Editors Desk

ബെയ്‌റൂത്ത് സ്‌ഫോടനത്തിന് ഒരു മാസം; അവശേഷിക്കുന്നത് വേദനയും ദാരിദ്ര്യവും

പശ്ചിമേഷ്യന്‍ രാജ്യമായ ലെബനാനിന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ ഉഗ്ര സ്‌ഫോടനം നടന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനത്തിനാണ് ഓഗസ്റ്റ് നാലിന് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ബെയ്‌റൂത്ത് തുറമുഖത്തിന് സമീപം സ്ഥിതി ചെയ്യുന്ന അമോണിയം നൈട്രേറ്റ് സൂക്ഷിച്ച രണ്ട് വെയര്‍ഹൗസുകളില്‍ തീപടര്‍ന്നാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ഇരട്ട സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കിലോമീറ്ററുകളോളം സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങളും ഫ്‌ളാറ്റുകളും വീടുകളും പൂര്‍ണമായും തകര്‍ന്നടിഞ്ഞു. അതിലേറെ കെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ന്നു. കനത്ത നാശനഷ്ടമാണ് ബെയ്‌റൂത്തിന് സ്‌ഫോടനത്തിലൂടെ ഉണ്ടായിട്ടുള്ളത്. ഓഫിസുകളും സ്‌കൂളുകളും നാമാവശേഷമായതോടെ നിരവധി പേരുടെ തൊഴിലിനെയും ബാധിച്ചു. ലെബനാന് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. സാമ്പത്തികമായി ആരോഗ്യമേഖലയിലും വിവിധ രാജ്യങ്ങള്‍ ലെബനാന് കൈത്താങ്ങായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിന്നും ലെബനാന്‍ ഇപ്പോഴും പൂര്‍ണമായും മോചിതയായിട്ടില്ല എന്നാണ് അവിടങ്ങളില്‍ നിന്നുള്ള കാഴ്ചകളും വാര്‍ത്തകളും നമ്മോട് പറയുന്നത്.

Also read: ഇസ് ലാമും ദേശീയതയും

നഗരവീഥികളിലെല്ലാം ദു:ഖവും സങ്കടവും തളംകെട്ടി നില്‍ക്കുന്നു. സ്വത്തുവകകളും കിടപ്പാടവും നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ മറ്റു രാഷ്ട്രങ്ങളിലേക്ക് കുടിയേറി. സ്‌ഫോടന ശേഷം വലിയ രീതിയിലുള്ള അഭയാര്‍ത്ഥിപ്രവാഹമാണ് ലെബനാനില്‍ നിന്നും ഉണ്ടായിട്ടുള്ളത്. വിവിധ അയല്‍രാജ്യങ്ങള്‍ ലെബനാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി കുടിയേറ്റനിയമങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു. 15 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ ലെബനാനില്‍ കഴിയുന്നുണ്ടായിരുന്നു. മരിച്ചവരില്‍ 43 പേര്‍ സിറിയക്കാരായിരുന്നു.

ഒരു മാസം പിന്നിടുമ്പോഴും സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ല. ചിലയിടങ്ങളില്‍ ജീവന്റെ അംശം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള തിരച്ചിലിലാണ് ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തിയത്. സ്‌കാനിങ് മെഷീന്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം ശ്വസനത്തിന്റെയും നാഡിമിഡിപ്പിന്റെയും അടയാളങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അതിനാല്‍ തന്നെ ഇനിയും ജീവനുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അവേശിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ലെബനാനില്‍ രാഷ്ട്രീയപരമായും സാമ്പത്തികമായും പ്രതിസന്ധി നേരിടുന്ന വേളയിലാണ് കൂനിന്‍മേല്‍ കുരുവായി സ്‌ഫോടനവും ഉണ്ടായത്. ഇതിന് പുറമെ കോവിഡ് പ്രതിസന്ധിയും ഒരു ഭാഗത്തുണ്ട്. അതിനാല്‍ ദാരിദ്ര്യത്തിന്റെ ഭീഷണി നിലനിന്നിരുന്ന രാജ്യത്തെ മറ്റൊരു ആഘാതത്തിലേക്കാണ് സ്‌ഫോടനം തള്ളിവിട്ടത്. മാര്‍ച്ച്,ഏപ്രില്‍,മെയ് മാസങ്ങളില്‍ ലെബനാനില്‍ കോവിഡ് ലോക്ക്ഡൗണ്‍ ആയിരുന്നു. അതിനാല്‍ തന്നെ മിക്ക കുടുംബങ്ങളും സാമ്പത്തികമായി പ്രയാസമനുഭവിക്കുകയായിരുന്നു.

Also read: സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

ബെയ്‌റൂത്തില്‍ അവശേഷിക്കുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണപ്പൊതികള്‍ക്കായി കാത്തിരിക്കുകയാണ്. മുന്‍പെങ്ങും ഇതുപോലത്തെ പ്രതിസന്ധി തങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നാണ് ലെബനാന്‍ ജനത പറയുന്നത്. റെഡ് ക്രോസ് അടക്കമുള്ള വിവിധ സഹായ ഏജന്‍സികള്‍ പണമായും സഹായം വിതരണം ചെയ്യുന്നുണ്ട്. ദുരന്തം ബാധിച്ച പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഇതിനകം ഇത്തരത്തില്‍ സഹായം വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി തങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനായി സഹായ ഏജന്‍സികളെയും കാത്ത് കഴിയുകയാണിവര്‍. ബെയ്‌റൂത്ത് സ്‌ഫോടനം ലെബനാന്‍ ജനസംഖ്യയുടെ പകുതിയോളം പേരെ പട്ടിണിയിലേക്ക് നയിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയും ലോകബാങ്കും മുന്നറിയിപ്പ് നല്‍കിയത്. ഇത്തരത്തില്‍ ലോകചരിത്രത്തിന് തന്നെ നിരവധി പാഠങ്ങളും മാതൃകകളും ഈ സ്‌ഫോടനത്തില്‍ നിന്നും പഠിക്കാനും ഉള്‍കൊള്ളാനും ഉണ്ട്. ഉടന്‍ തന്നെ കോവിഡ് ഭീതിയില്‍ നിന്നും സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിന്നും രക്ഷപ്പെട്ട് പുതിയ ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടു പോകുകകയാണ് ലെബനാന്‍ ജനത.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker