History

ഉമര്‍(റ)വിന്റെ കാലത്തെ നാഗരികമായ ചുവടുവെപ്പുകള്‍-2

മൂന്ന്: തീരങ്ങളും പട്ടണങ്ങളും നിര്‍മിച്ച് സൈനിക താവളങ്ങള്‍ സ്ഥാപിച്ചു

ഉമര്‍(റ)വിന്റെ കാലത്ത് വിജയങ്ങളെ തുടര്‍ന്ന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തി വിശാലമാവുകയും, ഇസ്‌ലാമിക രാഷ്ട്രം തീരങ്ങളില്‍ പട്ടണങ്ങള്‍ സ്ഥാപിക്കുകയും, ഗതാഗത മാര്‍ഗങ്ങള്‍ സംവിധാനിക്കുകയും, ദേശത്തിന്റെ പരിഷ്‌കരണം സാധ്യമാക്കുകയും, വിപ്ലാത്മക സമര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും, വിജയച്ചിടക്കിയ ദേശങ്ങളില്‍ ഇസ്‌ലാമിക പ്രചരണത്തിന് പ്രവേശിക്കുകയും ചെയ്തു. അതിനായി പോരാളികള്‍ക്ക് ആള്‍ബലവും സംവിധാനങ്ങളും നല്‍കി. ബസ്വറ, കൂഫ, മൂസ്വില്‍, ഫുസ്ത്വാത്ത്, ജീസ, സിര്‍ത് തുടങ്ങിയവ അക്കാലത്ത് നിര്‍മിക്കപ്പെട്ട പ്രധാന നഗരങ്ങളാണ്. ഇവയെല്ലാം നിര്‍മിക്കപ്പെടുകയും സൈന്യത്തിനിടയിലെ ഗോത്രങ്ങള്‍ക്ക് വീതിച്ചുകൊടുക്കുകയും ചെയ്തു. അതില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയും, പള്ളികള്‍, ചന്തകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തു.

ഓരോ നഗരങ്ങളിലും പോരാളികളുടെ കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും പ്രത്യേക മേഖലകള്‍ സ്ഥാപിച്ചു. ഹിജാസില്‍ നിന്നും അറേബ്യന്‍ ഉപദ്വീപിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഈ പട്ടണങ്ങളില്‍ വന്ന് താമസമാക്കുന്നതിന് പ്രോത്സാഹനം നല്‍കി. അത് സൈനിക താവളങ്ങള്‍ രൂപീകരിച്ച് സൈന്യത്തെ അണിനിരത്തുന്നതിനും, ശത്രു ദേശങ്ങളിലേക്ക് സൈന്യത്തെ അയക്കുന്നതിനും, അവിടങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം നടത്തുന്നതിനും വേണ്ടിയായിരുന്നു. ആയതിനാല്‍, ഉമര്‍(റ) സൈനിക തലവന്മാരോട് ഈ നാടുകള്‍ക്കും ഭരണം നടത്തുന്ന തലസ്ഥാനങ്ങള്‍ക്കുമിടയില്‍ ഗതാഗത മാര്‍ഗം സാധ്യമാക്കുന്നതിന് പുതിയ പദ്ധതികള്‍ തയാറാക്കാന്‍ കല്‍പന പുറപ്പെടുവിച്ചു. എന്നാല്‍, അക്കാലത്തെ അറബികളുടെ കടല്‍ മാര്‍ഗത്തിലൂടെയുള്ള യാത്രയെ സംബന്ധിച്ച അജ്ഞത ഉമര്‍(റ)വിനെ ഭയപ്പെടുത്തിയിരുന്നു. എന്നാല്‍, ഈജിപ്തിലെ ഇസ്‌ലാമിക സൈന്യത്തിന്റെ ശേഷിയെ സംബന്ധിച്ച ബോധ്യം ജലപാതകള്‍ നിര്‍മിക്കുന്നതിന് കല്‍പന നല്‍കാന്‍ ഉമര്‍(റ)വിനെ പ്രേരിപ്പിച്ചു. അങ്ങനെ ഉമര്‍(റ) നൈല്‍ നദിയെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാല്‍ നിര്‍മിക്കുന്നതിന് അംറ് ബിന്‍ ആസ്വിന് അനുവാദം നല്‍കി. അതുമുഖേന ഹിജാസിലേക്ക് ഭക്ഷണ വസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞു.

ഉമര്‍(റ)വിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട പ്രധാന നഗരങ്ങള്‍:

ബസ്വറ നഗരം:
ഭാഷയില്‍ ബസ്വറ എന്നത് ഉറച്ച കല്ലുകളുള്ള പരുക്കന്‍ പ്രദേശമാണ്. കല്ലുകളുള്ള പ്രദേശത്തിനോ, മൃതുലമായ വെള്ള നിറത്തിലുള്ള കല്ലുകളുള്ള പ്രദേശത്തിനോ ആണ് ബസ്വറയെന്ന് വിളിക്കപ്പെടുന്നതെന്ന് ചിലര്‍ പറയുന്നു. യൂഫ്രട്ടീസും ടൈഗ്രീസും സന്ധിക്കുന്ന ഇടമാണ് ബസ്വറ. അവ രണ്ടും കൂടിചേരുന്ന സ്ഥലം ‘ശത്തുല്‍അറബ്’ എന്നറിയപ്പെടുന്നു. ഈ നഗരത്തിന്റെ നിര്‍മാണത്തില്‍ അറേബ്യന്‍ അവസ്ഥയെ പരിഗണിച്ചുകൊണ്ടുള്ള ഉമര്‍ ബിന്‍ ഖത്വാബ്(റ)വിന്റെ ആലോചനകള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അഥവാ, ഈ നഗരങ്ങളെല്ലാം ജലലഭ്യതയും, ഗ്രാമങ്ങളിലേക്കുള്ള വഴികളില്‍ മേച്ചില്‍ പുറങ്ങളും കാണാന്‍ കഴിയുന്നതായിരിക്കും.

Also read: ദൈവ കാരുണ്യം ലഭിക്കാന്‍ പത്ത് കാര്യങ്ങള്‍ പതിവാക്കാം

ഉത്ബത് ബിന്‍ ഗസ്‌വാന്‍ ഉമര്‍(റ)വിനോട് ബസ്വറ നഗരം രൂപീകരിക്കുന്നതില്‍ വിദഗ്ധ അഭിപ്രായം തേടി. വെള്ളവും മേച്ചില്‍ പുറങ്ങളുമുളള സ്ഥലത്തായിരിക്കണമെന്ന് ഉമര്‍(റ) നിര്‍ദേശിച്ചു. അങ്ങനെയാണ് ഉത്ബത് ബിന്‍ ഗസ് വാന്‍ ബസ്വറയെന്ന പ്രദേശം തെരഞ്ഞെടുക്കുന്നത്. ശേഷം അദ്ദേഹം ഉമര്‍(റ)വിന് കത്തെഴുതി: കരയിലെ ഒരറ്റത്ത് ഗ്രാമത്തിലേക്ക് വഴി തുറക്കുന്ന ഒരു സ്ഥലം കണ്ടു. അവിടെ ജലലഭ്യത ഉണ്ടായിരുന്നില്ലെങ്കിലും നദിയുടെ തീരങ്ങളിലില്‍ വളരുന്ന ഒരു തരം ചെടിയുണ്ടായിരുന്നു( ). അവിടെ നിങ്ങള്‍ പ്രവേശിക്കുക എന്ന് ഉമര്‍(റ) അദ്ദേഹത്തിന് തരിച്ചെഴുതി. അവര്‍ അവിടേക്ക് പ്രവേശിക്കുകയും, ആ ചെടി ഉപയോഗിച്ച് പള്ളികള്‍ നിര്‍മിക്കുകയും, പള്ളിയെകൂടാതെ നേതൃത്വം നല്‍കുന്നതിനായി ഒരു വീട് പണിയുകയും ചെയ്തു. അങ്ങനെ ജനങ്ങള്‍ ഏഴ് കുടിലുകള്‍ നിര്‍മിച്ചു. യുദ്ധം ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ അവര്‍ അവിടെ നിന്ന് പുല്ലുകള്‍ നീക്കുകയും അത് മാറ്റിവെക്കുകയും തിരിച്ചുവരുമ്പോള്‍ മുമ്പുണ്ടായിരുന്നതുപോലെ പുനര്‍നിര്‍മിക്കുകയുമാണ് ചെയ്യാറുള്ളത്.
അത് കത്തിനശിച്ചപ്പോള്‍ അവര്‍ ഉമര്‍(റ)വിനോട് ഇഷ്ടികകൊണ്ട് നിര്‍മിക്കാനുള്ള അനുവാദം ചോദിച്ചു. ഹിജ്‌റ 17-ാം വര്‍ഷം ഇത്ബ മരിച്ചതിനുശേഷം അബൂമൂസല്‍ അശ്അരിയുടെ നേതൃത്വത്തില്‍ പുനനിര്‍മിക്കാനുള്ള അനുവാദം ഉമര്‍(റ) നല്‍കി. അങ്ങനെ അബൂമൂസല്‍ അശ്അരി പള്ളിയും, ഇഷ്ടികകൊണ്ടും മണ്ണുകൊണ്ടുമായി ഭരണകേന്ദ്രം പണിയുകയും ചെയ്തു. ഇതിന്റെ മേല്‍ക്കൂര പുല്ലുകൊണ്ടുള്ളതായിരുന്നു. പിന്നീട് കല്ലുകൊണ്ട് പണിയുകയും ചെയ്തു. അവര്‍ അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ തയാറാക്കി. റോഡിന്റെ വ്യാപ്തി അറുപത് മുഴത്തോളം വിപുലപ്പെടുത്തി. അത് അവരെ തീയില്‍നിന്ന് സംരക്ഷിക്കുന്നതായിരുന്നു. അതുകൂടാതെ റോഡ് ഇരുപത് മുഴവും, ഓരോ ഇടവഴികള്‍ ഏഴ് മുഴവും വിശാലമാക്കി. അതിനിടിയില്‍ അവരുടെ കുതിരകളെ ബന്ധിപ്പിക്കുന്നതിനുളള സ്ഥലങ്ങളും, മരിച്ചവര്‍ക്കുള്ള ഖബറിടങ്ങളും ഒരുക്കി. അങ്ങനെ അവര്‍ അവരുടെ വീടുകളില്‍ ഒത്തുകൂടുകയും ചെയ്തു.

കൂഫ നഗരം:
കൂഫ നഗരത്തിന്റെ ആദ്യശില്‍പി സഅദ് ബിന്‍ അബീവഖാസ് ആണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സഅദ് ബിന്‍ അബീവഖാസാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. പേര്‍ഷ്യക്കാര്‍ക്കെതിരെ അവരുടെ പ്രധാന നഗരങ്ങളില്‍ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് വിജയം വരിച്ചതിനുശേഷം അദ്ദേഹം നഗര രൂപീകരണത്തിനായി പദ്ധതി ആവിഷ്‌കരിക്കാന്‍ കല്‍പന പുറപ്പെടുവിക്കുകയായിരുന്നു. ബസ്വറയെന്ന പ്രദേശത്തെ കണ്ടെത്തുന്നതിലും രൂപപ്പെടുത്തുന്നതിലും സമാനമായ രീതിയില്‍ തന്നെയാണ് കൂഫാ നഗരം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. എന്നാല്‍, സൈനിക നടപടികള്‍ പ്രധാന വിഷയമായിരുന്നതിനാല്‍ സ്ഥലം തെരഞ്ഞെടുക്കുന്നതിലും, പോരാളികള്‍ക്ക് കുടില്‍ കെട്ടുന്നതിനുമുള്ള ചിന്തയിലേക്ക് സഅദിനെ നയിച്ചു. ഭരണാധികാരി ഉമര്‍(റ)വന്റെ അഭിപ്രായം തേടി പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി സഅദ് മുന്നിട്ടിറങ്ങി. അപ്രകാരം ഉമര്‍(റ) മുന്നോട്ടുവെച്ച അടിസ്ഥാനങ്ങള്‍ പരിഗണിച്ച് കൂഫ തെരഞ്ഞെടുക്കുകയായിരുന്നു.

Also read: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാട് തീര്‍ത്തും വഞ്ചനാത്മകമാണ്‌

ഉമര്‍(റ) ഖാദിസിയ്യയിലെ സംഘങ്ങളെയും, നഗരങ്ങളിലെ മാറ്റങ്ങളെയും നിരീക്ഷിക്കുകയായിരുന്നു. അത് രാഷ്ട്രത്തിന്റെ പ്രതിസന്ധിയാണ് കാണിക്കുന്നത്. കുതിരകള്‍ക്കും അവിടെയുള്ളവര്‍ക്കും യോജിച്ച സ്ഥലം കണ്ടെത്തുവാനുള്ള കല്‍പന പുറപ്പെടുവിച്ച് ഉമര്‍(റ) സഅദ് ബിന്‍ അബീവഖാസിന് കത്തെഴുതി. സല്‍മാനുല്‍ ഫാരിസിയെയും ഹുദൈഫത് ബിന്‍ യമാനെയും അവരിലേക്ക് നേതാക്കളായി അയച്ചു. അവര്‍ രണ്ടു പേരും കൂഫയെത്തുന്നതുവരെ മുന്നോട്ടുപോയി. അവര്‍ രണ്ടു പേരുമുണ്ടായിരുന്നത് ഹീറക്കും യൂഫ്രട്ടീസിനുമിടയിലുള്ള സ്ഥലത്തായിരുന്നു. ആ സ്ഥലം ചരലും മണലും നിറഞ്ഞതായിരുന്നു. ചരലും മണലുമുളള ഒരോ സ്ഥലവും കൂഫയാണ്. ഇപ്രകാരമാണ് കൂഫയെന്ന് ഈ സ്ഥലം വിളിക്കപ്പെടുന്നത്. സഅദ് ബിന്‍ അബീവഖാസ് ഹിജ്‌റ 17-ാം വര്‍ഷം മുഹര്‍റം നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് മാറി. ഉമര്‍(റ) ഉദ്ദേശിച്ചിരുന്നത് മുസ്‌ലിംകള്‍ ഇവിടങ്ങളില്‍ കുടില്‍കെട്ടി താമസിക്കണമെന്നതാണ്. കാരണം, ഈ സ്ഥലം മുസ് ലിംകള്‍ക്ക് യുദ്ധത്തിന് കൂടുതല്‍ സഹായകരവും, അനുയോജ്യവും, ശത്രുക്കളെ ഭയപ്പെടുത്തുന്നതിനും, അലസത കാണിക്കുന്നത് കൂടുതല്‍ ശ്രദ്ധിക്കാനും കഴിയുന്ന സ്ഥലമാണ്.
കൂഫക്കാരും ബസ്വറക്കാരും മുളകൊണ്ട് കുടില്‍കെട്ടുന്നതിന് അനുവാദം ചോദിച്ചപ്പോള്‍ ഉമര്‍(റ) അവരോട് വിയോജിക്കാന്‍ ഇഷ്ടപ്പെടുകയുണ്ടായില്ല. അവര്‍ക്ക് അനുവാദം നല്‍കുകയും അവര്‍ അത് പണിയുകയും ചെയ്തു. എന്നാല്‍, ഇവ ബസ്വറയില്‍ കത്തിനശിച്ചതുപോലെ കൂഫയിലും കത്തിനശിക്കുകയുണ്ടായി. അവര്‍ ഉമര്‍(റ)വിനോട് ഇഷ്ടികകൊണ്ട് നിര്‍മിക്കാനുള്ള അനുവാദം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ അത് പണിതുകൊള്ളുക, എന്നാല്‍ അതില്‍ മൂന്നില്‍ കൂടുതല്‍ മുറികള്‍ ഉണ്ടാകുവാനും, നിര്‍മാണത്തില്‍ ധാരാളിത്തം കാണിക്കുവാനും പാടില്ല.’

(തുടരും)

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..https://islamonlive.in.
Close
Close