അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ പറയുന്നു: ഒരു കഥ ഞാന്‍ കേള്‍ക്കാനിടയായി. ഒരിക്കലൊരു സിംഹം ഒരു പന്നിയുമായി കണ്ടുമുട്ടുന്നു. ആ പന്നി സിംഹത്തെ താനുമായി ഏറ്റുമുട്ടാന്‍ വേണ്ടി വെല്ലുവിളിക്കുന്നു. ഇതുകേട്ട സിംഹം പറഞ്ഞു: നീ വെറുമൊരു പന്നിയാണ്. എന്നോടു യുദ്ധം ചെയ്യാന്‍ മാത്രം കെല്പുള്ളവനോ എനിക്കു തുല്യനോ അല്ല. ഇനി വെല്ലുവിളി സ്വീകരിച്ച് ഞാന്‍ നിന്നെ കൊന്നാല്‍ തന്നെയും ആളുകള്‍ പറയുക ‘സിംഹം ഒരു പന്നിയെ കൊന്നു’ എന്നാണ്. അതാണെങ്കില്‍ ഗര്‍വിനുള്ള വകുപ്പുമല്ല. നിന്നില്‍ നിന്നും വല്ലതും എനിക്കു കിട്ടുകയാണെങ്കില്‍ തന്നെ അതെനിക്കുള്ള ആക്ഷേപമാവും. അപ്പോള്‍ പന്നി പ്രതികരിച്ചു: അങ്ങനെയെങ്കില്‍ ഞാന്‍ മൃഗങ്ങളുടെയൊക്കെ അടുക്കല്‍ ചെന്ന് നീ ഭീരുവാണെന്നും എന്നോട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിച്ചില്ലെന്നും പറഞ്ഞുപരത്തും. അപ്പോള്‍ സിംഹം പറഞ്ഞു: എന്റെ ദേഹത്ത് നിന്റെ രക്തം പുരളുന്നതിലും നിസ്സാരമാണെനിക്ക് നിന്റെയീ കളവു പറയാനുള്ള സാധ്യത!
ഗുണപാഠം 1
എപ്പോഴും തലയുയര്‍ത്തി നില്ക്കുക! മനുഷ്യന് തന്റെ സുഹൃത്തുക്കളെക്കൊണ്ട് അറിയപ്പെടുന്ന പോലെ ശത്രുക്കളെക്കൊണ്ടും അറിയപ്പെടും! ചിലര്‍ ശത്രുത വെക്കപ്പെടാനുള്ള അര്‍ഹത പോലും ഇല്ലാത്തവരാകും! അത്തരക്കാരെ നീ പരാജയപ്പെടുത്തിയാല്‍ തന്നെ നിനക്ക് വിജയത്തിന്റെ മാധുര്യം ലഭിക്കില്ലെന്നു മാത്രമല്ല, അവരെങ്ങാന്‍ നിന്നെ പരാജയപ്പെടുത്തിയാല്‍ പരാജയത്തിന്റെ കൈപ്പുനീര് പതിന്മടങ്ങായി മാറുകയും ചെയ്യും! ചില പോര്‍ക്കളങ്ങളില്‍ വിജയത്തിനും തിളക്കമുണ്ടാവില്ല, അതിലെ ശത്രുവിന്റെ വലിപ്പം നോക്കി. വാള് കൊണ്ട് വടിയെ പരാജയപ്പെടുത്തുന്നതും ആരോഗ്യവാന്‍ ക്ഷയംബാധിച്ചവനെ പരാജയപ്പെടുത്തുന്നതും യഥാര്‍ഥ വിജയമല്ല. ചില യുദ്ധങ്ങള്‍ വിജയിക്കാനുള്ള ഏകമാര്‍ഗം അതില്‍ കടക്കുക തന്നെ ചെയ്യാതിരിക്കുക എന്നതാണ്. വിജയത്തിന്റെ തോലണിഞ്ഞ പരാജയത്തില്‍ ശരിക്കും എന്തു വിജയമാണുള്ളത്!
ഗുണപാഠം 2
നിന്ദ്യനായ ഒരാളോട് അയാളുടെ അതേ ഭാഷയില്‍ നീ സംസാരിക്കുമ്പോള്‍ നീ അയാളുടെ നിലയിലേക്കു താഴുന്നു! ഒരാളെയും തന്റെ നിലയിലേക്ക് നിന്നെ ഇറക്കിവക്കാന്‍ സമ്മതിക്കരുത്. ഇനി അത്തരമൊരു ഘട്ടം അനിവാര്യമായി വന്നാല്‍ തന്നെ നിന്റെ ആയുധം തെരഞ്ഞെടുക്കാനുള്ള അവസരം നീ അവന് നല്‍കരുത്. ലക്ഷ്യങ്ങള്‍ മാര്‍ഗങ്ങളെ സാധൂകരിക്കുന്നതല്ല! ഉത്തമമായ ലക്ഷ്യങ്ങള്‍ സാധൂകരിക്കാന്‍ നാം നിന്ദ്യമായ മാര്‍ഗങ്ങളാണ് അവലംബിക്കുന്നതെങ്കില്‍ അത് ഉത്തമമായിത്തന്നെ ബാക്കിയാവില്ല! വിജയം തെളിവുള്ളതാവാന് ആയുധവും തെളിവുള്ളതാവല് അനിവാര്യമാണ്. കലര്‍പ്പുള്ള വിജയം, നമ്മളെത്ര തന്നെ മനസ്സിനെ നേരെതിരിച്ചു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും ഒരര്‍ഥത്തില്‍ മറ്റൊരു പരാജയം തന്നെയാണ്!
ഗുണപാഠം 3
യോജിപ്പുകളില്‍ നിന്ന് ബുദ്ധിശാലികളെ തിരിച്ചറിയാന്‍ പറ്റില്ല. അവര്‍ പ്യത്യക്ഷപ്പെടുന്നത് തര്‍ക്കങ്ങളിലാണ്! ജനങ്ങള്‍ സ്നേഹിക്കപ്പെട്ടുകഴിഞ്ഞാല് മൃദുലസ്വഭാവക്കാരായി മാറും! നല്കപ്പെട്ടു കഴിഞ്ഞാല്‍ തൃപ്തിയുള്ളവരാവും! നീ വല്ലവരുമായും തര്‍ക്കിക്കുകയും അവന് വിജയിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കിടയിലുള്ള തര്‍ക്കം പെട്ടെന്നു പരിഹരിക്കുക. കാരണം അതൊരു അപൂര്‍വമായ നാണയത്തുട്ടാണ്, അതിനെ നഷ്ടപ്പെടുത്തരുത്!
ഗുണപാഠം 4
തലയുയര്‍ത്തി നില്ക്കുന്നതും അഹങ്കരിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അഹങ്കാരമെന്നാല്‍, അറിവു കൊണ്ടോ സമ്പത്തു കൊണ്ടോ സൗന്ദര്യം കൊണ്ടോ മറ്റുള്ളവരെക്കാള്‍ മികച്ചവനാണ് ഞാനെന്ന തോന്നലാണ്. പക്ഷെ, നീ വായിക്കുകയും പാഠമുള്‍ക്കൊള്ളുകയും മടക്കിവക്കുകയും ചെയ്ത, ഇനി മറിച്ചുനോക്കല്‍ ആവശ്യമില്ലാത്ത ഒരു വലിയ പുസ്തകത്തിലെ ഒരു പേജുമാത്രമാണ് തര്‍ക്കമെന്നു നീ മനസ്സിലാക്കലാണ് തലയുയര്‍ത്തി നില്ക്കല്. ആയതിനാല്‍, തലയുയര്‍ത്തി നില്ക്കുക, അഹങ്കാരമരുത്.
ഗുണപാഠം 5
യഥാര്‍ഥ പോരാട്ടമെന്നാല്‍ തര്‍ക്കങ്ങള്‍ പരമാവധി ഉപേക്ഷിക്കലാണ്, അവയില്‍ ഇടപെടലല്ല. ജനങ്ങളോട്, പരിണിതപ്രജ്ഞരായ നേതാക്കള്‍ ഉപദേശം നല്കുന്നപോലെ പെരുമാറുക. നിനക്കും മറ്റു കാറുകള്‍ക്കുമിടയില്‍ ഒരു സുരക്ഷിത ദൂരം എപ്പോഴും ഒഴിച്ചിടുക. ഈ സുരക്ഷിത ദൂരമാണ് പ്രശ്നങ്ങളെ തടഞ്ഞുനിറുത്തുന്നത്. ജീവിതം സുന്ദരമാവാന് ഈ ദൂരങ്ങളുടെ കലയെന്തെന്ന് കൃത്യമായി മനസ്സിലാക്കണം. ദൂരമാണല്ലോ സൂര്യന്റെ തീയില്‍ നിന്ന് ഭൂമിയെ സംരക്ഷിച്ചുനിറുത്തുന്നത്. അതു കൂടുതല്‍ അടുത്താല്‍ കരിഞ്ഞുപോവുകയും കൂടുതല്‍ അകന്നാല്‍ മരവിച്ചുപോവുകയും ചെയ്യും! കൃത്യമായ ദൂരമാണ് ചന്ദ്രനെ അതിന്റെ ഭ്രമണപഥത്തില്‍ കറക്കുന്നത്. അതു അല്പം കൂടുതല്‍ അടുത്താല്‍ ആകര്‍ഷിക്കപ്പെട്ടും! അതിസൂക്ഷ്മമായ ദൂരത്തിന്റെ ശാസ്ത്രമാണ് മനോഹരമായൊരു ലോകം സൃഷ്ടിച്ചത്. ആയതിനാല്‍ നല്ലൊരു ദൂരശാസ്ത്രജ്ഞനാവുക, നിന്റെ ചവിട്ടടികള്‍ അതിസൂക്ഷ്മമായി കണക്കുകൂട്ടിയാക്കുക! ആവശ്യത്തിലധികം അടുക്കുകയോ ആവശ്യത്തിലേറെ അകലുകയോ ചെയ്യരുത്. ആവശ്യത്തിലേറെ അകലുമ്പോള്‍, അടുക്കല്‍ അനിവാര്യമായി വരുന്ന ഘട്ടത്തില്‍ അതു ചെയ്യുക പ്രയാസമായി മാറും. ആവശ്യത്തിലേറെ അടുക്കുമ്പോള്‍, അകല്‍ച്ച അനിവാര്യമായി വരുന്ന ഘട്ടത്തില്‍ അതു പ്രയാസമായി മാറും. ( തുടരും )
വിവ. മുഹമ്മദ് ശാക്കിർ മണിയറ
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW