Current Date

Search
Close this search box.
Search
Close this search box.

വിധവാ സംരക്ഷണം ജിഹാദ്

1934 സെപ്റ്റംബര്‍ 13ന് 83 വർഷം മുമ്പാണ് വിപ്ലവം തലക്കുകയറിയ രണ്ടു സഖാക്കൾ തങ്ങളുടെ വിധവയായ സഹോദരിയെ രണ്ടാം വേളിക്ക് പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ ഇല്ലത്ത് ബഹിഷ്കൃതരായത്.ഇക്കൂട്ടത്തില്‍ പ്രധാനി വി ടി ഭട്ടതിരിപ്പാടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലും കാര്‍മികത്വത്തിലുമാണ് ആദ്യത്തെ നമ്പൂരി വിധവാ വിവാഹം നടന്നത്. വരന്‍ എംആര്‍ബി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വന്നേരി മുല്ലമംഗലത്തെ രാമന്‍ ഭട്ടതിരിപ്പാട്.

വി ടി ഭട്ടതിരിപ്പാടിന്റെ ഭാര്യാ സഹോദരിയായ ഉമാ അന്തര്‍ജ്ജനത്തിന്റെ ആദ്യവിവാഹം സമുദായാചാര പ്രകാരം നടന്നിരുന്നെങ്കിലും വിവാഹത്തിന്റെ രണ്ടാമത്തെ ആഴ്ച അവര്‍ വിധവയായി. എംആർബിയുടെ സഹോദരൻ പ്രേംജിയും ഇത്തരം ഒരു ധീര വിവാഹമാണ് നിർവ്വഹിച്ചത്. 1856 ലാണ് ഹിന്ദുമത വിധവ വിവാഹ ബിൽ അംഗീകരിക്കപ്പെടുന്നതെങ്കിലും പിന്നേയും എത്രയോ വർഷമെടുത്തു പരമ്പരാഗത സമൂഹം അത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത്. അതിനു മുമ്പ് തന്റേതല്ലാത്ത കാരണത്താൽ വിധവയായ സ്ത്രീക്ക് ശുഭ്ര വസ്ത്രമല്ലാതെ തുന്നിയ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും കല്പിക്കപ്പെട്ടിരുന്നില്ല.

മറയ്ക്കുള്ളിലെ മഹാനരകം’ , വി ടി യുടെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’
എന്നീ നാടകങ്ങൾ അക്കാലത്തെ  കേരളീയ വീടകങ്ങളെ പുറത്ത് ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന , യാഥാസ്ഥിതികത്വത്തിന്റെ നേര്‍ക്കെറിഞ്ഞ വലിയ ബോംബായിരുന്നു.
വിധവാ വിവാഹം ഒരു ആവശ്യമായുന്നയിക്കാന്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ പോലും ധൈര്യപ്പെട്ടില്ല. നമ്പൂതിരി വിധവകളുടെ ജീവിതം കഷ്ടാല്‍ കഷ്ടതരമായിരുന്നു. എല്ലാവരാലും വെറുക്കപ്പെട്ട് ആര്‍ക്കും കണ്ടുകൂടാതെ, ‘അശ്രീകര’ങ്ങളായി, അവര്‍ക്ക് ഭര്‍ത്തൃഗൃഹങ്ങളില്‍ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും’ എന്ന മട്ടില്‍ നരകിക്കേണ്ടി വന്നിരുന്നു. വടക്കേന്ത്യയിലെ നാരികളുടെ കാര്യം പറയുകയും വേണ്ട; രാജാ റാം മോഹൻ റായിയെ പോലെയുള്ളവരുടെ പരിശ്രമഫലമായി സതി നിയമപരമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും നിന്ദ്യയായി ജീവിക്കുന്നതിനേക്കാൾ നല്ലത് ആത്മാഹുതിയാണെന്ന് ആ നാടുകളിലെ വിധവകൾ ഏറെക്കുറെ കരുതിയിരുന്നു.
വൃന്ദാവൻ , പ്രജ്ഭൂമി, ഗോവർധൻ എന്നീ പ്രദേശങ്ങളിലെ വിധവകളിൽ ഏറിയ പങ്കും വൈധവ്യത്തിന്റെ അടിമത്വത്തേക്കാൾ നല്ലത് മുമ്പുണ്ടായിരുന്ന സതി ആയിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരാണെന്ന് ചില ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ക്രൈസ്തവ വിശ്വാസമനുസരിച്ച് വിധവാ വിവാഹത്തിന് വേദപുസ്തകത്തിന്റെ അനുമതിയുണ്ടെങ്കിലും തെമ്മാടിക്കുഴി പേടിയില്ലാത്ത സാഹസികന്മാരേ ഇത്തരം സംരംഭങ്ങൾക്ക് മുൻകൈയ്യെടുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളൂ.

Also read: നസാറകളും മസീഹുകളും തമ്മിലെന്താണ് വ്യത്യാസം?

ഈയുള്ളവൻ ചരിത്രത്തിൽ മനസ്സിലാക്കിയ ആദ്യ വിധവാ വിവാഹം മക്കയിലെ വിപ്ലവകാരിയായ ആചെറുപ്പക്കാരന്റേതായിരുന്നു. ലോക സ്ത്രീകളിൽ ആരുമത്തരമൊരു സുന്ദരനെ പ്രസവിച്ചിട്ടില്ലെന്നും അത്രയും മനോഹരനെ ഇതുവരെ താൻ കണ്ടിട്ടില്ലെന്നും ഹസ്സാൻ (റ) പുകഴ്ത്തിയ ആ യുവ കോമളൻ . അതും തന്നേക്കാൾ പ്രായത്തിൽ മൂത്ത മാണിക്യമലരായ ഖദീജാ ബീവിയെ .അതെ , പ്രവാചകൻ മുഹമ്മദ് മുസ്തഫാ (സ) യുടെ എല്ലാ വിവാഹങ്ങളും വിപ്ലവാത്മകങ്ങളായിരുന്നു. കന്യകയായി അദ്ദേഹത്തിന്റെ ഇണകളിലുണ്ടായിരുന്നത് തന്റെ ആത്മ മിത്രത്തിന്റെ ആരോമലായ ആയിശാ ബീവി മാത്രമായിരുന്നു. വിധവകളുടെ സംരക്ഷണം ദൈവമാർഗത്തിലെ സമരം പോലെ, രാത്രി മുഴുവനുമുള്ള പ്രാർഥന പോലെ, പകൽ മുഴുവനുമുള്ള വ്രതം പോലെ മഹത്തരമാണെന്ന് ഉദ്ഘോഷിക്കുന്നതിന് മുമ്പ് സ്വജീവിതത്തിൽ പകർത്തി മാതൃക കാണിക്കുകയായിരുന്നു പ്രവാചകൻ (സ). വിധവയ്ക്ക് എല്ലാ ബഹുമാനവും കരുതലും ലഭിക്കുന്നുവെന്നതിന്റെ മാതൃക പരതാൻ മുഹമ്മദ് – ഖദീജ: ദാമ്പത്യം മാത്രമൊന്ന് വായിച്ചാൽ മതി. ആദ്യ വഹ് യിന്റെ ഞെട്ടൽ മാറ്റി ആത്മധൈര്യം നല്കാൻ ഖദീജ പറഞ്ഞ വർത്തമാനത്തിൽ പോലും ആ കരുതൽ പ്രകടമാണ്.

സ്ത്രീകള്‍ക്ക് ചില ബാധ്യതകളുള്ളതുപോലെ തന്നെ ന്യായമായ അവകാശങ്ങള്‍ ലഭിക്കേണ്ടതുമുണ്ട്” (2:228) എന്നത് വിധവകളും ഉൾകൊള്ളുന്ന സ്ത്രീ സമൂഹത്തെയാണ് ഖുർആൻ പഠിപ്പിക്കുന്നത്.ജാനെറ്റ് പിന്റോ പറയുന്നത് പോലെ ഭര്‍ത്താവിന്റെ മരണശേഷം വിധവയായ സ്ത്രീ മരിച്ചയാളുടെ മകന്റെ സ്വത്തായിത്തീരുന്ന അവരിലാരെയും സ്വന്തം ഇഷ്ടംപോലെ ഉപയോഗിക്കാന്‍ അക്കാലത്ത് അയാള്‍ക്കാകുമായിരുന്നു. ഇസ്‌ലാമിനു മുമ്പ് വിഗ്രഹാരാധകരായ അറബികള്‍ക്കിടയില്‍ ഇത്തരം സമ്പ്രദായങ്ങളുണ്ടായിരുന്നു. അത്തരം സാഹചര്യത്തിൽ നിന്നാണ് വിധവക്ക് സ്വതന്ത്രമായി കച്ചവടം നടത്താനുള്ള അധികാരം ലഭിക്കുന്നതെന്ന് നാമറിയണം. ഭര്‍ത്താവ് മരിച്ചവര്‍ക്ക് ഖുര്‍ആന്‍ (2:234) പുനര്‍വിവാഹത്തിന് വ്യക്തമായ അനുമതി നല്കുന്നു.ഇസ്‌ലാമില്‍ വിധവക്ക് ജീവിതത്തിന്റെ ഭാവി പാത തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. സ്വന്തം നിലനില്‍പിന് മതിയായ ജീവനാംശം ഉറപ്പ് നല്‍കപ്പെട്ടതിനു പുറമേ സ്വന്തം ജീവിതം ക്രമപ്പെടുത്താനുള്ള സമയവും വിധവക്ക് ലഭിക്കുന്നു. ഇത് മറ്റൊരു വാക്യത്തില്‍ നമുക്ക് വായിക്കാം: ”നിങ്ങളില്‍ നിന്ന് ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു വര്‍ഷത്തേക്ക് (വീട്ടില്‍ നിന്ന്) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ (സ്വമനസ്സാലെ) പുറത്ത് പോകുന്നപക്ഷം അവരുടെ (വിവാഹ) കാര്യത്തില്‍ മര്യാദയനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല” (2:240).

സതിയെ വധശിക്ഷക്കര്‍ഹമായ കുറ്റമായി പ്രഖ്യാപിച്ച അക്ബര്‍ ചക്രവര്‍ത്തി ജോദ്പൂരിലെ രാജ്ഞിയെ തീയില്‍ നിന്ന് രക്ഷിച്ചതായി പറയപ്പെടുന്നു. മുഗളന്മാരിൽ താരതമ്യേന മത വിശ്വാസം കുറവായിരുന്ന അക്ബർ ഇങ്ങിനെയായിരുന്നുവെങ്കിൽ
ജഹാംഗീറും, ഏറെ അപവാദങ്ങള്‍ കേട്ട ഔറംഗസീബും ഈ സമ്പ്രദായം കർശനമായി നിരോധിച്ചു. ഇതെല്ലാം പരമ്പരാഗതമായി അവർക്ക് ലഭിച്ച വിധവാ സംരക്ഷണ ബോധത്തിന്റെ ഭാഗമായിരുന്നു. ആ അധ്യാപനങ്ങളാണ് വിധവയെ സംരക്ഷിക്കണമെന്ന വിതാനത്തിലേക്കുയർത്തൂ .

അധമമെന്ന് പറഞ്ഞു സഗോത്രരാം
ബുധജനങ്ങള്‍ പഴിച്ചിടുമെങ്കിലും
വിധവയെ, സ്സഖ, കേള്‍ക്കുക ധീരമാം-
വിധമ ബാധമ ബാന്ധവ സമ്മതം’
-പ്രേംജി
(വിധവാ വിവാഹം എന്ന കവിതയിൽ )

 

ജൂൺ 23 – ലോക വിധവാ ദിനം

Related Articles