Your Voice

ഗാന്ധി വിമർശങ്ങളുടെ കുഴമറിച്ചിലുകളും ഇസ്‌ലാമും

മൂല്യങ്ങൾക്ക് മാത്രമല്ല ഗാന്ധി വിമർശങ്ങൾക്കും കുഴമറിച്ചിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയെ വിമർശിക്കാനിറങ്ങി പുറപ്പെടുന്നവർ കുഴപ്പത്തിലാവുന്നത്തിന്റെ കാഴ്ചകൾ ധാരാളമുണ്ട്. വാളെടുത്ത് രണഭൂമിയിലെത്തിയപ്പോൾ ശത്രുവിന്റെ മഹത്വം തിരിച്ചറിഞ്ഞു അങ്കലാപ്പിലാകുന്നവരുടെതിന് സമാനമായ അവസ്ഥയിലാണ് ഗാന്ധി വിമർശകർ. ഗാന്ധിയെ വിമർശിക്കാത്തവരായി ഒരുപക്ഷെ ആരും തന്നെയില്ല. ആരും അന്യരല്ലയെന്ന ഗാന്ധിയുടെ അടിസ്ഥാന സിദ്ധാന്തം രാജ്യത്തു വേരുപിടിച്ചതു കാരണം മതാടിസ്ഥാനത്തിലുള്ള അപരവത്കരണത്തിന്റെ കമ്പിളി പുതപ്പുമായി ഇറങ്ങിതിരിച്ചവർക്ക് ഗാന്ധി ശത്രുവായി. ഗാന്ധിയെ അന്യവത്കരിക്കുന്നത് തങ്ങൾളുടെ പ്രതിബിംബത്തിനു ഹിംസയുടെ പ്രതിച്ഛായവരുത്തുമെന്നു ഭയന്നു അവർ ഗാന്ധിയുടെ മാർഗം സ്വായത്തമാക്കാൻ ആഹ്വാനം ചെയ്യുന്നു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് അപ്പയുടെ ധ്രുത ഗതിയിലുള്ള വ്യാപനത്തിന്റെ വഴിമുടക്കിയെന്ന് ആരോപിച്ചു ഗാന്ധിയെ വെട്ടിക്കൂട്ടാൻ ഒരുങ്ങിയവർ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തെ വ്യക്തിജീവിതത്തിൽ തൊട്ടുതീണ്ടാതെ കാത്തു സൂക്ഷിക്കുന്നതിൽ തങ്ങളേക്കാൾ ബഹുദൂരം മുന്നിലെത്തിയ ഗാന്ധിയെ കണ്ടു വാള് ഉറയിൽ തന്നെയിട്ടു പിന്മാറുന്നു. ഗാന്ധിയല്ല അംബേദ്‌കറെന്നുദ്‌ഘോഷിക്കുന്നവർ അയിത്തത്തെ അകറ്റി നിർത്തുന്നതിൽ ഗാന്ധി വഹിച്ച പങ്കിൽ ആകൃഷ്ടരാവുന്നു.

യഥാർത്ഥത്തിൽ ആരായിരുന്നു ഗാന്ധി?
ഗാന്ധി മനം മാറ്റത്തിലാണ് വിശ്വസിച്ചത്. സ്വയം പീഡനത്തിലൂടെ ശത്രുവിന്റെ മനസ്സിൽ സത്യം വെളിപ്പെടുത്തുക സാധ്യമാണെന്ന് വിശ്വസിക്കുക മാത്രമല്ല തിന്മകളുടെ ഉച്ചാടനത്തിനുള്ള ഏക പോംവഴി അത് മാത്രമാണെന്ന തീർച്ചയിൽ ഗാന്ധിയെത്തി. സർവ പ്രശ്നങ്ങൾക്കും തദടിസ്ഥാനത്തിലുള്ള പരിഹാര മാര്ഗങ്ങൾ നിർദേശിച്ചു തുടങ്ങി. അഹിംസയെ അടിയുറച്ച ആദർശമാക്കിയ ഗാന്ധി പ്രശ്നങ്ങൾക്ക് നിർദേശിച്ച പരിഹാര മാർഗങ്ങൾ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അവിശ്വസനീയവും അദ്‌ഭുതപ്പെടുത്തുന്നതുമായിരുന്നു.
ഹിംസ ജാതകമാക്കി സാമ്രാജ്യം കെട്ടിപ്പടുത്ത ബ്രിട്ടീഷുകാരെ എതിരിടാൻ ഇന്ത്യക്കാരുടെ സഹന സമരത്തിന് നേതൃത്വം നൽകി. ഫാസിസ്റ്റു ജർമനിയെ സത്യാഗ്രഹം നടത്തി തോൽപ്പിക്കണമെന്ന് ബ്രിട്ടീഷുകാരെ ഉപദേശിച്ചു. ആരും അന്യരല്ലന്നു പുറമെ പറയാത്തവരായി ആരുമില്ല. ഗാന്ധിക്കത് പക്ഷെ ആഴത്തിലിറങ്ങിയ വിശ്വാസമായിരുന്നു.

ഹിന്ദു സമുദായത്തിന് ഭൂരിപക്ഷമുള്ള ഒരു മുനിസിപ്പാലിറ്റിയുടെ ഭരണ സമിതി അംഗങ്ങൾ മുസ്ലിങ്ങളായാൽ കുഴപ്പമെന്ത്‌ എന്ന് ഗാന്ധി ചോദിച്ചു. ഈ സിദ്ധാന്തമനുസരിച്ചു ഖിലാഫത്തു പ്രസ്ഥാനത്തെയും ഗാന്ധി പിന്തുണച്ചു. ലോകത്തിനു മുസ്ലിം ഭരണം നൽകിയ തുർക്കി ഖിലാഫത്തിനോടുള്ള ഗാന്ധിയുടെ നിലപാട് ആരും അന്യരല്ലായെന്ന വിശ്വാസം തന്നെ ആയിരുന്നു. സംവരണ മണ്ഡലങ്ങളെ സംബന്ധിച്ചു ഗാന്ധിയും അംബദ്കറും തമ്മിലുണ്ടായ ഏറെ കോലാഹലം ശ്രിഷ്ട്ടിച്ച സംവാദങ്ങളിൽ ഗാന്ധി അടിസ്ഥാനമാക്കിയതും ഇതേ വിശ്വാസമായിരുന്നു. ഇന്ത്യയിലെ ഉന്നതകുല ജാതർ താഴ്ന്ന ജാതിക്കാരെയും തിരിച്ചും പരസ്പരം സംരക്ഷിക്കുന്ന അവസ്‌ഥ യുണ്ടാവണമെന്നു വിശ്വസിച്ചിരുന്ന ഗാന്ധിയെങ്ങനെ മണ്ഡല സംവരണമെന്ന ആശയത്തെ പിന്തുണക്കും. ജാതി തിരിച്ചു മണ്ഡലങ്ങൾ സംവരണം ചെയ്യുന്നതിനേക്കാൾ ഗാന്ധി ഇഷ്ടപെട്ടത് മരണമായിരുന്നു. ജാതി പിശാചിനെ അനുഭവിച്ചറിഞ്ഞിരുന്ന അംബേദ്‌കർ പക്ഷെ ആ ആശയത്തെ തെറ്റിദ്ധരിച്ചു. സംയോജനമോ ലയനമോ അല്ല വിഭജനവും വേർതിരിഞ്ഞു പോക്കുമാണാവശ്യമെന്നു ഇതേ കാലയളവിൽ അമേരിക്കയിലെ മാൽകം എക്സ് അഭിപ്രായപെട്ടതിനു തുല്യമായിരുന്നു അംബേകറിന്റെ വാദം. ഗാന്ധി പക്ഷെ മനഃപരിവർത്തനത്തിൽ വിശ്വസിച്ചു. സത്യാഗ്രഹം അനുഷ്ഠിച്ചും സഹനം ചെയ്‌തും ജാതി വ്യതാസങ്ങളെ നിഷ്കാസനം ചെയ്യാമെന്ന് ഗാന്ധി വിശ്വസിച്ചു. ജാതി പീഡനങ്ങളിൽ സഹികെട്ടിരുന്നവർക്കു പക്ഷേ ഗാന്ധിയുടെ ഈ കാത്തിരിപ്പു വേദാന്തങ്ങൾ ഉൾക്കൊള്ളാനായില്ല. ഗാന്ധിയെ ഉന്നത കുല ജാതരുടെ പ്രതിനിധിയും വർണ വ്യവസ്ഥയുടെ പ്രചാരകനുമായി കാണാൻ മാത്രമേ അവർക്ക് കഴിഞ്ഞൊള്ളു. ഗാന്ധി ഇന്ന് ദലിത് മണ്ഡലത്തില്‍നിന്ന് കടുത്ത വിമര്‍ശങ്ങള്‍ നേരിടുന്നുണ്ട്. അടുത്തിടെ ബി.ആര്‍. അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ എന്ന പുസ്തകത്തിന് അരുന്ധതി റോയി എഴുതിയ ‘ഡോക്ടറും വിശുദ്ധനും ’എന്ന അവതാരികയില്‍ ജാതി നിലപാടുകളുടെ കാര്യത്തില്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇവയൊക്കെയും മർമ്മമറിയാതെയുള്ള വിമർശന കോലാഹലങ്ങളായി മാത്രമേ കാണാൻ പറ്റൂ.

Also read: ജീവിതവിജയത്തിന് നബി(സ) നൽകിയ രണ്ട് ആയുധങ്ങൾ

ഗാന്ധിയുടെ കീഴ്ജാതി സമീപനത്തെ കല്ലെറിയുന്നവർ ഇന്ത്യയിലെ അടിസ്ഥാന വർഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രായോഗികമായി ഒന്നും ചെയ്തിട്ടില്ലന്ന വസ്തുത മറക്കരുത്. ഗാന്ധിയാവട്ടെ അയിത്തോച്ചാടന പദ്ധതികളും ശുശ്രൂഷയുമായി രംഗത്തുണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നെടുന്നെതിലേറെ വലിയ പ്രാധാന്യമാണ് ഗാന്ധി കീഴ് ജാതിക്കാരുടെ മുഖ്യധാരയിലേക്കുള്ള സ്വംശീകരണത്തിനു നൽകിയിരുന്നത്. മനഃപരിവർത്തനം സംഭവിക്കാത്ത കാലത്തോളം മണ്ഡല സംവരണം മാത്രമല്ല ഭരണഘടന ഉറപ്പുകൾ പോലും ഏട്ടിലെ പശുവാണെന്ന തിരിച്ചറിവാണ് ഗാന്ധിയെ നയിച്ചത്. 1933 ൽ ഗാന്ധി ഒൻപത് മാസം നീണ്ടു നിന്ന ഒരു ഹരിജൻ യാത്ര നടത്തി.

രാജ്യത്തുടനീളം സവർണരുടെമേൽക്കോയ്മ ദാർഷ്ട്യത്തെ വെല്ലുവിളിച്ചു ഹരിജൻ യാത്ര കടന്നു പോയി. ഹരിജൻ യാത്രയുടെ നവോത്ഥാന വെളിച്ചത്തിൽ ആവേശ ഭരിതരായി പലരും ഹരിജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുത്തു. ഹരിജനങ്ങളെ കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ അനുവദിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സവർണ സങ്കേതമായ ഒറീസയിലെ പുരിയിൽ ചെന്ന് ഹരിജനങ്ങൾക്കു ക്ഷേത്രം തുറന്ന് കൊടുക്കാത്ത കാലത്തോളം ജഗന്നാഥൻ ജഗത്തിന്റെ നാഥനല്ല പാവപ്പെട്ട ഭക്തരെ പിഴിഞ്ഞ് ജീവിക്കുന്ന പുരോഹിതരുടെ നാഥനാണെന്ന് വെല്ലുവിളിച്ചു.

Also read: ഏതൊരു ലോകമാണ് കൊറോണാനന്തരം നമ്മെ കാത്തിരിക്കുന്നത്?

ചുരുക്കത്തിൽ ഗാന്ധിയുടെ ആശയ പ്രപഞ്ചത്തിൽ ചിന്താപരമായ പ്രവേശം നേടാനാവാതെ വന്നവർക്ക് സംഭവിച്ച കുഴമറിച്ചിലാണ് പ്രശ്നം. മറ്റുള്ളവൻ കാണിക്കുന്ന കൊള്ളരുതായ്മക്ക് മുന്നിൽ ഒരു ചെവിക്ക് അടിച്ചാൽ മറ്റേ ചെവിയും കാണിച്ചു കൊടുക്കാൻ ഞാൻ ഗാന്ധിയല്ലന്നു ആളുകൾ പറയുന്നത് സർവ്വസാധാ രണമായി നാം കേൾക്കുന്നുണ്ടല്ലോ. ഗാന്ധിയുടെ വീക്ഷണ തലത്തിലേക്ക് ഉയരാൻ സാധിക്കാത്ത ഈ മനസ്സാണ് പ്രശ്നം.

മനുഷ്യ പ്രകൃതിയെ ആഴത്തിൽ ചികിൽസിക്കാൻ ഒരുമ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെ കാര്യത്തിലും പുറം കാഴ്ചക്കാർക്ക് ഈ കുഴമറിച്ചിൽ സംഭവിച്ചിട്ടുണ്ട്. ഇസ്ലാമിക ആശയങ്ങൾ ഉദാഹരണം. എല്ലാവര്ക്കും ഒരേ ഒരു ദൈവമെന്ന സങ്കൽപം കൊണ്ട് മാത്രമേ അപരവത്കരണം അവസാനിക്കൂവെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മറ്റുള്ളവരതിനെ ബഹുസ്വരതയുടെ നിരാകരണമായി മനസിലാക്കുന്നു. അവരുടെ ബഹുസ്വരത കാരണം രണ്ടായിരം വര്ഷം ഒരു രാജ്യത്തെ എൺപത് ശതമാനം ജനങ്ങളും വർണ വ്യവസ്ഥയുടെ അടിമതത്വത്തിൽ ജീവിച്ച വസ്തുത മറച്ചു വെച്ചാണ് ഈ വിമർശനം. ഇസ്ലാം അടിമത്വം നിരോധിക്കാതിരുന്നതിനു പിന്നിലും ഒരു ആശയാടിത്തറയുണ്ട്. മോചനം ആഗ്രഹിക്കുന്ന ഏതൊരു അടിമയെയും അവനുമായി കരാറിലേർപ്പെട്ടു സ്വതന്ത്രമാക്കണമെന്നാണ് ഇസ്ലാമിന്റെ കല്പന.

Facebook Comments
Related Articles
Show More
Close
Close