Current Date

Search
Close this search box.
Search
Close this search box.

തെറ്റിദ്ധരിക്കപ്പെടുന്ന അംബേദ്കര്‍ ദര്‍ശനങ്ങള്‍

1983ലാണ് ആദ്യമായി ഞാന്‍ ഡോക്ടറുടെ വൈറ്റ് കോട്ട് ധരിക്കുന്നത്. മെഡിക്കല്‍ ലോകത്ത് വൈറ്റ് കോട്ട് ഡോക്ടര്‍മാരെ രോഗികള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതും ശുചിത്വത്തിന്റെ പ്രധാന്യം അറിയിക്കുന്നതുമാണ്. 2008ല്‍ ഒരു പ്രജാ രാജ്യം പാര്‍ട്ടി (praja rajyam party) അംഗമായി ഞാന്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചപ്പോള്‍, വെള്ളയുമായുള്ള പ്രണയം വ്യത്യസ്തമായ അര്‍ഥത്തില്‍ തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പര്യായമായ വെളുത്ത ഖാദി കുര്‍ത്ത ഒരു തരം തമാശ കൂടിയാണ്. രാഷ്ട്രീയക്കാരന്റെ ഖാദി കുര്‍ത്ത ”സാത്ത് ഖൂണ്‍ മാഫി” ന്റെ പാസാണെന്ന ഇന്ത്യന്‍ വോട്ടര്‍മാരുടെ പല അര്‍ഥത്തിലും ശരിയാണ്. അതിന് പൗരന്മാരെ കുറ്റം പറയുന്നതിന് പകരം രാഷ്ട്രീയക്കാര്‍ക്ക് സ്വയം കുറ്റപ്പെടുത്താനേ സാധിക്കൂ.

എന്റെ പിതാവിന്റെ ഓഫീസ് കസേരയില്‍ ഞാന്‍ കയറി ഇരിക്കുമ്പോഴുണ്ടായ ഒരു ബാല്യകാല സംഭവം എനിക്കിപ്പോള്‍ ഓര്‍മ്മ വരികായാണ്. കസേരയുടെ പിറകില്‍ മഹാത്മാഗാന്ധിയുടെ ച്ഛായാ ചിത്രം തൂക്കിയിട്ടിരുന്നു. അതിന് പിറകിലായി ഒരു പല്ലി പ്രാണിയെ പിടികൂടാന്‍ അങ്ങേയറ്റം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍, വഴി തെറ്റി പല്ലി ആ മഹാനായ മനുഷ്യന്റെ ഫ്രെയിമിലും കയറി വരുന്നുണ്ട്. നമ്മുടെ രാഷ്ട്രീയക്കാര്‍ പതിവായി ചെയ്യുന്നത് ഇത് തന്നെയാണ്. അവര്‍ വോട്ട് കിട്ടാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധമാണ്. എന്നാല്‍, അവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ സുരക്ഷിതമായ സങ്കേതങ്ങളില്‍ അഭയം കണ്ടെത്തുന്നു. എന്റെ പിതാവിന്റെ വീട്ടിലെ പല്ലിയെപ്പോലെ അവരും ഒരു മഹാത്മാവിന്റെയോ അംബേദ്കറിന്റെയോ പിന്നില്‍ അഭയം കണ്ടെത്തുകയാണ്.

അംബേദ്കര്‍ പ്രതിമകളുടെ മേല്‍ മാലയിടാന്‍ ഒട്ടേറെ രാഷ്ട്രീയക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. അതേസമയം, അംബേദ്കറുടെ ദര്‍ശനങ്ങളും തത്ത്വങ്ങളും കൂടുതലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായുള്ള ഉപായമായിട്ടാണ് ചൂഷണം ചെയ്യപ്പെടുന്നത്. സാര്‍വത്രിക മൂല്യമുള്ള ഒരു ഭരണഘടനയുടെ നിര്‍മ്മാണത്തിനായി മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാനായ മനുഷ്യനായിരുന്നു ഭീംറാവു അംബേദ്കര്‍. എന്നാല്‍ പരസ്പരമുള്ള വ്യര്‍ഥമായ സംഘട്ടനങ്ങള്‍ക്കിടയില്‍ മിക്കപ്പോഴും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും ചിന്തകളും പൊലിഞ്ഞുപോകുകയാണ്. വികസനവും വോട്ട് ബാങ്ക് രാഷ്ട്രീയവും പരസ്പരം കൈകോര്‍ത്തുപോകുമെന്ന് പലപ്പോഴായി ഇന്ത്യന്‍ രാഷ്ട്രീയം തെളിയിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അവ രണ്ടും രണ്ട് ദ്വന്തങ്ങളാണ്. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് പാര്‍ട്ടി നയങ്ങളും പ്രത്യയശാസ്ത്രങ്ങളും പരിശോധക്കാന്‍ സാക്ഷരരായ ചുരുക്കം ആളുകള്‍ ശ്രമിച്ചേക്കാം. എന്നാല്‍ നിരക്ഷരരായ വോട്ടര്‍മാര്‍ കൂടുതലായും പാര്‍ട്ടി ചിഹ്നവും പാര്‍ട്ടി വാഗ്ദാനങ്ങളും കേട്ട് വോട്ട് ചെയ്യുന്നവരാണ്. ‘പാര്‍ട്ടി ചിഹ്ന’ത്തിന് ഇന്ത്യയില്‍ ഇത്രയധികം പ്രാധാന്യം നല്‍കുന്നതിന് പിന്നിലെ പ്രധാന പ്രേരകവും അത് തന്നെയായിരിക്കാം.

Also read: തുർക്കി സ്ത്രീകൾ കൊറോണയെ അഭിമുഖീകരിച്ച വിധം

സംവരണത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ചയാളായിരുന്നു അംബേദ്കര്‍. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്ന സംവരണത്തിന് സമയപരിധി വേണമെന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിരുന്നു. പ്രസ്തുത കാലയളവില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍ പിന്നീട് ആവശ്യമില്ലാത്ത വിധം ഗണ്യമായ വികസനം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അംബേദ്കറുടെ സ്വപ്‌നങ്ങള്‍ അതേ അര്‍ഥത്തില്‍ നടപ്പാക്കുന്നതിന് പകരം വോട്ടുബാങ്കുകള്‍ കെട്ടിപ്പടുക്കാനാണ് സംവരണം ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് 1970കളില്‍ പിന്നോക്ക വിഭാഗ സമുദായങ്ങളുടെ എണ്ണം 70 ആയിരുന്നു. അവരെല്ലാം തന്നെ സമൂഹത്തില്‍ പിന്നോക്കക്കാര്‍ എന്ന് മുദ്ര കുത്തപ്പെട്ടവരും അപരവത്കരണം നേരിട്ടവരുമായിരുന്നു. ഒരു ദശകം കൊണ്ട് ഇവരെയോക്കെ കൃത്യമായ കര്‍മ്മപദ്ധതികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു അംബേദര്‍കറുടെ ആഗ്രഹം. എല്ലാ ഗവണ്‍മെന്റുകളും അതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായി വിലയിരുത്തിയിരുന്നു. എന്നാല്‍, 2006ല്‍ വൈ.എസ്.ആര്‍ റെഡ്ഡി സര്‍ക്കാറുടെ കാലത്ത് ആന്ധ്രപ്രദേശില്‍ ഈ എണ്ണം ഇരട്ടിച്ച് പിന്നോക്ക വിഭാഗ സമുദായങ്ങളുടെ എണ്ണം 140 എത്തിയിരുന്നു.

രാഷ്ട്രീയപാര്‍ട്ടികളുടേയും ഗവര്‍ണ്‍മെന്റുകളുടേയും ഭാഗത്ത് നിന്ന് ആറ് ദശകങ്ങളായിട്ട് ഈ 70 പിന്നോക്ക സമുദായങ്ങളെ മുന്നോട്ട് കൊണ്ട് വരാന്‍ എന്ത് കര്‍മ്മപദ്ധതികളാണുണ്ടായത് എന്ന ചോദ്യത്തിന് ഒന്നുമില്ല എന്നതാണ് ഉത്തരം. എന്നല്ല, വിവിധ സര്‍ക്കാറുകളുടെ ഇടപെടല്‍ മൂലം 70 പുതിയ പിന്നോക്ക സമുദായക്കാര്‍ കൂടി രാജ്യത്ത് വര്‍ധിക്കുകയുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കുന്നത് മറ്റൊരു തലത്തിലാണ്. പിന്നോക്ക സമൂദായമാക്കി മാറ്റുക എന്നത് എന്തെങ്കിലും കുറച്ച് ആനുകൂല്യങ്ങള്‍ കിട്ടാനുള്ള അവസരമാക്കിയിട്ടാണ് അവര്‍ ചിത്രീകരിക്കുന്നത്. നിങ്ങളെയൊക്കെ പിന്നോക്ക വിഭാഗത്തിന് കീഴില്‍ ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ആയതിനാല്‍ ഇനി മുതല്‍ നിങ്ങള്‍ ഞങ്ങളുടെ വോട്ട് ബാങ്കാണ് എന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്.

ഞാന്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് പബ്ലിക്ക് സ്‌കൂളില്‍ പട്ടിക ജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി നീക്കിവെച്ച സീറ്റുകളുണ്ട്. അവര്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രത്യേകമായ മുറികളും ഒരുക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ അലോട്‌മെന്റുകള്‍ സ്‌കൂളിന്റെ നിലവാരത്തെ ബാധിക്കുന്നു എന്നതാണ് സാധാരണ കേള്‍ക്കുന്ന പരാതി. കാരണം ഈ അലോട്‌മെന്റില്‍ വരുന്ന വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും പഠനത്തില്‍ ഏറെ പിറകിലാണ്. അത്തരം വിദ്യാര്‍ഥികളെ കുറ്റം പറയുന്നതിന് പകരം അവരെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണങ്ങളുണ്ടാവണം.

വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ക്കാണ് ഞാന്‍ ജനിച്ചത്. എന്റെ പിതാവ് അഭിഭാഷകനായിരുന്നു. അദ്ദേഹം എല്ലായിപ്പോഴും നിയമപുസ്തകവുമായിട്ടായിരുന്നു സമയം ചെലവഴിച്ചിരുന്നത്. അതുപോലെ എന്റെ അമ്മയും നല്ല വായനക്കാരിയായിരുന്നു. ഒഴിവുസമയങ്ങളിലൊക്കെ അമ്മയുടെ കയ്യില്‍ പുസ്തകങ്ങളുണ്ടായിരുന്നു. ഇതെല്ലാം കാരണമായിത്തന്നെ ഭാവിയില്‍ അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണം എന്ന ചിന്ത എന്റെ ഉപബോധമനസ്സില്‍ സ്വാധീനിക്കുകയുണ്ടായി. അതേസമയം, മറുവശത്ത് അന്നന്നത്തെ ചെലവിന് പണം കണ്ടെത്തുന്നതിനായി ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടി സംവരണ സീറ്റില്‍ പഠിക്കാന്‍ അവസരം ലഭിച്ചാലും പഠനം ക്ഷണികമാണെന്നും മാതാപിതാക്കളെപ്പോലെ തന്നെ താനും അധ്വാനിക്കേണ്ടി വരുമെന്നുമുള്ള ചിന്ത അവനെ ആഴത്തില്‍ അലട്ടുന്നു. അത്തരമൊരു ബോധം പേറുന്ന കൂട്ടിയെ അക്കാദമിക രംഗത്ത് പരാജയപ്പെടുന്നത് സ്വാഭാവികമാണ്. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ സജീവമാണെങ്കിലും ഹോം വര്‍ക്കുകളും മറ്റും പൂര്‍ത്തീകരിക്കുന്നതില്‍ അത്തരം കുട്ടികള്‍ സ്വാഭാവികമായി പിറകിലാവുന്നു.

Also read: ഗാന്ധി വിമർശങ്ങളുടെ കുഴമറിച്ചിലുകളും ഇസ്‌ലാമും

അപ്രകാരം തന്നെ, എ്‌ന്റെ മകനെ അതിരാവിലെത്തന്നെ ഞാനോ ഭാര്യയോ ഉണര്‍ത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്നു. വല്ല സംശയവുമുണ്ടെങ്കില്‍ ഞങ്ങളിലൊരാള്‍ പറഞ്ഞുകൊടുക്കുന്നു. സ്‌കൂളിലെ നിശ്ചിത സമയത്തെ പഠനത്തിന് ശേഷം ഒരു ട്യൂഷന്‍ ടീച്ചര്‍ അടുത്ത രണ്ട് മണിക്കൂര്‍ അവനെ പ്രത്യേകമായി പരിശീലിപ്പിക്കുന്നു. സംവരണ സീറ്റില്‍ അവസരം കിട്ടിയ കുട്ടിക്ക് സമാനമായ ആനുകൂല്യങ്ങളൊക്കെ എങ്ങനെ സാധിക്കും?

ആയതിനാല്‍ അത്തരം പിന്നോക്ക സമുദായങ്ങളിലുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളും മറ്റും തയ്യാറാകണം. അക്കാദമിക് രംഗത്തോടുള്ള താത്പര്യം കൗണ്‍സിലിംഗിലൂടെ അത്തരം വിദ്യാര്‍ഥികള്‍ക്ക് കൈമാറാണം. അത്തരം കുട്ടികളില്‍ കായികരംഗത്ത് താതപര്യം പ്രകടിപ്പിക്കുന്ന ധാരാളം കുട്ടികളുണ്ട്. അവര്‍ക്കായി വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ലാസുകളും പരിശീനങ്ങളും അധികൃതര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.

എന്നാല്‍ പിന്നോക്ക സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികളുടെ പഠനമോ വിദ്യാഭ്യാസമോ അധികാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിഷയമേ അല്ല. സംവരണങ്ങളിലൂടെ തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് എല്ലാവരും ശ്രമിച്ച്‌കൊണ്ടിരിക്കുന്നത്. തെലങ്കാനയിലെ ടി.ആര്‍.എസ്. (തെലങ്കാന രാഷ്ട്ര സമിതി) സര്‍ക്കാറിന് കീഴില്‍ സമാനമായ മറ്റൊരു നീക്കം ഇപ്പോള്‍ കാണുന്നുണ്ട്. പട്ടിക ജാതിക്കാര്‍ക്ക് 3 ഏക്കര്‍ ഭൂമി വാഗ്ദാനം ചെയ്യുന്നതിലൂടെ തങ്ങളുടെ വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് ടി.ആര്‍.എസ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഈ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുകയാണെങ്കില്‍ ഈ വിഭാഗങ്ങളെ വോട്ട് ബാങ്കുകളാക്കുന്നത് പൂര്‍ണ്ണമാവും. ഇനി ഈ പദ്ധതിയില്‍ നിന്ന് ആരെങ്കിലും ഭൂമി വില്‍ക്കാന്‍ തയ്യാറായാല്‍ അത് വലിയ പ്രശ്‌നത്തിന് വഴിവെക്കുകയും ചെയ്യും. വില്‍ക്കാനാണെങ്കില്‍ ഇവര്‍ക്കെന്തിനാണ് ഭൂമി അനുവദിച്ചതെന്ന ചോദ്യം പരക്കെ ഉയരുകയും ചെയ്യും.

Also read: കാലത്തെ പഴിക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതർ എന്തുപറയുന്നു?

പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണവും സ്‌കൂളുകളിലുള്ള പ്രത്യേക അലോട്‌മെന്റും വികസനിത്തിനായി ഭൂമി അനുവദിച്ചുനല്‍കുന്നതുമെല്ലാം അംബേദ്കര്‍ വിഭാവനം ചെയ്ത ദര്‍ശനങ്ങളാണ്. എന്നാല്‍ ഒരിക്കലും വോട്ട് ബാങ്കാക്കരുത് എന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. എന്നാല്‍, അംബേദകറുടെ ദര്‍ശനങ്ങളും ഇന്നത്തെ രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്ക് ചിന്താപ്രക്രിയയും തമ്മില്‍ വലിയ അന്തരമുണ്ട്.

അതുപോലെ തന്നൈ ഭൂമി അനുവദിച്ച് കിട്ടിയ ദലിതര്‍ക്ക് ആ ഭൂമിയില്‍ എന്തെങ്കിലും ചെയ്യാനാകുമോ? അവര്‍ക്ക് എന്ത് പ്രയോജനമാണ് അത് കൊണ്ടുള്ളത് എന്ന് ആരെങ്കിലും പഠിച്ചിട്ടുണ്ടോ? സാമ്പത്തിക സ്രോതസ്സുകളോ പരിജ്ഞാനമോ ഇല്ലാതെ ആ ഭൂമി അവര്‍ എന്ത് ചെയ്യും? ഒരു പക്ഷെ, ഏതാനും വര്‍ഷത്തേക്ക് ആ ഭൂമി സൂക്ഷിക്കുകയും ഒടുവില്‍ അത് വില്‍ക്കുകയും ചെയ്‌തേക്കാം. ടി.ആര്‍.സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമിയില്‍ നിന്ന് അത്തരം വിഭാഗക്കാര്‍ പ്രയോജനം നേടുന്നതിനുള്ള ക്രമീകരണങ്ങള്‍ കൂടി സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. ഒരു കാര്‍ഷിക ഭൂമിയാണെങ്കില്‍ അവിടെ കൃഷി ചെയ്യാവുന്നവ ശേഖരിക്കാന്‍ മണ്ണ് ശാസ്ത്രീയമായി പരീക്ഷിക്കേണ്ടതുണ്ട്. ഒപ്പം, വിത്തുകള്‍, രാസവളങ്ങള്‍, ജലം, വൈദ്യുതി, തുടങ്ങി കൃഷിക്ക് സഹായകമായ എല്ലാ പിന്തുണയും അവര്‍ക്ക് ഉറപ്പ് വരുത്തണം. ഈ പിന്തുണയും സംവിധാനങ്ങളും ഉറപ്പുവരുത്താതെ ഭൂമി അനുവദിക്കുന്നത് പൊതുഖജനാവില്‍ വലിയൊരു നഷ്ടമുണ്ടാക്കുന്നതിനെ കാരണമാവൂ. ഒരു തലമുറയിലെങ്കിലും സര്‍ക്കാറുകള്‍ പിന്നോക്കസമുദായക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണെങ്കില്‍ ഭാവി തലമുറയില്‍ അംബേദ്കര്‍ വിഭാവനം ചെയ്യുന്നത് പോലെ പിന്നോക്കമായി ആരും ഉണ്ടാവുകയില്ല.

വിവ.അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles