Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്റെ തുര്‍ക്കിയെക്കുറിച്ച് ഒരു ടിവി സീരീസ് പറയുന്നത് ?

ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ സുവര്‍ണ ഏടുകളിലൊന്നായ ഓട്ടോമന്‍ ഭരണകൂടത്തിന്റെ സംസ്ഥാപനത്തിലേക്കുള്ള ചുവടുകള്‍ ചരിത്രത്തിന്റെ വെളിച്ചത്തില്‍ അതിമനോഹരമായി ചിത്രീകരിക്കുന്ന തുര്‍ക്കി ഫിലിം സീരീസാണ് ദിരിലിസ് എര്‍തുഗ്രുല്‍. പുനരുദ്ധാരണം(Resurruction) എന്നയര്‍ഥം വരുന്ന ദിരിലിസ് എന്ന തുര്‍ക്കി പദം തന്നെ മുസ്‌ലിം ലോകത്തിന്റെ അതിജീവനവും പുനരുദ്ധാരണവും ഉഥ്മാനിയ്യ ഖിലാഫത്തിന്റെ സ്ഥാപകനായ ഉഥ്മാന്റെ പിതാവ് എര്‍തുഗ്രുല്‍ എന്ന യുഗപുരുഷനിലൂടെ എങ്ങനെ സാധ്യമായി എന്നതിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. തുര്‍ക്കിയിലെ വെറും ഒരു നാടോടി ഗോത്രം മാത്രമായിരുന്ന കായ് എന്ന ഗോത്രത്തില്‍ നിന്ന് തുടങ്ങി ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് വരെ എത്തിച്ചേര്‍ന്ന തുര്‍ക്കി ഫോക്‌ലോറിലെ ഇതിഹാസ നായകനായ എര്‍തുഗ്രുല്‍ ബേയുടെ പടയോട്ടത്തെ ഈ ദൃശ്യം അതിമനോഹരമായി കുറിച്ചിടുന്നുണ്ട്. തുര്‍ക്കി സംവിധായകന്‍ മുഹമ്മദ് ബൊസ്ദാഗ് സംവിധാനം ചെയ്ത് 2014 ഡിസംബര്‍ പത്തിന് തുര്‍ക്കിയിലെ ടി.ആര്‍.ടി 1 ചാനലിലൂടെ പ്രദര്‍ശനമാരംഭിച്ച ദൃശ്യം അഞ്ചു സീസണുകളിലായി 150 എപിസോഡുകള്‍, അഥവാ ഏകദേശം മുന്നൂറിലേറെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നതാണ്. കാഴ്ചക്കാരനെ ത്രസിപ്പിക്കുന്ന വെറും ചിത്രീകരണങ്ങളില്‍ നിന്നു വിഭിന്നമായി മുസ്‌ലിംകളുടെ സമ്പന്നമായ പൈതൃകവും മുസ്‌ലിംകള്‍ തന്നെ അധികാരദാഹത്തിന്റെ പേരില്‍ ആ പൈതൃകത്തെ കളഞ്ഞുകുളിച്ച രീതികളും പുനരുദ്ധാരണം സാധ്യമാക്കാനുള്ള മാര്‍ഗങ്ങളും കണ്ടുകഴിയുമ്പോള്‍ മാനസികമായും സാംസ്‌കാരികമായും സ്വയം പുനരുദ്ധാരണത്തിന് കാഴ്ചക്കാരന്‍ തയ്യാറെടുത്തിട്ടുണ്ടാവും, തീര്‍ച്ച!

പതിമൂന്നാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്ത് വ്യക്തമായ രാഷ്ട്രീയ അരാജകത്വം നിലനിന്നിരുന്ന കാലത്ത് എര്‍തുഗ്രുല്‍ ബേ എന്ന ഇതിഹാസ പുരുഷന്‍ പരിവര്‍ത്തനത്തിന് ഒരുങ്ങുന്ന കഥയാണ് ദിരിലിസ് പറയുന്നത്. ഒരുവശത്ത് കുരിശുയുദ്ധത്തിന് കോപ്പുകൂട്ടുന്ന കൃസ്ത്യന്‍ സൈന്യവും മറ്റൊരുവശത്ത് മുസ്‌ലിം ലോകത്ത് സംഹാരതാണ്ഡവമാടുന്ന മംഗോളികളും ഒരേസമയം ശത്രുക്കളായി നിലകൊള്ളുമ്പോഴും അധികാരദാഹവും ശത്രുസേവയും മുഖമുദ്രയാക്കിയ മുസ്‌ലിം അധികാരികള്‍ കൂടി വാണിരുന്ന അത്യന്തം പരിതാപകരമായ അവസ്ഥയിലൂടെ മുസ്‌ലിം ലോകം കടന്നുപോവുന്ന ഘട്ടത്തില്‍ ഈ അരാജകത്വത്തിനെതിരെ ധര്‍മസമരം നയിക്കാന്‍ പ്രതിജ്ഞയെടുക്കുകയായിരുന്നു എര്‍തുഗ്രുല്‍ ബേ. പിതാവ് സുലൈമാന്‍ ഷാ, സഹോദരന്മാരായ ഗോന്ദോഗ്‌ദോ, സുംഗുര്‍തകീന്‍, മുഴുസമയവും ധര്‍മസമരത്തിനായി സുസജ്ജരായിരിക്കുന്ന സൈനികന്മാരായ തുര്‍ഗുത്ത്, ബാംസി, ദോഗാന്‍, അബ്ദുറഹ്മാന്‍, അലിയാര്‍ ബേ, ഭിഷഗ്വരന്‍ അര്‍തുക് ബേ എന്നവരാണ് പ്രധാന നായകന്മാര്‍.

ലോകത്തെ ഏഴു നൂറ്റാണ്ടുകളോളം അടക്കിഭരിച്ച ഉഥ്മാനിയ ഖിലാഫത്തിന്റെ സംസ്ഥാപനത്തിന്റെ കഥ പറയുമ്പോള്‍ തന്നെ മുസ്‌ലിം ലോകത്തിന്റെ സമ്പന്നമായ ഗതകാലവും പാരമ്പര്യ ഇസ്‌ലാമിനെ ചേര്‍ത്തു പിടിച്ചുതന്നെ അവര്‍ നടത്തിയ ജൈത്രയാത്രകളും പടയോട്ടങ്ങളും അവസാനം അധികാരദാഹവും ശത്രുവിധേയത്വവും മുഖമുദ്രയാക്കിയപ്പോള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് അവര്‍ വലിച്ചെറിയപ്പെട്ട വിധവും കാഴ്ചക്കാരനു മുന്നില്‍ തെളിഞ്ഞുവരും.

വര്‍ത്തമാനകാലത്ത് മുസ് ലിം ലോകം അനുഭവിക്കുന്ന രാഷ്ട്രീയപരവും അസ്തിത്വപരവുമായ പ്രതിസന്ധികളും പരിഹാരങ്ങളും ഈ സീരീസില്‍ എര്‍തുഗ്രുല്‍ പറഞ്ഞുവെക്കുന്നുണ്ട്. മുസ്‌ലിം ലോകത്തെ ആഴത്തില്‍ ഗ്രസിച്ചിരുന്ന അരാജകത്വവും അധികാരികളുടെ കുത്തഴിഞ്ഞ ജീവിതരീതികളും വ്യാപകമായ കാലത്ത് എര്‍തുഗ്രുല്‍ നടത്തുന്ന ധര്‍മസമരത്തിന് വര്‍ത്തമാനകാലത്തെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ സമരസപ്പെടലുകളോട് പലനിലക്കും സാമ്യതകളുണ്ടെന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ ഒരു രാഷ്ട്രീയപരമായ മാനം കൂടി ദിരിലിസ് എര്‍തുഗ്രുലിന് ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

Also read: ലിബറൽ-ജനാധിപത്യത്തിന് അരങ്ങൊഴിയാൻ നേരമായി

ദിരിലിസ് എര്‍തുഗ്രുല്‍: ഒറ്റനോട്ടത്തില്‍
150 എപിസോഡുകളിലായി പരന്നുകിടക്കുന്ന ദിരിലിസ് പതിമൂന്നാം നൂറ്റാണ്ടിലെ അലപ്പോ, അന്‍ത്വാകിയ, അനാട്ടോളിയ എന്നീ നാടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായി അരങ്ങേറുന്നത്. അബ്ബാസിയ ഖിലാഫത്ത് ക്ഷയിച്ചു തുടങ്ങുകയും മുസ്‌ലിം ലോകത്ത് വ്യാപകമായ വിപ്ലവങ്ങള്‍ക്ക് തയ്യാറായി മംഗോളികളും കൃസ്ത്യാനികളും കച്ചകെട്ടിയിറങ്ങുകയും ചെയ്യുന്ന സമയത്തുള്ള മുസ്‌ലിം ലോകത്തിന്റെ അതിജീവനത്തിന്റെ കഥ ഈ അഞ്ചു സീസണുകളിലൂടെ അതിമനോഹരമായി കുറിച്ചിടുന്നുണ്ട് സംവിധാനകന്‍ മുഹമ്മദ് ബൊസ്ദാഗ്.

ഓഗൂസ് തുര്‍ക്കുകളായി കായ് ഗോത്രക്കാര്‍ സ്വദേശത്ത് അനുഭവപ്പെട്ട ക്ഷാമവും പ്രതിസന്ധികളും കണക്കിലെടുത്ത് അലപ്പോയില്‍ പുതിയൊരു പ്രദേശം അനുവദിച്ചുതരാന്‍ അഭ്യര്‍ഥിച്ച് സുല്‍ത്താന്‍ അല്‍ അസീസിനെ സമീപിക്കുന്നതും അവസാനം അനാട്ടോളിയയില്‍ ഒരു സ്ഥലം അനുവദിച്ചു കിട്ടുന്നതുമാണ് ഒന്നാം സീസണിന്റെ മൊത്തത്തിലുള്ള പ്രമേയം. അനാട്ടോളിയയില്‍ തങ്ങളുടെ ഗോത്രം സ്ഥാപിച്ചുകൊണ്ടുള്ള ഈ ആദ്യ നീക്കമാണ് പിന്നീട് ഉഥ്മാനിയ്യ ഖിലാഫത്തെന്ന മഹാസാമ്രാജ്യത്തിന്റെ ബീജാവാപത്തിലേക്ക് നയിച്ചതെന്നത് ശ്രദ്ധേയമാണ്. ഇതിനിടയില്‍ കൃസ്ത്യന്‍ കൊള്ളക്കാരുമായുള്ള പോരാട്ടവും അവരുടെ കോട്ട കീഴടക്കുന്നതുമായ ദൃശ്യങ്ങള്‍ കടന്നുവരുന്നുണ്ട്.

സീസണ്‍ രണ്ടില്‍ ബായ്ജു നോയാന്‍ എന്ന മംഗോളി സൈനികന്‍ എര്‍തുഗ്രുല്‍ ബേയെ പിടികൂടുന്നതും മംഗോളികളുടെ അക്രമത്തില്‍ എല്ലാം നഷ്ടപ്പെട്ട കായ് ഗോത്രക്കാര്‍ ദോദുര്‍ഗ എന്ന സഹോദര ഗോത്രത്തില്‍ ഒരിടം തേടി ചെല്ലുന്നതും രക്ഷപ്പെട്ടു തിരിച്ചുവന്ന എര്‍തുഗ്രുല്‍ ഗോത്രത്തിനകത്തെ വഞ്ചകരെ ഒന്നൊന്നായി വകവരുത്തിയ ശേഷം ജീവിക്കാന്‍ പുതിയൊരിടം തേടി വെറും 400 പേരെ മാത്രം കൂടെക്കൂട്ടി വെസ്റ്റേണ്‍ അനാട്ടോളിയയിലേക്ക് എര്‍തുഗ്രുല്‍ പോകുന്നതുമാണ് പ്രമേയം. സഹോദരന്മാര്‍ രണ്ടുപേരും ആത്മഹത്യാപരമായ തീരുമാനമെന്ന് പറഞ്ഞ് എര്‍തുഗ്രുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും മഹത്തായ ദൗത്യത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഉറക്കുകയായിരുന്നു അദ്ദേഹം. ആദ്യം പോകാന്‍ മടിച്ചുനിന്ന എര്‍തുഗ്രുലിന്റെ മാതാവ് ഹൈമാനാ പിന്നീട് ഭര്‍ത്താവ് സുലൈമാന്‍ ഷായുടെ സ്വപ്‌നത്തിലുള്ള നിര്‍ദേശപ്രകാരം പോകാന്‍ തയ്യാറാവുന്നുമുണ്ട്.

Also read: ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം ഒരാണ്ട് പിന്നിടുമ്പോള്‍

വെസ്‌റ്റേണ്‍ അനാട്ടോളിയയിലെ പ്രമുഖ ഗോത്രമായ ചൗദാന്‍ ഗോത്രവുമായുള്ള കായ് ഗോത്രത്തിന്റെ ബന്ധങ്ങളും തര്‍ക്കങ്ങളും ഗോത്രത്തിലെ ഒറ്റുകാരെ എര്‍തുഗ്രുല്‍ കണ്ടെത്തി വധിക്കുന്നതും കൃസ്ത്യന്‍ കൊള്ളസംഘത്തിന്റെ കയ്യില്‍ നിന്ന് ഹാന്‍ലി ബസാര്‍ എന്ന വലിയ അങ്ങാടി കീഴടക്കുന്നതുമാണ് മൂന്നാം സീസണ്‍.

നാലാം സീസണില്‍ കൃസ്ത്യന്‍ താവളമായിരുന്ന കറാചയ്‌സാന്‍ കോട്ട കീഴടക്കുന്നതും സുല്‍ത്താന്‍ അലാഉദ്ദീന്‍ കയ്കുബാദിനെ മന്ത്രിയായ സഅദുദ്ദീന്‍ വിഷം കൊടുത്ത് കൊന്നശേഷം അധികാരക്കസേരക്ക് വേണ്ടി നടത്തുന്ന തന്ത്രപരമായ നീക്കങ്ങളാണ്. സഅദുദ്ദീന്റെ നീക്കങ്ങളില്‍ പന്തിയില്ലെന്ന് കണ്ട് പുതിയ രാജാവായ സുല്‍ത്താന്‍ ഗിയാസുദ്ദീന്‍ സഅദുദ്ദീനെ വധിക്കാനുള്ള ദൗത്യം എര്‍തുഗ്രുലിനെ ഏല്‍പിക്കുന്നതും എര്‍തുഗ്രുല്‍ സമര്‍ഥമായി സഅദുദ്ദീനെ വധിച്ച്, സുല്‍ത്താന്‍ അലാഉദ്ദീന്‍ മുന്‍പ് പ്രതിഫലമായി കൊടുത്ത സോഗൂത്ത് എന്ന പുതിയ നാട്ടിലേക്ക് പലായനം ചെയ്യുന്നതുമാണ് പ്രമേയം.

അവസാന സീസണില്‍ മംഗോളികള്‍ സല്‍ജൂക്ക് ഭരണകൂടത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ച കോസ്ദാഗ് യുദ്ധത്തിനുശേഷം മംഗോളികളില്‍ നിന്നും, അതേ സമയം വേഷപ്രച്ഛന്നരായി മുസ്‌ലിംകള്‍ക്കിടയില്‍ നുഴഞ്ഞുകയറി അവര്‍ക്കെതിരെ കരുക്കള്‍ നീക്കുന്ന കൃസ്ത്യാനികളില്‍ നിന്നും രക്ഷപ്പെടാനുള്ള എര്‍തുഗ്രുല്‍ ബേയുടെ പ്രയത്‌നങ്ങളാണ് വരച്ചുകാട്ടുന്നത്. മംഗോളികളിലെ ഹൂലാകൂ ഖാന്‍, അലെന്‍ജാക്, അരെക്‌ബോഗാ, കൃസ്ത്യന്‍ കൊള്ളസംഘത്തിലെ ദ്രാഗോസ് എന്നിവരാണ് ഇതിലെ പ്രധാന വില്ലന്മാര്‍. സീരീസിലെ ഏറ്റവും ആകാംക്ഷഭരിതമായ സീസണാണ് അവസാനത്തേത്.

ഉര്‍ദുഗാനും ദിരിലിസും
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരിട്ടു തന്നെ ദിരിലിസിന്റെ ഷൂട്ടിംഗ് പോയിന്റുകളില്‍ സന്ദര്‍ശനം നടത്തിയതും സീരീസില്‍ അത്ഭുതം പ്രകടിപ്പിച്ചതും ജനങ്ങളോട് കാണാന്‍ ആവശ്യപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. സീരീസിന്റെ ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുതല്‍ക്കു തന്നെ ഉര്‍ദുഗാന്‍ അതിനെ ഏറ്റെടുക്കുകയായിരുന്നു. 2015 ല്‍ അസര്‍ബൈജാന്‍ പ്രസിഡന്റിന് തുര്‍ക്കിയില്‍ സ്വീകരണം ഒരുക്കിയപ്പോഴും 2017 ല്‍ തുര്‍ക്കിയില്‍ ഹിതപരിശോധനയുടെ ഭാഗമായി രാജ്യത്തെ മുന്‍കാല നേതാക്കളെ മുഴുവന്‍ പരിചയപ്പെടുത്തിയുള്ള ടി.ആര്‍.ടി ചാനല്‍ ഒരു പരസ്യം തയ്യാറാക്കിയപ്പോഴും അതിലൊക്കെയും പശ്ചാത്തല സംഗീതം ഈ സീരീസില്‍ നിന്നുള്ളതായിരുന്നു. അതോടൊപ്പം 2016 മെയ് 26ന് ഇസ്തംബൂള്‍ കീഴടക്കിയതിന്റെ 563-ാം വാര്‍ഷികത്തില്‍ ഉര്‍ദുഗാന്‍ നേരിട്ടു പങ്കെടുത്ത പരിപാടിയില്‍ വിശിഷ്ഠാതിഥികളായി ഉണ്ടായത് സീരീസിലെ പ്രധാന നായകന്മാരായ തുര്‍ഗുത്ത്, ബാംസി എന്നീ വേഷങ്ങളില്‍ അഭിനയിച്ചവരായിരുന്നു. സാംസ്‌കാരികമായ ഈ ഒരു സീരീസിനെ ഉര്‍ദുഗാന്‍ എന്ന ചാണക്യന്‍ രാഷ്ട്രീയപരമായി സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നു എന്ന് പലകോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്‍ കവിഞ്ഞ് അത്താതുര്‍ക്കിലൂടെ പാശ്ചാത്യവല്‍ക്കരണത്തിന് വിധേയമായ തുര്‍ക്കിയെ ഓട്ടോമന്‍ തുര്‍ക്കിയുടെ സുന്ദരനാളുകളിലേക്ക് തിരിച്ചുനടത്താനുള്ള ഉര്‍ദുഗാന്റെ ശ്രമമായി വേണം ഇതിനെ കാണാന്‍.

ലോകവ്യാപകമായി മുസ്‌ലിം പ്രശ്‌നങ്ങള്‍ പലതും അരങ്ങേറുമ്പോഴും ഭീതിതമായ മൗനം പാലിക്കുന്ന അറബ് രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ ഉര്‍ദുഗാന്‍ യഥാര്‍ഥത്തില്‍ നിര്‍വഹിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകത്തിന്റെ ശബ്ദമായി മാറിയ എര്‍തുഗ്രുലിന്റെ റോളാണെന്ന് പല നിരൂപകരും അഭിപ്രായപ്പെടുന്നു. രാജ്യത്ത് മുമ്പുണ്ടായിരുന്ന ഓട്ടോമന്‍ പാരമ്പര്യം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതിയിലും സാമൂഹിക ഇടങ്ങളിലും മറ്റെല്ലാ മേഖലയിലുമുള്ള സമൂലമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹത്തെ അഭിനവ ഓട്ടോമന്‍ സുല്‍ത്താന്‍ എന്നും പലരും വിശേഷിപ്പിക്കുന്നുണ്ട്. നിയോ- ഓട്ടോമന്‍വല്‍ക്കരണത്തിന്റെ ഭാഗമായി ഉര്‍ദുഗാന്റെ പ്രസിഡന്‍ഷ്യല്‍ വസതി ഓട്ടോമന്‍ പാലസുകളുടെ രൂപത്തില്‍ നിര്‍മിച്ചതും കോണ്‍സ്റ്റന്റനോപ്പിള്‍ കീഴടക്കിയ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ ജന്മദിനം അനൗദ്യോഗിക പൊതുഅവധി ദിനമാക്കിയതും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.

Also read: Also read: ദാമ്പത്യത്തിലെ സംശയങ്ങളെ ചികിത്സിക്കാം

അതിരുകള്‍ ഭേദിച്ച സ്വീകാര്യത
ദിരിലിസ് എര്‍തുഗ്രുല്‍ കാണാന്‍ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലക്ക് ഉര്‍ദുഗാന്‍ ജനങ്ങളോട് ഇത്തരമൊരു ആഹ്വാനം നടത്തുക എന്നതില്‍ ചെറിയൊരു അസ്വാഭാവികതയുണ്ടെങ്കിലും ഈ സീരീസ് തുര്‍ക്കിയുടെ തന്നെ ഒരു സംരംഭമായതിനാല്‍ അതിനെ സ്വാഭാവികതയായും കണക്കാക്കാം. പക്ഷെ എര്‍തുഗ്രുലിന്റെ വിഷയത്തില്‍ അതിലേറെ ശ്രദ്ധിക്കപ്പെട്ടത് മറ്റു രാഷ്ട്രപ്രതിനിധികള്‍ ഇതിനെ ഏറ്റെടുത്തതായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഒരു ടി.വി ഷോയില്‍ ദിരിലിസ് എര്‍തുഗ്രുല്‍ കാണാനും ഉറുദു ഭാഷയിലേക്ക് ശബ്ദാവിഷ്‌കാരം നടത്താനും പറയുന്നത് ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒന്നാണ്. തുര്‍ക്കിയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തെക്കാളുപരി ആ സീരീസ് നല്‍കുന്ന മഹത്തായ ദര്‍ശനങ്ങളാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. പ്രത്യേകിച്ച് തുര്‍ക്കി സീരിയലുകളായ ഇശ്‌ഖെ മമ്‌നൂ, ഹുര്‍റം സുല്‍ത്താന്‍ തുടങ്ങിയവ പാക്കിസ്താനി ഫിലിമിന് വെല്ലുവിളിയുയര്‍ത്തുമെന്ന് കണ്ട് പാക്കിസ്ഥാനില്‍ അവ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇംറാന്‍ ഖാന്‍ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കാനുള്ള ഇരുനേതാക്കളുടെയും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെയും സംയുക്ത ചര്‍ച്ചകളുടെ ഫലമാകാം ഇത്തരമൊരു പ്രസ്താവനയെന്നും വിലയിരുത്തപ്പെടുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുരെ എര്‍തുഗ്രുല്‍ ഷൂട്ടിംഗ് പോയിന്റ് സന്ദര്‍ശിച്ച് സൈനികവസ്ത്രം ധരിച്ചുള്ള ഫോട്ടോ വെഷയര്‍ ചെയ്തതും വൈറലായിരുന്നു.

ലോകവ്യാപകമായി അറുപതിലേറെ രാജ്യങ്ങളില്‍ ഈ സീരീസിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഒരേസമയം വെസ്റ്റിലും മിഡ്ഡില്‍ ഈസ്റ്റിലും സൗത്ത് ആഫ്രിക്കയിലും സൗത്തമേരിക്കയിലും ഇത് തരംഗം സൃഷ്ടിക്കുകയുണ്ടായി. 2019 നവംബറിലെ ഒരു കണക്കനുസരിച്ച് ലോകത്തെ 146ഓളം രാജ്യങ്ങളിലെ 150ഓളം ടി.വി സീരീസുകളിലായി 700 മില്ല്യണിലേറെ ആള്‍ക്കാര്‍ ദിരിലിസ് എര്‍തുഗ്രുല്‍ കാണുന്നവരാണ് എന്ന് മനസ്സിലാക്കാം.
അതേസമയം കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ ഈ സീരീസ് ചെലുത്തിയ സ്വാധീനവും ശ്രദ്ധേയമാണ്. വെടിയുണ്ടകള്‍ക്കും പട്ടാള ബൂട്ടുകള്‍ക്കുമിടയിലുള്ള തങ്ങളുടെ അസ്വസ്ഥമായ ജീവിതങ്ങളെ അതിജീവനത്തിന്റെ നല്ല പാഠങ്ങള്‍ പറയുന്ന ദിരിലിസ് എര്‍തുഗ്രുലിലൂടെ പാകപ്പെടുത്തിയെടുക്കാന്‍ സാധിച്ചുവെന്ന് അവിടത്തുകാര്‍ പറയുന്നു. വീടുകളില്‍ വെച്ച് കൂട്ടമായി കാണുകയായിരുന്നു പതിവെന്നും ഇടക്കാലത്ത് ഇന്റര്‍നെറ്റ് നിരോധനം വന്ന സമയത്ത് ഏറെ പ്രയാസപ്പെട്ടുവെന്നും തുടര്‍ന്ന് ചിലരൊക്കെ മുന്‍പുതന്നെ ശേഖരിച്ചു വെച്ച വീഡിയോകള്‍ വ്യാപകമായി കൈമാറ്റം ചെയ്യുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

മുന്‍കാല പ്രതാപത്തിലേക്ക് ഉര്‍ദുഗാനിലൂടെ തിരിച്ചുനടക്കുന്ന തുര്‍ക്കിക്ക് കൂടുതല്‍ ഊര്‍ജം പകരുക കൂടിയാണ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടിയുടെ പ്രധാന അനുഭാവികളിലൊരാള്‍ കൂടിയായ ഫിലിം നിര്‍മാതാവ് മുഹമ്മദ് ബൊസ്ദാഗിന്റെ ഈ ഉദ്യമം. ലോക ഫിലിമുകളുടെ കൂട്ടത്തില്‍ പലതിലും മുസ്‌ലിംകള്‍ ദൗര്‍ഭാഗ്യവശാല്‍ പ്രത്യക്ഷപ്പെടുക പ്രാകൃതരോ അതിക്രമികളോ ഒക്കെയായിട്ടാണ്. ബോളിവുഡ് സിനിമയായ പദ്മാവതില്‍ ഡല്‍ഹി സുല്‍ത്താനായ അലാഉദ്ദീന്‍ ഖില്‍ജിയെ പ്രാകൃതനായി ചിത്രീകരിച്ചത് ഇതിന്റെ അവസാനത്തെ ഉദാഹരണങ്ങളിലൊന്നാണ്. പക്ഷെ ചരിത്രത്തോടു കൂറുപുലര്‍ത്തുന്ന ചിത്രങ്ങളിലൊന്നും ഈ ഗതി വന്നിട്ടില്ല എന്നതാണ് വസ്തുത.

Also read: ദാമ്പത്യത്തിലെ സംശയങ്ങളെ ചികിത്സിക്കാം

വിമര്‍ശനങ്ങളുടെ രാഷ്ട്രീയം
ഒരുവശത്ത് എര്‍തുഗ്രുല്‍ സീരീസ് ലോകവ്യാപകമായ പിന്തുണ നേടുമ്പോഴും അതിന്റെ അസൂയാവഹമായ മുന്നേറ്റത്തിന് തടയിട്ട് മറ്റൊരു വശത്ത് ഇതിനെതിരായ നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. സീരീസ് പൂര്‍ണാര്‍ഥത്തില്‍ ചരിത്രവിരുദ്ധമാണെന്നും മറ്റുമുള്ള വാദങ്ങള്‍ ഒറ്റപ്പെട്ട കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുകയുണ്ടായി. പക്ഷെ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ എര്‍തുഗ്രുല്‍ എന്ന ഇതിഹാസ നായകനെയും അദ്ദേഹത്തിന്റെ പടയോട്ടത്തെയും ചരിത്രവിരുദ്ധമെന്ന് തള്ളിപ്പറയാന്‍ ശ്രമിക്കുന്നവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മഹിതമായ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ശോഭനചിത്രങ്ങളെയാണ്. എര്‍തുഗ്രുല്‍ സീരീസിലെ ചരിത്രവിരുദ്ധതകള്‍ എന്ന ലേഖന പരമ്പരകളില്‍ തുടങ്ങി അവസാനം ഈജിപ്ത് ഭരണകൂടം ഫത്‌വ പുറപ്പെടുവിച്ച് ഈ ചരിത്രാഖ്യാനം രാജ്യത്ത് നിരോധിക്കുന്നതില്‍ വരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. തുര്‍ക്കി വിരോധത്തിന്റെ പേരില്‍ അറബ് രാഷ്ട്രങ്ങളായ സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനുമടക്കം ഈ സീരീസിനെതിരെ കരുക്കള്‍ നീക്കിയവരില്‍ പെടുന്നു.
സത്യത്തില്‍ ദിരിലിസ് എര്‍തുഗ്രുല്‍ എന്ന സീരീസിനു മുകളില്‍ ചരിത്രവിരുദ്ധതയും ഇസ്‌ലാമിക വിരുദ്ധതയും ആരോപിക്കുന്നവരുടെ ലക്ഷ്യം ഈ ചരിത്ര സംഭവമല്ല, മറിച്ച് ഈ ചരിത്രം പകര്‍ന്നു നല്‍കുന്ന മാനുഷിക മതകീയ സാംസ്‌കാരിക രാഷ്ട്രീയ മൂല്യങ്ങളും ബോധ്യങ്ങളുമാണ്, സര്‍വമതങ്ങളെയും ഒരുപോലെ സ്വീകാര്യമായിരുന്ന ഇസ്‌ലാമിക ഭരണകൂടങ്ങളുടെയും അക്രമങ്ങളോട് രാജിയാകാത്ത നീതിബോധത്തിന്റെ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഭരണാധികാരികളുടെ ജീവിതങ്ങളുമാണ്. എര്‍തുഗ്രുല്‍ എന്ന ഇതിഹാസ നായകന്റെ ജീവിതം ഉപയോഗിച്ച് തുര്‍ക്കിയും ഉര്‍ദുഗാനും തങ്ങള്‍ക്കുമേലെ രാഷ്ട്രീപരമായും മറ്റെല്ലാതരത്തിലും ആധിപത്യം ചെലുത്തുമോ എന്ന ഭീതിയാവണം ഈ രാഷ്ട്രങ്ങളെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത് എന്നും സംശയിച്ചുകൂടായ്കയില്ല. തുര്‍ക്കി ഫോക്‌ലോറിലെ ഇതിഹാസം കൂടിയാണ് എര്‍തുഗ്രുല്‍ എന്നതുകൊണ്ടു തന്നെ ഈ സീരീസില്‍ സമ്പൂര്‍ണമായ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുന്നതും യുക്തിക്ക് നിരക്കുന്നതല്ല എന്നതാണ് വസ്തുത.

മോര്‍ ദാന്‍ എ സീരീസ്
വെറുമൊരു ചരിത്രാഖ്യാനമെന്നതിലുപരി വെറും നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുമാത്രം മുസ്‌ലിം ലോകത്തിന്റെ ആത്മാഭിമാനത്തിന് സംഭവിച്ച തീരാ കളങ്കമായ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പതനകാരണങ്ങള്‍ എന്തൊക്കെയാകുമെന്ന് ഈ സീരീസ് പറയാതെ പറയുന്നുണ്ട്. ഇന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ക്കു കീഴില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അരാജകത്വത്തെക്കാളേറെ ഭീതിതമായ സാഹചര്യമായിരുന്നു മംഗോളികള്‍ മുസ്‌ലിം ലോകത്ത് സംഹാരതാണ്ഡവമാടിയ കാലത്ത് അനുഭവിച്ചതെന്നും പക്ഷെ ആള്‍ബലത്തെക്കാളേറെ ഈമാനികാവേശം കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അവര്‍ അതിജീവിക്കുകയായിരുന്നു എന്നും മംഗോളികളോട് വിധേയത്വം പുലര്‍ത്തി മുസ്‌ലിം ലോകത്തെ ഒറ്റുകൊടുത്തപ്പോള്‍ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ രാഷ്ട്രം നഷ്ടമായതുപോലെ തന്നെയാണ് ഇന്ന് വ്യക്തമായ പാശ്ചാത്യവിധേയത്വത്തിലൂടെ മുസ്‌ലിം ലോകം ശോഷിച്ചു പോവുന്നതും എന്നും ദിരിലിസ് എര്‍തുഗ്രുല്‍ മുസ്‌ലിം ലോകത്തോടു വിളിച്ചുപറയുന്നു.

Also read: ‘ഗ്രെറ്റ, നീയിതു കേള്‍ക്കണം’

ഓരോ ദൃശ്യങ്ങളിലും വ്യക്തമായ ഇസ്‌ലാമികബോധം നിറഞ്ഞു നില്‍ക്കുന്ന സീരീസില്‍ ഖുര്‍ആനിക വചനങ്ങളും തിരു ഹദീസുകളും ഇസ്‌ലാമിക ചരിത്രവും ഇടക്കിടെ കടന്നുവരുന്നുണ്ട്. കാഴ്ചക്കാരുടെ ദൗര്‍ബല്യം ചൂഷണം ചെയ്യാന്‍ ഇന്ന് വ്യാപകമായി പടച്ചുവിടപ്പെടുന്ന ഫിലിം സീരീസുകളില്‍ നിന്ന് വിഭിന്നമായി വ്യക്തമായ ഇസ്‌ലാമികവല്‍ക്കരണം സാധ്യമാക്കാനും മുസ്‌ലിം ലോകത്തിന്റെ ഭരണപരമായ വിഷയങ്ങളെക്കുറിച്ച് കാലങ്ങളായി നിലനില്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനും ഫിലിം സംസ്‌കാരത്തിന് അടിമപ്പെട്ട ഒരു സമുദായത്തിന് അത്തരമൊരു സംസ്‌കാരത്തിലൂടെ തന്നെ കലര്‍പ്പില്ലാത്ത ഇസ്‌ലാം പരിചയപ്പെടുത്താനും അതുവഴി അല്ലാഹു  ഖുര്‍ആനിലൂടെ ഓര്‍മപ്പെടുത്തിയ യുക്തിപൂര്‍ണമായ ഇസ്‌ലാമിക പ്രബോധനം സാധ്യമാക്കാനും ഈ സീരീസിന് സാധിക്കുന്നു എന്നതാണ് വസ്തുത. ‘ഈ ജോലിക്ക് വിരാമം കുറിച്ചുകൊണ്ട് ഞാനിന്ന് അവസാനത്തെ എപിസോഡിന്റെ തിരക്കഥയെഴുതുകയാണ്. ഈ ഉദ്യമത്തിനു പിന്നിലെ സദുദ്ദ്യേശങ്ങളെ സാധൂകരിക്കാന്‍ നാഥനോട് പ്രാര്‍ഥിക്കുന്നു’ സംവിധായകന്‍ മുഹമ്മദ് ബെസ്ദാഗിന്റെ ഈ വാക്കുകളിലുണ്ട് എത്രമാത്രം സദുദ്ദ്യേശപരമായിരുന്നു ഈ ഉദ്യമമെന്നത്.

ശത്രുക്കളുമായുള്ള ഒരു പോരാട്ടത്തില്‍ അല്‍പമൊരു വീഴ്ച വരുത്തിയതിതിന്റെ പേരില്‍ ബാംസി എന്ന സൈനികത്തലവനെ സ്ഥാനഭൃഷ്ടനാക്കുന്ന രംഗം സീരീസിലെ കരയിപ്പിക്കുന്ന രംഗങ്ങളിലൊന്നാണ്. പലരും തീരുമാനം കടുത്തതായിപ്പോയി എന്നു പറഞ്ഞപ്പോഴും ഭരണപരമായ വിഷയങ്ങളിലും നീതിനിര്‍വഹണത്തിലും ബന്ധുമിത്രജനങ്ങളെന്ന പരിഗണന അല്‍പം പോലും പാടില്ലെന്ന് ഉറക്കെ പറയുക മാത്രമാണ് എര്‍തുഗ്രുല്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള നേതാക്കളുടെ അഭാവം കൂടിയാണ് മുസ്‌ലിം ലോകത്തിന്റെ നിലവിലെ പരിതസ്ഥിതിയുടെ മൂലകാരണങ്ങളിലൊന്ന് എന്നും ദിരിലിസ് നമ്മെ ഓര്‍മിപ്പിക്കുന്നു. അണികള്‍ക്ക് ആവേശം പകരാനും ശത്രുമുഖത്തെ അഭിസംബോധന ചെയ്യുമ്പോഴും സീരീസിലുടനീളം ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കാഴ്ചക്കാരനെയും ആവേശഭരിതനാക്കുന്നതാണ്.

ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു ഘടകം ആത്മീയ ചിന്തകളാണ്. പ്രമുഖ മുസ്‌ലിം സ്വൂഫീ ചിന്തകനായ ഇബ്‌നുല്‍ അറബിയുടെ ആത്മീയ സാന്നിധ്യവും ആത്മീയ വചനങ്ങളും പ്രാര്‍ഥനകളും തളര്‍ന്നുപോയെന്നു തോന്നിക്കുന്ന പല നിമിഷങ്ങളിലും കൈത്താങ്ങായി ഇതില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അലപ്പോയിലെ സുല്‍ത്താന്‍ അല്‍ അസീസിന്റെ കൊട്ടാരത്തില്‍ ബന്ധിയായപ്പോഴും പിന്നീട് മംഗോളികളുടെ നേതാവായ ബായ്ജൂ നോയാന്‍ തടവിലാക്കിയപ്പോഴും എര്‍തുഗ്രുല്‍ തിരിച്ചുവന്നത് അദ്ദേഹത്തിന്റെ ആത്മീയ ഇടപെടല്‍ മൂലമായിരുന്നു. ഇബ്‌നുല്‍ അറബിയെ കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യനും പ്രമുഖ സൂഫിവര്യനുമായ സ്വദ്‌റുദ്ദീന്‍ ഖൂനവി, മറ്റു പല സൂഫികള്‍, ഗ്രാമത്തിലെ ഇമാമുമാര്‍ എന്നിവര്‍ കഥയുടെ പല ഗതികളിലും സര്‍വസ്വവുമായി കടന്നുവരുന്നുണ്ട്. എര്‍തുഗ്രുല്‍ ഗാസിയുടെ പിതാവ് സുലൈമാന്‍ ഷായും ഇടയ്ക്കിടെ സ്വപ്‌നങ്ങളില്‍ വന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്ന സന്ദര്‍ഭങ്ങളും ഒരുപാടുണ്ട്. എര്‍തുഗ്രുല്‍ സീരീസ് കണ്ടശേഷം പടിഞ്ഞാറു നിന്ന് ഇസ്‌ലാം സ്വീകരിച്ച പലരുടെയും വാര്‍ത്തകള്‍ക്കു പിന്നിലും ഈയൊരു ആത്മീയ ശക്തിയുടെ വ്യക്തമായ സ്വാധീനം നമുക്ക് കാണാം.

പ്രവാചകന്‍ മുഹമ്മദ് (സ)യുടെ പേരു കേള്‍ക്കുമ്പോള്‍ വലതുകൈ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന തുര്‍ക്കി പാരമ്പര്യവും കഥയിലുടനീളം തെളിഞ്ഞുകാണാം. അതിനൊക്കെ പുറമെ തങ്ങളുടെ ഓരോ സംസാരങ്ങളിലും ദൈവഭക്തി കാത്തുസൂക്ഷിക്കുന്ന, ദൈവകൃപയാവണം ആത്യന്തിക ലക്ഷ്യമെന്ന ഉത്തമബോധ്യമുള്ള എര്‍തുഗ്രുല്‍ ബേയും അനുയായികളും തന്നെയാണ് സീരീസിലുടനീളം ആത്മീയചുറ്റുപാട് സൃഷ്ടിക്കുന്നത്. സീരീസിലെ മറ്റൊരു പ്രത്യേകത സ്ത്രീ കഥാപാത്രങ്ങളാണ്. പലപ്പോഴും അകത്തിരുന്ന് തേങ്ങിക്കരയുന്ന സ്ത്രീകഥാപാത്രങ്ങള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന മറ്റു സീരീസുകളില്‍ നിന്ന് വിഭിന്നമായി ചിലപ്പോള്‍ യോദ്ധാക്കളായും ഗോത്രത്തലവന്മാരായും വരെ സ്ത്രീകള്‍ രംഗപ്രവേശം നടത്തുന്ന ചരിത്രം എര്‍തുഗ്രുല്‍ അനാവരണം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ പാരമ്പര്യ ഇസ്‌ലാമിന്റെ ഭരണപരമായ വിഷയങ്ങളെച്ചൊല്ലി കാലങ്ങളായി പല കോണുകളില്‍ നിന്നായി ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്ക് യുക്തിപൂര്‍വമായ മറുപടിയാവാനും അഭിനവ മുസ്‌ലിമിന് തങ്ങളുടെ സുന്ദരമായ പാരമ്പര്യത്തിലേക്ക് തിരിച്ചുനടക്കാനുള്ള നല്ല ചിന്തകള്‍ പകര്‍ന്നു നല്‍കാനും ദിരിലിസ് എര്‍തുഗ്രുല്‍ എന്ന സീരീസിന് സാധിച്ചുവെന്നത് തീര്‍ച്ച.

Related Articles