Economy

കൊറോണ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന വിധം

പുതിയതായി പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ആഗോള സാമ്പത്തിക വിപണിയെ ചെറുതായിട്ടൊന്നുമല്ല തകിടം മറിക്കുന്നത്. ആഗോളതലത്തില്‍ ഓഹരികള്‍ കുത്തനെ ഇടിയുകയും വിപണി വലിയ തോതില്‍ പ്രതിസന്ധിയിലകപ്പെടുകയും ചെയ്തിരിക്കുകയാണിപ്പോള്‍. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈന, സാമ്പത്തിക വിപണിയില്‍ ഉണ്ടാവാന്‍ പോവുന്ന പ്രത്യാഘാതങ്ങളെ മുന്‍കൂട്ടിക്കാണുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ഏഴ് രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ കഴിഞ്ഞയാഴ്ച വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആഗോളതലത്തിലുള്ള കയറ്റുമതി മേഖലയ്ക്ക് 50 ബില്യണ്‍ ഡോളര്‍ നഷ്ടമായതായി ജനീവയില്‍ നടന്ന യു.എന്‍.സി.ടി.ഡി (യൂനൈറ്റഡ് നാഷന്‍സ് കോണ്‍ഫററന്‍സ് ഓണ്‍ ട്രൈഡ് ആന്‍ഡ് ഡെവലപ്‌മെന്റ്) സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയിലെ സാമ്പത്തിക വിദഗ്ധര്‍ പ്രഖ്യാപിച്ചത്. ഈ ലേഖനം ആഗോള സമ്പദ് വ്യവസ്ഥയില്‍ കൊറോണ വൈറസിന്റെ സ്വാധീനത്തെക്കുറിച്ചും വിപണി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചെറിയതോതില്‍ അവതരിപ്പിക്കുന്നു.

ആഗോളസമ്പദ്‌വളര്‍ച്ചയിലെ ഇടിവ്
കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ഫലമായി ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയതോതില്‍ ഇടിവുണ്ടായതായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. നിലവിലെ സവിശേഷ സാഹചര്യങ്ങള്‍ കാരണമായി ആഗോളസമ്പദ് വ്യവസ്ഥ ഏറ്റവും മോശപ്പെട്ട രീതിയില്‍, ആഗോള വളര്‍ച്ച 1.5 ശതമാനമായി കുറയുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി) മുന്നറിയിപ്പ് നല്‍കുന്നു. ഈ നിരക്ക് ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായ മാന്ദ്യത്തിലേക്ക് തള്ളിവിടുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ഓര്‍ഗനൈസേഷന്‍ വിലയിരുത്തുന്നു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) പുറത്തുവിട്ട റിപ്പോര്‍ട്ട് സാമ്പത്തിക വളര്‍ച്ചയിലെ ഇടിവിനെക്കുറിച്ചുള്ള ലോകത്തിന്റെ ആശങ്കകള്‍ സ്ഥിരീകരിക്കുന്നതാണ്. ആഗോള ജി.ഡി.പി 0.1-0.4 ശതമാനം കുറയുമെന്ന ബാങ്കിന്റെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആഗോള സാമ്പത്തിക മേഖലയില്‍ 77 ബില്യണ്‍ ഡോളര്‍ മുതല്‍ 347 ബില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Also read: ഉര്‍ദുഗാന്റെ തുര്‍ക്കിയെക്കുറിച്ച് ഒരു ടിവി സീരീസ് പറയുന്നത് ?

ലോകത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായുണ്ടായ ആഗോള വളര്‍ച്ചാനിരക്കിന്റെ ഇടിവും അതിന്റെ ഫലമായി ആഭ്യന്തര ഡിമാന്‍ഡില്‍ ഉണ്ടായ ഇടിവും സാമ്പത്തിക മേഖലയിലെ വിവിധ മേഖലകളായ ടൂറിസം, യാത്ര, വ്യാപാരം, ഫാക്ടറികളിലെ ഉത്പാദന വിതരണ പ്രക്രിയകള്‍ തുടങ്ങിയവയെ സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആഗോള സമ്പദ് വ്യവസ്ഥക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. പല കാര്യങ്ങളിലും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് യാത്ര മേഖലയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധികള്‍ ഏറെ തലവേദന സൃഷ്ടിക്കുന്നതാണ്. ബ്രിട്ടനിലെ ഫാക്ടറികള്‍ കടല്‍ ചരക്ക് നിര്‍ത്തലാക്കിയതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് പല രാജ്യങ്ങളും അറിയിച്ചു കഴിഞ്ഞു. ആഗോള വ്യാപാരത്തിന്റെ 80 ശതമാനവും കടല്‍ വഴിയാണ് കയറ്റുമതി ചെയ്യുന്നതെന്നും ലോകത്തെ ഏറ്റവും തിരക്കേറിയ പത്ത് തുറമുഖങ്ങളില്‍ ഏഴ് എണ്ണവും ചൈനയിലാണെന്നുമുള്ള വ്യാപാര റിപ്പോര്‍ട്ടുകള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

കൊറോണ വൈറസ് പടരുന്നത് മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ച്, കൊറോണ അധികമൊന്നും ബാധിക്കാത്ത രാജ്യങ്ങള്‍ക്കാണ് സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങളുണ്ടാകുന്നത്. മൂന്നാം ലോക രാജ്യങ്ങളുമായി ശക്തമായ വ്യാപാര ബന്ധമുള്ള ചൈനയില്‍ വൈറസ് പടര്‍ന്നുപിടിച്ചതിനാലും ചൈന വൈറസിനെ പ്രതിരോധിക്കാനുള്ള തിരക്കിലായതിനാലും ചൈനയില്‍ നിന്നും ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും പ്രയാസമാണ്. ഈ സാഹചര്യം ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളെ ഏറെ പ്രതിസന്ധിയിലാക്കി. പ്രത്യേകിച്ച്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുന്നത് ചൈനയിലാണ്. നിലവിലെ സാഹചര്യം ആഫ്രിക്കന്‍ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ വലിയതോതില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വൈറസിനുള്ള ചികിത്സ കണ്ടെത്തുന്നതുവരെ ഈ പ്രതിസന്ധി അവസാനിക്കില്ല. അത് വരെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കാന്‍ ആരാണ് മുന്നോട്ട് വരിക എന്ന ചോദ്യങ്ങള്‍ പല രാജ്യങ്ങളും ഗൗരവത്തോടെ ഉന്നയിക്കുന്നുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ വിലക്കയറ്റവും വലിയ വില്ലനാവുന്നുണ്ട്. യുറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഉയര്‍ന്ന വില കാരണം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്ന ധര്‍മ്മസങ്കടം പല രാജ്യങ്ങളും പങ്കുവെക്കുന്നു. ഓരോ രാജ്യങ്ങള്‍ക്കും തങ്ങളുടെ അസ്തിത്വത്തെ സസൂക്ഷ്മം നിരീക്ഷിക്കേണ്ട സാഹചര്യമാണിത്. ഈ പ്രതിസന്ധി വലിയൊരു പാഠമാണ്. മറ്റു രാജ്യങ്ങളുടെ കയറ്റുമതിയില്‍ ബന്ദികളാവുന്നതിന് പകരം സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ത്രാണി ഓരോ രാജ്യങ്ങളും ആര്‍ജ്ജിക്കേണ്ടതുണ്ട്.

Also read: മരിക്കുന്ന ജനാധിപത്യം

മുന്നൊരുക്കങ്ങള്‍
കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പല രാജ്യങ്ങളും തയ്യാറെടുത്തു തുടങ്ങി. ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിന്റെ ആഘാതം മൂലം റിസര്‍ വ് ബാങ്ക് ഔദ്യോഗിക പരിശ നിരക്ക് 0.5 ശതമാനമായി കുറക്കുന്നുവെന്ന് ആര്‍.ബി.എ ഗവര്‍ണര്‍ ഫിലിപ്പ് ലോവ് അറിയിക്കുകയുണ്ടായി. ആവശ്യമെങ്കില്‍ കൂടുതല്‍ നിരക്ക് കുറക്കാനും തയ്യാറാണെന്ന് സര്‍ക്കാറും പ്രഖ്യാപിച്ചു. യു.എസില്‍ ഫെഡറല്‍ റിസര്‍വ്വ് ബാങ്ക് പെട്ടെന്ന് അര ശതമാനം പോയന്റ് കുറക്കുന്നതായി പ്രഖ്യാപിച്ചു. ചൈനയെ സംബന്ധിച്ചെടുത്തോളം കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി 1.2 ട്രില്യണ്‍ യുവാന്‍ (173 ബില്യണ്‍ ഡോളര്‍) സമ്പദ് വ്യവസ്ഥയിലേക്ക് പമ്പ് ചെയ്യാമെന്ന് കേന്ദ്ര ബാങ്ക് പദ്ധതികളിലൂടെ പ്രഖ്യാപിച്ചു. ലോകത്തിലെ വിവിധ ബിസിനസ്, ഉല്‍പ്പാദന മേഖലകളെ സാരമായി ബാധിച്ച ഈ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി മുന്‍കരുതല്‍ നയങ്ങളിലൂടെ വിവിധ രാജ്യങ്ങള്‍ തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ആഗോളവിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവ് ഇതിനോടൊപ്പം നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

 

വലി. അബ്ദുല്ലത്തീഫ് പാലത്തുങ്കര

Facebook Comments
Related Articles
Tags
Close
Close