കിലും രാഷ്ട്രത്തോടൊ ചേർത്തു വെക്കേണ്ടതില്ല..ഇത് വിശ്വാസം പ്രസരിപ്പിക്കുന്ന സ്വാലിഹുകളുടെ ചരിത്രമാണ്.ഇതിൽ ഇനിയും ശുഹദ്ദാക്കൾ പിറക്കുക തന്നെ ചെയ്യും.

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Related Articles