Counselling

ദാമ്പത്യത്തിലെ സംശയങ്ങളെ ചികിത്സിക്കാം

തന്റെ ഭര്‍ത്താവിന് സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്ത്രീ ബന്ധങ്ങളുണ്ടെന്ന് അവള്‍ കണ്ടെത്തുന്നു. ഒരു യുവതി മെസ്സേജുകള്‍ അയക്കുന്നു. മറ്റൊരാളുമായി സല്ലപിക്കുന്നു. മറ്റൊരുത്തിക്ക് റോസാപൂ അയക്കുന്നു. ദാമ്പത്യത്തിലെ അഞ്ച് വര്‍ഷം പിന്നിട്ട അവള്‍ താന്‍ കണ്ടെത്തിയ കാര്യം ഭര്‍ത്താവിനോട് തുറന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ഭാര്യയോട് ക്ഷമാപണം നടത്തുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കുകയും ചെയ്തു. അവള്‍ പറഞ്ഞു: എന്റെ ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചെന്ന് ഞാന്‍ വിശ്വസിച്ചെങ്കിലും മാനസികമായി ഞാന്‍ തളര്‍ന്നു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചും സംശയിച്ചും എന്റെ ആരോഗ്യസ്ഥിതി മോശമായിരിക്കുകയാണ്. ഞാനിക്കാര്യം അദ്ദേഹത്തോട് സംസാരിച്ച് പരസ്പര ധാരണയിലെത്തിയിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും ഞാനിന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിചാരണ ചെയ്യുന്നു. ഞാനകപ്പെട്ടിരിക്കുന്ന ഈ ദുരിതത്തില്‍ നിന്ന് എനിക്കെങ്ങനെ മോചനം നേടാനാവും? ഞാന്‍ പറഞ്ഞു: കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ഭര്‍ത്താവിലുള്ള വിശ്വാസം നിലനിര്‍ത്താനും സാധിക്കും.

അവര്‍ പറഞ്ഞു: എനിക്ക് സഹായകമായ പ്രായോഗിക നിര്‍ദേശങ്ങള്‍ തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ പറഞ്ഞു: രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെക്കാം. അതില്‍ ഒന്നാമത്തേത് നിങ്ങള്‍ പ്രവര്‍ത്തി തലത്തില്‍ കൊണ്ടുവരേണ്ടതാണെങ്കില്‍ രണ്ടാമത്തേത് ജീവിതത്തില്‍ നിങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ചിന്തയാണ്. സംശയം എന്നത് ചിന്തയില്‍ നിന്നുള്ള ഒന്നായത് കൊണ്ട് ചിന്തയെ ചിന്ത കൊണ്ട് മാത്രമേ നേരിടാനാവൂ.

Also read: ‘ഗ്രെറ്റ, നീയിതു കേള്‍ക്കണം’

ചിന്തയെ ഉള്‍ക്കൊള്ളാനും പ്രവര്‍ത്തിക്കാനുമുള്ള സന്നദ്ധത അവര്‍ അറിയിച്ചപ്പോള്‍ ഞാന്‍ തുടര്‍ന്നു: ഒന്നാമത്തെ ചിന്ത നിങ്ങള്‍ സ്വന്തത്തെ അമിതമായി അവലംബിക്കരുത്, പകരം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം എന്നതാണ്. ഭര്‍ത്താവിന്റെ എതിരാളിയായി നിങ്ങള്‍ സ്വന്തത്തെ കാണരുത്. അദ്ദേഹം തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അല്ലാഹു അത് കൈകാര്യം ചെയ്തുകൊള്ളും. ലക്ഷ്യം നേടാന്‍ നിഷിദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്നതാണ് രണ്ടാമത്തെ കാര്യം. ചുഴിഞ്ഞന്വേഷണവും വിവരം ചോര്‍ത്തലും നിഷിദ്ധമാണ്. നിങ്ങല്‍ നിഷിദ്ധം പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ദാമ്പത്യത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാവില്ല. വിശേഷിച്ചും അദ്ദേഹം സ്ത്രീ ബന്ധങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും സത്യസന്ധനാണെന്നും നിങ്ങള്‍ തന്നെ പറഞ്ഞിരിക്കെ. നിങ്ങള്‍ കുരുക്കഴിക്കാന്‍ ശ്രമിക്കുന്ന ഒരു സമസ്യയായി അദ്ദേഹത്തിന്റെ ജീവിതത്തെ കാണരുതെന്നതാണ് മൂന്നാമത്തെ കാര്യം. നിങ്ങളൊരു പോലീസുകാരിയോ കുറ്റാന്വേഷണ ഉദ്യോഗസ്ഥയോ അല്ല; മറിച്ച് അദ്ദേഹത്തിന്റെ ഇണയാണ്. അദ്ദേഹം കളവ് പറയുകയും തെറ്റില്‍ തുടരുകയുമാണെങ്കില്‍ അതിന്റെ അസ്വസ്ഥതകളില്‍ അദ്ദേഹം മാത്രം ജീവിക്കട്ടെ എന്നതാണ് നാലാമത്തെ കാര്യം. നിങ്ങളെന്തിനാണ് അതില്‍ അസ്വസ്ഥപ്പെട്ട് ആരോഗ്യം ക്ഷയിപ്പിക്കുന്നത്?

അഞ്ചാമത്തേത് നിങ്ങള്‍ ശരിയായി ഉള്‍ക്കൊള്ളേണ്ട കാര്യമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളുടെയോ ഭര്‍ത്താവിന്റെയും മറ്റാളുകളുടെയോ മേല്‍ അധികാരമില്ല; നിങ്ങളുടെ മേല്‍ മാത്രമേ അധികാരമുള്ളൂ. അവരുടെ നല്ല ജീവിതത്തിനും തെറ്റില്‍ അകപ്പെടാതിരിക്കാനും സഹായിക്കുക എന്നത് മാത്രമാണ് നിങ്ങളുടെ ദൗത്യം. ആറ്, എന്തിനാണ് മറ്റുള്ളവരെ നിങ്ങളുടെ ദുഖത്തിന് കാരണമാവാന്‍ അനുവദിക്കുന്നത്? അതിന് പകരം നിങ്ങള്‍ക്ക് സന്തോഷം പകരുന്ന കാര്യങ്ങള്‍ ചെയ്യുകയും അതില്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യുക. ഒഴിവ് സമയം നിങ്ങള്‍ക്കും നിങ്ങളുടെ ആരോഗ്യത്തിനും ഫലപ്രദമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയെന്നതാണ് ഏഴാമത്തെ കാര്യം. ഹോബികള്‍, കഴിവുകള്‍ പോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, കായിക വിനോദങ്ങള്‍, തുടര്‍പഠനം, പരിശീലന പരിപാടികളിലെ പങ്കാളിത്തം, ബിസിനസ് സംരഭങ്ങളിലേര്‍പ്പെടല്‍, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന പരിപാടികളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയവയൊക്കെ അതിനുദാഹരണങ്ങളാണ്. കാരണം ഒഴിവ് സമയം ഭര്‍ത്താവിനെ കുറിച്ച ചിന്തയിലേക്കും ജീവിതം അതില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയിലേക്കുമാണ് എത്തിക്കുക. ഇപ്പോള്‍ നിങ്ങള്‍ അത്തരത്തില്‍ ജീവിക്കുന്നത് കൊണ്ട് അതിന്റെ ക്ഷീണവും അനുഭവിക്കുന്നുണ്ട്.

Also read: ജപ്പാനികളും തൊഴിലിന്റെ ഫിലോസഫിയും

എട്ട്, അദ്ദേഹത്തിലുള്ള സംശയവും നിരീക്ഷണവും അതിനെ കുറിച്ച സംസാരവും നിങ്ങള്‍ തുടരുകയാണെങ്കില്‍ തന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിക്കുമെന്നതായിരിക്കും അതിന്റെ ഫലം. നിങ്ങളില്‍ നിന്നും വീട്ടില്‍ നിന്നും അദ്ദേഹം മാറി നില്‍ക്കുകയോ നിങ്ങളോടുള്ള വിരോധത്താല്‍ പുതിയ സ്ത്രീ ബന്ധങ്ങള്‍ തുടങ്ങുകയോ ചെയ്‌തേക്കാം. എത്ര സത്യസന്ധത കാണിച്ചിട്ടും ഒരു ഫലവുമില്ലെന്നും നിങ്ങളവരെ കാണുന്നത് കള്ളനായിട്ടാണെന്ന ചിന്തയാണ് അതുണ്ടാക്കുക. സ്വാഭാവികമായും ക്ഷമ നശിച്ച് പകരംവീട്ടലിന്റെ ശൈലിയിലേക്കവര്‍ മാറുകയും ചെയ്യും.

ഒമ്പത്, നിങ്ങളുടെ ആരോഗ്യവും മാനസികനിലയും സംരക്ഷിക്കുകയെന്നത് മുഖ്യവിഷയമായി നിങ്ങള്‍ കാണണം. നിങ്ങള്‍ രോഗിയായാല്‍ ആരും നിങ്ങള്‍ക്കൊപ്പമുണ്ടാവില്ല. രോഗം നിങ്ങളുടെ പ്രവര്‍ത്തനങ്ങളും സ്വഭാവവും കാരണമുണ്ടായതാണ്. പത്താമത്തെ കാര്യം നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് നീചവും നിന്ദ്യവുമായ പ്രവര്‍ത്തനമാണെന്ന് അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ അതിനെ കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. ആയുസ്സിലെ മധുവൂറുന്ന ദിവസങ്ങളാണ് നിങ്ങള്‍ പാഴാക്കിയിട്ടുണ്ടാവുക. പതിനൊന്നാമതായി നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം കുറ്റവാളിയെ പിടികൂടാനുള്ള ഏത് നിയമമുണ്ടെങ്കിലും ആ നിയമത്തെ മറികടക്കാനുള്ള ആയിരം തന്ത്രങ്ങള്‍ കുറ്റവാളിയുടെ പക്കലുണ്ടാവുമെന്നതാണ്. നിങ്ങളെത്ര നിരീക്ഷിച്ചാലും വിടാതെ പിന്തുടര്‍ന്നാലും താനുദ്ദേശിക്കുന്നവരുമായി ബന്ധം പുലര്‍ത്താനുള്ള ആയിരം വഴികള്‍ അദ്ദേഹം കാണും. പന്ത്രണ്ടാമത്തെ കാര്യം അദ്ദേഹത്തിന്റെ അവിഹിത ബന്ധങ്ങള്‍ സ്ഥിരീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് നിങ്ങള്‍ക്ക് തെറ്റ് സംഭവിച്ചെന്നും അദ്ദേഹത്തെ തെറ്റിധരിച്ചുവെന്നും നിങ്ങള്‍ക്ക് ബോധ്യപ്പെടുകയാണെങ്കില്‍ സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടുത്തിയ അവസ്ഥയായിരിക്കും നിങ്ങള്‍ക്കത്. ഒരുപക്ഷേ അദ്ദേഹം നിങ്ങളെ മാനസിക രോഗിയെന്നോ ഭ്രാന്തിയെന്നോ വിശേഷിപ്പിക്കുകയും ചെയ്‌തേക്കാം.

അവസാനമായി എനിക്ക് പറയാനുള്ളത്, ചുഴിഞ്ഞന്വേഷണമെന്നത് ഒരു മണല്‍കൂന പോലെയാണ്. ഓരോ ചലനവും നിങ്ങളെ അതിന്റെ കൂടുതല്‍ ആഴങ്ങളിലേക്കാണ് എത്തിക്കുക. അവസാനം പുറത്തുകടക്കാന്‍ പ്രയാസകരമായ അവസ്ഥയിലേക്കത് എത്തിക്കും. എന്റെ വാക്കുകളെ അംഗീകരിച്ചു കൊണ്ട് അവള്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ഞാനിപ്പോള്‍ ആ മണല്‍കൂനയില്‍ ആണ്ടു കിടക്കുകയാണ്. നിങ്ങള്‍ പകര്‍ന്നു നല്‍കിയ ചിന്തകള്‍ ഞാന്‍ നടപ്പാക്കും… ഇന്‍ശാ അല്ലാഹ്.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close