Current Date

Search
Close this search box.
Search
Close this search box.

അഹന്തയെ തൂത്തുവാരി പുറത്തിടുക

അന്യരെ മഹത്വം കുറഞ്ഞവരായി കാണുന്നതിലും വലിയ പാതകം വേറെയില്ല. അപരരെ ആദരിച്ചു നേടാവുന്നതിലും വലിയ മഹത്വവുമില്ല. അഹന്തയെ ഹൃദയത്തിൽ നിന്നും തൂത്തുവാരി പുറത്തിടാനുള്ള ഒരാളുടെ കഴിവിനെ ആശ്രയിച്ചാണ് പക്ഷെ എല്ലാമിരിക്കുന്നത്. ലോകത്താദ്യമായി അഹന്തയുടെ വാക്കുകൾ ഉച്ചരിച്ചത് പിശാചായിരുന്നു. വിജ്ഞാനത്തിൽ ആദം കാണിച്ച മികവ് അംഗീകരിക്കാൻ പിശാച് തയാറായില്ല. ആദമിന് സാഷ്ടാംഗം ചെയ്യാനുള്ള ദൈവത്തിന്റെ കല്പനയെ പിശാച് ലംഘിച്ചു. താൻ ശ്രേഷ്ഠൻ എന്ന നിലപാടായിരുന്നു ഇബ് ലീസിന്. അതിനൊരു ന്യായവും അവൻ ഉന്നയിച്ചു.

സംഭവത്തിന്റെ ഖുർആനിക വിവരണം ഇങ്ങനെ: “അള്ളാഹു ഇബ്‌ലീസിനോട് ചോദിച്ചു: ഞാൻ കൽപിച്ചപ്പോൾ പ്രണാമം ചെയ്യുന്നതിൽ നിന്നും നിന്നെ തടഞ്ഞതെന്താണ്? ഇബ്‌ലീസ് പറഞ്ഞു: ഞാൻ ആദമിനേക്കാൾ മുന്തിയവനാകുന്നു. അഗ്നിയിലാണ് നീ എന്നെ സൃഷ്ടിച്ചത്. അവനെ സൃഷ്ടിച്ചതോ മണ്ണിനാലും. അല്ലാഹു പറഞ്ഞു: എങ്കിൽ നീ ഇവിടെ നിന്നും ഇറങ്ങി കൊള്ളണം. നിനക്കിവിടെ അഹങ്കരിക്കാൻ അവകാശമില്ല. ഉടൻ പുറത്തു കടക്കുക. നീ സ്വയം നിന്ദ്യത വരിച്ചവനാകുന്നു”. ഖുർആൻ അധ്യായം ഏഴ്, പന്ത്രണ്ട്, പതിമൂന്ന് സൂക്തങ്ങൾ.

സ്വന്തത്തിനു ശ്രേഷ്ടത കൽപ്പിക്കുകയും ഇതര ജനങ്ങളെ നിന്ദ്യരായി കാണുകയും ചെയ്യുന്നതോടെ അഹങ്കാരമെന്ന രോഗം തുടങ്ങുകയായി. ഭാര്യയടക്കം സ്ഥിരം സഹവസിക്കുന്നവരും അല്ലാത്തവരുമായ സകലരും അഹങ്കാരിയുടെ അഹന്തക്ക് വിധേയമായിക്കൊണ്ടിരിക്കും. ഞാൻ ഭർത്താവ്, ഭാര്യ എന്നെ സേവിക്കുകയും അനുസരിക്കുകയും ചെയ്യട്ടെ. ഞാൻ പിതാവ്, മക്കൾ ഞാൻ പറയുന്നത് അപ്പടി അനുസരിക്കട്ടെ. ഞാൻ മൂത്തവൻ. അനിയൻ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി. ഞാൻ അമ്മായി ‘അമ്മ. മരുമകൾ എന്റെ കാൽകീഴിൽ വീഴട്ടെ. ഞാൻ ഗുരു. ശിഷ്യൻ എന്നെ വണങ്ങട്ടെ. ഞാൻ മൂത്തവൾ. അനിയത്തിമാരും അനിയന്മാരും എന്നെ വാഴ്ത്തട്ടെ തുടങ്ങി മേന്മയുടെയും ശ്രേഷ്ഠതയുടെയും ന്യായത്തിൽ വഞ്ചിതരായി പോവുന്ന മനുഷ്യർ അനവധിയാണ്.

Also read: വിധവാ സംരക്ഷണം ജിഹാദ്

ഒരു മനുഷ്യൻ ജീവിക്കുന്നതായി അയാൾക്കനുഭവപ്പെടണമെങ്കിൽ അയാൾ മുറിച്ചു കടക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അയാൾ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പൊറുത്തു കൊടുക്കണം. എത്ര ചെറുതാവട്ടെ വലുതാവട്ടെ തനിക്കു ഉപകാരം ചെയ്യുന്നവർക്ക് നന്ദി രേഖപ്പെടുത്തി കൊണ്ടിരിക്കണം. മറ്റുള്ളവരെ കലവറയില്ലാതെ സ്നേഹിക്കണം. ഈ മൂന്നു കാര്യങ്ങളും മനസ്സാ വാചാ കർമണാ അവന്റെ സ്വഭാവവും പ്രകൃതിയുമായി മാറണം. ഈ കടമ്പകൾ മുറിച്ചു കടക്കുന്നവർക്ക് മാത്രമേ ജീവിതം ആസ്വദിക്കാൻ പറ്റൂ. അവർക്ക് മാത്രമേ സ്വയം സ്വസ്ഥനാവാനും മറ്റുള്ളവർക്ക് സ്വസ്ഥത പ്രദാനം ചെയ്യാനും സാധ്യമാവൂ. കുറെ വ്യക്തികൾ ഈ ഗുണങ്ങൾ ആർജിക്കുമ്പോൾ എല്ലാവരും അവരർഹിക്കുന്ന മഹത്വങ്ങളും പദവികളും ആസ്വദിക്കുന്ന ഒരു ഉത്തമ സമൂഹത്തിന്റെ ഉദയത്തിനു ഇത് വഴിവെക്കും.

ഖുർആൻ പതിനൊന്നാം അധ്യായം രണ്ടു മുതൽ നാല് ഉൾപ്പെടുന്ന വാക്യങ്ങൾ ഈ യാഥാർഥ്യത്തെയാണ് വിശദീകരിക്കുന്നത്.

“അല്ലാഹുവിന് മാത്രമേ നിങ്ങൾ അടിമപ്പെടാവൂ. അവനയച്ച മുന്നറിയിപ്പ്കാരനും സുവിശേഷകനുമാകുന്നു ഞാൻ. നിങ്ങൾ പാപമോചനം തേടുവിൻ. പശ്ചാത്തപിച്ചു മടങ്ങുവിൻ. ദൈവം നിങ്ങൾക്ക് നിശ്ചിത കാലത്തേക്ക് വിശിഷ്ടമായ ജീവിത വിഭവങ്ങൾ നൽകി കൊണ്ടിരിക്കും. ഓരോരുത്തർക്കും അവരർഹിക്കുന്ന മഹത്വങ്ങൾ നൽകും. ഈ കൽപനകളെ അവഗണിച്ചു പിന്തിരിഞ്ഞു പോവുന്ന പക്ഷം നിങ്ങൾക്ക് ഒരു ഭയങ്കര നാളിന്റെ ശിക്ഷയെ ഞാൻ ഭയപ്പെടുന്നു.”

Also read: സമയത്തിന്റെ പ്രാധാന്യം

അഹങ്കാരികൾ പക്ഷെ ഈ മൂന്നിന്റെയും നേർ വിപരീതങ്ങളെ അവരുടെ സ്വഭാവവും പ്രകൃതിയുമാക്കി വെച്ചിട്ടുണ്ടാകും. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി അവരെ ആക്ഷേപിച്ചും അവരോടു നന്ദികേട് കാണിച്ചും വെറുപ്പും വിദ്വെഷവും മാത്രം വെച്ച് പുലർത്തിയും അവർ സ്വയം അസ്വസ്ഥരാവുകയും മറ്റുള്ളവരുടെ സ്വാസ്ഥ്യം കെടുത്തുകയും ചെയ്യും. പിശാചിനെ പോലെ എല്ലാവരാലും വെറുക്കപെട്ടവരായി അവർ പരിണമിക്കും.

സദസ്സുകളിൽ തുറന്നു ഇടപെടാനോ സുഖ ദുഖങ്ങളെ മറ്റുള്ളവരുമായി പങ്കു വെക്കാനോ സാധ്യമാവാതെ മാനസിക സംഘർഷങ്ങളിൽ പെട്ട് തീ തിന്നു ജീവിക്കാനായിരിക്കും അവരുടെ വിധി. ജീവിക്കുന്നതിന്റെ സുഖം അവർ ഒരിക്കലും ആസ്വദിക്കുകയില്ല. പരാജയപ്പെട്ട ജീവിതത്തിന്റെ ഉടമകളായിരിക്കും അവർ.

‘ആത്മാവിനെക്കൊണ്ടും അതിനെ ന്യൂനതാമുക്തമാക്കി നന്മതിന്മകള്‍ ഗ്രഹിപ്പിച്ചുകൊടുത്ത മഹാശക്തിയെ കൊണ്ടും സത്യം . ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു; അതിനെ മലിനീകരിച്ചവന്‍ നിശ്ചയം പരാജിതനായിരിക്കുന്നു’. അപ്പോള്‍ ആത്മാവിനെ ശുദ്ധീകരിക്കലാണ് വിജയ മാര്‍ഗം എന്ന് വ്യക്തം. തിരു ദൂതര്‍ പറഞ്ഞു: ‘അറിയുക തീര്‍ച്ചയായും മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി. അറിയുക, അതാണ് ഹൃദയം’…. അതെ, ഹൃദയത്തിൽ നിന്നും അഹങ്കാരത്തെ കുടിയിറക്കുന്നതാണ് വിജയത്തിന്റെ ആദ്യ പടി.

Related Articles