Current Date

Search
Close this search box.
Search
Close this search box.

ഖലീഫാ ഉമറുൽ ഫാറൂഖിൻറെ കാലത്തെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനം

വെള്ളിയാഴ്ചയിലെ ജുമുഅ, റമദാനിലെ വ്രതാനുഷ്ഠാനം, സകാത്, ഹജ്ജ് എന്നീ അടിസ്ഥാന ആരാധനാകർമങ്ങൾ നിർബന്ധമാക്കപ്പെടുന്നതിന് മുമ്പാണ് ദൈവ നിർദേശമനുസരിച്ച് മുഹമ്മദ് നബി മദീനയിൽ ഇസ്ലാമിക രാഷ്ട്രവും ഭരണവും സ്ഥാപിച്ചത്. കഴിഞ്ഞ പതിനാല് നൂറ്റാണ്ട് കാലമായി നിലനിന്നു വരുന്ന ആ രാഷ്ട്രവും ഭരണകൂടവും സ്ഥാപിതമായത് ഒരു തുള്ളി ചോര പോലും ചിന്താതെയും ഒരായുധം പോലും എടുക്കാതെയുമാണ്. അവിടുത്തുകാർ പ്രവാചകനെ ക്ഷണിച്ചു വരുത്തി ആ നാടിനെ അദ്ദേഹത്തിനു മുമ്പിൽ സമർപ്പിക്കുകയായിരുന്നു. അവിടെ ഇസ്ലാമികരാഷ്ട്രം സ്ഥാപിതമാകുമ്പോൾ മുസ്ലിം ജനസംഖ്യ പതിനഞ്ച് ശതമാനത്തിൽ താഴെയായിരുന്നു. അദ്ദേഹത്തിനു ശേഷം ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഭരണാധികാരിയായി അറിയപ്പെടുന്ന ഖലീഫാ ഉമറുൽ ഫാറൂഖിന്റെ കാലത്താണ് സിറിയ, ലബനാൻ, കിഴക്കൻ ജോർഡാൻ, ഫലസ്തീൻ, ഈജിപ്ത്, ഇറാഖ്, ഇറാൻ, അർമീനിയ, ഖൂസിസ്ഥാൻ, അസർബീജാൻ, കിർമാൻ, ഖുറാസാൻ തുടങ്ങിയ നാടുകൾ റോമാ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ പിടിയിൽ നിന്ന് മോചിതമായി ഇസ്ലാമിക രാഷ്ട്രത്തിൻറെ ഭാഗമായി മാറിയത്. അതോടെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനത്തിൽ താഴെയായി. പ്രവാചകൻറെ വിയോഗശേഷം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഇറാനിലെ ജനസംഖ്യ അഞ്ച് ശതമാനവും ഇറാഖിലേത് മൂന്ന് ശതമാനവും സിറിയയിലും ഈജിപ്തിലും രണ്ടു ശതമാനവും സ്പെയിനിൽ ഒരു ശതമാനവുമായിരുന്നു. ഇറാനിൽ മുസ്ലിംകൾ 25 ശതമാനമായത് ഹിജറ വർഷം 185 ൽ മാത്രമാണ്. ഇറാഖിലത് 225 ലും സിറിയയിലും ഈജിപ്തിലും ഹിജ്റ വർഷം 330ലും സ്പെയിനിൽ 355 ലുമാണ്.

മുസ്ലിം ജനസംഖ്യ 75 ശതമാനമായത് ഇറാനിൽ ഹിജ്റ വർഷം 280 ലും ഇറാഖിൽ 320 ലും സിറിയയിലും ഈജിപ്തിലും 385 ലും സ്പെയിനിൽ 400 ലുമാണ്.(Islamic thought in development of Water and Energy :S.Waqar Ahamed Husain) “800 വർഷത്തെ മുസ്ലിം ഭരണത്തിനു ശേഷം 1707 മാർച്ച് മൂന്നിന് ഇന്ത്യയിലെ അവസാനത്തെ മുസ്ലിം ഭരണാധികാരി മരിക്കുമ്പോൾ ഇവിടത്തെ മുസ്ലിം ജനസംഖ്യ ഒരു ശതമാനം മാത്രമായിരുന്നുവെന്ന് എഫ്.ബർണിയൻ Travels in Mugal Empire എന്ന കൃതിയിൽ രേഖപ്പെടുത്തുന്നു. (ഉദ്ധരണം: എം.എൻ. ശ്രീവാസ്തവ. ഇന്ത്യ ചരിത്രം, പുറം: 1) ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ഇസ്ലാം വ്യാപകമായി പ്രചരിക്കുകയും മുസ്ലിം ജനസംഖ്യ ഗണ്യമായി വർധിക്കുകയും ചെയ്തത്.

Also read: ഉമര്‍ ഖാദി: അനീതിക്കെതിരെയുള്ള വിസമ്മതത്തിന്റെ രൂപം

അതോടൊപ്പം ഭരണകൂടത്തിൻറെയോ മുസ്ലിം മുസ്ലിം സമൂഹത്തിൻറെയോ ഒരുവിധ നിർബന്ധമോ പ്രേരണയോ ഇല്ലാതെ മുസ്‌ലിംകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംസ്കാരത്തിലും ജീവിതരീതിയിലും ആകൃഷ്ടരായാണ് ഈ എല്ലാ നാടുകളിലെയും ജനം ഇസ്ലാം സ്വീകരിച്ചതെന്ന് സർ തോമസ് അർനോൾഡ് തൻറെ “ഇസ്‌ലാം പ്രബോധനവും പ്രചാരണവും” എന്ന പുസ്തകത്തിൽ ചരിത്ര രേഖകളുടെ പിൻബലത്തോടെ അസന്ദിഗ്ധമായി തെളിയിച്ചിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രം വിമർശകർ ആരോപിക്കുന്ന പോലെ മതരാഷ്ട്രമല്ലെന്നും ആദർശാധിഷ്ഠിത മാനവിക രാഷ്ട്രമാണെന്നും ഈ ചരിത്രവസ്തുതകൾ അസന്നിഗ്ധമായി തെളിയിക്കുന്നു.

 

Related Articles