Jumu'a Khutba

സത്യാനന്തര കാലത്തെ വിധി

കുട്ടിക്കാലത്തു കേട്ട കോഴിയമ്മയുടെ കഥ ഓർക്കുന്നുണ്ടോ? ചുട്ടുവെച്ച അപ്പങ്ങൾ മുഴുവൻ മടിയന്മാരായ മക്കൾ തിന്നുകളഞ്ഞപ്പോൾ കോഴിയമ്മ മക്കളെ വിചാരണ ചെയ്ത് വിധി പറഞ്ഞ കഥയാണത്. ആരാണ് നെല്ല് കുത്തിയത്? കോഴിയമ്മ. ആരാണ് അരി പൊടിച്ചത്? കോഴിയമ്മ. ആരാണ് അപ്പം ചുട്ടത്? കോഴിയമ്മ. എങ്കിൽ മുഴുവൻ അപ്പവും കോഴിയമ്മ തന്നെ തിന്നട്ടെ. ഈ കഥക്ക് പുതിയ കാലത്തു ഒരു ട്വിസ്റ്റ് സംഭവിച്ചിട്ടുണ്ട്. ചോദ്യങ്ങളിങ്ങനെയാണ് – 1949 ൽ പള്ളിയിലെ താഴികക്കുടങ്ങൾക്കിടയിൽ വിഗ്രഹം വെച്ചത് ശരിയായോ? ഇല്ല അത് ഹീനകൃത്യമാണ്. 1992 ൽ പള്ളി പൊളിച്ച സംഭവം എന്താണ്? അത് അങ്ങേയറ്റം നിയമവിരുദ്ധമാണ്. തർക്കസ്ഥലത്തു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടോ? ഇല്ല. അതിനാൽ എന്ത് ചെയ്യണം? -‘പള്ളി പൊളിച്ചവർക്കു തന്നെ വിട്ടുകൊടുക്കണം’. എന്ന് വെച്ചാൽ ദീർഘ നാളത്തെ കേസ് വിസ്താരം കഴിഞ്ഞ ശേഷം അപ്പം മുഴുവൻ കുഞ്ഞുങ്ങൾ തന്നെ തിന്നട്ടെ എന്ന് . കുരങ്ങ് അപ്പം ഓഹരി വെച്ച കഥയും നാം മറന്നിട്ടില്ലല്ലോ.

ചോദ്യങ്ങൾ ഇനിയും തുടരാം. കർസേവകർ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും അവിടെ സംഘടിച്ചിരുന്നോ? നേതാക്കൾ അനുയായികളെ കയറൂരി വിട്ടിരുന്നോ? പള്ളി തകർക്കുന്നത് കണ്ട നേതാക്കൾ ഉന്മാദനൃത്തം ചവിട്ടിയിരുന്നോ? അതിനു നാല്പതിനായിരത്തോളം പേർ സാക്ഷികളായിരുന്നോ? അതിന്റെ ഓഡിയോ വീഡിയോ പത്ര ചാനൽ റിപ്പോർട്ടുകൾ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നോ? ഗൂഢാലോചന നടന്നതായി ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയിരുന്നോ? അതെ, എല്ലാം ശരിയാണ്. എങ്കിലും പള്ളി ആരും തകർത്തിട്ടില്ല. ഗൂഢാലോചന നടന്നിട്ടുമില്ല. അതൊരു ആത്മഹത്യയായിരുന്നു. ഇതെല്ലാം കേട്ട് നമ്മൾ വീണ്ടും ഞെട്ടി തരിച്ചിരിക്കുന്നു. പലപ്പോഴും ഞെട്ടാറുള്ളത് പോലെ തന്നെ. നേരത്തെ തന്നെ തീരുമാനിക്കപ്പെട്ട ഒരു കാര്യം അവർക്ക് സൗകര്യമുള്ള ഒരു ദിവസം അവർ നമ്മോട് പറഞ്ഞു, അത്രയേ ഉള്ളൂ. പക്ഷെ നാം വിഷാദരോഗം ബാധിച്ച ജനതയെ പോലെ നിസ്സംഗരാവുന്നു. പിന്നെയും ഞെട്ടുന്നു. ടെലിഗ്രാഫ് പത്രം പറഞ്ഞത് തന്നെയാണ് ശരി.

ഈ വർഷം ലോകം തെരെഞ്ഞെടുത്ത ആ പദം ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാണ്- പോസ്റ്റ് ട്രൂത്. അഥവാ സത്യാനന്തര കാലഘട്ടം. സത്യത്തിനുമപ്പുറം എന്താണുണ്ടാവുക? ഒന്നുമില്ല, അസത്യം മാത്രം. കളവിനെ എങ്ങനെ സമർത്ഥമായി ലോകത്തെ കൊണ്ട് അംഗീകരിപ്പിക്കാം എന്നതാണ് സത്യാനന്തരമെന്ന പ്രയോഗത്തിന്റെ ആശയം. അതിനായി മാധ്യമങ്ങളും സമ്പത്തും അധികാരവും എങ്ങനെ ഉപയോഗിക്കാമെന്നതാണ് സത്യാനന്തര കാലത്തു നടന്നു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾ. നമ്മൾ ആ പരീക്ഷണത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ നമ്മുടെ മനസ്സും ചിന്തയും അതിനു പാകപ്പെട്ടോളും. പഴയ ഗീബൽസിയൻ ആശയത്തിന്റെ പുതിയ പതിപ്പുകളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം.

Also read: മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍

ലക്ഷങ്ങളെ കൊന്നൊടുക്കിയ ഇസ്രയേലുമായി അറബ് ലോകം കൈ കോർക്കുമ്പോൾ സമാധാനത്തിനു വേണ്ടിയല്ലേ എന്ന് നമുക്കും തോന്നിപ്പോവുന്നു. അവരുടെ നിലപാടുകളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നത് നാം മറന്നു പോവുന്നു. ലോകം മുഴുവൻ നോക്കി നിൽക്കേ നടന്ന പള്ളി പൊളിക്കലിന് നേതൃത്വം നൽകിയവർ അക്രമം തടയാൻ ശ്രമിച്ചവരായി മാറുന്നു. അന്ന് ജീവിച്ചിരുന്ന, അത് നേരിൽ കണ്ട ഒരു തലമുറ ഇന്നും ജീവിച്ചിരിക്കെ ഏതാണ് ശരി എന്ന് അവർക്ക് തന്നെയും ആശയക്കുഴപ്പമുണ്ടാവുന്നു. ഹദറസ് സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ശരീരം പോലും കുടുംബത്തിന് നൽകാതെ കത്തിച്ചു കളയുന്നു. അങ്ങനെയൊന്ന് നടന്നിട്ടേയില്ല എന്ന പോലെ. സത്യം തലതല്ലിക്കരയുന്ന നാളുകളിൽ തന്നെ നാം ഗാന്ധിജയന്തി കൊണ്ടാടി. ‘സത്യം വെറുമൊരു വാക്കല്ല. അത് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്’ എന്ന ഗാന്ധിമൊഴി നാം അനുസ്മരിച്ചു കൊണ്ടിരിക്കുന്നു. ഒരു കള്ളം സത്യത്തിൽ പൊതിഞ്ഞു നൽകാൻ ഒരായിരം കള്ളം പിന്നെയും ചെയ്യേണ്ടി വരും എന്നതും ഒരു ചൊല്ലാണല്ലോ. ‘സത്യമാണെന്റെ ദൈവം’ എന്നാണു അദ്ദേഹം വിളിച്ചു പറഞ്ഞിരുന്നത്. ഗാന്ധിജിയെ ഇല്ലാതാക്കിയത് ഞങ്ങളല്ല എന്ന് പറഞ്ഞു സത്യത്തെയും അവർ വധിച്ചു കളഞ്ഞിരിക്കുന്നു.

ഇരുളും വെളിച്ചവും തിരിച്ചറിയാനാവാത്ത ഈ കാലത്തു നാം ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കുകയാണ് . യഥാർത്ഥത്തിൽ നാം ഇരുട്ടിൽ തപ്പേണ്ട ആളുകളാണോ? അല്ല. ഖുർആൻ വഴി കാണിച്ചു തരുന്നുണ്ട്. “വിളിച്ചു പറയൂ. സത്യം സമാഗതമായി. അസത്യം തകർന്നു. അസത്യം തകരാണുള്ളത് തന്നെയാണ്.” [അൽ – ഇസ്രാഅ്, 81 ]. സത്യമാണ് വെളിച്ചം. വെളിച്ചതിനേ വഴികാട്ടാൻ കഴിയൂ. നിരാശയോ വിഷാദമോ അല്ല പരിഹാരം. നിറഞ്ഞ പ്രതീക്ഷയോടെ, ശുഭാപ്തി വിശ്വാസത്തോടെ ഓരോ നിമിഷവും സത്യത്തിനായി സമർപ്പിക്കുക. വിജയത്തിലേക്കുള്ള വഴി അത് മാത്രമാണ്. പകൽ വെളിച്ചത്തിൽ കത്തിച്ചു വെച്ച റാന്തലുമായി അലഞ്ഞു തിരഞ്ഞ ഡയോജെനിസിന്റെ പഴയ കഥ ഓർമയില്ലേ? എന്താണ് തിരയുന്നത് എന്ന് അന്വേഷിച്ചപ്പോൾ ഒരു പൂർണമനുഷ്യനെ തേടി അലയുകയാണ് ഞാൻ എന്നായിരുന്നല്ലോ ആ തത്വചിന്തകന്റെ മറുപടി. റാബിഅ എന്ന ഗുരുവിനോട് ഒരാൾ ചോദിക്കുന്നുണ്ട്, സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന്. റാബിഅ പറഞ്ഞു ” സത്യവും അസത്യവും തമ്മിൽ നാലിഞ്ചു ദൂരമാണുള്ളത്. ചോദ്യകർത്താനാവിനു ഒന്നും മനസിലായില്ല. റാബിഅ വിശദീകരിച്ചു. ” നാലിഞ്ചു വ്യത്യാസം എന്നാൽ കണ്ണും ചെവിയും തമ്മിലെ ദൂരമാണ്. കാണുന്നതാണ് സത്യം. കേട്ടുകേൾവികൾ അസത്യവും .

Also read: പാശ്ചാത്യലോകത്തെ ഞെട്ടിക്കുന്ന കുടുംബശൈഥില്യങ്ങള്‍

സത്യാനന്തര കാലത്തെ കുറിച്ച് ഖുർആൻ പറയുന്നത് കേൾക്കൂ. “അവനാണ് നിങ്ങളുടെ യഥാർത്ഥ നാഥൻ. അതിനാൽ സത്യത്തിനപ്പുറം വഴികേടല്ലാതെ മറ്റെന്താണുള്ളത്? എന്നിട്ടും നിങ്ങൾ എങ്ങോട്ടാണ് വഴി തെറ്റിപ്പോവുന്നത്?”.[സൂറ: യൂനുസ്, 32]

Facebook Comments

ബശീര്‍ മുഹ്‌യിദ്ദീന്‍

1970 ഫെബ്രുവരി 28-ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ചീയൂരില്‍ ജനിച്ച ബശീര്‍ മുഹിയിദ്ധീന്‍ പ്രമുഖ പണ്ഡിതന്‍ കെ. മൊയ്തു മൗലവിയുടെ മകനാണ്. വാദിഹുദ സ്‌കൂള്‍ പഴയങ്ങാടി, കുറ്റിയാടി ഇസ്‌ലാമിയ കോളേജ്, കോഴിക്കോട് ദഅ്‌വ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പിതാവ് മൊയ്തു മൗലവി തന്നെയായിരുന്നു പ്രധാന ഗുരുനാഥന്‍. 1995 മുതല്‍ 2007 വരെ എറണാകുളത്തെ മദീന മസ്ജിദില്‍ ഇമാമായി സേവനം ചെയ്തു. 2008 മുതല്‍ എറണാകുളം ജില്ലയിലെ കലൂര്‍ ദഅ്‌വാ മസ്ജിദില്‍ ഇമാമായി സേവനം ചെയ്യുന്നു. ഖുര്‍ആനിക വിഷയങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള ബശീര്‍ സാഹിബ് എറണാകുളത്തെ ശ്രദ്ധേയമായ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അധ്യാപകന്‍ കൂടിയാണ്. ഇസ്‌ലാമിക വിഷയങ്ങളെ ആസ്പദമാക്കി മീഡിയവണ്‍ ചാനലിലെ വഴിവിളക്ക് എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായ അദ്ദേഹം നല്ല ഒരു പ്രഭാഷകനുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker