Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ പരിവർത്തനം, സാധ്യമാവാൻ

മനുഷ്യൻറെ വൈയക്തികവും സാമൂഹ്യവുമായ അവസ്ഥയിൽ മാറ്റം എപ്പോഴും അനിവാര്യമാണെന്ന് മാത്രമല്ല അവനെ സംബന്ധിച്ചേടുത്തോളം മാറ്റമില്ലാത്ത അവസ്ഥ അധോകതിയുടെ ലക്ഷണം കൂടിയാണ്. ലോകത്ത് മാറ്റമില്ലാത്ത ഏതെങ്കിലും കാര്യമുണ്ടെങ്കിൽ അത് മാറ്റത്തിന് മാത്രമാണ്. പല കാരണങ്ങളാൽ ഭൂമിയിൽ മനുഷ്യ ജീവിതം അനുദിനം ദുസ്സഹമായികൊണ്ടിരിക്കുകയാണ്.ഒരു ഭാഗത്ത് രോഗവും പട്ടിണിയും നിരക്ഷരതയും തജ്ജന്യമായുണ്ടാകുന്ന മറ്റ് അവസ്ഥകളുമെല്ലാം മനുഷ്യ സമൂഹത്തെ നിതാന്തമായി വേട്ടയാടുകയാണ്.

മനുഷ്യരുടെ ദുരമൂത്ത അത്യർത്തിയും അതിന് താളം പിടിക്കുന്ന സാമൂഹ്യ വ്യവസ്ഥയും ചേർന്ന് നമ്മിൽ ഭൂരിഭാഗത്തിൻറെയും ജീവിതത്തെപാതാളത്തോളം ചവിട്ടി താഴ്തിയിരിക്കുന്നു. ഭക്ഷണം,ആരോഗ്യം,വിദ്യാഭ്യാസം,പാർപ്പിടം തുടങ്ങിയ മനുഷ്യ വികസന സൂചികകളുടെ താഴെ തട്ടിലാണ് നമ്മിൽ പലരും ജീവിക്കുന്നത്. സാമൂഹ്യ ക്ഷേമ കാര്യങ്ങൾ ഭരണകൂടങ്ങളുടെ അജണ്ടയിൽ എഴുതിവെച്ചിട്ടുണ്ടാവുമെങ്കിലും പ്രായോഗികമായി അത് നടപ്പാവുക അതീവ ദുശ്കരമാണ്.

പരിവർത്തനത്തിൻറെ മേഖലകൾ
പാവപ്പെട്ടവർ ഏറെ പ്രയാസപ്പെടുന്ന ഇന്നത്തെ ഉദാര നവലോക വ്യവസ്ഥക്ക് സമൂലമായ പരിവർത്തനം ഉണ്ടായാൽ മാത്രമേ അഭിമാനബോധത്തോടെ ഭൂമിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. ക്ഷേമകാര്യ പ്രവർത്തനങ്ങളിൽ നിന്ന് ഭരണകൂടങ്ങൾ ഉൾവലിഞ്ഞിരിക്കുന്നു. ജനവിരുദ്ധ, കർഷക വിരുദ്ധ നിലപാടുകളാണ് സർക്കാറുകൾ സ്വീകരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ രംഗം, മറ്റ് പൊതുകാര്യ സ്ഥാപനങ്ങളെല്ലാം കുത്തകകൾക്ക് തീറെഴുതികൊടുക്കുന്നു. ധാർമ്മികാധപതനവും പാരമ്യതയിലാണ്.

വ്യക്തി ജീവിതത്തിലെ ഈ ദുരവസ്ഥകൾക്ക് പുറമെ നാം വസിക്കുന്ന പ്രകൃതിയും ഉന്മൂലന ഭീഷണി നേരിടുകയാണ്. ആഗോളതാപനം,പരിതസ്ഥിതി പ്രശ്നങ്ങൾ,വനനശീകരണം,പ്ളാസ്റ്റിക് തുടങ്ങിയ സങ്കീർണ്ണമായ അവസ്ഥകൾക്കും നാം സാക്ഷ്യം വഹിക്കുകയാണ്. കാലം മുന്നോട്ട് കുതിക്കുമ്പോൾ ദുരന്തങ്ങളിൽ നിന്ന് കൂടുതൽ ദുരന്തങ്ങളിലേക്ക് നീങ്ങുന്ന അവസ്ഥയാണ് കാണുന്നത്. ഈ അവസ്ഥക്ക് എങ്ങനെ മാറ്റം വരും എന്ന് ചോദിച്ചാൽ വ്യക്തി കേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ മാത്രമേ നേരിയ മാറ്റമെങ്കിലും ഉണ്ടാവൂ എന്നാണുത്തരം. വ്യക്തികളെ ശാക്തീകരിക്കുകയും സാമൂഹ്യാവസ്ഥകളെ കുറിച്ചുള്ള ബോധവൽകരണവുമാണ് പ്രധാനം.

സാമൂഹ്യ പരിവർത്തനം എന്ന കാഴ്ചപ്പാട് പാശ്ചാത്യ സംസ്കൃതിയുടെ സംഭാവനയാണെന്ന ധാരണ തീർത്തും അപക്വവും അബദ്ധ ജഡിലവുമാണ്. പാശ്ചാത്യ സംസ്കാരം രൂപപ്പെടുന്നതിൻറെ ഒരു സഹസ്രാബ്ദം മുമ്പെങ്കിലും സാമൂഹ്യമാറ്റത്തിൻറെ അടിസ്ഥാന സിദ്ധാന്തങ്ങൾ വിശുദ്ധ ഖുർആൻ അധ്യായം അർറഅദ് സൂക്തം 11 ൽ വിവരിച്ചിട്ടുണ്ട്. “……….. ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവർത്തിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവർത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുർഗതി വരുത്തുവാൻ തീരുമാനിച്ചാൽ പിന്നെ ആർക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരിൽ, ഇത്തരമൊരു ജനത്തിൻറെ രക്ഷകരോ തുണയോ ആകാനും ആർക്കും കഴിയുകയില്ല”.

ഇന്ത്യൻ പാർലമെൻറിൻറെ ഭിത്തികളിൽ ഉല്ലേഖനം ചെയ്യപ്പെട്ട മഹത്തായ അനേകം വചനങ്ങളിൽ ഒന്നാണ് ഈ സൂക്തം. ഈ ലോകത്ത് ഓരോ സമൂഹത്തിൻറെയും ഭാഗധേയം അവരുടെ തന്നെ ഉത്തരവാദിത്തമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. സമൂഹം എന്ന് പറയുന്നത് വ്യക്തികൾ കൂടിച്ചേർന്നതാകുമ്പോൾ ആ വ്യക്തികളുടെ മാറ്റമാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. പല തുള്ളികൾ ചേർന്നാണ് സമുദ്രം ഉണ്ടായത് എന്ന് പറയുന്നത് പോലെ, പല വ്യക്തികൾ ചേർന്നാണ് സമൂഹവും ഉണ്ടാകുന്നത്. ഒരു തുള്ളി ജലത്തിൻറെ രാസഘടകം അമ്ലമാണെങ്കിൽ, ഒഴുകുന്ന സമുദ്രവും അമ്ലത്തിൽ നിന്നുള്ളതായിരിക്കുമല്ലോ ?

Also read: കുഞ്ഞുങ്ങളെ നിഷ്ഠൂരം വെടിവെച്ചുകൊല്ലുന്ന സയണിസ്റ്റ് ഭീകരത

മാറ്റത്തിൻറെ ഘടകങ്ങൾ
ശിരസ്സ്,ഹൃദയം,ഇരു കരങ്ങൾ എന്നിവയാണ് വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ. ശിരസ്സ് എന്നത് അറിവ്,വിജ്ഞാനം എന്നിവയേയും ഹൃദയം കൊണ്ട് ഉദ്ദേശിക്കുന്നത് ധാർമ്മിക ബോധത്തേയും ഇഛാ മനോഭാവത്തേയും ഇരു കരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് വിവിധ തൊഴിൽ നൈപുണ്യത്തേയുമാണ്. ഒരു വ്യക്തിയുടെ ഈ മൂന്ന് ഘടകങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള പ്രവർത്തന പരിശീലനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയാൽ അത് നമ്മിൽ വമ്പിച്ച മാറ്റങ്ങൾക്ക് കളമൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ മൂന്ന് ഘടകങ്ങളുടെ ശരിയായ രൂപത്തിലുള്ള പരിശീലനമാണ് വിദ്യാഭ്യാസം എന്ന് പറയുന്നത്. അതോടൊപ്പം വിദ്യാഭ്യാസത്തിൻറെ ഗുണ നിലവാരത്തിലും വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിലും മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. വ്യക്തമായ ദിശാബോധവും വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഓരോരുത്തർക്കും ഉണ്ടാവേണ്ടതാണ്. ഇതിൻറെ ഫലമായി സമൂഹത്തിൽ രൂപപ്പെടുക ബഹുമുഖ പ്രതിഭകളുള്ള വ്യക്തിത്വങ്ങളായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത്തരം വ്യക്തികൾ സമൂഹത്തിന് ഭാരമല്ല മറിച്ച് അനുഗ്രഹമാണ്.

നമ്മുടെ ശിരസ്സ്, ഹൃദയം, ഇരു കരങ്ങൾ എന്നിവക്ക് അവശ്യമായ പരിശീലനം ലഭിച്ച വ്യക്തികളുടെ ലഭിക്കുന്ന പുരോഗതി തിട്ടത്തെുക സാധ്യമല്ല. വ്യക്തികളുടെ ഈ ആന്തരിക കാര്യങ്ങളിൽ മാറ്റം വരുത്തുമ്പോൾ സമൂഹത്തിൻറെ സാമ്പത്തികവും സാമൂഹ്യവുമായ ബാഹ്യ കാര്യങ്ങളിൽ സൃഷ്ടാവ് മാറ്റം വരുത്തും എന്നാണ് മുകളിൽ ഉദ്ധരിച്ച സൂക്തം വ്യക്തമാക്കുന്നത്. എല്ലാ മനുഷ്യ സമൂഹങ്ങൾക്കും ബാധകമായ പ്രകൃതി നിയമമാണിത്. ഏതെങ്കിലും മതത്തിൻറെ അനുയായികളാണെന്ന യാതൊരു വിത്യാസവും ഇക്കാര്യത്തിലില്ല.

ഇതിൻറെ മികച്ച ഉദാഹരമാണ് ജാപ്പാൻ. ആ രാജ്യത്തിൻറെ 80 ശതമാനം പർവ്വത പ്രദേശങ്ങൾ നിറഞ്ഞത്. രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയുടെ ആണവ ബോബിൽ തകർന്നടിഞ്ഞ പ്രദേശം. അഗ്നി പർവതങ്ങളും സുനാമി ആക്രമണങ്ങളും ദുരിതങ്ങൾ വർധിപ്പിക്കുന്നു. പക്ഷെ വ്യക്തി കേന്ദ്രീകൃത പരിശീനത്തിലൂടെ ലോക വൈജ്ഞാനിക സമ്പദ് ഘടനയിൽ ഇന്ന് ജാപ്പാൻ രണ്ടാം സ്ഥാനത്താണെന്നത് നമുക്ക് മാതൃകയാണ്.

Also read: ഹിസ്റ്ററിയും സ്റ്റോറിയും

പ്രവാചക മാതൃകകൾ
യഥാർത്ഥത്തിൽ സാമൂഹ്യമാറ്റത്തിൻരെ ശക്തരായ വാക്താക്കളും പ്രയോഗ്താക്കളുമായിരുന്നു പ്രവാചകന്മാർ. വ്യക്തികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകികൊണ്ടായിരുന്നു അവർ തങ്ങളുടെ മഹത്തായ വിപ്ലവം സാധിച്ചത്. സാമൂഹ്യ തിന്മകൾക്കെതിരെ നിരങ്കുശമായി പടപൊരുതിയ ധീരാത്മാക്കളായിരുന്നു അവർ. അന്ധവിശ്വാസങ്ങൾക്കുംഅനാചാരങ്ങൾക്കും എതിരെ മാത്രമല്ല അക്രമികളും സ്വാർത്ഥംഭരികളുമായ ഭരണാധികൾക്കെതിരേയും പടപൊരുതി മനുഷ്യ സമൂഹത്തെ· വിമോചിപ്പിച്ചു.

മുഹമ്മദ് നബിയുടെ ജീവിതം പരിശോധിക്കുമ്പോഴും ഇക്കാര്യം സുതരാം വ്യക്തമാണ്. പ്രവാചക പാഠശാലയിൽ അനുചരന്മാരെ പരിശീലിപ്പിച്ചു. മദീന നഗരത്തിൽ അക്കാലത്ത് ഒമ്പത് പാഠശാലകൾ സ്ഥാപിച്ചതിന് പുറമെ പൗരാണിക നാഗരികതയുടെ മടിത്തൊട്ടിലായ ചൈനയിൽ പോയി വിജ്ഞാനം ആർജ്ജിക്കാൻ അനുയായികളെ പ്രേരിപ്പിച്ചു. ബദ്ർ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ട തടവുകാരുടെ വിമോചനത്തിന് മോചന ദ്രവ്യമായി മദീനക്കാരെ അക്ഷരാഭ്യാസം പഠിപ്പിക്കാൻ നിർദ്ദേിച്ചത് ചരിത്രത്തിൽ അപൂർവ്വ സംഭവമാണ്.

മനുഷ്യ സമൂഹ്യാവസ്ഥയിൽ മാറ്റം ഉണ്ടാവണം എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും ആ മാറ്റത്തിൻറെ ആദ്യ പ്രക്രിയ ആരംഭിക്കേണ്ടത് വ്യക്തികളിൽ നിന്നാണ്. വ്യക്തികളുടെ മാറ്റമാണ് സാമൂഹ്യമാറ്റത്തിന് ദുന്ദുബി കുറിക്കുന്നത്. ഒരു രാഷ്ട്രം അതിൻറെ ജനസമൂഹത്തെ ശക്തവും സമ്പൂർണവുമായ വ്യക്തിത്വങ്ങളാക്കി വളർത്തി എടുക്കുന്നതിൽ വിജയിക്കുകയാണെങ്കിൽ, സൃഷ്ടാവിൻറെ സഹായത്താൽ അവർക്ക് ശോഭനമായ ഒരു ഭാവി കൈവരിക്കാൻ കഴിയും. തദ്വാരാ അവർക്ക് അവരുടെ മതത്തേയും വിശ്വാസത്തേയും ഉന്നതിയിലേക്കത്തെിക്കുവാനും സംരക്ഷിക്കുവാനും സാധിക്കും.

Also read: സൗഹൃദവും വ്യക്തിത്വവും

ഒരു ജനത അതിൻറെ വ്യക്തികളെ വളർത്തുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ ആ രാജ്യം അധ:പതനത്തിനും നശീകരണത്തിനും വിധേയമായിതീരും. മനുഷ്യ സമൂഹത്തിൻറെ ചരിത്രത്തിൽ നിന്നും പഠിക്കേണ്ട പാഠവും ഇതാണ്. മറുവശത്ത് മനുഷ്യൻ ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ സാമൂഹ്യ വിപത്തുകൾക്കെതിരെ ശക്തമായ ആശയ സമരങ്ങളും കൂട്ടായ പ്രവർത്തനങ്ങളും അനിവാര്യമാണ്. അതിൻറെ ഭാഗമായി വ്യാപകമായ ബോധവൽക്കരണ ക്യാമ്പൈനുകൾ, സന്നദ്ധ പ്രവർത്തനങ്ങൾ, പെറ്റിഷൻ സമർപ്പിക്കൽ, പൊതു താൽപര്യ ഹർജി തയ്യാറാക്കൽ, ഒപ്പ് ശേഖരണം,ആവശ്യമായ ഫണ്ട് സമാഹരണം തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ സമ്മർദ്ദങ്ങളും ശക്തിപ്പെടുമ്പോൾ മാത്രമേ സാമൂഹ്യ പരിവർത്തനം യാഥാർത്ഥ്യമാവുകയുള്ളൂ. ആസന്നമായ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലൂടെ അതിനുള്ള കളമൊരുങ്ങുകയാണ്.

Related Articles