Current Date

Search
Close this search box.
Search
Close this search box.

മരിക്കുന്ന ജനാധിപത്യം

മുംബൈ ആസ്ഥാനമായുള്ള പത്രപ്രവർത്തകയാണ് അകാങ്ക്ഷ സിംഗ്. മാർച്ചു 15 നു അവരുടെ ലേഖനം സി എൻ എൻ നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യ സന്ദർശനമാണ്  വിഷയം. ” ഇന്ത്യൻ ജനാധിപത്യം മരിക്കുന്നു. ട്രംപ് ഒരിക്കലൂം മോദിയെ പിന്തുണക്കാൻ പാടില്ലായിരുന്നു” എന്നതാണ് ലേഖനത്തിന്റെ തലക്കെട്ട്.

ലേഖനം തുടങ്ങുന്നത് ഇങ്ങിനെയാണ്‌ ” രണ്ടാം ലോക യുദ്ധം മുതൽ ജനാധിപത്യത്തിനും ജനങ്ങളുടെ അവകാശത്തിനും ലോകം നോക്കിയിരുന്നത് അമേരിക്കയിലേക്കാണ്” . അതെ സമയം ട്രംപ് ഇന്ത്യയിൽ ഉണ്ടായിരുന്ന സമയത്താണ് ഇന്ത്യൻ തലസ്ഥാനത്തു കലാപം നടന്നത്. ” ഞങ്ങൾ തമ്മിൽ ഇന്ത്യയിലെ മത സ്വാതന്ത്രത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യയിൽ അത് വേണ്ടുവോളം ഉണ്ടെന്നു മോഡി അവകാശപ്പെട്ടു ” എന്നാണു ട്രംപ് പറഞ്ഞത്. മൂന്നു ബില്യൺ ഡോളറിന്റെ കച്ചവടക്കരാർ ഒപ്പു വെക്കുന്ന സമയത്താണ് ട്രംപ് ഇങ്ങിനെ പറന്നതെന്നും ലേഖനം അടിവരയിടുന്നു.

” വാസ്തവത്തിൽ, ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഗണ്യമായ ഭീഷണിയിലാണ്, പ്രത്യേകിച്ച് മുസ്‌ലിംകൾക്ക്. ഫെബ്രുവരി 23 ന് പൗരത്വ നിയമത്തെച്ചൊല്ലി ന്യൂഡൽഹിയിൽ അക്രമങ്ങൾ ആരംഭിച്ചു, ഇത് മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള സംഘട്ടനത്തിന് കാരണമായി. ……. ഈ സമീപകാല അക്രമം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മോദിയുടെ ഇന്ത്യയിലെ അസ്വസ്ഥപ്പെടുത്തുന്ന പ്രവണതയുടെ ഭാഗമാണിത്. മോദിയുടെ നേതൃത്വത്തിലുള്ള  ബി ജെ പി 2014 ൽ അധികാരത്തിൽ വന്നതിനുശേഷം ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്”

” ന്യൂഡൽഹിയിൽ തന്റെ പത്രസമ്മേളനത്തിൽ, പൗരത്വ നിയമം ചർച്ച ചെയ്യാൻ ട്രംപ് വിസമ്മതിച്ചു. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്നതായിരുന്നു ട്രംപെടുത്ത നിലപാട്. മോഡി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഗുജറാത്തിൽ മറ്റൊരു വംശീയ കലാപം അരങ്ങേറിയത്. അതിന്റെ പേരിൽ മോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. ട്രംപിന്റെ ഈ നിലപാട് ഭയപ്പെടുത്തുന്നതാണ് . മോദിയുടെ വംശീയ-ദേശീയ രാഷ്ട്രീയവുമായി യുഎസിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന അപകടകരമായ സൂചനയാണ് ട്രംപിന്റെ നിലപാട് നൽകുന്നത്”. ലേഖനം തുടരുന്നു.

Also read: ഉര്‍ദുഗാന്റെ തുര്‍ക്കിയെക്കുറിച്ച് ഒരു ടിവി സീരീസ് പറയുന്നത് ?

“കലാപ സമയത്തു മോഡി തികഞ്ഞ നിശബ്ദത കൈകൊണ്ടു. മൂന്ന് ദിവസത്തിന് ശേഷം നടത്തിയ പ്രസ്താവന ഇങ്ങിനെയായിരുന്നു ” സമാധാനവും ഐക്യവും നമ്മുടെ ധാർമ്മികതയിൽ പ്രധാനമാണ്. എല്ലായ്‌പ്പോഴും സമാധാനവും സാഹോദര്യവും നിലനിർത്താൻ ഞാൻ എന്റെ സഹോദരിമാരോടും ദില്ലിയിലെ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു. ശാന്തത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, വേഗത്തിൽ സാധാരണ നില പനസ്ഥാപിക്കപ്പെടണം” അടുത്ത് വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മോദിയുടെ പിന്തുണ ട്രംപ് ആഗ്രഹിക്കുന്നു. അത് കൊണ്ട് തന്നെ മോദിയെ പിണക്കാൻ ട്രംപ് തയ്യാറല്ല.

ലേഖനം അവസാനിക്കുന്നത് ” ഇന്ത്യയിൽ അധികരിച്ചു വരുന്ന മുസ്ലിം പീഡനങ്ങളെ അപലപിക്കുക എന്നത് അമേരിക്കയിലെ ഇപ്പോഴത്തെ നേതാവിന്റെയും വരാനിരിക്കുന്ന നേതാവിന്റെയും കടമയാണ്. ഒരു സൂപ്പർ പവർ രാജ്യത്തിൻറെ പ്രസിഡന്റ് എന്ന നിലയിലും ആഗോള തലത്തിൽ തന്നെ ഒരു നല്ല പങ്കു കാരൻ എന്ന നിലയിലും ഇത്തരം നടപടി അതിപ്രധാനമായ കാര്യമാണ്”. സി എൻ എൻ ഒരു അമേരിക്കൻ വാർത്താ അധിഷ്ഠിത ടെലിവിഷൻ ചാനലാണ്. അമേരിക്കയിലെ തന്നെ ആദ്യത്തെ സമ്പൂർണ വാർത്ത ചാനലാണ് സി എൻ എൻ. അത് കൊണ്ട് തന്നെ അമേരിക്കൻ സമൂഹത്തിൽ സി എൻ എന്നിന് നല്ല സ്വാധീനമുണ്ട്. അമേരിക്കൻ ജനത എങ്ങിനെ ചിന്തിക്കുന്നു എന്നത് കൂടി ഇത്തരം ലേഖനങ്ങളിൽ കൂടി മനസ്സിലാക്കാം. നിലപാടില്ലാത്ത പ്രസിഡന്റ് എന്നതാണ് ട്രംപിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ ഇന്ത്യൻ സന്ദർശനം പോലും കച്ചവട താല്പര്യം എന്നതിൽ കവിഞ്ഞു മറ്റൊന്നുമായിരുന്നില്ല.

തങ്ങൾക്കു താല്പര്യമില്ലാത്തവരെ അട്ടിമറിക്കുക എന്നത് ഒരു അമേരിക്കൻ നടപടിയാണ്. എങ്കിലും അമേരിക്കൻ ജനത ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. അതിനു വിപരീതമായി തങ്ങളുടെ നേതാക്കൾ പ്രതികരിക്കുന്നത് അവർ കൂടുതൽ അസ്വസ്ഥരാക്കുന്നു. മറ്റൊരു കാര്യം സ്വാതന്ത്രത്തിനു ശേഷം അടിയന്തരാവസ്ഥ കഴിഞ്ഞാൽ ഇന്ത്യ ഇത്രമാത്രം ഒറ്റപ്പെട്ട അനുഭവമില്ല. എല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന് പറഞ്ഞു മാറി നിന്നിരുന്ന പലരും പൗരത്വ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭാരതം മുഴുവൻ എൻ സി ആർ നടപ്പാക്കും എന്ന് പറഞ്ഞിരുന്ന അമിത്ഷാ ഒരു രേഖയും ആരോടും ചോദിക്കില്ല എന്ന് പറയാൻ നിര്ബന്ധിതനായത് ഇത്തരത്തിലുള്ള സമ്മർദ്ദം തന്നെയാണ്. ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു എന്ന് പറഞ്ഞാൽ ഇന്ത്യ തന്നെ മരിക്കുന്നു എന്ന് വേണം വായിക്കാൻ. അത് കൊണ്ട് തന്നെയാണ് സി എൻ എൻ പോലുള്ളവർ നൽകുന്ന പഠനങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതും.

Related Articles