Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുങ്ങളെ നിഷ്ഠൂരം വെടിവെച്ചുകൊല്ലുന്ന സയണിസ്റ്റ് ഭീകരത

മാലിക് ഈസക്ക്  വയസ്സ് വെറും ഒമ്പത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അധിനിവേശ കിഴക്കൻ ജറൂസലമിലെ ഇസ്സവിയയിൽനിന്ന് സ്‌കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാലിക് വാഹനമിറങ്ങിയതും ഇസ്രായിൽ പോലീസ് വെടിവെച്ചതും ഒന്നിച്ചായിരുന്നു. സ്‌പോഞ്ച് പോലുള്ള വെടിയുണ്ട തറച്ചുകയറിയത് ഈ കൊച്ചുബാലന്റെ ഇടത്തേ കണ്ണിലായിരുന്നു.

ഫലസ്ത്വീനികളുടെ അധിനിവേശ വിരുദ്ധ പ്രതിഷേധ പ്രകടനം നേരിടുന്നതിന്റെ ഭാഗമായി ‘മാരകമല്ലാത്ത’ ആയുധങ്ങളാണ് തങ്ങൾ ഉപയോഗിച്ചതെന്നായിരുന്നു പോലസ് ഭാഷ്യം. എന്നാൽ പോലീസ് പറഞ്ഞത് പെരുംനുണയായിരുന്നു. മാലിക് ഈസയുടെ കണ്ണ് പൊട്ടിക്കാൻ മാത്രം ശക്തിയുള്ള മാരകമായ വെടിയുണ്ടയായിരുന്നു അത്.

മാരകായുധം പ്രയോഗിച്ചില്ലെന്ന് ആദ്യം പറഞ്ഞ പോലീസ് പ്രതിഷേധക്കാർ എറിഞ്ഞ കല്ലായിരിക്കാം ബാലന്റെ കണ്ണിനു കൊണ്ടതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ആരോഗ്യ വിദഗ്ധർക്ക് അത് കല്ലോ ബുള്ളറ്റോയെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന മറ്റൊരു നുണകൂടി പറഞ്ഞു പോലിസ്. പ്രതിഷേധം ശക്തമായപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രതീക്ഷിച്ചത് പോലെ പോലീസുകാരെ പൂർണമായും കുറ്റവിമുക്തരാക്കിയുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ പുറത്തു വന്നു. രണ്ട് അനീതികൾക്കാണ് തങ്ങൾ ഇരയായതെന്ന് മാലിക്കിന്റെ പിതാവ് വായിൽ ഈസ പറയുന്നു. വെടിയുതിർത്ത് മകന്റെ കണ്ണ് പൊട്ടിച്ചതിനു പുറമെ അന്വേഷണമെന്ന പ്രഹസനത്തിലൂടെ തങ്ങളെ വീണ്ടും അപമാനിച്ചിരിക്കുന്നുവെന്നാണ് അസോഷ്യേറ്റഡ് പ്രസിനോട് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

Also read: സൗഹൃദവും വ്യക്തിത്വവും

“പൊന്നുമോൻ കണ്ണ് നഷ്ടപ്പെട്ട് ആശുപത്രിയിലായപ്പോൾ അന്വേഷണ സംഘാംഗങ്ങൾ അവിടെ വന്നിരുന്നു. വല്ലാത്ത സങ്കടം അവരുടെ മുഖങ്ങളിൽ ദൃശ്യമായിരുന്നു. ബേജാറാകേണ്ടെന്നും സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും അവർ എനിക്ക് ഉറപ്പുതന്നു. എന്നാൽ പത്തു മാസത്തെ അന്വേഷണ പ്രഹസനത്തിനുശേഷം അവർ കേസ് ഫയൽ എന്നെന്നേക്കുമായി അവസാനിപ്പിച്ചിരിക്കുന്നു.” വായിൽ ഈസ പറഞ്ഞു.

നിരവധി ശസ്ത്രക്രിയകൾക്കുശേഷവും വിട്ടുമാറാത്ത തലവേദനയുമായി കഷ്ടപ്പെടുകയാണ് മാലിക് ഈസ. പോരാത്തതിന് മാനസികമായും അവൻ തകർന്നിരിക്കുന്നു. ഇതേത്തുടർന്ന് പഠനവും മുടങ്ങി. രണ്ടാഴ്ച മുമ്പ് ഗ്ലാസ് കൊണ്ടുള്ള കൃത്രിമ കണ്ണുമായി അവൻ സ്‌കൂളിൽ പോയിത്തുടങ്ങിയെങ്കിലും മാനസിക പിരിമുറുക്കത്തെ തുടർന്ന് വീണ്ടും നിർത്തി.

അലി അബു ആലിയ

ഇസ്രായിൽ സൈനികരുടെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നിരവധി ഭീകരമായ ചെയ്തികൾ ഉണ്ടാകാറുണ്ടെങ്കിലും കുറ്റവാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടാറില്ല. കടുത്ത നീതിനിഷേധമാണ് ഫലസ്ത്വീ നികളായ ഇരകൾ നേരിടേണ്ടിവരുന്നത്.
വെസ്റ്റ്ബാങ്കിൽ പതിമൂന്നുകാരനായ ഫലസ്ത്വീനി ബാലനെ ഇസ്രായിൽ സൈനികർ നിഷ്ഠൂരം വെടിവെച്ചുകൊന്നതിന്റെ പിറ്റേന്നാണ് മാലികിന്റെ കേസിൽ സയണിസ്റ്റ് പോലീസുകാരെ കുറ്റവിമുക്തമാക്കിയ അന്വേഷണ പ്രഹസന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലി അബു ആലിയ  വയറ്റിൽ സൈനികരുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിയായത്. സംഭവത്തിൽ അങ്ങേയറ്റം നടുക്കം രേഖപ്പെടുത്തിയ യു.എൻ രാഷ്ട്രീയകാര്യ ദൂതൻ നിക്കോൾ മിലാദനോവ്, ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി. സൈനികരെ കല്ലെറിഞ്ഞതിനെ തുടർന്ന് ‘കലാപകാരികളെ’ പിരിച്ചുവിടാൻ അവർ ഇടപെടുകയായിരുന്നുവെന്നും വെടിയുണ്ടകൾ ഉപയോഗിച്ചിരുന്നില്ലെന്നുമുള്ള പതിവു നുണകൾ തന്നെയാണ് ഈ സംഭവത്തിലും സയണിസ്റ്റുകൾ ആവർത്തിച്ചത്.

ഇക്കഴിഞ്ഞ മെയ് 30ന് ഓട്ടിസം ബാധിച്ച നിരായുധനായ ഒരു യുവാവിനെ സയണിസ്റ്റ് വംശീയപ്പോലീസ് നിഷ്ഠുരമായി കൊന്നത് ലോകത്തെ നടുക്കിയ സംഭവമായിരുന്നു. അമേരിക്കയിൽ വെള്ള വംശീയ പോലിസ് കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവം ലോകം ഏറ്റെടുത്ത ഘട്ടത്തിലാണ് ഇയാദിന്റെ ദാരുണമായ കൊലപാതകം. മുപ്പത്തിരണ്ടുകാരനായ ഇയാദ് റൗഹി അൽ ഹാലഖ് വെറും ആറു വയസ്സുകാരന്റെ മാനസികാവസ്ഥയുള്ളവനായിരുന്നു. ഓട്ടിസം ബാധിച്ചവർക്കായുള്ള പാഠശാലയിലേക്ക് പോകുമ്പോഴാണ് അധിനിവേശ കിഴക്കൻ ജറൂസലമിലെ ലയൺസ് ഗേറ്റ് ഏരിയയിൽ ഇയാദ് വെടിയേറ്റ് രക്തസാക്ഷിയാവുന്നത്.

Also read: ലോക ഭിന്നശേഷി ദിനം: ഗസ്സയിലുളളവരെയും ഓര്‍ക്കണം

ഇയാദിന്റെ കയ്യിൽ പിസ്റ്റൾ പോലെയുള്ള എന്തോ ഉണ്ടായിരുന്നുവെന്നും അയാളോട് നിൽക്കാൻ ആവശ്യപ്പെട്ടത് അനുസരിക്കാതെ വേഗത്തിൽ നടന്നുപോയപ്പോൾ വെടിവെക്കുകയായിരുന്നു എന്നുമായിരുന്നു പോലിസ് ഭാഷ്യം. എന്നാൽ, പരിശോധനയിൽ ആയുധങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പിന്നീടവർ വിശദീകരിക്കുകയും ചെയ്തു. ഇസ്രായിൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ഫലസ്തീനികളെ പച്ചക്ക് കൊല്ലുക, എന്നിട്ട് അതിനെ ന്യായീകരിക്കുക ഇതാണ് സയണിസ്റ്റ് ഭരണകൂടത്തിന്റെ രീതി. ഒരുനിലക്കും ന്യായീകരിക്കാൻ കഴിയില്ലെങ്കിൽ ഒരു ഖേദ പ്രകടനത്തിൽ ഒതുക്കും.

ജനാധിപത്യ രാജ്യങ്ങളാണെങ്കിലും ഭരണകൂടവും പോലീസും പട്ടാളവും മത, വംശീയ തീവ്രവാദികളും ചേർന്ന് നിരപരാധരായ ജനങ്ങളെ പോയന്റ് ബ്ലാങ്കിൽ വെടിവെച്ചും ലിഞ്ചിംഗ് നടത്തിയും നിഷ്ഠൂരം കൊന്നുതള്ളുന്ന മൂന്നു രാജ്യങ്ങളാണ് ഇന്ത്യയും ഇസ്രായിലും അമേരിക്കയും. മൂന്നിടത്തും നേതൃത്വത്തിലുള്ളത് കൊലപാതകികളും ഹൃദയശൂന്യരും വംശവെറിയുടെ അപ്പോസ്തലന്മാരുമാരും മാത്രമല്ല, ഉറ്റ ചങ്ങാതിമാരും കൂടിയാണ്.
ഗുജറാത്ത് മുതൽ ദൽഹി വരെ ന്യൂനപക്ഷങ്ങളുടെ രക്തമൊഴുക്കി ഹോളി ആഘോഷിക്കുകയും മതവിദ്വേഷത്തിന്റെ പേരിൽ ഡസൻ കണക്കിന് അഖ്‌ലാഖുമാരെയും ജുനൈദുമാരെയും ഇല്ലാതാക്കുകയും സി.എ.എ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ഭീകരമായി വേട്ടയാടുകയും ചെയ്യുന്ന മോദി ഭരണകൂടവും ലോകത്തിന് നൽകുന്ന സന്ദേശം മറ്റൊന്നല്ല.

കോവിഡിനേക്കാൾ ഭീകരമായ ഇത്തരം വൈറസുകൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്. ജോർജ് ഫ്‌ളോയിഡും ഇയാദ് അൽ ഹാലഖും മുതൽ മാലിക് ഈസായും അലി അബു ആലിയയും വരെയുള്ളവർ ലോകത്തോട് പറയുന്നത് അതു തന്നെയാണ്.
കുഞ്ഞുങ്ങളെപ്പോലും നിഷ്ഠൂരം വെടിവെച്ചുകൊല്ലുന്ന സയണിസ്റ്റ് ഭീകരരെ സമാധാനകാംക്ഷികളായി അവതരിപ്പിച്ച് അവരുമായി ചങ്ങാത്തം സ്ഥാപിച്ചവർ ഇതൊക്കെ കണ്ടും കേട്ടും പുളകമണിയുമോ?

Related Articles