Current Date

Search
Close this search box.
Search
Close this search box.

ജപ്പാനികളും തൊഴിലിന്റെ ഫിലോസഫിയും

ഏഷ്യന്‍ നാടുകള്‍, വിശേഷിച്ച് ജപ്പാന്‍ തൊഴില്‍മേഖലയിലെ കൃത്യതയും ആത്മാര്‍ഥതയും കൊണ്ട് പ്രസിദ്ധമായ ഇടമാണ്. തൊഴില്‍ മര്യാദകള്‍ക്ക് മുഖ്യമായ പ്രാധാന്യം കല്‍പിച്ചു പോരുന്ന ഓരോ ജപ്പാനി തൊഴിലാളിയും മറ്റൊരു വശത്ത് കമ്പനികളും തൊഴില്‍ വിഷയത്തില്‍ ഒരുപോലെ പ്രത്യേക സംസ്‌കാരവും ആഴത്തിലുള്ള ഫിലോസഫിയും വെച്ചുപുലര്‍ത്തുന്നവരാണ്. മാസത്തില്‍ എണ്‍പത് മണിക്കൂര്‍ എന്ന തോതില്‍ അധികസമയം ജോലിയനുഷ്ടിക്കുന്നവരാണവര്‍. ഈ അധികസമയം വര്‍ഷംതോറും രണ്ടായിരം പേരുടെ മരണത്തിലേക്കു നയിക്കുന്നു എന്നതും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.
തൊള്ളായിരത്തി എഴുപതുകളില്‍ ജോണ്‍ ടെയ്ല്‍ എന്നു പേരുള്ള ഒരു ഉത്തര കൊറിയന്‍ യുവാവ് തൊഴിലാളികളുടെ പരിതസ്ഥിതിയില്‍ മനംനൊന്ത് അധികാരികളോടുള്ള പ്രതിഷേധമെന്നോണം താന്‍ തൊഴില്‍ ചെയ്യുന്ന ഫാക്ടറിക്കുമുന്നില്‍ ആത്മഹുതി നടത്തിയിരുന്നു. 22 വയസ്സ് പോലും തികയാത്ത ആ യുവാവ് ‘ഞങ്ങള്‍ മനുഷ്യരാണ്, യന്ത്രങ്ങളല്ല’ (“we are human not machines”) എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞായിരുന്നു ഈ പ്രതിഷേധം നടത്തിയത്. തൊഴിലാളികളുടെ ദയനീതയും അവര്‍ നേരിടുന്ന അവഗണനയും തുറന്നുകാട്ടാന്‍ ഏഷ്യ കേന്ദ്രീകൃതമായി ഉദയം കൊണ്ട പ്രതിഷേധങ്ങളിലെ ആദ്യഘട്ടത്തില്‍പെട്ട ഒന്നായിരുന്നു അത്.

ജപ്പാനികളുടെ തൊഴിലിലെ ഫിലോസഫിയുടെ അടിസ്ഥാനം, തൊഴില്‍ തങ്ങളുടെ മതവിശ്വാസത്തിന്റെയും ആത്മീയാചാര്യനായ ബുദ്ധന്റ അധ്യാപനങ്ങളുടെയും ഒരു ഭാഗമാണെന്നതാണ്. അതുകൊണ്ട് തന്നെ ഒരു ജപ്പാനി തൊഴിലാളി ശ്രമകരമായ ജോലികള്‍ ചെയ്യുമ്പോള്‍ പോലും മാനസികമായി അത്യധികം ആനന്ദം അനുഭവിച്ചിരുന്നു. ഈ അവസ്ഥയാണ് ജപ്പാനികളുടെ തൊഴില്‍ ജീവിതവും സാധാരണ ജീവിതവും തമ്മില്‍ വലിയൊരു വിടവ് സൃഷ്ടിച്ചതും ജപ്പാന്‍ സര്‍ക്കാരിനെ തൊഴില്‍ മരണങ്ങള്‍ കുറക്കാനുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതും.

കമ്പനിയും തൊഴിലാളികളും തമ്മില്‍
ജപ്പാനിലെ തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ഏറെ ആഴത്തിലുള്ളതാണ്. കമ്പനിയുടെ വിജയത്തിന്റെ ആണിക്കല്ലുകളാണ് എന്നതിനാല്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും അവരുടെ ജീവിതസാഹചര്യങ്ങള്‍ സമ്പൂര്‍ണമായി അനുകൂലമാക്കുകയും ചെയ്യുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്നവരാണവര്‍.
പ്രയാസവേളകളില്‍ തൊഴിലാളികളെ സംരക്ഷിക്കാനുതകുന്ന തരത്തിലുള്ള പല മാര്‍ഗങ്ങളും ജപ്പാനീസ് കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരന്തരമായി പല രീതിയിലുള്ള പരിശീലനങ്ങള്‍ക്കും ഉദ്യമങ്ങള്‍ക്കും സദുദ്ദേശ്യപരമയായി തൊഴിലാളികള്‍ വിധേയരാവാറുമുണ്ട്. ആരോഗ്യപരമായ വിഷയങ്ങളില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ പരിരക്ഷ നല്‍കാന്‍ വേണ്ടി മത്സരിക്കുന്ന ജപ്പാനീസ് കമ്പനികള്‍ അവരുടെ മാനസിക നില ഉറപ്പിക്കാന്‍ ആവശ്യമായ മനഃശാസ്ത്രപരമായ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിപ്പോരുന്നുണ്ട്.

Also read: ‘ഗ്രെറ്റ, നീയിതു കേള്‍ക്കണം’

ഇത്തരത്തില്‍ ജപ്പാനില്‍ ഒരു കമ്പനി ജോലിക്കാരനായും സേവകനായും തീരാന്‍ ചെറുപ്പകാലം മുതല്‍ക്കേ തന്റെ വിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കുന്ന തൊഴിലുകളിലേര്‍പ്പെടാന്‍ പല വിധത്തിലുള്ള സ്വഭാവഗുണങ്ങളും ഒരു ശരാശരി തൊഴിലാളി ആര്‍ജിച്ചെടുക്കേണ്ടതായുണ്ട്. അതിലേറ്റവും പ്രധാനം തന്റെ തൊഴിലിനോട് പ്രിയമുണ്ടാവുകയെന്നതു തന്നെയാണ്. ജോലിയിലുള്ള ആത്മാര്‍ഥതയും കൃത്യതയും അധ്വാനവും സ്ഥാപന നിയമങ്ങളോടുള്ള വിധേയത്വവും എല്ലാം ഈ ഇഷ്ടം അടിസ്ഥാനപ്പെടുത്തിയാവും. സ്ഥാപനത്തിന്റെ വിജയമാണ് തന്റെ വിജയമെന്ന് അവര്‍ തിരിച്ചറിയുക അപ്പോള്‍ മാത്രമാണ്. തൊഴിലിന്റെ ഈ ഫിലോസഫിയാണ് ജപ്പാനീസ് തൊഴിലാളിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.

തൊഴിലും ദുരന്തനിവാരണമെന്ന കലയും
ജപ്പാനിലെ തൊഴില്‍മേഖലകളും കമ്പനികളും സാമ്പത്തികപ്രയാസങ്ങള്‍ നേരിടുമ്പോള്‍ തൊഴിലാളികളെ പിരിച്ചുവിടുകയോ വേതനം വെട്ടിച്ചുരുക്കുകയോ അല്ല ചെയ്യാറ്, മറിച്ച് സ്ഥാപനത്തിനകത്തു തന്നെ നൂതന ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്യുക. ഇത്തരത്തില്‍ സ്ഥാപനത്തിന്റെ ന്യൂനതയുള്ള ഇടങ്ങള്‍ തിരിച്ചറിഞ്ഞ് പെട്ടെന്നുണ്ടാകാവുന്ന പ്രശ്‌നങ്ങളെ നേരിടാനുതകുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ആദ്യമേ ആവിഷ്‌കരിച്ചു വെക്കുന്നതാണ് ഇവിടത്തെ രീതി.

യൂറോപ്പിലും അമേരിക്കയിലുമുള്ള തൊഴില്‍ സംവിധാനങ്ങളില്‍ നിന്ന് ഈ ജപ്പാനീസ് സംവിധാനം പലവിധത്തിലും വേറിട്ടു നില്‍ക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് കൃത്യമായ തൊഴില്‍ പ്രായം നിശ്ചയിച്ച് പ്രയാസങ്ങള്‍ നേരിടുന്ന സമയത്ത് പ്രത്യേക പരിഗണന നല്‍കുന്ന ഒരു രീതിയാണ് ജപ്പാനിലേതെങ്കില്‍ ഡോള്‍ സിസ്റ്റം (Dole Payment) എന്ന പേരില്‍ അമേരിക്കയിലും യൂറോപ്പിലും നടക്കുന്നത്, ഇത്തരം പ്രയാസവേളകളില്‍ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുകയും ആ തൊഴിലാളികള്‍ പെരുവഴിയിലാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത്തരക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ചിലപ്പോള്‍ തൊഴില്‍ ചെയ്താല്‍ ലഭിക്കുന്നതിലേറെ വേതനം നഷ്ടപരിഹാരമായി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ലഭിക്കുകയും തുടര്‍ന്ന് തൊഴില്‍ ചെയ്യാതെ ഈ വേതനം പ്രതീക്ഷിച്ച് മടിച്ചുകൂടുന്ന ജനങ്ങള്‍ വര്‍ധിക്കുകയുമാണിവിടെ. ഇതോടെ സമ്പൂര്‍ണമായി തൊഴില്‍ മേഖല തകിടം മറിയുന്ന രീതിയാണ്  യൂറോപ്പ് അമേരിക്കന്‍ സംവിധാനത്തില്‍ നിലനില്‍ക്കുന്നത്.

സര്‍ക്കാര്‍ നിക്ഷേപം ആശ്രയിച്ച് ഇത്തരത്തില്‍ നല്‍കപ്പെടുന്ന നഷ്ടപരിഹാരം സാമ്പത്തിക ഭദ്രതയുള്ള കാലത്തും അല്ലാത്ത കാലത്തും കൂടിയും കുറഞ്ഞും കൃത്യമായ സംവിധാനത്തിലല്ല പ്രവര്‍ത്തിക്കുക എന്നതുകൊണ്ടു തന്നെ ഒരിക്കലും നല്ല ഒരു രാഷ്ട്രീയമായല്ല ഈ ഡോള്‍ സിസ്റ്റം പ്രദാനം ചെയ്യുന്നത് എന്നു വേണം മനസ്സിലാക്കാന്‍. അപ്പോഴാണ് തൊഴിലിനെ ഒരു പരിശുദ്ധ കര്‍മമായി മനസ്സിലാക്കി, ആത്മീയ സംസ്‌കാരത്തിന്റെ ഭാഗമായി കണ്ട് മുന്നോട്ടു പോവുന്ന ജപ്പാനിന്റെ തൊഴില്‍ ഫിലോസഫി പ്രാധാന്യമര്‍ഹിക്കുന്നതും ലോക സാമ്പത്തിക തലത്തില്‍ ജപ്പാന്‍ അപൂര്‍വമായ കുതിച്ചുചാട്ടങ്ങള്‍ നടത്തുന്നതും.

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles