Current Date

Search
Close this search box.
Search
Close this search box.

സമയത്തിന്റെ പ്രാധാന്യം

ദിവസത്തിന് 24 മണിക്കൂർ ആണെങ്കിൽ അതിൽ തീർച്ചയായും ഒരാൾ 8 മണിക്കൂർ എങ്കിലും ഉറങ്ങേണ്ടതുണ്ടെന്നാണ്. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ഉറക്കം കൂടിയേ തീരൂ, കുറഞ്ഞത് 6 മണിക്കൂർ എങ്കിലും നിർബ്ബന്ധമായും ഒരാൾ ഉറങ്ങിയിരിക്കണം. ഉറങ്ങുമ്പോഴാണ് പകൽ മുഴുവൻ വിശ്രമമില്ലാതെ നിരന്തരം പ്രവൃത്തിച്ചുകൊണ്ടിരുന്ന ബ്രെയിൻ, ഹാർട്ട്, തുടങ്ങിയ ആന്തരീകാവയവങ്ങൾക്ക് അല്പമെങ്കിലും വിശ്രമം ലഭിക്കുന്നത്. അതുകൊണ്ട് ആരോഗ്യവും ആയുസ്സും നല്ലപോലെ നിലനിർത്താൻ മനുഷ്യർ ഉറങ്ങാനായി ദിനവും 6 മണിക്കൂർ എങ്കിലും കണ്ടെത്തിയെ തീരൂ. അങ്ങനെ നോക്കുമ്പോൾ ഒരാളുടെ 24 മണിക്കൂറിൽ നിന്ന് 8 മണിക്കൂർ നിദ്ര കവർന്നെടുക്കും ബാക്കിയായി വരുന്ന 16 മണിക്കൂർ എങ്ങനെ ചെലവഴിക്കുന്നു ഒരാൾ…!!?? ഇത് വളരെ ഗൗരവപൂർവം ചിന്തിക്കേണ്ട കാര്യമാണ്.

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും അതോടൊപ്പം അയാളുടെ ജീവിതം നിർണയിക്കുന്നതിൽ അതിയായ പങ്ക് വഹിക്കുന്ന ഒന്നാണ് “സമയം”. സമയം മനുഷ്യജീവിതത്തിൽ അമൂല്യമായ ഒന്നണ്, നഷ്ടമായാൽ ഒരിക്കലും തിരിച്ചുപിടിക്കാൻ പറ്റാത്തതും. ഭൂതവും ഭാവിയും ആരുടെയും കൈകളിൽ അല്ല എന്ന് നമുക്ക് വ്യക്തമായറിയാം അപ്പോൾ പിന്നെ വർത്തമാനകാലത്തെ എങ്ങനെ നിയന്ത്രിക്കാം, ജീവിത സാഫല്യം കണ്ടെത്താനായി എങ്ങനെ സമർത്ഥമായി വിനിയോഗിക്കാം അതിലൂടെ ജീവിതം ഏറ്റവും സംതൃപ്തവും മനോഹരവും അർത്ഥപൂർണ്ണവുമാക്കാൻ കഴിയുമെന്ന് നോക്കാം, അതിനായി പ്രയത്നിക്കുകയാണ് വേണ്ടത്. വെറുതെ ഇരുന്ന് സമയം കളയുന്നവർ സത്യത്തിൽ ജീവിതം വെറുതെ പാഴാക്കി കളയുകയാണ് ചെയ്യുന്നത്.

നല്ലൊരു വ്യക്തിത്വം എന്നാൽ സംശയം വേണ്ട ആ വ്യക്തി സമയത്തിന്റെ മൂല്യം കൂടെ മനസ്സിലാക്കി കഴിഞ്ഞ ആളായിരിക്കും. ഒരാളുടെ സമയത്തെ ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ അയാൾ കൃത്യമായി ഫോളോ ചെയ്യുന്ന ചില കാര്യങ്ങൾ എന്നുവെച്ചാൽ ഒരു routine ഉണ്ടെങ്കിൽ അവരുടെ ജീവിതത്തിന് നല്ലൊരു സിസ്റ്റവും ചിട്ടയും ഉണ്ടായിരിക്കും. ഇതുപോലെ അതാതിന്റെ സമയത്ത് ഓരോന്നും നിറവേറ്റാൻ കഴിയുമ്പോഴാണെങ്കിലോ? മനസിക മ്മർദ്ദം താരതമ്യേന കുറഞ്ഞും വരുന്നതായി കാണാം. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും നിലനിർത്താനായും തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാനായും ഒരാൾ സമയം കണ്ടെത്തേണ്ടതുണ്ട്. തിരക്ക് പിടിച്ച ജീവിതമാണെങ്കിൽ പ്രത്യേകിച്ചും അയാൾക്ക് വിദഗ്ദമായി സമയത്തെ വിനിയോഗിക്കാൻ പരിശീലിച്ചെ തീരൂ. അതിന് കഴിയണമെങ്കിൽ പ്രാഥമികമായി നല്ലൊരു routine ഉണ്ടായാൽ മതി. ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യതയോടെ യഥാസമയം ചെയ്യുമ്പോൾ തന്നെ മറ്റുള്ളവർക്കായി സമയം കണ്ടെത്തുന്നതിൽ ആർക്കും പരാജയം സമ്മതിക്കേണ്ടി വരില്ല.

രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ചില അച്ചടക്കങ്ങളും മര്യാദകളും പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട് എന്ന് ആരെങ്കിലും അഭിപ്രായപ്പെടുന്നത് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഓർമ്മയിലേയ്ക്ക് ഓടിയെത്തുന്നത് എന്തായിരിയ്ക്കും? ഓരോ സമയവും ശകാരിച്ചും ശിക്ഷിച്ചും കുഞ്ഞുങ്ങളെ അവർ ശിക്ഷണത്തിലൂടെ പഠിപ്പിച്ചെടുക്കുന്ന ചില അച്ചടക്കങ്ങളെയും മര്യാദകളെയും കുറിച്ചായിരിക്കും. എന്നാൽ പൊതുവെ എല്ലാവരാലും സ്വീകാര്യമായ ഒരു വ്യക്തിത്വത്തിന് ആ വ്യക്തി സ്വയം തിരിച്ചറിവിലൂടെയും സ്വന്തം പരിശ്രമത്തിലൂടെയും ആർജ്ജിച്ചെടുക്കുന്ന ചില അച്ചടക്കങ്ങളും മര്യാദകളും ഉണ്ട്. അതായത് സ്വന്തമായവ, സ്വഇഷ്ടപ്രകാരം യാതൊരു ബാഹ്യപ്രേരണയ്ക്കും അധീനപ്പെടാതെ പാലിക്കുന്നവയാണ് അവയൊക്കെ അതിനെ self discipline എന്ന് പറയും. എന്നാൽ അത് മറ്റാരുടെയും നിർബ്ബന്ധത്താലോ സമ്മർദ്ദത്തിന് വിധേയമായിട്ടൊ ചെയ്യുന്നത് ആവില്ല എന്നത് തന്നെയാണ് അതിന്റെ സവിശേഷത. ഇവയൊക്കെ നേടുന്നത് ആത്മബോധത്തിൽ നിന്നാണ്. കുഞ്ഞുങ്ങൾക്ക് എപ്പോഴും നൽകേണ്ടത് ആത്മബോധമാണ് എന്ന് പലയാവർത്തി പറയേണ്ടി വരുന്നത് അതുകൊണ്ടാണ്.

Also read: മക്കളെ സ്കൂളിലയക്കുന്നതെന്തിന്?

സ്‌കൂളിൽ നിന്ന് കുഞ്ഞുങ്ങൾ വന്ന് കഴിഞ്ഞാൽ കുളിച്ച് വൃത്തിയായി അല്പനേരം വിശ്രമിക്കാനോ, ടി.വി കാണാനോ, മറ്റു കുട്ടികളുമായി കളിക്കാനോ ആയി നൽകാം. അവർക്കും വേണ്ടേ ഒരു റിലാക്സേഷൻ. അതുകഴിഞ്ഞു എല്ലാദിവസവും ഒരേ നേരത്ത് തന്നെ ഹോം വർക്ക് ചെയ്യാൻ അവരെ ഇരുത്തിയാൽ കൂടെ നമ്മളും ഫ്രീ ആയിട്ട് അവരുടെ തൊട്ടടുത്ത് ഇരിക്കാനും നിർദ്ദേശങ്ങൾ നൽകാനും സമയം കണ്ടെത്തിയാൽ കുട്ടികൾക്ക് അതൊരു ശീലമായി മാറും. ഇരുത്തും മുമ്പേ ക്ലോക്കിലേയ്ക്ക് ചൂണ്ടി സൂചികൾ ഏത് അക്കങ്ങളുടെ മീതെയാണെന്ന് കാണിച്ചു കൊടുക്കുന്നതോടൊപ്പം അപ്പോഴത്തെ സമയവും പറഞ്ഞുകൊടുക്കണം. ഇത് ഹോം വർക്ക് ടൈം ആണെന്ന് പറയണം. കളിക്കാൻ അയക്കുന്ന സമയവും തിരിച്ചു അകത്തേയ്ക്ക് കയറാനുള്ള സമയവും ക്ലോക്കിൽ പഠിപ്പിച്ചു കൊടുക്കണം. പിറ്റേദിവസവും തുടർന്നുള്ള ദിവസങ്ങളിലും എല്ലാം ഈയൊരു മെത്തേഡ് തുടർന്നാൽ കുഞ്ഞിന്റെ മനസ്സ് ആ രീതിയിൽ കണ്ടീഷനിങ് ആക്കപ്പെടും. കുഞ്ഞുമനസ്സ് ഏത് വിധത്തിൽ അതായത് ക്രിയാത്മകമോ നിഷേധാത്മകപരമോ എങ്ങനെ കണ്ടീഷനിങ് ആക്കപ്പെടണം എന്നത് പോലും അച്ഛനമ്മമാർക്ക് തീരുമാനിക്കാനും യാതൊരു എതിർപ്പുമില്ലാതെ നിഷ്പ്രയാസം നടപ്പിലാക്കാനും കഴിയുന്ന ഒരു കാലഘട്ടം ആണ് ഇത്. വലുതായി വരുമ്പോൾ ആരും പറയാതെ തന്നെ അതേ സമയത്ത് ബാഗും ബുക്‌സും എടുത്ത് അവർ ഇരിക്കും. പഠനങ്ങൾ തെളിയിക്കുന്നത് ഒരു പ്രവൃത്തി തുടർച്ചയായി 21 ദിവസങ്ങൾ ചെയ്തുകൊണ്ടിരുന്നാൽ അത് ഒരു ശീലം/ഹാബിറ്റ് ആയി മാറുമെന്നാണ് അതേസമയം 66 ദിവസങ്ങൾ തുടർന്നാൽ അത് പെരുമാറ്റത്തിന്റെ ഭാഗമായി(behaviour) മാറും എന്നും പറയപ്പെടുന്നു.

ഇതുപോലെ കൂടെ നിന്ന് ശീലിപ്പിച്ചെടുക്കുക അല്ലെങ്കിൽ പരിശീലിപ്പിക്കുക എന്നുള്ളതാണ് ഈ പ്രായത്തിൽ എന്തായാലും മതപിതാക്കൾക്ക് ചെയ്യാവുന്നത്. പക്ഷെ അതിനും ഒരു പ്രായപരിധി ഉണ്ട്. അതായത് ഒരു 10 വയസ്സുവരെയൊക്കെ ആവാം. അത് മതി, അപ്പോഴത്തേക്കും മക്കളുടെ ജീവിതത്തിൽ അല്പം ചിട്ടയൊക്കെ വന്നുകാണും. ഒരു 7 വയസ്സ് കഴിയുന്നതോടെ വീട്ടിലെ ചെറിയ ഉത്തരവാദിത്വങ്ങളെല്ലാം അവരെ ഏല്പിച്ചുതുടങ്ങാം. അത് അവരിൽ ഉത്തരവാദിത്വബോധവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കും. കൗമാരത്തോട് അടുക്കുമ്പോൾ കുട്ടികൾക്ക് പേഴ്സണൽ സ്‌പേസ് നൽകണം, അവരെ കൊച്ചുകുട്ടികളായി പരിഗണിക്കുന്നതിന് പകരം വീട്ടിനകത്ത് ഒരു വ്യക്തിയായി അംഗീകരിക്കപ്പെടണം. അല്ലെങ്കിൽ നിങ്ങൾ വലിയ കുട്ടികളായി കഴിഞ്ഞു ഇനി മുതൽ നിങ്ങൾ എല്ലാം മനസ്സിലാക്കി പെരുമാറണം എന്നൊക്കെ ചട്ടം കെട്ടുന്നതും ഉചിതമല്ല. നേരിട്ട് അനുഭവങ്ങളൊന്നും ഇല്ലാത്ത, ഇതുവരെ അച്ഛന്റെയും അമ്മയുടെയും നിഴലിൽ ജീവിച്ചകുട്ടികൾ കൗമാരത്തിലെത്തി നിൽക്കുന്നതുകൊണ്ടോ തന്നോളം വലിപ്പം വെച്ചു എന്നത്കൊണ്ടോ പക്വതയാർജ്ജിച്ചോളണം എന്നില്ല. ഒരേ മാതാപിതാക്കളുടെ മക്കൾ തന്നെ വ്യത്യസ്ത പ്രായത്തിൽ പക്വത നേടുന്നത് കാണാം. പലരിലും അതിനുള്ള പ്രായവ്യത്യാസമുണ്ടാകും.

self discipline സ്വായത്തമാക്കിയവർ അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ അച്ചടക്കവും മര്യാദയും പാലിക്കാൻ ശീലിച്ചവർ അവരെ കുറിച്ചാണല്ലോ പറഞ്ഞു വന്നത് ഇത്തരം വ്യക്തികൾക്ക് ആത്മനിയന്ത്രണത്തിലേയ്ക്ക് എത്താൻ അനായാസം സാധിക്കുമെന്നതാണ് ഏറ്റവും വലിയൊരു നേട്ടമായി കാണേണ്ടത്.. വ്യക്തിത്വം എന്നാൽ സ്വത്വബോധത്തിൽ നിന്ന് തന്നെയാണ് ഉണ്ടാവുന്നത്. അപ്പോഴേ വ്യക്തിത്വതിന് വ്യക്തതയും സ്ഥിരതയും വന്ന് ചേരുന്നുള്ളൂ. ഒരു സമൂഹത്തിലെ ആളുകൾ എല്ലാം self disciplineഉം അവബോധവും ഉള്ള വ്യക്തികൾ ആവുമ്പോൾ ക്രിമിനൽ സാധ്യതകളും കുറ്റകൃത്യങ്ങളും താരതമ്യേന കുറഞ്ഞുവരും. സമൂഹത്തിൽ സമാധാനവും ശാന്തിയും നിലനിൽക്കും.

Also read: വിധവാ സംരക്ഷണം ജിഹാദ്

Global trainerഉം പ്രശസ്ത എഴുത്തുകാരനുമായ റോബിൻ ശർമ്മയുടെ who will cry when you die എന്ന പുസ്തകത്തിൽ അദ്ദേഹം self disciplineനെ കുറിച്ച് പറയുന്നത് ഇതാണ്… I called a habit of self discipline “tough love” because getting tough with yourself is actually a loving gesture.By being stricter with yourself, you will begin to live life more deliberately, on your own terms rather than simply reacting to line the way a leaf floating in the stream drifts according to the flow of the current on a particular day.

അവനവനോട് അല്പമൊന്ന് മായമില്ലാത്ത രീതിയിൽ അല്പം tough love ഉണ്ടാവണം. അത് നമ്മെ നല്ലൊരു വ്യക്തിയാക്കി പരുവപ്പെടുത്തും. അപ്പോഴാണ് നമ്മുടെ സ്വന്തം നിലപാടിൽ ജീവിക്കാനുള്ള ആർജ്ജവം വന്നു ചേരുന്നത്. അതല്ലെങ്കിൽ മറ്റുള്ളവർക്ക് നമ്മെ നിയന്ത്രിക്കാൻ നിന്നുകൊടുക്കാനെ കഴിയുകയുള്ളൂ. വാസ്തവത്തിൽ അവനവനോട് സ്നേഹമുള്ള ഒരാൾ സ്വന്തം കാര്യത്തിൽ അല്പം നിഷ്കർഷത പാലിക്കുന്നവരായിരിൽക്കും. ഇതിന്റെ ഭാഗമാണ് ഈ പറഞ്ഞു വരുന്ന റുട്ടീൻ. അല്പം ചിട്ടകളും മര്യാദകളും നിയമങ്ങളും പഠിപ്പിച്ചു അവനവനെ നിലയ്ക്ക് നിർത്താൻ കഴിഞ്ഞാൽ നമ്മൾ പറയുന്നിടത്ത് മനസ്സ് നിൽക്കും നമ്മുടെ സ്വന്തം വരുതിയിൽ മനസ്സിനെ നിലനിർത്താൻ വേറെ പ്രത്യേക കുറുക്ക് വഴികളൊന്നും ഇല്ല എന്നതാണ് സത്യം. ആത്മനിയന്ത്രണം അത്ര എളുപ്പമല്ല, നൈരന്തര്യമായി പിന്തുടരുന്ന ചില ചിട്ടകൾ ശീലങ്ങൾ, മുറകൾ എന്നിവകൊണ്ട് മനസ്സിനെ പാകപ്പെടുത്തലാണ് അത്. എങ്കിലും അസാധ്യമായത് ഒന്നുമില്ല നമ്മൾ വിചാരിച്ചു കഴിഞ്ഞാൽ അത് നടപ്പിലാക്കാനുള്ള കഴിവും നമുക്കുണ്ട്. അപ്പോൾ ശങ്കയ്ക്ക് ഒരിക്കലും ഇടനൽകാതെ മുന്നോട്ട് പോകാൻ കഴിയണം.

ഈ വിധം ഒരു റുട്ടീൻ നമ്മുടേതായത് ഉണ്ടായി കഴിഞ്ഞാൽ എന്നും കുറച്ച് “സമയം” സ്വന്തമായ കാര്യങ്ങളാക്കായി മാറ്റിവെക്കാൻ സാധിച്ചേക്കും. ദിവസവും മനസ്സിന് ഉല്ലാസം പകരുന്ന വല്ലകാര്യങ്ങളിലും മനസ്സിനെ അൽപസമയം മുഴുകിനിർത്തുന്നത് വളരെ നല്ലതാണ്. ശാരീത്തെയും മനസ്സിനെയും ഉർജ്ജസ്വലതയോടെ നിലനിർത്താൻ അല്പം വ്യായാമമുറകൾ പിന്തുടരുന്നതും തുറസ്സായ സ്ഥലങ്ങളിൽ ഒരു മോണിംഗ് വോക്കിന് പോകുന്നതും പൂന്തോട്ടം പരിപാലനവും വളർത്തു മൃഗങ്ങളോടൊപ്പം അല്പം സമയം ചെലവഴിക്കലും എല്ലാം മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. നാം മനസ്സിലാക്കേണ്ട വലിയൊരു സത്യം എന്തെന്ന് വെച്ചാൽ ഒരാൾ സ്വയം റിലേക്സ്ഡ് ആയി ഇരിക്കുമ്പോഴേ ആളുകളുമായിട്ട് തന്മയത്വത്തോടെയും സന്തോഷത്തോടെയും ഇടപഴകാനും വ്യക്തതയോടെ സംവദിക്കാനും ബന്ധങ്ങളെ സജീവമാക്കി നിർത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിജയിക്കാനും സാധിക്കുള്ളൂ. ഒന്ന് ആലോചിച്ചു നോക്കൂ പ്രക്ഷുബ്ധത നിറഞ്ഞതും പ്രശ്നങ്ങൾകൊണ്ട് കലുഷിതവും അസ്വസ്ഥതയും പകരുന്ന ഒരു മനസ്സുവെച്ചുകൊണ്ട് ആർക്കാണ് അപരനോട് ശാന്തമായും പ്രസന്നതയോടെയും പെരുമാറാൻ കഴിയുക?

Also read: ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം

പരമപ്രധാനമായ മറ്റൊരു കാര്യം ഉണ്ട്. അവനവനെ കുറിച്ച് പഠിക്കാൻ, ചെറിയൊരു ബോധം ഉണ്ടാക്കിയെടുക്കാൻ എപ്പോഴും സാധിക്കണം ഒരാൾക്ക്. ഇടയ്ക്കെല്ലാം ചെറിയൊരു ആത്മപരിശോധന നടത്തുന്നത് നമുക്ക് തന്നെ വളരെയധികം പ്രയോജനപ്പെടും. മാത്രമല്ല അവനവനിലെ തെറ്റായ കാഴ്ചപ്പാടുകളും നിലപാടുകളും തിരുത്താനുള്ള ഒരു സുവർണ്ണാവസരം കൂടെയാണ് അത്. ഏത് പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോഴാണ് മനസ്സ് കൈവിട്ടുപോകുന്ന നിലയിലേയ്ക്ക് എത്തുന്നത്, എന്തിനെ തൊട്ടാണ് മനസ്സ് എപ്പോഴും ആധിപിടിയ്ക്കുന്നത്, ഏത് അവസ്ഥയെ തരണം ചെയ്യുമ്പോഴാണ് മനസ്സ് കൊടുമ്പിരികൊള്ളുന്നത്, സംഘർഷാഭരിതമായി മാറുന്നത് ആ പ്രശ്നത്തെ ആദ്യം തിരിച്ചറിയണം. ഉള്ളിലെ ഉത്കണ്ഠയും ഭീതിയും മാറ്റിനിർത്തി, മനസ്സിനെ ശാന്തമായ അവസ്ഥയിലേക്ക് കൊണ്ടുവന്ന ശേഷം ആ പ്രശ്നത്തെ ഏറ്റവും ഭംഗിയായി അതിജയിക്കാനും അതിജീവിക്കാനുമുള്ള ലളിതവും അനായസകരവുമായ വഴികൾ കണ്ടെത്തുകയും വേണം. ജീവിതത്തെ കുഴക്കുന്ന എല്ലാത്തിനും പരിഹാരം ഉണ്ട്, കണ്ടെത്താനുള്ള മനസ്സും കൂടെ ഉണ്ടെങ്കിൽ മാത്രം. സ്വയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളുടെ സഹായം തേടാം. പക്ഷെ പ്രശ്നങ്ങൾ ഷെയർ ചെയ്യുന്നത് അതിന് ഉചിതമായ മനോഭാവമുള്ളവരും പരിഹാരം കണ്ടെത്തിതരാൻ കഴിയുന്ന ഒരാളുമായിട്ടാവുന്നതാണ് അഭികാമ്യം. അവനവന്റെ പ്രശ്നങ്ങളെ ധീരമായി നേരിടാൻ സാധിച്ചാൽ, എത്രയും കുറഞ്ഞ സമയത്തിൽ തന്നെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞാൽ അതിന് പിന്നാലെ സമയം പഴയിപ്പോകുന്നത് തടയാം. ഇത് പറയാൻ കാരണം എന്തെന്ന് വെച്ചാൽ ബഹുഭൂരിഭാഗം ആളുകളുകളും തോറ്റുപോകുന്നതു ഇവിടെയാണ്. പ്രശ്നങ്ങളുടെ കുരുക്കിൽ അകപ്പെട്ട് ജീവിതം തന്നെ നിരർത്ഥവും നിരുപയോഗവും ആയി തീരുന്നു. ബന്ധങ്ങളിൽ നികത്താൻ പറ്റാത്ത അകലം സൃഷ്ടിക്കപ്പെടുന്നു, ഒറ്റപ്പെടാൻ തുടങ്ങുന്നു, ജീവിതം നരകതുല്യമായി മാറി തുടങ്ങുന്നു.
രണ്ടാമതായി ഒരു കാര്യം എന്തെന്നാൽ അവനവന്റെ ദൗർബല്യങ്ങളെക്കുറിച്ച് ശരിയ്ക്കും ബോധം വേണം അല്ലെങ്കിൽ ഒന്നുകിൽ നമ്മെ തന്നെ അത് കീഴടക്കി കളയും അല്ലെങ്കിൽ ആളുകൾ അതുവെച്ച് നമ്മെ ചൂഷണം ചെയ്യാനും ചില ക്രിമിനൽ മനോഭാവമുള്ളവർ കിട്ടുന്ന അവസരങ്ങൾ മുതലാക്കി മാനസികമായി തളർത്തി നമ്മുടെ ജീവിതം ഒരിക്കലും ഗതിപിടിക്കാത്ത നിലയിലാക്കി തരാനും കാരണമാകും. തന്നിലെ കഴിവുകൾ, ഗുണങ്ങൾ അഥവാ ക്വാളിറ്റിസിനെ കുറിച്ച് ബോധം ഉണ്ടെങ്കിൽ യഥാവിധം അതിനെ പരിപോഷിപ്പിക്കാൻ സമയം കണ്ടെത്തുകയും അതിൽ നിന്ന് ജീവിതം മെച്ചപ്പെടുത്താനും ആത്മസംതൃപ്തി നുകരാനും സാധിക്കും.

എന്നാൽ സമയത്തെ എങ്ങനെ ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാം എന്ന് പഠിച്ചെടുത്തു ജീവിക്കേണ്ടതുമല്ല ജീവിതം. ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളും അവരുടെ ജീവിതത്തിൽ ഓരോന്നിനും നൽകുന്ന സ്ഥാനവും അല്ലെങ്കിൽ prioritiesഉം വ്യത്യസ്തമായിരിക്കുമല്ലോ അതിനനുസൃതമായി തന്നെ ക്രമീകരിക്കപ്പെടണം എല്ലാം. നമ്മൾ ഒരിക്കലും നമ്മുടേത് മാത്രമല്ല എന്നും കൂടെ ഓർക്കണം, നാം നിലനിൽക്കുന്ന നാടിന്റെയും സമൂഹത്തിന്റെയും കൂടെ ഭാഗമാണ് നമ്മൾ, അതിനാൽ അവരോടെല്ലാം ഒരാൾക്ക് പ്രതിബദ്ധതയുണ്ട് അതും നിറവേറ്റപ്പെടണം. സുഹൃത്തുക്കൾ, ജീവിത പങ്കാളി, മക്കൾ ഇവർക്കെല്ലാം വേണ്ടി സമയം കണ്ടെത്തണം. അത് ഒരിക്കലും ക്വാണ്ടിറ്റി ഓഫ് ടൈം അല്ല ക്വാളിറ്റി ഓഫ് ടൈം ആണ് വേണ്ടത്. എത്ര നേരം നിങ്ങൾ അവരോടൊത്ത് ചെലവഴിച്ചു എന്നതിനേക്കാൾ ആ ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾ അവർക്ക് എന്തെല്ലാം നൽകി എന്നതാണ് മുഖ്യം.

Related Articles