Current Date

Search
Close this search box.
Search
Close this search box.

‘വലിയൊരു അമാനുഷികതയുടെ വിലയാണീ ഒരു ഡോളര്‍!’

മാതാവും പിതാവും മകനും രണ്ടു പെണ്‍മക്കളും മാത്രമുള്ളൊരു ചെറിയ, പാവപ്പെട്ട കുടുംബത്തിലെ മകന് പെട്ടെന്നൊരു ദിവസം ശക്തമായൊരു രോഗം ബാധിച്ചു. ആവശ്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ കഴിഞ്ഞപ്പോള്‍ കുട്ടിക്ക് തലയില്‍ അര്‍ബുദമാണെന്നു വ്യക്തമായി. ചികിത്സിച്ച ഡോക്ടറോടു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍, കുട്ടി വളരെ ഗുരുതരമായ നിലയിലാണെന്നും വലിയ ചെലവു വരുന്ന ചികിത്സ നടത്തേണ്ടി വരുമെന്നും എങ്കില്‍ തന്നെയും അത്ഭുതം വല്ലതും നടന്നാല്‍ മാത്രമേ കുട്ടി രക്ഷപ്പെടൂ എന്നും തന്റെ ഭാര്യയോടു പറയുകയായിരുന്നു ആ പിതാവ്. മാതാപിതാക്കളുടെ ഈ സംസാരങ്ങളൊക്കെ ഒളിഞ്ഞിരുന്ന് കേള്‍ക്കുകയായിരുന്നു ചെറിയ മകള്‍. എല്ലാം കേട്ടുകഴിഞ്ഞയുടനെ തന്റെ മുറിയിലേക്ക് ഓടിച്ചെന്ന് തന്റെ പണശേഖരത്തില്‍ ആകെയുണ്ടായിരുന്ന ഒരു ഡോളറെടുത്ത് നേരെ അടുത്തുള്ള ഒരു മരുന്നു കടയിലേക്ക് ചെന്നുകയറി. കടക്കാരന്‍ ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിലാണെന്നു കണ്ട കുട്ടി അല്‍പനേരം കാത്തിരുന്നു. സംഭാഷണം നീളുക തന്നെയാണെന്നു കണ്ടപ്പോള്‍ ദേഷ്യത്തോടെ തന്റെ കയ്യിലുള്ള ഒരു ഡോളര്‍ മേശക്കുമുകളില്‍ വെച്ച് മരുന്നുകടക്കാരനോടു പറഞ്ഞു: എനിക്കൊരു മാജിക്(മുഅ്ജിസത്ത്) വേണം! മരുന്നുകടക്കാരന്‍ പറഞ്ഞു: ദീര്‍ഘകാലത്തിനു ശേഷമാണ് ഞാനീ സുഹൃത്തിനെ കാണുന്നത്. അവനുമായുള്ള സംസാരത്തിലാണ് ഞാനെന്നു കണ്ടുകൂടേ? എന്തായാലും, ഞാനിവിടെ മാജിക് വില്‍ക്കുന്നുണ്ടെന്ന് നിന്നോട് ആരാണ് പറഞ്ഞത്?! എന്തുതരം മാജികാണ് നിനക്കു വേണ്ടതെന്ന് കടക്കാരന്റെ സുഹൃത്ത് സ്‌നേഹപൂര്‍വം ആ കുട്ടിയോടു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എനിക്കറിയില്ല, എന്റെ ഉപ്പ ഉമ്മയോടു പറയുന്നതു ഞാന്‍ കേട്ടതാണ്, എന്റെ സഹോദരന്‍ മരിക്കാതിരിക്കണമെങ്കില്‍ വല്ല അത്ഭുതവും സംഭവിക്കണമെന്ന്. അതിന് ഈ ഒരു ഡോളര്‍ മതിയാകുമോ?! അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു: കൃത്യം ഒരു ഡോളര്‍ തന്നെയാണ് ആ അത്ഭുതത്തിന്റെ വില! പക്ഷെ അതിനു മുമ്പായി എനിക്കു നിന്റെ സഹോദരനെയൊന്നു കാണണം. പ്രമുഖ ന്യൂറോശസ്ത്രക്രിയ വിദഗ്ധന്‍ കാര്‍ലതിന്‍ ആംസ്‌ട്രോംഗായിരുന്നു അയാള്‍. അവള്‍ക്കൊപ്പം അവളുടെ വീട്ടില്‍ ചെന്ന് രോഗിയായ കുട്ടിയെ കണ്ടശേഷം മാതാപിതാക്കളോടായി അയാള്‍ പറഞ്ഞു: ശസ്ത്രക്രിയ ഞാന്‍ തന്നെ എന്റെ ആശുപത്രിയില്‍ വച്ച് നടത്തിക്കോളാം. ശേഷം വിജയകരമായ ശസ്ത്രക്രിയ നടത്തുകയും കുട്ടി പഴയപടി തിരിച്ചുവരികയും ചെയ്തു. ചെലവായത് ആ കുട്ടി നല്‍കിയ വെറും ഒരു ഡോളര്‍ മാത്രം! ആ ഒരു ഡോളര്‍ തന്റെ ഫാര്‍മസിയുടെ ചുമരുകളിലൊന്നില്‍ പതിപ്പിച്ച് അതിനു താഴെ അയാള്‍ എഴുതിവച്ചു: ‘വലിയൊരു അമാനുഷികതയുടെ വിലയാണീ ഒരു ഡോളര്‍!’

ഗുണപാഠം 1
ജീവിതത്തില്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്, നമ്മളൊക്കെയും വളര്‍ന്നു വലുതാവുമ്പോള്‍ നമ്മളോടൊപ്പം ചെറുപ്പത്തിലെ കുട്ടികളുടെ മനസ്സ് എടുക്കാന്‍ മറന്നുപോവുന്നു എന്നതാണ്! ആ മനസ്സിനെ കൂടുതല്‍ കടുപ്പവും കാഠിന്യവുമുള്ളതാക്കി നമ്മള്‍ മാറ്റി. നമ്മുടെ നെഞ്ചിനിടയിലെ വെറും ഉറപ്പുള്ള എല്ലുകള്‍ മാത്രമായി അതുമാറി. രക്തം പമ്പുചെയ്യുന്ന ജോലി മാത്രമുള്ളൊരു വസ്തു മാത്രമായി മാറി!
മനുഷ്യരില്‍ ഏറ്റവും സൗന്ദര്യമുള്ളവര്‍ പ്രായമുള്ള കുട്ടികളാണ്. നരബാധിച്ചു കിടക്കുമ്പോഴും അകത്ത് അഞ്ചു വയസ്സുകാരന്റെ ഹൃദയം കൊണ്ടുനടക്കുന്നവര്‍. ജനങ്ങളോടു യാചിച്ചു നടക്കുന്ന ദരിദ്രന്റെ കാഴ്ച അയാളെ നോവിക്കും. ചികിത്സകളില്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത രോഗിയുടെ കാഴ്ച അയാളെ കരയിക്കും. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വകയില്ലാത്ത പാവപ്പെവന്‍ അയാളുടെ ചിന്തകളെ പുകക്കും. വിശക്കുന്നവര്‍ വല്ലവരുമുണ്ടെന്നറിഞ്ഞാല്‍ അയാള്‍ക്ക് രുചിയറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ വയ്യാതാവും. അണയാന്‍ ഒരിടമില്ലാത്ത ഒരാളെ കണ്ടാല്‍ അയാളുടെ ഉറക്കംകെടും. മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയാണ് നമ്മെ യഥാര്‍ഥ മനുഷ്യരാക്കുന്നത്. അടുത്തടുത്ത് നടപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ ഭക്ഷണം ആരാണ് അകത്താക്കുന്നതെന്നു നോക്കാന്‍ വേരുകള്‍ തമ്മില്‍ മത്സരിക്കുന്ന മരങ്ങളല്ല നാം! ഭൂമിക്കടിയില്‍ താന്‍പോരിമയുടെ വലിയ യുദ്ധങ്ങള്‍ നയിക്കുന്ന മരങ്ങള്‍ പോലും ഭൂമിക്കു മുകളില്‍ ദാനധര്‍മത്തിന്റെ വലിയ മാതൃകയാണ്. നിറമോ വര്‍ഗമോ നോക്കാതെ എല്ലാവര്‍ക്കും ഫലമേകുന്നു. മതമോ ധര്‍മമോ നോക്കാതെ എല്ലാവര്‍ക്കും തണലേകുന്നു. നമ്മെ ദയയുള്ളവരാക്കാത്ത ധര്‍മങ്ങളെക്കുറിച്ചൊക്കെ നാമൊരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ അതിനെ നാം മനസ്സിലാക്കിയ വിധത്തെക്കുറിച്ചൊരു വീണ്ടുവിചാരം! നമ്മെ ഹൃദയവിശാലതയുള്ളവരാക്കാത്ത ചിന്തകളെക്കുറിച്ച് നാം പുനരാലോചന നടത്തേണ്ടതുണ്ട്.

ഗുണപാഠം 2
ഏതെങ്കിലുമൊരു പടപ്പിന്റെ വല്ല പ്രശ്‌നങ്ങളുടെയും പരിഹാരം നിന്റെയടുക്കല്‍ ഉണ്ടായിട്ടും നീയതു ചെയ്യാതിരിക്കരുത്, അതൊരു പട്ടിയെ ബാധിക്കുന്ന കാര്യമാണെങ്കിലും! ബനൂ ഇസ്‌റാഈലിലെ ഒരു വ്യഭിചാരിണി ദാഹിച്ചുവലഞ്ഞ ഒരു പട്ടിക്ക് തന്റെ ചെരുപ്പില്‍ വെള്ളം കോരിക്കൊടുത്തു. ആ പട്ടി തന്റെ നാഥന് നന്ദിപ്രകാശിപ്പിച്ചപ്പോള്‍ തദ്ഫലമായി അവള്‍ക്കു ലഭിച്ചത് സ്വര്‍ഗമായിരുന്നു. വഴിയില്‍ ജനങ്ങള്‍ക്കു പ്രയാസമായിക്കിടന്നിരുന്ന മരക്കൊമ്പു മുറിച്ചുമാറ്റിയതിന്റെ പേരില്‍ മറ്റൊരാളും സ്വര്‍ഗത്തില്‍ കടന്നു. മറ്റൊരു സ്ത്രീ ഒരു പൂച്ചയെ ഭക്ഷണമൊന്നും നല്‍കാതെ കെട്ടിയിട്ടതിന്റെ പേരില്‍ നരകാവകാശിയാവുകയും ചെയ്തു. വലിയ ദോഷങ്ങള്‍ ചെയ്തവര്‍ കടക്കുന്ന നരകത്തില്‍ ചെറിയൊരു പൂച്ചയുടെ വിഷയത്തില്‍ ഒരാള്‍ കടക്കുന്നു. വലിയ സുകൃതങ്ങള്‍ ചെയ്തവര്‍ കടക്കുന്ന സ്വര്‍ഗത്തില്‍ ഒരു പട്ടിക്കു വെള്ളം കൊടുത്തതിന്റെ പേരില്‍ ഒരു വ്യഭിചാരിണി കടക്കുന്നു. ഒരു മരക്കമ്പു വെട്ടിയതിന്റെ പേരില്‍ മാത്രം മറ്റൊരാളും കടക്കുന്നു. നന്മകളില്‍ ഒന്നിയെയും ചെറുതായിക്കാണരുത്!

ഗുണപാഠം 3
സമ്പത്ത് ഏറ്റവും ദുഷിച്ച നേതാവും ഏറ്റവും മഹത്തായ സേവകനുമാണ്. ദീന്‍ ഏറ്റവും ദുഷിച്ച സേവകനും ഏറ്റവും മഹത്തായ നേതാവുമാണ്. നിന്റെ നേതാവിനെ സേവകനോ സേവകനെ നേതാവോ ആക്കിമാറ്റരുത്. മനോഹരമായ കാര്യങ്ങള്‍ നേടിയെടുക്കാനുള്ളൊരു നല്ല മാധ്യമമാണ് സമ്പത്തെന്നത്, അതിന്റെ വഴിയില്‍ വരുന്ന സകല നന്മകളെയും തുലച്ചുകളയാനുള്ളൊരു ലക്ഷ്യമല്ലത്. ആയതിനാല്‍, എപ്പോഴും അതിനെ നിന്റെ സേവകനാക്കി മാറ്റുക. നിന്നെയും നിന്റെ ചുറ്റുമുള്ളവരെയും സന്തുഷ്ടരാക്കാനാവശ്യമായത്ര സമാഹരിക്കുക. സമ്പത്ത് എന്നും ബാക്കിയാകുമായിരുന്നെങ്കില്‍ അത് ഖാറൂനിനാവുമായിരുന്നു. പ്രശ്തിയും നിലനില്‍ക്കുമായിരുന്നെങ്കില്‍ അത് നംറൂദിനുമായിരുന്നു. എവിടെയാണിപ്പോള്‍ അവരിരുവരും!? സകല പാവങ്ങള്‍ക്കും അശരണര്‍ക്കുമൊപ്പം മണ്ണിന്റെ അടിയിലല്ലേ!
ദീനിന്റെ വിഷയത്തില്‍ ദീനിനെ മാത്രം ലക്ഷ്യമാക്കുക, അതിലാണ് നാഥന്റെ തൃപ്തിയുള്ളത്. മനുഷ്യന്റെ ദൗത്യവും അതുതന്നെയാണ്. ആയതിനാല്‍ ദീന്‍ വിറ്റു തിന്നരുത്. അറബികള്‍ പണ്ടുതന്നെ പറഞ്ഞിട്ടുണ്ട്: സ്വതന്ത്രയായ സ്ത്രീ മരിക്കേണ്ടി വന്നാലും തന്റെ മുലപ്പാല്‍ വിറ്റ് പണം സമ്പാദിക്കില്ല! മതംവിറ്റ് പണമുണ്ടാക്കുന്നത് ശുദ്ധമായ തെമ്മാടിത്തമാണ്! അല്ലാഹുവിന്റെ അടുക്കലുള്ളത് ജനങ്ങള്‍ക്ക് വില്‍ക്കുന്ന പണിയാണത്. ഏറ്റവും വിഡ്ഢിക്കച്ചവടവും ഇതല്ലേ! ആഖിറത്തിനു പകരമായി ദുനിയാവിനെ വില്‍ക്കുന്നവനിലും വലിയ വിഡ്ഢിയാരാണ്!

ഗുണപാഠം 4
നമ്മള്‍ നമ്മുടെ ദീനിനെ മുറുകെപ്പിടിക്കുകയെന്നത് മറ്റുള്ളവരുടെ മാന്യമായ ഇടപെടലുകളെ ബഹുമാനിക്കതിനോട് ഒരിക്കലും എതിരാവുന്നില്ല. നേരെതിരിച്ച്, മറ്റുള്ളവര്‍ നമ്മുടെ എതിരാളികളാണെങ്കില്‍പോലും അവരുടെ മഹത്വം അംഗീകരിക്കല്‍ ദീനിന്റെ ഭാഗമാണ്. പിതാവിന്റെ മഹത്വമോര്‍ത്ത് ഹാത്വിമുത്താഇയുടെ മകളെ മോചിപ്പിച്ചവരാണ് നബി തങ്ങള്‍(സ്വ). ബദ്‌റിന്റെ ദിവസം തന്റെ മുന്നില്‍ നിന്ന ബന്ധികളാക്കപ്പെട്ടവരോടായി നബി തങ്ങള്‍ പറഞ്ഞു: മുത്വ്ഇം ബിന്‍ അദിയ്യ് ജീവിച്ചിരിക്കുകയും നിങ്ങളെ വിട്ടുകളായന്‍ പറയുകയും ചെയ്താല്‍ ഞാനതു ചെയ്‌തേനെ. ത്വാഇഫിന്റെ ദിവസം കല്ലേറു കൊണ്ടപ്പോള്‍ നബി തങ്ങള്‍ വിശ്രമിച്ചിരുന്ന വീടായിരുന്നു മുശ്രികായ മുത്വ്ഇം ബിന്‍ അദിയ്യിന്റേത്. മാന്യന്‍ മാന്യതയെ അംഗീകരിക്കും, അതു ചെയ്തവന്റെ അസ്തിത്വം എന്തു തന്നെയായാലും. തെറ്റിനെതിരെ നില്‍ക്കുകയും ചെയ്യും, അതു ചെയ്തവന്റെ അസ്തിത്വം എന്തു തന്നെയായാലും! ( തുടരും )

 

സന്ധ്യാ വർത്തമാനം -1

സന്ധ്യാ വർത്തമാനം -2

സന്ധ്യാ വർത്തമാനം -3

സന്ധ്യാ വർത്തമാനം -4

സന്ധ്യാ വർത്തമാനം -5

സന്ധ്യാ വർത്തമാനം -6

സന്ധ്യാ വർത്തമാനം -7

സന്ധ്യാ വർത്തമാനം -8

വിവ. മുഹമ്മദ് ശാക്കിർ മണിയറ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles