Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യ വിശ്വാസം തകര്‍‌ന്നിട്ടില്ല

പേരു ചോദിച്ച്‌ പോരിനിറങ്ങുന്നവരും കല്ലുവെച്ച നുണകളുടെ വിഷം പ്രചരിപ്പിച്ച്‌ കൊടും പാതകങ്ങളുടെ പ്രേരകന്മാരും പുളഞ്ഞു തുള്ളുന്ന നാടായി രാജ്യം മാറിയിരിക്കുന്നു. കലാപങ്ങള്‍ തുടര്‍‌ കഥയാകുന്നു എന്നാണ്‌ ഇപ്പോഴത്തെ പൊതു വൃത്താന്തം. സ്വതന്ത്ര ഭരണ നിര്‍വഹണ കേന്ദ്രങ്ങളും അനുബന്ധ സം‌വിധാനങ്ങളും തകര്‍‌ന്നു എന്നു പറയുമ്പോഴും രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ വിശ്വാസം തകര്‍‌ന്നിട്ടില്ല എന്നത്‌ ശുഭകരമായ വാര്‍‌ത്തയും വര്‍ത്തമാനവുമാണ്‌. ലോകാവസാനത്തിന്റെ മണി മുഴങ്ങുമ്പോള്‍ പോലും കൈവശമുള്ള ചെടി നടാന്‍ പഠിപ്പിക്കപ്പെട്ട വിശ്വാസികളുടെ ആത്മവീര്യം തകര്‍‌ക്കാന്‍ ഒരു ദുശ്ശക്തിക്കും സാധ്യമല്ല.

ഗുജറാത്തുകള്‍ ആവര്‍‌ത്തിക്കുന്നു എന്നാണ്‌ മാധ്യമ ലോകത്തെ ഭാഷയും ഭാഷ്യവും.എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഏക പക്ഷീയമായ അതിക്രമങ്ങള്‍ ആവര്‍‌ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്നതായിരിക്കണം കൂടുതല്‍ ശരി.1961 ജബൽപൂർ മുതല്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും പട്ടണങ്ങളിലും ഒന്നും രണ്ടും വര്‍‌ഷത്തെ വ്യത്യാസത്തില്‍ പൈശാചികത താണ്ഡവമാടുക തന്നെയായിരുന്നു.

റാഞ്ചി,അഹമ്മദാബാദ്,ജം‌ഷഡ്‌‌പൂര്‍,മൊറാദാബാദ്,നെല്ലി,ഭീവണ്ടി,അഹമ്മദാബാദ്,മീററ്റ്,ഭാഗൽപൂർ,അലിഗഡ്,സൂററ്റ്,ഹൈദരാബാദ്,കാൺപൂർ,1993ലെ ബോം‌ബെ കലാപം വരെ ആവര്‍‌ത്തനം തന്നെയായിരുന്നു.ഇനിയും രേഖപ്പെടുത്തപ്പെടാത്തത്‌ വേറേയും ഉണ്ട്‌.ഒടുവില്‍ ഇതാ 2020 ഡല്‍ഹിയിലും എത്തി നില്‍‌ക്കുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്നു പോരുന്ന തുടര്‍ കഥയാണിത്‌.അല്ലാതെ ഫാഷിസം അധികാരത്തില്‍ കയറിയപ്പോള്‍ മാത്രം കണ്ടു പോരുന്ന അത്ഭുതക്കാഴ്‌ചയൊന്നും അല്ല.

Also read: ‘അനുരാഗ് താക്കൂറിനെയും കപില്‍ മിശ്രയെയും ഞാനായിരുന്നെങ്കില്‍ അറസ്റ്റു ചെയ്യുമായിരുന്നു’

രാജ്യം ആരു ഭരിച്ചാലും സവര്‍‌ണ്ണ പ്രഭുക്കള്‍ തന്നെയാണ്‌ വളയം തിരിക്കുന്നത്.സാമൂഹ്യമായ ഉത്ഥാനം ലക്ഷ്യം വെച്ച്‌ നിര്‍‌മ്മിച്ചെടുത്ത സം‌വരണ സമ്പ്രദായം പോലും അട്ടിമറിക്കുന്നതിലെ വില്ലാളി വീരന്മാരും ഈ പ്രഭു മനസ്സുക്കളാണ്‌.പുരോഗമന വാദികളായി അറിയപ്പെടണമെന്ന്‌ വാശിപിടിക്കുന്നവര്‍ പോലും സം‌വരണ അട്ടിമറി എന്ന ഗൂഡാലോചനയില്‍ അറിഞ്ഞും അറിയാതെയും ചൂട്ടു പിടിക്കുന്നു എന്നതും വിസ്‌മരിക്കാവതല്ല. സം‌വരണ സമ്പ്രദായം സാമ്പത്തികമായ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ടല്ല സാമൂഹ്യപരവും രാഷ്‌‌ട്രീയപരവുമായ ഉയര്‍‌ച്ചയും വളര്‍‌ച്ചയും ഉദ്ദേശിച്ചാണെന്ന്‌ മനസ്സിലാക്കാന്‍ അതി ബുദ്ധി സാമര്‍‌ഥ്യമൊന്നും വേണ്ടതില്ല.

ഫാഷിസ്റ്റേതതര സര്‍‌ക്കാറുകള്‍ ഉള്ളപ്പോള്‍ ഒരു പരിധിവരെ സ്വതന്ത്ര ഭരണഘടനാ സം‌വിധാനങ്ങള്‍ നില നിന്നിരുന്നു.ഫാഷിസ്റ്റ്‌ കാലത്ത്‌ എല്ലാം ഒന്നൊന്നായി തകര്‍‌ന്ന്‌ തരിപ്പണമായി.കോടതികള്‍ കുറ്റവാളികളെ കണ്ടെത്തിയിരുന്ന കാലത്ത്‌ നിന്നും കോടതികളെ കുറ്റവാളികള്‍ തീരുമാനിക്കുന്നത്‌ വരെ ജനാധിപത്യം പുരോഗമിച്ചു എന്ന്‌ ആലങ്കാരികത ഒന്നും ഇല്ലാതെ പറയാന്‍ സാധിക്കും.

മത ഭ്രാന്തന്മാരുടേയും മത വെറിയന്മാരുടേയും ജാതി കോമരങ്ങളുടേയും ഇത്തരം പൈശാചികതകള്‍ കാണുമ്പോള്‍ രാജ്യ സ്‌നേഹികള്‍‌ക്ക്‌ നന്നായി നോവും.ഇരകള്‍‌ക്ക്‌ അതിലേറെ വേവും നോവും അനുഭവപ്പെടും. രാക്ഷസീയമായ ഈ പ്രവണതകള്‍‌ക്ക്‌ കടിഞ്ഞാടാനുള്ള ചെറിയ ശ്രമങ്ങള്‍ പോലും അധികാരികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാതിരിക്കുന്നത് അതി ഭീകരമാണ്‌.സം‌രക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ തന്നെ വേട്ടക്കാരോടൊപ്പം നില്‍‌ക്കുന്ന ദുരവസ്ഥ അതിലും വേദനാജനകമാണ്‌.തങ്ങള്‍‌ക്കൊരു രക്ഷയും ഇല്ലെന്നു വന്നാല്‍ ഇരകള്‍ തന്നെ തങ്ങളുടെ സുരക്ഷക്കായുള്ള ജാഗ്രത പാലിക്കാന്‍ നിര്‍‌ബന്ധിതമാകുന്ന അവസ്ഥ സങ്കീര്‍‌ണ്ണമായ അരാഷ്‌ട്രീയ കാലാവസ്ഥയിലേയ്‌ക്കാണ്‌ വഴി തുറക്കുക.

Also read: വിവേചന മതിലുകൾ തകരട്ടെ

രാജ്യ സുരക്ഷയും സാമൂഹ്യ നീതിയും സാം‌സ്‌കാരിക അപജയങ്ങള്‍‌ക്കുള്ള പരിരക്ഷയും ഉറപ്പ്‌ വരുത്താനാകാത്തവരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പൊതു സമൂഹത്തിന്റെ ഇടപെടലുകള്‍ ബുദ്ധിപൂര്‍‌വ്വം ത്വരിതപ്പെടുത്തുകയാണ്‌ അടിയന്തിരമായും ചെയ്യേണ്ടത്.രാജ്യത്തെ സുമനസ്സുക്കള്‍ തങ്ങളുടെ വ്യത്യസ്‌തങ്ങളായ കഴിവുകള്‍ ഉപയോഗപ്പെടുത്തി പുതിയ അവസ്ഥയ്‌ക്കും വ്യവസ്ഥയ്‌ക്കും വേണ്ടി രം‌ഗത്തിറങ്ങണം.

രോഗാണുക്കളില്‍ നിന്നും സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ രോഗബാധ ഏല്‍‌ക്കുന്നവരും മറ്റൊരു രോഗാണുക്കളും പേറി പുറപ്പെടാം എന്ന നിലപാട്‌ ബുദ്ധിശൂന്യമത്രെ.ഇത്തരം വൈറസുകള്‍ പരക്കുകയും പടര്‍‌ത്തുകയും ചെയ്യാനുള്ള സാധ്യതകളും സാഹചര്യങ്ങള്‍‌ക്കുമെതിരെ പ്രതിവിധിയും പ്രതിരോധവും ശക്തമാക്കുകയാണ്‌ അഭികാമ്യം.

ഒറ്റയാന്മാരായി ചിന്തിക്കുമ്പോള്‍ അസാധ്യമാണെന്നു തോന്നുന്ന പലതിനും കൂട്ടമായി ഒരുങ്ങിയാല്‍ സാധ്യതകളുടെ ആകാശം തന്നെ തുറക്കപ്പെടുന്നത്‌ കാണാം.കാട്ടുതീയില്‍ അകപ്പെട്ട ഒരു അന്ധനും മുടന്തനും അവസരത്തിനൊത്ത്‌ ഉണര്‍‌ന്നു പ്രവര്‍‌ത്തിച്ച പഞ്ച തന്ത്രം കഥ സാന്ദര്‍ഭികമായി ഓര്‍‌ത്തു പോയി.അന്ധന്‍ മുടന്തനെ ചുമലിലേറ്റി.മുടന്തന്‍ അന്ധന്‌ ദിശ കാണിക്കാനും തീരുമാനിച്ചപ്പോള്‍ തങ്ങള്‍ അകപ്പെട്ട പ്രതിസന്ധി തരണം ചെയ്യാന്‍ നിഷ്‌പ്രയാസം അവര്‍‌ക്ക്‌ സാധിച്ചു.ഈ കൊച്ചു കഥയിലൂടെ വലിയൊരു  പാഠം അനുവാചകന്‌ സമ്മാനിക്കുന്നുണ്ട്‌.

Related Articles