Current Date

Search
Close this search box.
Search
Close this search box.

മറ്റുള്ളവർക്ക് പ്രതീക്ഷയും സമാധാനവും നൽകുക

ലോകത്ത് കോവിഡ് 19 വ്യാപിച്ച് കൊണ്ടേയിരിക്കുകയാണ്.ഈ സന്ദര്‍ഭത്തില്‍ ഭയപ്പെടാതെ സധൈര്യം അഭിമുഖീകരിക്കാനാണ് നാം ശീലിക്കേണ്ടത്. ഭയപ്പെടാതിരിക്കുക, ഭയപ്പെടുത്താതിരിക്കുക.അതേസമയം നിയന്ത്രണങ്ങളും ജാഗ്രതയും നമ്മള്‍ പാലിക്കുകയും ചെയ്യുക.’ living with Corona ‘ (കൊറോണയോടൊപ്പം ജീവിക്കുക) എന്നാണ് ലോകം മുഴുവനും പറയുന്നത്. ഇത് നമ്മള്‍ ഭയപ്പെടാതെയും ഭയപ്പെടുത്താതെയും നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഇതിനെ അഭിമുഖീകരിക്കാനുള്ള ശേഷി നിങ്ങള്‍ ആര്‍ജിക്കുകയെന്നതാണ്. ‘ എന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്. എന്നെ ശിഫയാക്കുന്നതും അല്ലാഹുവാണ് ‘.

രോഗം ബാധിക്കുക, രോഗം ബാധിച്ചവരോട് എന്ത് സമീപനം സ്വീകരിക്കണം തുടങ്ങിയ കര്യങ്ങളൊക്കെ പ്രവാചകന്‍ (സ) നമുക്ക് നേരത്തെ നിര്‍ദേശിച്ചു തന്നിട്ടുണ്ട്. നമസ്‌കാരത്തിന് സ്വഫില്‍ വിടവ് പാടില്ല, തോളോടുതോള്‍ ചേര്‍ന്നാണ് നാം നില്‍ക്കേണ്ടത്. ഇതും ഒരു സുന്നത്താണ്. മഹാമാരിയും പകര്‍ച്ചവ്യാധിയും ഒരു നാട്ടിലുണ്ടാകുന്ന സമയത്ത് അവയില്‍ നിന്നകന്ന് നില്‍ക്കുകയെന്നതും സുന്നത്താണ്. ഇത് രണ്ടും മനസ്സിലാക്കുമ്പോള്‍ സുന്നത്തിന്റെ പ്രതിഫലം ഇതിനും അതിനും കിട്ടും. ഈ സുന്നത്താണ് ഇനി കുറച്ച് കാലം നാം ശീലിക്കേണ്ടി വരിക. നമുക്ക് നബി (സ) പഠിപ്പിച്ചു തന്ന ഒരു സിസ്റ്റമുണ്ട്. ആ സിസ്റ്റം നാം അനുസരിച്ചാല്‍ മതി. ആ സിസ്റ്റത്തില്‍ നമ്മള്‍ ജീവിക്കുക, ശീലിക്കുകയെന്നതാണ്. അതുപോലെ ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന് മേല്‍ ആറു ബാധ്യതകളുണ്ട് എന്നാണ് നബി(സ) പറയുന്നത്. ആ ആറു ബാധ്യതകളെയും വിശദീകരിക്കാനല്ല ഇപ്പോള്‍ ഞാനുദ്ദേശിക്കുന്നത്. അതില്‍ ആദ്യത്തേത്, സലാം പറയുകയും, മടക്കുകയും ചെയ്യുകയെന്നതാണ്.’നിങ്ങള്‍ സലാമിനെ വ്യാപിക്കുക ‘ എന്നാണ് പറഞ്ഞത്. ഒരാള്‍ക്ക് കൈ കൊടുത്ത് പറയുന്നത് സലാമിന്റെ ഒരു ഭാഗമാണ്. എന്നാല്‍, സലാമെന്നാല്‍ അര്‍ഥം സമാധാനം എന്നാണ്. കടം കൊണ്ട് ഞെരുങ്ങി ജീവിക്കുന്ന ഒരാളോട് നമ്മള്‍ സലാം പറയുമ്പോള്‍ അദ്ദേഹം തിരിച്ച് സലാം മടക്കും. പക്ഷേ, യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് ശാന്തിയും സമാധാനവുമില്ല. കാരണം അദ്ദേഹത്തിന്റെ കടം വീടുമ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് സമാധാനമുണ്ടാവുക. പ്രായപൂര്‍ത്തിയെത്തിയ മക്കളെ കെട്ടിച്ചയക്കാനാവാതെ പ്രയാസത്തോട് കൂടി ജീവിക്കുന്ന ഒരു രക്ഷിതാവിനോട് നമ്മള്‍ സലാം പറഞ്ഞാല്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് സമാധാനം ലഭിക്കണമെങ്കില്‍ ആ കുട്ടികളെ വിവാഹം ചെയ്തയക്കണം.

Also read: കുട്ടികളൂടെ ശിക്ഷണം: വിവിധ ഘട്ടങ്ങളും രീതികളും

അടിസ്ഥാനാവശ്യങ്ങള്‍ക്ക് വേണ്ടി പലിശക്കെണിയില്‍ കുടുങ്ങിയ ആളുകളുണ്ടാവും. അതിന് വേണ്ടി ലോണെടുക്കാന്‍ ഒരാള്‍ ബാങ്കിനെ സമീപിച്ചാല്‍ ആ നാട്ടിലെ അയാളെ സഹായിക്കാന്‍ സാമ്പത്തിക ശേഷിയുള്ള മുഴുവന്‍ ആളുകളും കുറ്റക്കാരാണ്. അടിസ്ഥാനാവശ്യങ്ങള്‍ക്ക് വേണ്ടി ഒരാള്‍ ലോണെടുക്കാന്‍ പാടില്ല. ഭക്ഷണം, ആരോഗ്യം, വസ്ത്രം, പാര്‍പ്പിടം എന്നിവക്ക് വേണ്ടിയുള്ള പലിശയെടുപ്പിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അല്ലാതെ ആര്‍ഭാടത്തിനുവേണ്ടി പലിശയെടുക്കുന്നതിനെ സംബന്ധിച്ചല്ല ഇവിടെ സൂചിപ്പിക്കുന്നത്. റസൂല്‍ (സ) പറഞ്ഞതായി അലി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ പറയുന്നത് ഒരാള്‍ പട്ടിണി കാരണം ഒരു നാട്ടില്‍ മരണപ്പെട്ടാല്‍, അദ്ദേഹത്തിന് അന്നത്തെ ഭക്ഷണം വാങ്ങി കൊടുക്കാന്‍ ശേഷിയുള്ള മുഴുവന്‍ ആളുകളും കുറ്റക്കാരാണ്. ഒരാള്‍ക്ക് വസ്ത്രം വാങ്ങാന്‍ ശേഷിയില്ലാതെ നഗ്‌നത വെളിപ്പെട്ടാല്‍ വസ്ത്രം വാങ്ങി കൊടുക്കാന്‍ ശേഷിയുള്ള ആളുകളെല്ലാം കുറ്റക്കാരാണ്. ഇതാണ് ഇസ്ലാമെന്ന് പറയുന്നത്.

സമാധാനമുണ്ടാക്കാനുള്ള ശ്രമവും സലാം പറയുന്നതിന്റെ ഭാഗമാണ്. ചോര്‍ന്നൊലിക്കുന്ന മഴയാണ് മിഥുനം,  കര്‍ക്കിടകം  മാസങ്ങളില്‍ വരാനിരിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടില്‍ ഒരാള്‍ താമസിക്കുമ്പോള്‍ അയാളോട് നമ്മള്‍ സലാം എത്ര നീട്ടിപരത്തിപ്പറഞ്ഞാലും അദ്ദേഹത്തിന് സമാധാനമുണ്ടാവില്ല. അതുണ്ടാവണമെങ്കില്‍ ചോര്‍ന്നൊലിക്കുന്ന ആ മേല്‍കൂര നമ്മള്‍ മേഞ്ഞു കൊടുത്തേ മതിയാകൂ. അതാണ് ‘നിങ്ങള്‍ സലാം വ്യാപിപ്പിക്കുക എന്ന് പറഞ്ഞതിന്റെ സാരം. ഒരു സലാം പറയുന്നതിന് പ്രത്യേകിച്ച് റിസ്‌ക് ഇല്ല. മറ്റേ സലാമെന്ന് പറഞ്ഞാല്‍ അത്യാവശ്യം റിസ്‌കുള്ള സലാമാണ്. അദ്ദേഹത്തിന് സുരക്ഷയും സമാധാനവുമുണ്ടാക്കുക എന്നതാണ് സലാം എന്ന് പറയുന്നത്. മുസ്ലിംകള്‍ക്ക് പരസ്പര ബാധ്യതകള്‍ നബി (സ) പറഞ്ഞതില്‍ ഒന്നാമത്തേത് സലാമാണ്.ഇതിലൊരു സലാമിനെ കുറിച്ച് നമ്മളേറകുറെ ജാഗ്രതരാണ്. മുസ്ലിംകളും സത്യവിശ്വാസികളുമായ നമ്മള്‍ പരസ്പരം സലാം പറയും. ഈ സലാം പറയുന്നത് ഇതിന്റെ ഒരു ഭാഗം മാത്രമാണ്. അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി ആചരിച്ചുപോരുകയാണ്. രണ്ടാമത്തേത്, സമാധാനത്തിന് വേണ്ടി ശ്രമിക്കുക. നബി (സ) രാവിലെ നസ്വീഹത്തിന് സ്വഹാബികളെ പള്ളിയില്‍ വിളിച്ചു ചേര്‍ക്കും. നസ്വീഹത്ത് ഹദീസുകളോ, അല്ലെങ്കില്‍ വഹ് യോ ആയിരിക്കും. ഉപദേശങ്ങള്‍ നല്‍കുന്നതിന് മുമ്പ് റസൂല്‍(സ) ചോദിക്കുന്ന ചോദ്യം ഇന്നാരാണ് ഒരു പാവപ്പെട്ടവനെ സഹായിച്ചത് എന്നാണ്. രണ്ടാമത്തേത്, ഇന്നാരാണ് ഒരഗതിക്ക് ഭക്ഷണം നല്‍കിയത് എന്നാണ്. അതുപോലെ ഇന്നാരാണ് ഒരു രോഗിയെ സന്ദര്‍ശിച്ചത് എന്നാണ്. ഇന്നാരാണ് ജനാസയെ അനുഗമിച്ചത് എന്നാണ്. ഇതൊക്കെയും സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ്.അത് ചോദിക്കുന്നത് സുബ്ഹിക്കാണ്.

ഉമര്‍ (റ) അതിനെ കുറിച്ച് പറയുന്നത് ഞങ്ങളുടെ കൂട്ടത്തില്‍ കൈ പൊക്കുന്ന ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അബൂബക്കര്‍ സിദ്ധീഖ് (റ) മാത്രമാണ്. അതു കൊണ്ടാണ് അബുബക്കര്‍ സിദ്ധീഖ് (റ)വിന്റെ ഈമാന്‍ ഒരു ത്രാസില്‍ കൊണ്ട് പോയി ഇടുക. ബാക്കിയുള്ള മുഴുവന്‍ ആളുകളുടെയും ഈമാന്‍ ഒരു ത്രാസിലിട്ടാലും സിദ്ദീഖുല്‍ അക്ബറിന്റെ ഈമാനിങ്ങനെ തൂങ്ങി നില്‍ക്കുമെന്ന് റസൂല്‍ (സ). അപ്പോള്‍ ആ ഈമാന്‍ വെറും സലാം ചൊല്ലിയത് കൊണ്ടോ, തസ്ബീഹ് കൊണ്ടോ ഉള്ളത് മാത്രമായിരുന്നില്ല. അഗതിക്ക് ഭക്ഷണമൊരുക്കുന്ന ആളാണ്. എല്ലാ ദിവസവും അഗതിയെ സഹായിക്കുന്ന ആളാണ്, രോഗിയെ സന്ദര്‍ശിക്കുന്ന ആളാണ്. അതുകൊണ്ട് സലാം പറയുകയെന്നതിനര്‍ഥം ആളുകളോട് നീട്ടിപരത്തിസലാം പറയുകയെന്നതു മാത്രമല്ല. അങ്ങനെ രക്ഷപ്പെടാനും നമുക്ക് സാധ്യമല്ല. യഥാര്‍ഥത്തില്‍ നാം സലാം പറയപ്പെട്ട മനുഷ്യന് സമാധാനവും ശാന്തിയുമുണ്ടോ എന്നന്വേഷിക്കലാണ്.ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ ശാന്തിക്കും സമാധാനത്തിനുമുള്ള പരിശ്രമങ്ങള്‍ നടത്തുക എന്നത് യഥാര്‍ഥത്തില്‍ സലാം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ്.

Also read: ഉമര്‍ ഖാദി: അനീതിക്കെതിരെയുള്ള വിസമ്മതത്തിന്റെ രൂപം

ഗര്‍ഭിണിയായ സ്ത്രീ ആഏകാന്ത തടവിലകപ്പെട്ടു. ജയിലറകളിലടക്കപ്പെട്ട് യു.എ.പി.എ ചുമത്തിയ ആ സ്ത്രീയുടെ സമാധാനത്തിനും സ്വസ്ഥതക്കും വേണ്ടി നിങ്ങള്‍ ശബ്ദിക്കുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ സലാം പറയുന്നതിന്റെ ഒരു ഭാഗം മാത്രമാണ് പൂര്‍ത്തീകരിക്കുന്നത്. ഇതിന്റെ വിശാലമായ അര്‍ഥമെന്ന് പറയുന്നത് നിങ്ങള്‍ സലാമിന് വേണ്ടി പരസ്പരം പരിശ്രമിക്കുകയെന്നതാണ്.ശാന്തിയും സമാധാനവും സ്ഥാപിക്കുവാന്‍ വേണ്ടി നിങ്ങള്‍ പണിയെടുക്കുകയെന്നതാണ്. നിങ്ങളുടെ നാട്ടില്‍ പ്രയാസപ്പെടുന്ന ആളുണ്ടെങ്കില്‍ ആ പ്രയാസത്തില്‍ നിന്നയാളെ രക്ഷപ്പെടുത്തുകയെന്നത്, അവരുടെ പ്രയാസത്തില്‍ നിന്ന് മോചിപ്പിക്കുകയെന്നതും സലാമിന്റെ തന്നെ ഭാഗമാണ്. മറ്റൊരു ബാധ്യതയായി ആ ബാധ്യത കൂടി മാത്രമാണ് ഞാന്‍ പറയുന്നത്. രോഗിയെ നിങ്ങള്‍ പരിപാലിക്കുക എന്നാണ്. രോഗിയെ സന്ദര്‍ശിക്കുകയെന്ന് റസൂല്‍ തിരുമേനി പറഞ്ഞിട്ടില്ല.

എങ്ങനെയാണ് രോഗിയെ പരിപാലിക്കേണ്ടത്? നിങ്ങള്‍ രോഗിയുടെ അടുത്ത് പ്രവേശിച്ചാല്‍ സ്വസ്ഥതയും സമാധാനവുമുണ്ടാവുക. ഇന്നിപ്പോള്‍ രോഗികളും രോഗമില്ലാത്തവരും വരികയാണ്. പ്രവാസികളായ ആളുകള്‍, അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍,സ്വന്തം നാട്ടില്‍ വരുമ്പോള്‍ അവരോടെന്ത് സമീപനമാണ് നാം സ്വീകരിക്കുന്നത്. അവര്‍ക്ക് സ്വസ്ഥതയും സമാധാനവും ഉണ്ടാക്കി കൊടുക്കൂവെന്നുള്ളതാണ്. ക്വാറന്റൈന്‍ എന്നത് രോഗമുള്ളവരോ, രോഗിയോ അല്ല നിരീക്ഷണത്തിനുള്ള പിരീയഡാണ്. ഈ പിരീയഡില്‍ പോലും താമസിക്കാന്‍ നമ്മുടെ നാട്ടിലെക്കോ അയല്‍പക്കത്തേക്കോ ഒരാളൊരു ക്വാറന്റൈനിലേക്ക് വന്ന് കഴിഞ്ഞാല്‍ പോലും അവരോട് നമ്മുടെ നാട്ടിലെ ആളുകള്‍ സ്വീകരിക്കുന്ന സമീപനമെന്താണ്?പ്രത്യേകിച്ച് പ്രവാസിയോട് വളരെ മോശം സമീപനമാണ് പല സ്ഥലങ്ങളിലും. എല്ലാ സ്ഥലങ്ങളിലും ഈ സമീപനമാണ് സ്വീകരിക്കുന്നതെന്നല്ല ഞാന്‍ പറയുന്നത്.

Also read: ഖലീഫാ ഉമറുൽ ഫാറൂഖിൻറെ കാലത്തെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനം

പക്ഷേ, രോഗിയോട് യഥാര്‍ഥത്തില്‍ നിങ്ങള്‍ സ്വീകരിക്കേണ്ട സമീപനം അവരവരുടെ നാട്ടിലേക്ക് അല്‍പം സമാധാനത്തിന് വേണ്ടി വരുമ്പോള്‍ സമാധാനം കൊടുക്കലാണ്.ഒരു രോഗിയെ നിങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് വരുമ്പോള്‍ നേരത്തെ ആരോഗിക്കുണ്ടായിരുന്ന സമാധാനവും സ്വസ്ഥതയുമുണ്ടാവണമെന്നാണ് നബി (സ) നമ്മെ കല്‍പിച്ചത്. അതേതു രോഗമായാലും ശരി. ചില രോഗങ്ങള്‍ക്ക് നമുക്ക് സന്ദര്‍ശിക്കാന്‍ പറ്റില്ല.സന്ദര്‍ശിച്ചാല്‍ നിങ്ങളയാളെ പരിപാലിക്കുക. പ്രാര്‍ഥിക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ നിങ്ങള്‍ തടവുക. എന്നിട്ട് പ്രാര്‍ഥിക്കുക. അപ്പോള്‍ മാത്രമേ അയാള്‍ക്കാശ്വാസമുണ്ടാവുകയുള്ളൂ. രോഗസന്ദര്‍ശന സമയത്ത് നിങ്ങള്‍ രോഗിക്ക് വാങ്ങി കൊടുക്കുന്ന ഫ്രൂട്‌സിനോ മറ്റു സാധനസാമഗ്രികള്‍ക്കോ അല്ല രോഗിക്കാവശ്യം. നിങ്ങളയാളെ ആശ്വാസത്തോട് കൂടി തലോടിയാല്‍ മതിയെന്നാണ് നബി തിരുമേനി നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ രോഗിക്ക് ആശ്വാസമുണ്ടാക്കുകയെന്നതാണ്. അതു കൊണ്ട് രോഗത്തെക്കുറിച്ച് ഭീതിയും ഭയപ്പാടുമുണ്ടാക്കി രോഗത്തെക്കുറിച്ചുള്ളള വലിയ ആശങ്കകളുണ്ടാക്കി യഥാര്‍ഥത്തില്‍ ജീവിതംം തന്നെ ദുസഹമാക്കുന്ന അവസ്ഥ രോഗമില്ലാത്തവര്‍ക്കും രോഗമുള്ളളവര്‍ക്കുമുണ്ടാാക്കുകയെന്നത് ഇസ്‌ലാമിന്റെ സമീപനമല്ല.

സ്വന്തംം നാട്ടിലേക്ക് തിരിച്ചു പോകാനാണ് ഏത് ദുരിതങ്ങള്‍ വന്നാലും ആളുകളാഗ്രഹിക്കുക. മരണാസന്നനാായ രോഗിയെക്കുറിച്ച് പറയുന്നത് സൃഷ്ടിപ്പിന്റെ എല്ലാ വിചാര വികാരങ്ങളും ശാരീരിക ഘടനയും തിരിച്ചുപോകുമെന്നാണ്. ശാരീരിക ഘടന മാത്രമല്ല, 70 – 80 വയസായ ആളുകളോട് ഒരു പ്രാവശ്യം പറഞ്ഞാല്‍ മനസ്സിലാവില്ല. ശാരീരിക ഘടന തിരിച്ച് പോവുകയാണ്. ചെറുപ്പത്തിലുള്ള വിചാരവികാരങ്ങളിലേക്കും നന്മകളിലേക്കും ആ മനുഷ്യന്‍ തിരിച്ച് പോവുകയാണ്. ഇതാണ് പ്രവാസം. ഈ നാട്ടിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നവരുടെ മനസ്ഥിതി എന്ന് പറയുന്നത്. സ്വസ്ഥതയും സമാധാനവുമാണ് ചികിത്സിച്ചു ഭേദമാക്കുകയെന്നതിനപ്പുറം സ്വസ്ഥതയും സമാധാനവുമുണ്ടാവണമെന്നാണ്. യഥാര്‍ഥത്തില്‍ വിശ്വാസികളെന്ന നിലക്ക് നമ്മളത് നല്‍കാന്‍ ബാധ്യസ്ഥരാണ്. അവന് സ്വസ്ഥതയും സമാധാനവുമാണോ യഥാര്‍ഥത്തില്‍ നാം ഉണ്ടാക്കുന്നത്?

Also read: റജബ് തയ്യിബ് എർദോഗാൻ്റെ ഖത്തർ സന്ദർശനം

ഒരാള്‍ തുമ്മിയാല്‍ അയാള്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയുമ്പോള്‍ യര്‍ഹംഖുമുല്ലാഹ് എന്ന് പറയുക. ഒരാള്‍ നിന്റെ അടുത്ത് വന്നൊരു ഉപദേശം ചോദിച്ചാല്‍ അത് നല്‍കുക. ഒരാള്‍ ക്ഷണിച്ചാല്‍ ആ ക്ഷണത്തിന് ഉത്തരം നല്‍കുക. നിന്നില്‍ നിന്നൊരാള്‍ മരണപ്പെട്ടാല്‍ അവന്റെ ജനാസയെ അനുഗമിക്കുക .ഇതെല്ലാം ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയുടെ മേലുള്ള ബാധ്യതയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ട രണ്ട് കടപ്പാടിനെക്കുറിച്ചുള്ളതാണ്. വിശ്വാസികള്‍ക്കിടയില്‍ നിങ്ങള്‍ സമാധാനത്തിന് വേണ്ടി പരിശ്രമിക്കുക. സമാധാനത്തിന്റെ വാഹകരാവുക. ഇസ്ലാമെന്ന് പറഞ്ഞാല്‍ ഒരര്‍ഥം സമാധാനമാണ് ശാന്തിയാണ് എന്ന് നമുക്കറിയാം. അപ്പോള്‍ സമാധാനത്തിന് വേണ്ടി നിലകൊള്ളുക. ചില സമയത്ത് സമാധാനത്തിന് വേണ്ടി നമ്മള്‍ പ്രക്ഷുബ്ധരാകേണ്ടി വരും. ചിലപ്പോള്‍ രോഷം പ്രകടിപ്പിക്കേണ്ടി വരും. അതിന്റെയുമടിസ്ഥാനമെന്താണ്. സമാധാനം ഭൂമിയില്‍ സ്ഥാപിക്കുകയെന്നതാണ്. അനേകം നിരപരാധികളായ മനുഷ്യര്‍ ജയിലറകളിലാണ്.

കോവിഡ് 19 എന്ന മഹാമാരിയുടെ മറവില്‍ ഭരണകൂടം അവരുടെ വംശീയ അജണ്ടകള്‍ വളരെ ഭംഗിയായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. യു.പി യിലും ഡല്‍ഹിയിലുമെല്ലാമുള്ള ജയിലറകളില്‍ നിരപരാധികളായ ആളുകള്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ മോചനത്തിനായി പരിശ്രമിക്കലും അടിസ്ഥാനപരമായി സമാധാനം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ആയതിനാല്‍ അതിനു വേണ്ടി നിലകൊള്ളല്‍ വിശ്വാസിയുടെ ബാധ്യതയാണ്. സത്യവിശ്വാസിക്ക് മറ്റൊരു വിശ്വാസിയുടെ മേലുള്ള ആദ്യത്തെ ബാധ്യതയും അതാണ്. മറ്റൊന്നവനെ പ്രയാസങ്ങള്‍ വന്നാല്‍, പ്രതിസന്ധികള്‍ നേരിട്ടാല്‍ ആശ്വസിപ്പിക്കുകയെന്നതാണ്. അതു കൊണ്ട് ആശ്വാസത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ മനുഷ്യന് പ്രതീക്ഷ നല്‍കുന്ന സംസാരവും സമീപനവും രോഗത്തെ പേടിച്ച് കൊണ്ടും അതില്‍ നിന്ന് രക്ഷനേടാനും വേണ്ടി നമ്മുടെ അടുത്തേക്ക് അഭയം തേടി വരുന്ന മനുഷ്യന് പ്രതീക്ഷ നല്‍കുന്ന സമീപനവും നമ്മള്‍ സ്വീകരിക്കുകയെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.ഇവ രണ്ടും നമ്മുടെ ജീവിതത്തിലുണ്ടാവേണ്ട മൗലിക ബാധ്യതയാണ്. നാഥന്‍ അതിന് തുണക്കട്ടെ.

 

തയാറാക്കിയത്: കെ.സി സലീം കരിങ്ങനാട്

Related Articles