Current Date

Search
Close this search box.
Search
Close this search box.

റജബ് തയ്യിബ് എർദോഗാൻ്റെ ഖത്തർ സന്ദർശനം

തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗാൻ്റെ ഖത്തറിലേക്കുള്ള കോവിഡ് കാലത്തെ യാത്ര ഇരു രാഷ്ട്രങ്ങൾക്കിടയിലുള്ള നയതന്ത്രബന്ധത്തിൻ്റെ ആഴം വ്യക്തമാക്കിത്തരുന്നു. ജൂലൈ രണ്ടാം തിയതി ഖത്തർ അമീർ ശൈഖ് തമീം ബ്നു ഹമദ് അൽ – ഥാനിയുമായി കൂടിക്കാഴ്ച്ച നടത്തിയ എർദോഗാൻ ഇരു രാഷ്ട്രങ്ങൾക്കിടയിലുള്ള നയതന്ത്ര ബന്ധം സുദൃഢമാക്കി.

1972 മുതലാണ് തുർകിയും ഖത്തറും ഉഭയകക്ഷി ബന്ധം ആരംഭിക്കുന്നത്. തുർക്കിയും ഖത്തറും പതിറ്റാണ്ടുകളായി ഊഷ്മളമായ ഉഭയകക്ഷി ബന്ധം കാത്തുസൂക്ഷിക്കുന്നു. എ കെ പാർട്ടി അധികാരത്തിലേറിയതോടെ നയതന്ത്രബന്ധം കൂടുതൽ ദൃഢമാവുകയാണുണ്ടായത്. പ്രാദേശിക രാഷ്ട്രീയത്തിൽ ഖത്തറും തുർക്കിയും പരസ്പരാശ്രയം നിലനിർത്തുന്നു.

1995 ൽ ശൈഖ് ഹമദ് ഇബ്നു ഖലീഫ അൽ-ഥാനി രക്തരഹിത പട്ടാള അട്ടിമറിയിലൂടെ പിതാവിൽ നിന്നും അധികാരം കൈക്കലാക്കിയതിനു ശേഷമാണ് ഖത്തറിൻ്റെ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമാകാൻ ആരംഭിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ മധ്യസ്ഥശ്രമങ്ങൾക്കും ഹുമാനിറ്റേറിയൻ സഹായ സഹകരണങ്ങൾക്കുമാണ് ഖത്തർ പ്രാമുഖ്യം നൽകിയത്. 2003ൽ ഖത്തർ മധ്യസ്ഥ ശ്രമത്തെ വിദേശ നയത്തിൻ്റെ ഭാഗമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു.

Also read: പൊതുവാഹനങ്ങളിലെ വിശുദ്ധ ഖുർആൻ പാരായണം

പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ സുപ്രധാന ശക്തികളാണ് തുർക്കിയും ഖത്തറും. സൈനിക ശക്തിയും നാറ്റോ അംഗത്വവും പ്രാദേശിക രാഷ്ട്രീയത്തിലെ സ്വാധീനവും തുർക്കിയുടെ സവിശേഷതയാണ്. ഗൾഫ് മേഖലയിലെ പ്രധാന പ്രകൃതി വാതക സ്രോതസും നയതന്ത്ര പരിശ്രമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിവുള്ള ചെറുരാജ്യമാണ് ഖത്തർ. അറബു വസന്തത്തോടു സമാന സമീപനമാണ് ഇരു രാഷ്ട്രങ്ങളും സ്വീകരിച്ചത്. അറബു ലോകത്തെ മർദ്ധക ഭരണകൂടങ്ങളൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങളെ ഇരു രാഷ്ട്രങ്ങളും സ്വാഗതം ചെയ്യുകയും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.ഹുസ്നി മുബാറകിനെ താഴെയിറക്കിയ ജനകീയ വിപ്ലവത്തിനു ശേഷം നടന്ന ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മൂർസി ഭരണകൂടത്തിനു ആദ്യം ഐക്യദാർഡ്യം പ്രഖ്യാപിച്ചത് തുർകിയും ഖത്തറുമായിരുന്നു. മുർസിക്കെതിരെ നടന്ന പട്ടാള അട്ടിമറിയെ ഇരു രാഷ്ട്രങ്ങളും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.

ഈജിപ്തും മറ്റു ഗൾഫ് രാഷ്ട്രങ്ങളും മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ചപ്പോഴും ഒരു രാഷ്ട്രങ്ങളും ആ സംഘടനയെ കൂടുതൽ പുൽകുകയാണുണ്ടായത്. 1960-70 കളിൽ ഈജിപ്തിൽ ജമാൽ നാസിറിൻ്റെയും അൻവർ സാദാത്തിൻ്റെയും മർദ്ധന നയം ഭയന്നു നാടുവിട്ട മുസ്ലിം ബ്രദർഹുഡ് പ്രവർത്തകർക്ക് ഖത്തർ അഭയം നൽകിയിരുന്നു. പ്രശസ്ത പണ്ഡിതൻ ശൈഖ് യൂസുഫുൽ ഖറദാവിയെപ്പോലെ മുസ്ലിം ബ്രദർഹുഡിൻ്റെ നിരവധി നേതാക്കൾ ഖത്തറിൻ്റെ സാമൂഹിക സാംസ്ക്കാരിക വികാസത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായി തുർക്കിയും ഖത്തറും മാറിക്കഴിഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ഇരു രാഷ്ട്രങ്ങളും ഹമാസിനു പൂർണ പിന്തുണ നൽകി വരുന്നു. ഹമാസ് നേതാക്കൾ ഇരു രാഷ്ട്രങ്ങളുടെയും നിത്യ സന്ദർശകരാണ്.

Also read: തഖ് വയും ജിഹാദും

2015ൽ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ സഹകരണ മെന്ന നിലയിൽ ദോഹയിൽ തുർകിഷ് സ്കൂൾ തുറന്നു. ബശ്ശാറുൽ അസദിനെതിരെ വിമത സംഘങ്ങളെ ഇരു രാഷ്ട്രങ്ങളും പിന്തുണക്കുന്നു. 2016ൽ തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമം നടന്നപ്പോൾ പ്രസിഡൻ്റ് എർദോഗാനിനെ ആദ്യം ബന്ധപ്പെട്ട ഭരണാധികാരി ഖത്തർ അമീർ തമീം ആയിരുന്നു. തുർകിയുടെ സിറിയൻ സൈനിക ഇടപെടലിനെ അനുകൂലിച്ചു ഖത്തർ ഔദ്യേഗിക പ്രസ്താവനയിറക്കിരുന്നു. ഗൾഫ് രാഷ്ട്രങ്ങളുമായുള്ള തുർക്കിയുടെ നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ നേരിട്ടവേളയിലും ഖത്തറുമായി ഊഷ്മള ബന്ധം തുർക്കി നിലനിർത്തി.

തുർക്കിയുമായുള്ള ചങ്ങാത്തം,ഹമാസും മുസ്ലിം  ബ്രദർഹുഡുമായുള്ള ബന്ധം, ഖത്തറിൻ്റെ കീഴിലുള്ള അൽ-ജസീറയുടെ വിമർശനങ്ങൾ എന്നിവയെല്ലാം സൗദി അറേബ്യയുടെ നേതൃത്വത്തിൽ 2017 ൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിൻ്റെ പ്രധാന കാരണങ്ങളിൽ ചിലതാണ്. ഖത്തറിനെതിരെ പത്തുദിവസ കാലാവധിയിൽ 13 ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. ഖത്തറിലെ തുർകിഷ് സൈനിക താവളം അടച്ചു പൂട്ടുക എന്നത് അതിലെ നിബന്ധനകളിലൊന്നായിരുന്നു. ഖത്തറിനെ സമ്മർദ്ധത്തിലാക്കാൻ അതിർത്തിയിൽ സൈനിക വിന്യാസംപോലും നടത്തി. പതിനഞ്ചു ശതമാനത്തിലധികം അവശ്യ ഘടകങ്ങൾ ഇതര ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് ഖത്തർ ഇറക്കുമതി ചെയ്യുന്നത്. ഖത്തറിനെ എല്ലാ മേഖലയിലും സമ്മർദ്ധത്തിലാക്കി തങ്ങളുടെ വരുതിയിലാക്കാനായിരുന്നു ഗൾഫ് രാജ്യങ്ങൾ ഉദ്ദേശിച്ചത്. ഉപരോധത്തിനു ശേഷം സൗദി അറേബ്യ ആകാശമാർഗം അടച്ചപ്പോൾ തുർകി
അവശ്യ ആഹാരസാമഗ്രികൾ എത്തിച്ചു കൊടുത്തു. അനിവാര്യ ഘട്ടത്തിൽ തുർക്കിയുടെ സഹായ നടപടി ഇരു രാഷ്ട്രങ്ങൾക്കിടയിൽ വ്യാപാര ബന്ധം ദൃഡമായി. തുർക്കി ഖത്തറിനൊപ്പം എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ കാമ്പയിനും ആരംഭിച്ചിരുന്നു.
2018ൽ തുർക്കിഷ് കറൻസിയുടെ വിലയിടിഞ്ഞതോടെ സാമ്പത്തികനില പരുങ്ങലിലായപ്പോൾ 15 ബില്യൻ ഡോളർ നിക്ഷേപം നൽകി ഖത്തർ സഹായിച്ചു.
2018-ൽ 1.44 ബില്യൻ വ്യാപാരക്കണക്കാണ് രേഖപ്പെടുത്തപ്പെട്ടത്.

Also read: ദാമ്പത്യം കുട്ടിക്കാലത്തിന്റെ തുടർച്ച

സിറിയ, ഇറാഖ്‌, യെമൻ ആഭ്യന്തര സംഘർഷങ്ങളും ഐസിസ് പ്രശ്നവും ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ധങ്ങളും ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുകയാണുണ്ടായത്. ആഭ്യന്തരസംഘർഷം നിലനിൽക്കുന്ന പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ രാഷ്ട്രീയ സാമ്പത്തിക ഭദ്രത നിലനിൽക്കുന്ന ഖത്തറുമായുള്ള ബന്ധം തുർകിക്ക് അനിവാര്യമാണ്. പ്രാദേശിക സമതുലനം നിലനിർതുന്നതിൽ തുർക്കിയുടെ സഹായവും ഖത്തറിന് ആവശ്യമാണ്. തുർകിഷ് സാമ്പത്തികമേഖല ഖത്തർ നിക്ഷേപകർക്കും അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്.

ഗൾഫ് രാഷ്ട്രങ്ങൾക്കൊപ്പം ഈജിപ്തും ഇസ്രായേലും തുർകിയെയും ഖത്തറിനെയും പ്രാദേശികമായി ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇരു രാഷ്ട്രങ്ങൾക്കിടയിൽ ദൃഢബന്ധം രൂപപ്പെടാൻ സഹായമായിട്ടുണ്ട്. 2020 ജൂണിൽ ഖത്തറിൽ 17 ബില്യൻ ഡോളർ വിലമതിക്കുന്ന പ്രൊജക്ടുകൾ തുർകിഷ് കമ്പനികൾ കൈകാര്യം ചെയ്തത്. 2022 ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ചു നിരവധി ബിസിനസ് സംരംഭങ്ങൾ ഊർജിതപ്പെടുത്തുമെന്നു തുർക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഊർജ മേഖല, വിദ്യാഭ്യാസ-സാംസ്കാരിക മേഖല, രാഷ്ട്രിയ അസന്നിഗ്ദ്ധാവസ്ഥ നിറഞ്ഞു നിൽക്കുന്ന പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കൽ എന്നീ മേഖലകളിൽ ഇരു രാഷ്ട്രങ്ങൾക്കും ചേർന്നു പ്രവർത്തിക്കാനാകുമെന്നു ഖത്തർ – തുർകി ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രസക്തി വിശദീകരിക്കുന്ന അങ്കാറ യൂണിവേഴ്സിറ്റി പ്രൊഫസർ മുഹിദ്ദീൻ അതാമാൻ അഭിപ്രായപ്പെടുന്നു. പ്രശ്നഭരിതമായ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഇരു രാഷ്ട്രങ്ങളും ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുകയും ലഭ്യമായ രാഷ്ട്രീയ സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ചു പ്രാദേശിക രാഷ്ട്രീയ പരിഹാരത്തിന്നു ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്.

Related Articles