Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാമും ദേശീയതയും

അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ദേശീയതാവിമർശത്തെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ദേശീയതക്കെതിരായ നിലപാടുകളെ തന്റെ ഇസ്ലാമിക പ്രത്യയശാസ്ത്രാവബോധത്തിന്റെ കൂടി ആധാരത്തിലാണ് അദ്ദേഹം വികസിപ്പിക്കുന്നത്. പല കവിതകളിലും എന്നതോടൊപ്പം The Reconstruction of Religious Thought in Islam തുടങ്ങിയ പുസ്തകങ്ങളിലും ഇത് സംബന്ധമായ അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ കാണാം. മാർട്ടിൻ ലൂതർ കിങ്ങിനെപ്പോലെത്തന്നെ ഉപാസിക്കപ്പെടുന്ന വ്യാജദൈവമായിത്തന്നെ ദേശീയതയെയും അദ്ദേഹം കാണുന്നു.

ഇസ്ലാമും ദേശീയതയും -മൌദൂദിയുടെ വിശകലനം
ഇസ്ലാം നിരോധിക്കുന്ന വിഗ്രഹങ്ങളിലും വിഗ്രഹാരാധനയിലും ദേശീയതയും പെടുമെന്ന് ഇഖ്ബാൽ വാദിച്ചു.

അബുൽ അഅ്‌ലാ മൌദൂദി

ഇവ്വിഷയകമായി സയ്യിദ് അബുൽ അഅ്‌ലാ മൌദൂദിയുടെ നിരീക്ഷണങ്ങളും പ്രസക്തമാണ്. പാശ്ചാത്യ സെക്യുലരിസം ജീവിതത്തിൽ നിന്ന് പുറന്തള്ളിയ ദൈവത്തിന്റെ സ്ഥാനത്ത്, പകരം പ്രതിഷ്ഠിച്ച ഒന്നായിത്തന്നെയാണ് ആധുനിക ദേശീയതാവാദത്തെ മൗദൂദിയും കാണുന്നത്.

അദ്ദേഹത്തിന്റെ വീക്ഷണത്തിൽ, ഈ യുഗത്തിൽ മനുഷ്യന് മേൽ പതിച്ച ഏറ്റവും വലിയ ശാപമാണ് ദേശീയത. ഇതേ സ്വരത്തിൽ ടാഗോറും ദേശീയതയെ വിശേഷിപ്പിച്ചത് നാം മുന്നേ വിശദീകരിച്ചിട്ടുണ്ട്. തിന്മയുടെ അതിനിഷ്ഠുരമായ ഒരു മഹാമാരിയാണ് ദേശീയത എന്നാണ് ടാഗോറിന്റെ പക്ഷം.

ദേശസ്വത്വം, ദേശസ്നേഹം തുടങ്ങിയവയെ നാഷനാലിസത്തിൽ നിന്ന് സയ്യിദ് മൌദൂദിയും വേർതിരിക്കുന്നുണ്ട്. ദേശീയത്വം അഥവാ ദേശീയസ്വത്വത്തെയും (nationality) ദേശസ്‌നേഹത്തെയും (patriotism) സംബന്ധിച്ച് തനിക്ക് യാതൊരാക്ഷേപവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വികവിശകലനം എന്ന പുസ്തകം കാണുക). തികച്ചും സ്വാഭാവികമായ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണവ.

മറ്റ് ജനങ്ങളോടുള്ള അസൂയ, വെറുപ്പ്, വിദ്വേഷം തുടങ്ങിയവ ഉൾച്ചേരാത്ത സ്വജനഗുണകാംക്ഷ, സ്വദേശസ്‌നേഹം തുടങ്ങിയവയെ മൗദൂദി അംഗീകരിക്കുന്നു. ദേശീയ സ്വാതന്ത്ര്യം എന്ന വികാരത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഒരിക്കലും ഒരു ജനതക്ക് മേൽ മറ്റൊരു ജനതയുടെ ആധിപത്യം അടിച്ചേൽപിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. അതിനാൽ സ്വയംഭരണം, സ്വയം നിർണയം തുടങ്ങിയവയെല്ലാം വ്യക്തികളുടെയും സമൂഹങ്ങളുടെയും ജന്മാവകാശം തന്നെയാകുന്നു.

എന്നാൽ, അതല്ല ദേശീയത അഥവാ ദേശീയതാവാദം. ദേശീയ സ്വാർത്ഥം എന്നതിന്റെ മറ്റൊരു പേരെന്നല്ലാതെ അതിന് താത്വികമായ യാതൊരടിത്തറയുമില്ല തന്നെ.

Also read: വലതു പക്ഷ രാഷ്ട്രീയം ഫ്രാന്‍സ് മുതല്‍ ഇന്ത്യ വരെ

(‘മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വികവിശകലനം’ എന്നത് സയ്യിദ് മൌദൂദിയുടെ, ഉർദുവിൽ പ്രസിദ്ധം ചെയ്യപ്പെട്ട ഒരു പ്രസംഗത്തിന്റെ മലയാളവിവർത്തനമാണ്. ദേശീയതാവാദത്തെ കുറിക്കാൻ പ്രസ്തുത വിവർത്തനത്തിൽ ദേശീയത്വം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ നാം ഇവിടെ ദേശീയസ്വത്വത്തെ അടയാളപ്പെടുത്താനാണ് ദേശീയത്വം എന്ന് പ്രയോഗിക്കുന്നത്. അതായത്, nationality എന്ന അർത്ഥത്തിൽ. ഇവിടെ പ്രശ്നവൽക്കരിക്കുന്ന nationalism എന്ന ആശയത്തെ സൂചിപ്പിക്കാൻ ദേശീയത, ദേശീയതാവാദം തുടങ്ങിയ പദരൂപങ്ങളത്രേ അഭികാമ്യം).

മധ്യകാലത്തെ പേപ്പൽ സർവാധിപത്യം
മധ്യകാലത്തെ പേപ്പൽ സർവാധിപത്യം

പാവനമായ ഒരാരംഭദശ ദേശീയതാവാദത്തിനുണ്ട് എന്ന് മൗദൂദി സമ്മതിക്കുന്നുണ്ട്. പേപ്പസിയുടെയും റോമാ സാമ്രാജ്യത്തിന്റെയും ആധിപത്യത്തിന് ഒരു തിരിച്ചടിയെന്നോണമാണ് അത് ആദ്യഘട്ടത്തിൽ ഉദ്ഭവിച്ചത്. ഓരോ ജനതയും അവരവരുടെ ദേശങ്ങളുടെയും താത്പര്യങ്ങളുടെയും ഉടമാവകാശികളും അധികാരികളുമാണെന്നും അവ ആധ്യാത്മികമോ രാഷ്ട്രീയമോ ആയ ഒരു ലോകാധിപത്യത്തിന്റെ കരത്തിൽ ചതുരംഗക്കരുക്കളെപ്പോലെ വർത്തിക്കാനുള്ളതല്ലെന്നുമാണ് ഈ പ്രാരംഭദശയിൽ നാഷനലിസം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വികവിശകലനം).

എന്നാൽ ഇതോടെ മാനവികമായ ധാർമികതയും ധർനീതിയും അട്ടിമറിഞ്ഞു എന്നും സയ്യിദ് മൌദൂദി പറയുന്നു. ഏതൊരു ജനതയുടെയും ഉന്നതധാർമികമൂല്യം തങ്ങളുടെ ദേശീയതാത്പര്യവും ദേശീയജനാഭിലാഷവും മാത്രമായിത്തീരും എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ഓർവീലിയൻ ദേശീയതാ വിമർശനത്തിലും ഇക്കാര്യം ഉന്നയിക്കുന്നതായി കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Orb of the Holy Roman Empire, 12th century
Orb of the Holy Roman Empire, 12th century

ഇത് ഇസ്ലാം, എന്നല്ല ഏത് മതധർമവും തന്നെ, മുന്നോട്ട് വെക്കുന്ന അടിസ്ഥാനമൂല്യങ്ങൾക്ക് വിരുദ്ധമായിത്തീരും. പുണ്യ-പാപങ്ങളുടെ മാനദണ്ഡം തന്നെ ദേശതാത്പര്യങ്ങളായിത്തീരുന്നത് വിശാലമാനവികതക്ക് എതിരാണെന്നും മൌദൂദി ചൂണ്ടിക്കാണിക്കുന്നുണ്ട്. കളവ്, വിശ്വാസവഞ്ചന, അക്രമം തുടങ്ങി മത-ധര്‍മങ്ങളിൽ നീചമായി വിചാരിക്കപ്പെടുന്ന ഏത് ദുഷ്‌കൃതമായാലും അത് നേഷന് (ദേശത്തിന്) പ്രയോജനപ്രദമാണെങ്കിൽ സുകൃതമായിത്തീരുന്നു. സത്യസന്ധത, സത്യപാലനം, നീതി തുടങ്ങി ഉത്തമസദാചാരഗുണങ്ങളായി ഗണിക്കപ്പെട്ട ഏത് സത്കൃത്യമായാലും ദേശീയതാത്പര്യത്തിന് ദോഷകരമാണെങ്കിൽ പാപവും ആയിത്തീരുന്നു.

Also read: ചോദ്യങ്ങളും ജനാധിപത്യവും

ജീവനും ധനവും സമയവുമായാലും ശരി, ധർമവും മനുഷ്യത്വവും ആത്മാഭിമാനവുമായാലും ശരി, ദേശതാത്പര്യം ആവശ്യപ്പെടുമ്പോൾ യാതൊരു മടിയും കൂടാതെ അവയേതും ആഹുതി ചെയ്യാന്‍ കാണിക്കുന്ന സന്നദ്ധതയാണ് വ്യക്തികളുടെ നന്മയുടെ ഉറവിടവും ഉദ്ബുദ്ധതയുടെ അളവുകോലും.

ഇതിന്റെ അപകടത്തെയും സമൂഹം ഇതിനെതിരെ എത്രത്തോളം ജാഗ്രത്താകേണ്ടതുണ്ട് എന്ന കാര്യവും അദ്ദേഹം അതിശക്തമായിത്തന്നെ പ്രഖ്യാപിക്കുന്നു. സ്വാർത്ഥപൂജകനും തന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവനുമായ ഒരു വ്യക്തി, ആ വ്യക്തിയെ ഉൾക്കൊള്ളുന്ന സൊസൈറ്റിക്ക് എന്തുമാത്രം പ്രശ്‌നം സൃഷ്ടിക്കുമോ; ഗോത്രതാത്പര്യങ്ങളെ പരമാധാരമാക്കുകയും ന്യായാന്യായവിവേചനമെന്യേ ഏതു മാർഗേണയും ഗോത്രതാത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം അനുശീലിച്ചിട്ടുള്ള അംഗങ്ങളുള്ള ഒരു ഗോത്രം, ആ ഗോത്രം വസിക്കുന്ന ഗ്രാമത്തിന് എത്രമാത്രം ശാപമാണോ; വിഭാഗീയവും വർഗീയവുമായ സ്വാർത്ഥതാത്പര്യങ്ങളിൽ മാത്രം ശ്രദ്ധയൂന്നി, ഇതരരുടെ ഗുണങ്ങളെപ്പോലും പരിഗണിക്കാതിരിക്കുകയും അവരോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഏതൊരു വിഭാഗവും പൊതുവായി ഒരു നാട്ടിന് എത്രമേൽ വലിയ വിപത്താണോ; മനുഷ്യത്വത്തിന്റെ വിശാലലോകത്തെസ്സംബന്ധിച്ചിടത്തോളം അതിനെക്കാളൊക്കെ മഹാശാപമായിരിക്കും സ്വാർത്ഥതാത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്ന ഒരു ദേശത്തിന്റെ അസ്തിത്വം പോലും.

The Rise of Nations and Nationalism in Europe 1848 Pact of Nations
ദേശങ്ങളുടെയും ദേശരാഷ്ട്രങ്ങളുടെയും ഉദയം 1848ലെ പാക്ട് ഒഫ് നേഷൻസ്, യൂറോപ്പ്

മനുഷ്യചരിത്രസംക്ഷേപം

മനുഷ്യന്റെ ഉൽപത്തിയെയും വികാസത്തെയും കുറിച്ച് ഖുർആൻ മുന്നോട്ട് വെക്കുന്ന ചരിത്രദർശനവും ദേശീയതയെ ആദർശവൽക്കരിക്കുന്നതിനെ നിരാകരിക്കുന്നതാണ്. അത് സംബന്ധമായ ചില പാഠങ്ങൾ താഴെ വിവരിക്കാം.

Also read: ദുരിതാശ്വാസം ഇടക്കാലാശ്വാസമാവരുത്

നഫ്സുൻ വാഹിദഃ എന്ന് സൂറഃ അന്നിസാഅ് ഒന്നാം മന്ത്രത്തിൽ സൂചിപ്പിക്കുന്ന ആശയമാണ് ഇതിൽ പ്രധാനം. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയുമൊക്കെ മനുഷ്യൻ എന്ന ഏക സ്വത്വത്തിൽ സംയോജിപ്പിക്കുന്ന ഒരാശയമാണിത്. ലോകത്തിന്റെ ഏത് കോണിലും ഏത് കാലത്തും ഏത് വർണത്തിലും സമൂഹത്തിലുമെല്ലാം തന്നെ ജീവിച്ചിരുന്നതോ ജീവിക്കുന്നതോ ആയ സകല മനുഷ്യരും ഒരേയൊരേകകമായിത്തീരുന്നു ഈ പദത്തിൽ.

ഇങ്ങനെയാണ് ആ സൂക്തം: “ഹേ മാനവരേ, നിങ്ങൾ നിങ്ങളുടെ ഈശ്വരനെ സൂക്ഷ്മമായറിഞ്ഞു കൊൾവിൻ. നഫ്സുൻ വാഹിദയിൽ നിന്നത്രേ അവൻ നിങ്ങളെ സൃഷ്ടിച്ചത്. ആ ഒന്നിൽ നിന്ന് തന്നെ അതിന്റെ ഇണയെയും രൂപപ്പെടുത്തി. എന്നിട്ടാ യുഗ്മത്തിൽ നിന്ന് (ഭൂമുഖത്തൊട്ടുക്കും) ആണുങ്ങളെയും പെണ്ണുങ്ങളെയും വ്യാപിപ്പിക്കുകയും ചെയ്തു. അല്ലാഹുവിനെപ്പറ്റി ബോധമുൾക്കൊള്ളുവിൻ, അവനെ മുൻനിർത്തിയല്ലോ നിങ്ങൾ പരസ്പരം അവകാശങ്ങൾ ചോദിക്കുന്നത്. ഒപ്പം കുടുംബബന്ധങ്ങളെയും സൂക്ഷിക്കുക. നിശ്ചയം അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു” (സൂറഃ അന്നിസാഅ് 1).

ഭൂമിക്ക് മേലുള്ള വ്യാപനത്തെപ്പറ്റി ഇതിൽ പരാമർശമുണ്ട്. ആ വ്യാപനത്തിൽ നിന്നാണല്ലോ മനുഷ്യർക്കിടയിൽ വിവിധ വർണങ്ങളും ഗോത്രങ്ങളുമൊക്കെയുണ്ടാകുന്നത്. എന്നാൽ അതെല്ലാം ഒന്നിൽ നിന്നുള്ള വേർപെടലുകളായിട്ടാണ് ഖുർആൻ ഇവിടെ നിരീക്ഷിക്കുന്നത്. അതായത്, വൈവിധ്യങ്ങളോടു കൂടി എത്രത്തോളം വികസിക്കുമ്പോഴും ഒരേയൊരു മൂലത്തിൽ മനുഷ്യരെല്ലാവരും ബന്ധിതരായിരിക്കുന്നുണ്ട്.

വംശീയമായ ശുദ്ധിവാദങ്ങൾ വംശീയദേശീയതയെ ശക്തിപ്പെടുത്തുന്ന ഘടകമാണ്. മനുഷ്യരിൽ ഏത് വിഭാഗത്തിന്റെയും രക്തത്തിന് ഇത്തരത്തിലുള്ള ശുദ്ധി അവകാശപ്പെടാൻ ന്യായമില്ലെന്ന ഒരു പ്രഖ്യാപനവും കൂടി ഇതിൽ അടങ്ങിയിട്ടുണ്ട്.

പല അർത്ഥങ്ങളുള്ള, പല രീതിയിൽ വിശദീകരിക്കാവുന്ന പദമാണ് നഫ്സ്. സാമാന്യേന അതിന്റെ അർത്ഥം ആത്മം (self) എന്നാണ്. അഹം (ego), ജീവതത്വം (psych), പ്രാണൻ (breathe), ബോധം (consciousness), ചേതന (spirit) എന്നിങ്ങനെയും അതിന് അർത്ഥം പറയാം. ജീവകോശം (cell) എന്നും ഇതിന് അർത്ഥമുണ്ട്.

പുറമെ തുല്യം (same), സത്ത് (essence), പ്രകൃതം (nature), ചായ്‌വ് (inclination), വാസന (proclivity), ഭോഗേച്ഛ (appetite) തുടങ്ങിയ അർത്ഥങ്ങളും ഭാഷാപരമായി ഈ പദത്തിനുണ്ട്.

ഈ അർത്ഥങ്ങളെയെല്ലാം സമഗ്രമായി പരിഗണിക്കുമ്പോൾ, ആദിമവും ഏകവുമായ അസ്തിത്വം എന്ന് നഫ്സുൻ വാഹിദക്ക് അർത്ഥം പറയാൻ പറ്റുമെന്ന് തോന്നുന്നു. ബോധം എന്നും കോശം എന്നും അർത്ഥമുള്ള നഫ്സ് യഥാർത്ഥത്തിൽ മനുഷ്യരെ പരസ്പരം മാത്രമല്ല, മനുഷ്യൻ എന്ന ജീവജാതിയെ മുഴുജീവലോകത്തോട് തന്നെ ബന്ധപ്പെടുത്തുന്ന ഒരു പദമാണെന്നും മനസ്സിലാക്കാം.

Also read: വലാഇനെയും ബറാഇനെയും ബിദ്അത്തിന്റെ അടയാളമായി കാണാമോ?

യൂറോപ്പിൽ ദേശീയതയുടെ ഉദയം -നെപോളിയൻ ബോണപാർട്ട്

സ്വാഭാവികമായും ഈ സൃഷ്ടിപ്രപഞ്ചത്തിൽ, വിശേഷിച്ചും പ്രപഞ്ചത്തിനുള്ളിൽ ഈ ജീവലോകത്ത് മറ്റൊന്നിൽ നിന്നും പ്രകൃതിപരമായി എന്തെങ്കിലും മേന്മ അവകാശപ്പെടാനുള്ള അർഹതയൊന്നും മനുഷ്യനില്ല. മനുഷ്യന്റെ സവിശേഷത നിലകൊള്ളുന്നത് അവന്റെ യുക്തിബോധത്തിലാണ്. യുക്തിബോധം പ്രയോജനപ്പെടുത്തുമ്പോൾ മാത്രമാണ് സവിശേഷതയുള്ള ഒരസ്തിത്വമായി അവൻ മാറുന്നത്. അല്ലാത്ത പക്ഷം ഒരു ജീവജാതി മാത്രമേ ആവുന്നുള്ളൂ.

പ്രശസ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ റോബട്ട് എ ഹെയിൻലീൻ പറഞ്ഞത് പോലെ Man is not a rational animal; he is a rationalizing animal. റീസൻ എത്രത്തോളം ഉപയോഗപ്പെടുത്തുന്നോ അത്രത്തോളം മാത്രമേ മനുഷ്യന് റാഷനലാകാൻ പറ്റൂ.

ഇതാണ് കാര്യം. ഒരു ജീവജാതി എന്ന നിലക്ക് പോലും മനുഷ്യന് രക്തവിശുദ്ധി അവകാശപ്പെടാൻ പറ്റില്ല. പിന്നെയാണ് വംശീയദേശീയതക്കടിപ്പെട്ടവർ വംശത്തെപ്പറ്റി അത്തരം അവകാശവാദങ്ങളുന്നയിക്കുന്നത്. പരസ്പരം ഇഴ ചേർന്നും ഇണചേർന്നുമല്ലാതെ മനുഷ്യവംശം വികസിച്ചിട്ടേയില്ല. നഫ്സുൻ വാഹിദഃ, ഇണ, ഒരേ മൂലത്തിൽ നിന്നുള്ള വ്യാപനം തുടങ്ങിയ ഖുർആനിക പരാമർശങ്ങളും ഇതിന് തന്നെയാണ് അടിവരയിടുന്നത്.

സ്വാഭാവികമായും വംശീയമോ ദേശീയമോ ആയ എല്ലാത്തരം ഉത്കൃഷ്ടതാവാദങ്ങളെയും ഖുർആൻ നിരാകരിക്കുന്നു.

വ്യാപനത്തെപ്പറ്റി പറഞ്ഞല്ലോ. ഒരേ മൂലത്തിലേക്ക് മനുഷ്യസമൂഹത്തെ ഉദ്ഗ്രഥിക്കുമ്പോഴും കേവലവും യാന്ത്രികവുമായ ഏകത്വത്തിൽ വ്യക്തികളെയും സമൂഹങ്ങളെയും ബന്ധിക്കാനല്ല ഖുർആൻ ശ്രമിക്കുന്നത്. വ്യത്യസ്ത വംശങ്ങളും ഗോത്രങ്ങളുമായിത്തന്നെ വ്യാപിക്കുകയും വികസിക്കുകയും ചെയ്യുന്ന മനുഷ്യനെയാണ് അത് വരച്ചു കാണിക്കുന്നത്. സൂറഃ അൽഹുജുറാത് പതിമൂന്നാം വചനത്തിൽ അത് വായിക്കാം.

Also read: ചിലത് അങ്ങനെയാണ്.. മറച്ചു വെക്കാന്‍ കഴിയില്ല

“മനുഷ്യസമൂഹമേ, ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നും തന്നെയാണ് നാം നിങ്ങളെല്ലാവരെയും സൃഷ്ടിച്ചിട്ടുള്ളത്. ഒപ്പം നിങ്ങളെ വംശങ്ങളും ഗോത്രങ്ങളുമാക്കിയതാകട്ടെ, നിങ്ങൾ പരസ്പരം അംഗീകരിക്കാൻ വേണ്ടിയത്രേ. അല്ലാഹുവിങ്കൽ ആദരണീയൻ നിങ്ങളിൽ ഏറ്റം വിശുദ്ധി പാലിക്കുന്നവനാകുന്നു. സർവജ്ഞനും സുക്ഷ്മജ്ഞനുമാണ് അല്ലാഹു”.

വംശത്തിന്റെയോ ദേശത്തിന്റെയോ ആധാരത്തിൽ ഉൽകൃഷ്ടത നടിക്കുന്നവർ ചിന്തിക്കേണ്ടത്, ഒരേ പ്രക്രിയയിലൂടെയല്ലാതെ -ആൺ-പെൺ സംയോഗത്തിലൂടെയല്ലാതെ- ഒരാളും പിറക്കുന്നില്ല എന്നതാണ്. ഗോത്രത്തിന്റെയും വംശത്തിന്റെയും മേൽവിലാസങ്ങൾ -ആധുനിക കാലത്ത് ദേശീയമായ മേൽവിലാസം- ആർക്കും ഒരുതരത്തിലുള്ള ഔന്നത്യവും നൽകുന്നില്ല. ഇത്തരം വിഭജനങ്ങൾ യാഥാർത്ഥ്യമാണെങ്കിലും അവയെല്ലാം നിങ്ങൾ പരസ്പരം തിരിച്ചറിയാനും അംഗീകരിക്കാനും വേണ്ടിയുള്ളതാകുന്നു.

ഇപ്രകാരം വ്യത്യസ്ത ഗോത്ര, വംശ സ്വത്വങ്ങളെ (ദേശീയസ്വത്വത്തെയും) അംഗീകരിക്കുന്നു എന്ന നിലക്ക് അതിൽ നിന്നു കൊണ്ടു തന്നെ വേണം മനുഷ്യന്റെ സാംസ്കാരികവൈവിധ്യങ്ങളെയും നോക്കിക്കാണാൻ. അതുമായി ബന്ധപ്പെട്ട പാഠം സൂറഃ അർറൂമിൽ വായിക്കാം. അതിലെ ഇരുപത്തിരണ്ടാം സൂക്തം ഇങ്ങനെയാണ്:

“ആകാശഭൂമികളുടെ സൃഷ്ടിപ്പ്, മൊഴികളിലും വഴികളിലും നിങ്ങൾക്കിടയിലുള്ള വൈവിധ്യം എന്നിവയും അവന്റെ അടയാളങ്ങളിൽപ്പെട്ടതാകുന്നു. അറിവുള്ളവർക്കൊക്കെയുമിതിൽ കുറിമാനങ്ങളുണ്ട്.”

ഭാഷകളിലും വർണങ്ങളിലുമുള്ള വൈവിധ്യം എന്നാണ് പദാർത്ഥവിവർത്തനം. ഭാഷയെ മൊഴി എന്ന് പരിഭാഷപ്പെടുത്തുന്നതിൽ തെറ്റില്ല. വർണം എന്നതാകട്ടെ, തൊലിനിറത്തിനപ്പുറം സാംസ്കാരികമായ വൈവിധ്യങ്ങളെത്തന്നെ അടയാളപ്പെടുത്തുന്നുണ്ട് എന്ന് കരുതാനേ ന്യായമുള്ളൂ. അതിനാലാണ് മൊഴികളിലും വഴികളിലും എന്ന് തർജമ ചെയ്തത്.

മാനവസമൂഹത്തിലെ വൈവിധ്യങ്ങളെയും അവയെ ഉൾക്കൊണ്ടു കൊണ്ട് തന്നെ കർക്കശമായി മുന്നോട്ടു വെക്കുന്ന വിശാലമാനവികതയുടെയും ഈ പാഠങ്ങൾ ദേശീയമോ വംശീയമോ ആയ ഏത് ഉൽകൃഷ്ടതാവാദത്തെയും ഇസ്ലാം ശക്തമായി നിരാകരിക്കുന്നു എന്നതിന്റെ തളിവാണ്. ദേശീയത എന്ന സ്വത്വവും വികാരവും ഇതിൽ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും അതിനെ ആദര്‍ശവല്‍ക്കരിക്കുന്നതിനെ പൂര്‍ണമായും അപലപിക്കുകയാണ്. ഒന്നെന്ന് ഖുര്‍ആന്‍ പരിഗണിക്കുന്ന മനുഷ്യസമൂഹത്തെ ശിഥിലീകരിക്കുന്ന ഒന്നായിരിക്കും അത് എന്നതാവും ഇസ്ലാമിന്റെ നിലപാട്.

Also read: പാതിവഴിയിൽ വെച്ച് പൂർത്തീകരിച്ച ഹജ്ജ്

Rainbow by Steve Johnson
“Rainbow” by Steve Johnson

നമ്മുടെ യഥാർത്ഥ ദേശീയസ്വത്വം (nationality) മാനവവംശം (mankind) ആണെന്ന് എച്.ജി വെൽസ് പറഞ്ഞിട്ടുണ്ട്. പ്രശസ്തനായ ശാസ്ത്രഗ്രന്ഥകാരനും ചിന്തകനും വാനനിരീക്ഷകനും ജ്യോതിശ്ശാസ്ത്രജ്ഞനുമൊക്കെയായ കാൾ സാഗന്റെ ഒരു വാക്യത്തിൽ ദേശീയതയെക്കുറിച്ച ലേഖനപരമ്പര തൽക്കാലം സമാപിപ്പിക്കാം.

“നിങ്ങൾ ഭൂമിക്ക് പുറത്ത് നിന്ന്, ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കുക. ദേശീയമായ അതിരുകളൊന്നും വ്യക്തമാവില്ല നിങ്ങൾക്ക്. നക്ഷത്രങ്ങളുടെ കോട്ടകൊത്തളങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന അസ്പഷ്ടമായ പ്രകാശബിന്ദുവായി, അതിലോലമായൊരു ചന്ദ്രക്കല പോലെ നമ്മുടെ ഗ്രഹത്തെ, ഭൂമിയെ കണ്ടു കഴിഞ്ഞാൽ, പിന്നെ നിങ്ങൾക്ക് വംശീയമോ മതപരമോ ദേശീയമോ ആയ ഷോവനിസങ്ങളെ നിലനിർത്തുക എന്നത് അത്യധികം ബുദ്ധിമുട്ടായിരിക്കും.”

Related Articles