അറബികളെക്കുറിച്ചുള്ള കഥകളില്‍ പ്രസിദ്ധമാണ് ഒരു അഅ്റാബിയുടെ സംഭവം. തന്റെ കഴുതയുടെ മേല്‍ ഭാണ്ഡം ചുമന്നു നടക്കുകയായിരുന്ന അഅ്റാബിയോട് ഒരാള്‍ ഭാണ്ഡത്തിലെന്താണെന്നു ചോദിച്ചു. അഅ്റാബി പറഞ്ഞു: ഒരു സഞ്ചിയില്‍ ഭക്ഷണസാധനങ്ങളും മറ്റും മറ്റൊരു സഞ്ചിയില്‍ രണ്ടുഭാഗത്തേക്കും തൂക്കമൊപ്പിക്കാനായുള്ള മണ്ണുമാണ്. അയാള്‍ ചോദിച്ചു: ഭക്ഷണസാധനങ്ങളുടെ സഞ്ചി രണ്ടാക്കി വീതിച്ച് മണ്ണിന്റെ സഞ്ചി ഒഴിവാക്കി ആ ജന്തുവിന്റെ ഭാരം കുറച്ചുകൊടുക്കാമായിരുന്നില്ലേ? അയാളുടെ വാക്കില്‍ കാര്യമുണ്ടെന്നു തോന്നിയ അഅ്റാബി അപ്രകാരം ചെയ്യുകയും ശേഷം അയാളോടായി ചോദിക്കുകയും ചെയ്തു: നിങ്ങള്‍ ഗോത്രത്തലവനോ അല്ല മതപണ്ഡിതനോ? രണ്ടുമല്ലെന്നും സാധാരണക്കാരില്‍ പെട്ട ഒരാളാണെന്നുമായിരുന്നു അയാളുടെ മറുപടി. അതോടെ കോപാകുലനായ അഅ്റാബി പറഞ്ഞു: നാശം! നേതാവോ പണ്ഡിതനോ അല്ലെന്ന്! എന്നിട്ട് എന്നെ ഉപദേശിക്കാന്‍ വന്നിരിക്കുന്നു! ശേഷം കഴുതയുടെ ഭാണ്ഡം ആദ്യപടിതന്നെയാക്കി അയാള്‍ നടന്നുനീങ്ങി.
ഗുണപാഠം 1
വിനയാന്വിതനാവുക! ഒരു പ്രവാചകന്റെ സൈന്യത്തെ മുഴുവന്‍ അല്പനേരത്തിന് തടഞ്ഞുനിറുത്തിയത് ഒരുറുമ്പായിരുന്നു! വലിയൊരു സമൂഹത്തിന്റെ സന്മാര്ഗസ്വീകരണത്തിന് കാരണമായത് ഒരു ഹുദ്ഹുദ് പക്ഷിയായിരുന്നു! ലോകരാജാവായിരുന്ന സുലൈമാന്‍ നബി ഒരുറുമ്പിനോട് കാട്ടിയ വിനയം നോക്കൂ. അതിന്റെ സംസാരം കേട്ട് പുഞ്ചിരിച്ചതു നോക്കൂ. തനിക്കറിയാത്തൊരു കാര്യം ഒരു മരംകൊത്തി പക്ഷിയില്‍ നിന്ന് സാകൂതം ശ്രവിക്കുന്നത് നോക്കൂ.
ഗുണപാഠം 2
നിന്ദ്യനായൊരു മനുഷ്യന് സത്യം പറഞ്ഞാല്‍ അവന് ഉന്നതനാവും, കാരണം സത്യം അതിന്റെ ആളുകളെ ഉയര്‍ത്തുന്നതാണ്. മഹാനായൊരു വ്യക്തി കളവുപറഞ്ഞാല്‍ അവന് നിസാരനാവുകയും ചെയ്യും, കാരണം അസത്യം അതിന്റെ ആളുകളെ താഴ്ത്തിക്കളയുന്നതുമാണ്! നിന്റെ വിധി പറയപ്പെട്ട വാക്കിനെക്കുറിച്ചാവണം, അതിന്റെ ഉടമയെക്കുറിച്ചാവരുത്. ചിന്തയോട് നിങ്ങള്‍ തര്‍ക്കിക്കുക, വ്യക്തിയോടല്ല. എല്ലാ സംഭാഷണങ്ങളെയും വ്യക്തിപരമായി എടുക്കുകയും മനോഹരമായ ചിന്തകളെ അതിന്റെ ഉപജ്ഞാതാക്കളെ ഇഷ്ടമല്ലാത്തതിന്റെ പേരില്‍ എതിര്‍ക്കുകയും ചെയ്യുന്നവര്‍ എത്ര അല്പന്മാരാണ്. പറഞ്ഞ ആളുകളിലേക്ക് നോക്കാതെ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ അംഗീകരിക്കുന്ന ആളുകള്‍ എത്ര ഉന്നതരാണ്!
ബദ്റ് യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സന്ദര്‍ഭം. യുദ്ധത്തിനായി സ്ഥലം തെരഞ്ഞെടുത്ത് നല്ലതെന്നു തോന്നിയ സ്ഥലത്ത് സൈന്യത്തെ വിന്യസിക്കുകയായിരുന്നു തിരുനബി തങ്ങള്‍. അപ്പോഴാണ് ഹബ്ബാബ് ബിന്‍ മുന്ദിര്(റ) നബി തങ്ങളോടു ചോദിച്ചത്: ഇത് അല്ലാഹു പ്രത്യേകം നിശ്ചയിച്ചു തന്ന സ്ഥലമാണോ നബിയേ, അല്ല ഇതില്‍ അഭിപ്രായം പറച്ചിലും ചര്‍ച്ചയും ഒക്കെ ആവാമോ? ഇത് യുദ്ധമാണെന്നും ചര്‍ച്ചയും അഭിപ്രായം പറച്ചിലുമൊക്കെ ആവാമെന്നും നബി തങ്ങള്‍ പ്രതിവചിക്കുകയും ചെയ്തു. അപ്പോഴദ്ദേഹം ഭവ്യതയോടെ പറഞ്ഞു: ഇതൊരു യുദ്ധത്തിനു പറ്റിയ സ്ഥലമല്ലെന്നു തോന്നുന്നു. ബദ്റിലെ കിണറുകള്‍ നമുക്കു പുറകിലാവണമെന്നും നമുക്കു വെള്ളം കിട്ടുകയും അവര്‍ക്കു കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകണമെന്നും എനിക്കൊരു അഭിപ്രായമുണ്ട്! നബി തങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദേശം സ്നേഹപൂര്‍വം സ്വീകരിക്കുകയും ചെയ്തു. ദിവ്യബോധനങ്ങളിറങ്ങുന്ന, ഇസ്റാഇന്റെ രാവില്‍ അമ്പിയാക്കള്‍ക്ക് ഇമാമായി നിസ്കരിച്ച, മിഅ്റാജിന്റെ രാവില്‍ ഏഴാകാശവും കടന്നുപോയ നബി തങ്ങള്‍!
ഗുണപാഠം 3
ജനങ്ങളെ വിലയിരുത്തേണ്ടത് അവരുടെ ബുദ്ധികൊണ്ടും ഹൃദയംകൊണ്ടുമാണ്, ശരീരം കൊണ്ടോ മുഖം കൊണ്ടോ അല്ല. ലുഖ്മാനുല്‍ ഹകീം(റ) കറുത്ത അടിമയായിരുന്നു. മുപ്പത് മിസ്കാലിനായിരുന്നു അദ്ദേഹത്തെ യജമാനന് വാങ്ങിയത്. വലിയ ചൂതുകളിക്കാരനായിരുന്ന യജമാനന് ഒരിക്കല്‍ കളിയില്‍ പരാജയപ്പെട്ടു. വിജയിച്ച കളിക്കാരന് അദ്ദേഹത്തിനുവെച്ച വെല്ലുവിളി വലിയൊരു പുഴയുടെ ഇരുകരകള്ക്കുമിടയിലുള്ള വെള്ളം മുഴുവന്‍ കുടിച്ചുതീര്‍ക്കുക എന്നതായിരുന്നു. അല്ലെങ്കില്‍ രണ്ടുകണ്ണുകളും പിഴുതെടുക്കുക, മൂക്കു മുറിക്കുക, രണ്ടു ചെവികളും അരിയുക, അതുമല്ലെങ്കില്‍ തന്റെ സമ്പത്തു മുഴുവന്‍ വിട്ടുനല്‍കുക. നാളെവരെ കാലതാമസം നല്‍ണമെന്ന് അയാള്‍ അഭ്യര്‍ഥിച്ചു. ശേഷം അത്യധികം ദുഃഖിതനായി കാണപ്പെട്ട അദ്ദേഹത്തിനടുത്തുകൂടെ ലുഖ്മാനുല്‍ ഹകീം(റ) കടന്നുപോയി. കാര്യമന്വേഷിച്ച അദ്ദേഹത്തോട് കാര്യങ്ങളൊക്കെ അയാള്‍ പറഞ്ഞു. ശേഷം ലുഖ്മാന്(റ) പറഞ്ഞു: നിങ്ങള്‍ വിഷമിക്കേണ്ടതില്ല, ഇതില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഞാനൊരു വഴിയുണ്ടാക്കാം. നാളെ നിങ്ങളയാളോടു ചോദിക്കുക: രണ്ടു കരകള്ക്കിടയിലുള്ളതാണോ അല്ല നീളത്തിലുള്ളതാണോ കുടിക്കേണ്ടത്. രണ്ടു കരകള്ക്കിടയിലുള്ളതെന്ന് അയാള്‍ മറുപടി പറയും. എങ്കില്‍ മറ്റു വെള്ളവുമായി കൂടിച്ചേരാതിരിക്കാനായി രണ്ടുകരക്കുമിടയിലുള്ള വെള്ളം മാത്രം കെട്ടിവെച്ചുതരാനാവശ്യപ്പെടുക. അപ്പോളയാള്‍ക്കത് സാധിക്കുകയുമില്ല!
രണ്ടാമത്തെ ദിവസമായപ്പോള്‍ യജമാനന് അപ്രകാരം തന്നെ ചെയ്യുകയും അയാള്‍ എനിക്കതു സാധിക്കുകയില്ലെന്നു പറയുകയും ചെയ്തു. എങ്കില്‍, നമ്മുടെ ഉടമ്പടിയില്‍ ഉള്‍പെട്ടിട്ടില്ലാത്ത വെള്ളം ഞാന്‍ കുടിക്കുകയില്ലെന്ന് അദ്ദേഹം പറയുകയും പ്രശ്നം അവസാനിക്കുകയും ചെയ്തു. ലുഖ്മാനി(റ)ന്റെ ബുദ്ധികണ്ട് അമ്പരന്ന യജമാനന് അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു.
ഗുണപാഠം 4
ചിലനേരങ്ങളില്‍ ബുദ്ധിയുള്ളവര്‍ക്കും പ്രശ്നപരിഹാരത്തിന് തങ്ങളുടെ ബുദ്ധി മതിയാവില്ല. തന്നെക്കാള്‍ താഴെയുള്ളവരിലാവും ചിലര്‍ പരിഹാരം കണ്ടെത്തുക. ചിലര്‍ക്ക് ചിലരെ ആവശ്യമുള്ള രീതിയിലാണ് അല്ലാഹു ഈ ദുനിയാവ് സംവിധാനിച്ചിട്ടുള്ളതെന്നത് അവന്റെ വലിയ യുക്തിയാണ്! മറ്റുള്ള ആയിരങ്ങളുടെ പ്രശ്നം പരിഹരിക്കുന്ന ഒരാള്‍ക്കും തന്റെ പ്രശ്നപരിഹാരത്തിന് മറ്റൊരാളെ ആവശ്യമായി വരും. മറ്റുള്ളവരുടെ പ്രശ്നം പരിഹരിക്കുന്നത് അവരെക്കാള്‍ നമ്മള് സാധാരണക്കാരുടെ ആവശ്യമാണ്. സത്യം പറയപ്പെട്ടാല്‍ അതു പറഞ്ഞയാളെ നോക്കാതെ അംഗീകരിക്കാന്‍ നാം പഠിക്കണം.
ജാഹിലിയ്യാ കാലത്ത് എല്ലാ പ്രശ്നങ്ങള്‍ക്കും ആള്ക്കാര് സമീപിച്ചിരുന്നൊരു വ്യക്തിയുണ്ടായിരുന്നു. ഒരിക്കല്‍ മൂന്നു സഹോദരങ്ങള്‍ ഒരു അനന്തരസ്വത്തു വിഹിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം സംസാരിക്കാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: ഞങ്ങള്‍ മൂന്നു സഹോദരങ്ങളാണ്. സ്ത്രീയുടെയും പുരുഷന്റെയും രണ്ടും അവയവങ്ങളുള്ള ഒരാളും ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളുടെ പിതാവ് ധാരാളം സ്വത്തു ബാക്കിവച്ചാണ് മരണപ്പെട്ടത്. ഈ നാലാമത്തെയാള്ക്ക് സ്ത്രീയുടെ ഓഹരിയാണോ അല്ല പുരുഷന്റെ ഓഹരിയാണോ കിട്ടുക എന്നതാണ് നമ്മുടെ സംശയം. പ്രശ്നം ഞാന്‍ പരിഹരിക്കാമെന്നു പറയുകയും അവരെ ഒരു കൂടാരത്തില്‍ താമസിപ്പിക്കുകയും സേവനങ്ങള്‍ക്കായി ആളെ ഏല്പിക്കുകയും ചെയ്തു. മാസം ഒന്നു കഴിഞ്ഞിട്ടും എന്തു തീരുമാനം പറയണമെന്ന യാതൊരു നിശ്ചയവും അയാള്‍ക്കില്ലായിരുന്നു. ഒരു കാര്യവുമില്ലാതെ അവരെ എന്തിനു ഇവിടെ പിടിച്ചുവെച്ചുവെന്നും പ്രശ്നമെന്താണെന്നു പറയൂവെന്നും ഭൃത്യ വന്നു ചോദിച്ചപ്പോള്‍ എനിക്കു സാധിക്കാത്ത കാര്യമാണെങ്കില്‍ നിനക്കെങ്ങനെ സാധിക്കാനാണെന്ന് അയാള്‍ ചോദിച്ചു. ഭൃത്യ പറഞ്ഞു: എന്നോടു കാര്യം പറയൂ, നിശ്ചയം അല്ലാഹു അവന്റെ രഹസ്യം ഒളിപ്പിക്കുന്നത് അവന്റെ പാവം സൃഷ്ടികളിലാണ്! ശേഷം സഹികെട്ട് കാര്യം എന്താണെന്നു പറഞ്ഞപ്പോള്‍ ഭൃത്യ പറഞ്ഞു: കാര്യം വളരെയെളുപ്പമാണ്! പുരുഷന്മാരെപ്പോലെ നിന്നാണ് മൂത്രമൊഴിക്കുന്നതെങ്കില്‍ പുരുഷന്മാരുടെ അനന്തരവും സ്ത്രീയെപ്പോലെ ഇരുന്നാണ് മൂത്രമൊഴിക്കുന്നതെങ്കില്‍ സ്ത്രീയുടെ അനന്തരവുമാകും. അദ്ദേഹത്തിനു കാര്യം ബോധിക്കുകയും അതനുസരിച്ച് വിധിപറയുകയും ചെയ്തു! ( തുടരും )
വിവ. മുഹമ്മദ് ശാക്കിർ മണിയറ
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW