Current Date

Search
Close this search box.
Search
Close this search box.

വിവേചന മതിലുകൾ തകരട്ടെ

സൗത്താഫ്രിക്കയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ നാഷനൽ പാർട്ടി സർക്കാർ 1948 മുതൽ 1994 വരെ നടപ്പിലാക്കിയ വംശ വിവേചന (Racial segregation) നിയമവ്യവസ്ഥയാണ്‌ അപ്പാർട്ട്ഹൈഡ്( അപ്പാർത്തീഡ് ) എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം. വംശീയമായ വേർതിരിവ് , കൊളോണിയൽ ഭരണാരംഭാത്തിൽത്തന്നെ ദക്ഷിണാഫ്രിക്കയിൽ നിലവിലുണ്ടായിരുന്നെങ്കിലും 1948-ലെ പൊതു തിരഞ്ഞെടുപ്പിനുശേഷമാണ്‌ ഔദ്യോഗിക പ്രഭാവം ലഭിച്ചത്. ഈ പുതിയ നിയമം ദക്ഷിണാഫ്രിക്കൻ നിവാസികളെ വംശീയമായി കറുത്തവർ( Black ), വെള്ളക്കാർ(വൈറ്റ്), ഏഷ്യക്കാർ(Asian ) എന്നിങ്ങനെ മൂന്നായി വേർ തിരിച്ചു . വ്യത്യസ്ത വർണ്ണത്തിൽ പെട്ടവർക്ക് താമസിക്കാനായി പ്രത്യേകം മേഖലകൾ വേർതിരിക്കുകയും പലപ്പോഴും ബലം പ്രയോഗിച്ച് ആൾക്കാരെ മാറ്റിപാർപ്പിക്കുകയും ചെയ്തു. 1958 മുതൽ കറുത്ത വർഗ്ഗക്കാർക്ക് ദക്ഷിണാഫ്രിക്കൻ പൗരത്വം ഇല്ലാതാവുകയും അവർക്കായി ബന്തുസ്താൻ എന്നറിയപ്പെടുന്ന പത്ത് ഗോത്രാടിസ്ഥാനത്തിലുള്ള സ്വയംഭരണ പ്രദേശങ്ങൾ തുറന്ന ജയിലുകൾ കണക്കെ സ്ഥാപിക്കപ്പെടുകയും ചെയ്തു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നിവ വേർതിരിക്കപ്പെടുകയും കറുത്ത വർഗ്ഗകാർക്ക് വെള്ളക്കാരെ അപേക്ഷിച്ച് മോശമായ സേവനങ്ങളും സാഹചര്യങ്ങളും ഒരു രാജ്യത്തിനകത്ത് നൽകപ്പെടുകയും ചെയ്തു. ഇത് നിറത്തിന്റെ അടിസ്ഥാനത്തിൽ ഉരുവം കൊണ്ട ആലങ്കാരിക മതിലാണെങ്കിൽ നമുക്ക് സർവ്വ വിവേചനങ്ങളേയും ഭരണഘടനാ വകുപ്പുകൾ കൊണ്ട് നിരോധിച്ച ഇന്ത്യയിലേക്ക് ഒന്ന് എത്തിനോക്കാം:-

ഒരു ചട്ടമ്പി രാഷ്ട്രത്തലവൻ നാട്ടിൽ വരുന്നതിനോടനുബന്ധിച്ച് സംസ്കൃതരും അല്ലാത്തവരും എന്ന നിലക്ക് പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും സ്വന്തം ഗുജറാത്തിൽ ഗ്രാമീണ / നഗര (അർബൻ – റൂറൽ )വംശജരെ വേർതിരിക്കാൻ അക്ഷരാർഥത്തിൽ ഉയർന്ന മതിലിന്റെ വാർത്തകൾ വായനക്കാർ ഈ വരികൾ വായിക്കുമ്പോഴും മറന്നു കാണില്ല . മറ്റൊന്ന് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ നിന്നുമാണ്. കടുത്ത ജാതി വിവേചനവും പീഡനങ്ങളും സഹിക്കവയ്യാതെ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് 450 ദളിതര്‍ ഇസ്‌ലാം മതം സ്വീകരിച്ചത് ആ മതിലിന്റെ പേരിലാണ്. മരിച്ചാല്‍ പൊതു ശ്മശാനങ്ങളില്‍ അടക്കാന്‍ വരെ അനുമതി ലഭിക്കാത്ത അത്രയും ക്രൂരമായ പീഡനം നേരിടേണ്ടിവന്ന സാഹചര്യത്തിൽ ദളിതര്‍ കൂട്ടത്തോടെ ഇസ്‌ലാം മതം സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. മേട്ടുപ്പാളയത്ത് അയിത്ത മതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതില്‍ തകര്‍ന്നുവീണ് 17 ദളിതര്‍ മരിച്ച സംഭവത്തിന് ശേഷമായിരുന്നു ഇത്. ആക്ടിവിസ്റ്റ് രവിചന്ദ്ര ബത്രൻ താൻ ഇനി മുതൽ മുഹമ്മദ് റഈസാണ് എന്ന് പ്രഖ്യാപിച്ചതെല്ലാം ഇത്തരം മതിലുകൾ മനസ്സിലുണ്ടാക്കിയ മുറിവുകളിൽ നിന്നുമാണ്.

വർഷങ്ങൾക്ക് മുമ്പ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സലോമന്‍ സ്മിത്ത് എന്ന 28 കാരി യുവതി ദേഹമാസകലം മുറിവുകളേറ്റും, തല അടിച്ച് നുറുക്കിയും, കഴുത്ത് ഞെരിച്ചും അതി പൈശാചികാവസ്ഥയില്‍ കൊല്ലപ്പെടുകയുണ്ടായി. ബലാല്‍സംഗത്തിനിരയായതിന് ശേഷമാണ് ഈ വെളുത്ത വര്‍ഗക്കാരി കൊല്ലപ്പെട്ടതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉടനടി പുറത്തു വന്നു. കൊണ്ടു പിടിച്ച അന്വേഷണത്തിന്‍റെ ഫലമായി പോലീസ് ഘാതകരെ കണ്ടെത്തി. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നത് ഭാരതത്തിന്റെ മാത്രം പാരമ്പര്യമല്ലായെന്ന് വ്യക്തമാക്കുന്നതായിരുന്നു സംഭവം.നീഗ്രോകള്‍ തിങ്ങി താമസിക്കുന്ന ഹാര്‍ലം പട്ടണത്തിലെ 13 നും 16 നും ഇടക്ക് പ്രായമുള്ള അഞ്ച് കാപ്പിരിക്കുട്ടികളായിരുന്നു “പ്രതികള്‍ “. സ്ത്രീയെ ബലാല്‍സംഗം ചെയ്ത് കൊന്നതിലെ കുറ്റം ഓരോരുത്തരും സമ്മതിച്ച് കോടതി ശിക്ഷവിധിച്ചു. എന്നാല്‍ ഇതോടെ ഈ സംഭവത്തിന് സമാപ്തി യായില്ല. സലോമയെ ബലാല്‍ സംഗത്തിനിരയാക്കിയതും നിഷ്ഠൂരമായി കൊലചെയ്തതും താനാണെന്ന് കുറ്റസമ്മതം നടത്തി മാത്യാസ് റെയെസ് എന്നൊരാള്‍ സംഭവം നടന്ന് 13 വര്‍ഷത്തിന് ശേഷം രംഗപ്രവേശം ചെയ്തു. ഇത് അമേരിക്കന്‍ നീതിപീഠത്തേയും അന്വേഷണ ഏജന്‍സിയേയും കുഴക്കി. പക്ഷേ, അപ്പോഴേക്കും പ്രതികളായി പിടിക്കപ്പെട്ടവരുടെ ജീവിതം അമേരിക്കന്‍ നീതിന്യായ വ്യവസ്ഥിതി കാര്‍ന്ന് തിന്ന് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന ഘട്ടത്തിലെത്തി കഴിഞ്ഞിരുന്നു.

Also read: മരണത്തിനും പ്രതീക്ഷക്കുമിടയില്‍ മൂന്ന് മണിക്കൂര്‍

വെള്ളക്കാരുടെ സമൂഹം കെട്ടിപ്പടുത്ത രാഷ്ടീയ സാമൂഹിക നീതിന്യായം കറുത്ത വര്‍ഗക്കാരോട് കാണിച്ച മുന്‍ വിധിക്കും പക്ഷപാതിത്വത്തിനുമുള്ള ചരിത്ര പരമായ പങ്കിനേയാണ് ഈസംഭവം അടിവരയിടുന്നത്. ഒരു വെളുത്ത സ്ത്രീ കൊലചെയ്യപ്പെട്ടെങ്കില്‍ ആ ക്രൂരഹത്യയുടെ പിന്നാമ്പുറങ്ങളില്‍ കറുത്ത നീഗ്രോയുടെ കരങ്ങളായിരിക്കുമെന്ന മുന്‍വിധി പ്രതിചേര്‍ത്തത് ബാല്യത്തിന്‍റെ ചപലത വിട്ട്മാറാത്ത അഞ്ച് കാപ്പിരിക്കുട്ടികളെയാണ്. നിരപരാധികളായ ഈ കുട്ടികള്‍ കുറ്റസമ്മതം നടത്താനുള്ള പ്രേരക ശക്തി തങ്ങളുടെ നിരപരാധിത്വം വെളുത്തവര്‍ അംഗീകരിക്കില്ലെന്ന ഉറച്ച വിശ്വാസമാണ്.

നീചനും നികൃഷ്ഠനും തൊലികറുത്തവനുമായ കാപ്പിരിക്ക് എന്തിനീ നീതിയുടെ സാന്ത്വനം എന്ന ദുഷിച്ച ചിന്താ ധാരണയാണ് അമേരിക്കയുടെ വര്‍ണ്ണ വെറിയുടെ ചരിത്രത്തെ ഇത്രമേല്‍ വികൃതമാക്കിയത്. വര്‍ത്തമാന കാല സംഭവവികാസങ്ങളിലും അനുദിനം സംവദിച്ചുകൊണ്ടിരിക്കുന്നത് കറുത്ത മനസ്സുമായി ജീവിക്കുന്ന വെളുത്ത വര്‍ഗക്കാരുടെ അതിക്രമങ്ങളാണ്. നിരായുധരായ കറുത്തവര്‍ഗക്കാരെ വെളുത്ത വര്‍ഗക്കാരായ പോലീസ് നിര്‍ലോഭം വെടിവെച്ചിടുന്നു, പോലീസിനെ അക്രമിക്കാന്‍ ആയുധമേന്തി നില്‍ക്കുന്നു എന്ന വാദമുയര്‍ത്തി വെടിയുതിര്‍ക്കുന്നു, മകന്‍റെ സ്കൂള്‍ ബസ് കാത്തിരുന്ന ചെറുപ്പക്കാരന്‍റെ കൈയ്യിലെ ചുരുട്ടിപ്പിടിച്ച പുസ്തകം തോക്കാണെന്ന് ആരോപിച്ച് നിറയൊഴിച്ച് കൊല്ലുന്നു. ഇങ്ങനെ തുടങ്ങി അനുദിനം അമേരിക്കയില്‍ നിന്നും കേട്ട് കൊണ്ടിരിക്കുന്നത് വെടിയുതിര്‍പ്പിന്‍റെയും അതിനെതിരെയുള്ള പ്രക്ഷോപത്തിന്‍റെയും നിലക്കാത്ത അലയൊലികളാണ്. ആഫ്രോ – അമേരിക്കന്‍ വംശജനായി ജനിച്ച ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി പ്രസിഡണ്ട് സ്ഥാനത്തേക്ക് ആഘോഷത്തോടെ വിന്യസിക്കപ്പെടുകയുണ്ടായി. വെളുത്ത വര്‍ഗം കെട്ടിപ്പൊക്കിയ നിയമവ്യവസ്ഥിതിയുടെ അധിപനായി ഒരു കറുത്ത വര്‍ഗക്കാരന്‍ അവരോധിക്കപ്പെട്ടപ്പോള്‍ ആ ജനതയുടെ മനസ്സില്‍ രൂഢമൂലമായ കറുത്ത നിന്ദകള്‍ക്ക് അറുതി വരുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അധികാരത്തിന്‍റെ രണ്ടാം ഊഴവും കഴിഞ്ഞ് ഒബാമ പ്രസിഡണ്ട് പദവിയില്‍ നിന്ന് ഇറങ്ങിപ്പോരുന്നത് തന്‍റെ അധികാര സമയത്ത് സമൂലമായ മാറ്റം വരുത്താനായില്ല എന്ന് തിരിച്ചറിയുമ്പോഴാണ് പുരോഗതിയുടെ ഉത്തുംഗതിയിലെത്തി എന്ന് ലോകം തെറ്റുദ്ധരിച്ച അമേരിക്കന്‍ ജനതയില്‍ വര്‍ണ്ണ-വര്‍ഗ ബോധം എത്രത്തോളം പൂണ്ട് പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാവുക.

Also read: ആത്മീയത നൽകുന്ന പരിജ്ഞാനം

അമേരിക്ക അഭിമുഖീകരിക്കുന്ന പ്രശ്നം വര്‍ണ്ണവെറിയും മിഥ്യാഭിമാനികളായ ഒരു ജനതയുടെ ഉറച്ച മനോഗതിയുമാണെങ്കില്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ദുഷിച്ച് നാറിയ ജാതിവ്യവസ്ഥിതി സമ്മാനിച്ച അയിത്തസങ്കല്‍പ്പത്തിന്‍റെ കരാളഹസ്തങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടുന്ന നിരന്തര കാഴ്ച്ചകളായി മാറുന്നു. ‘ഹിന്ദുവായി ജനിച്ചു പക്ഷെ, ഞാന്‍ ഹിന്ദുവായി മരിക്കില്ല’ എന്ന് ശപഥം ചെയ്തത് ആധുനിക ഇന്ത്യക്ക് വരദാനമായി ലഭിച്ച ബി ആര്‍ അംബേദ്കര്‍ എന്ന നേതാവാണ്. സ്വതന്ത്ര ഇന്ത്യക്ക് ഒരു ലിഖിത ഭരണഘടന വേണമെന്ന നവരാഷ്ട്ര ശില്‍പികളുടെ മോഹം പൂവണിയിച്ച നിയമ വിശാരദനും പണ്ഡിതനും വാഗ്മിയുമായിരുന്ന അദ്ദേഹം ജാതീയതയുടെ പേരില്‍ ജീവിതത്തിലുടനീളം പീഡനങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നു. ജാതീയത അംബേദ്കറുടെ ജീവിതത്തിലുടനീളം സമ്മാനിച്ച വരള്‍ച്ചയാണ് ഉപരിസൂചിത വിപ്ലവാത്മക പ്രസ്താവന പ്രഖാപിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ചരിത്രത്തില്‍ മാറ്റിവെക്കാനാവാത്ത അധ്യായമായിമാറിയ ഒരു മഹത് വ്യക്തിത്വത്തിന് ഹിന്ദു സവർണ്ണ വിഭാഗത്തിന്‍റെ ജാതീയത സമ്മാനിച്ചത് ഇത്രമേല്‍ ദുരിതമാണെങ്കില്‍ ആ ജാതീവ്യവസ്ഥിതിയുടെ ദുഷിച്ച മനസ്സില്‍ നിന്നും രാജ്യം ഇന്നും മുക്തമായിട്ടില്ലെന്നാണ് ദൽഹിയിൽ നിന്നും കുറച്ചു ദിവസങ്ങളായി പുറത്തു വന്ന് കൊണ്ടിരിക്കുന്ന കണ്ണ് നനയിക്കുന്ന വാർത്തകൾ നാമെല്ലാം വായിച്ചു കഴിഞ്ഞതാണ്. പേര് ചോദിച്ചും വസ്ത്രമൂരിയും ജാതി – മതങ്ങൾ ഉറപ്പു വരുത്തുന്ന രീതി ലോകത്ത് ഇവിടെയല്ലാതെ എവിടെയെങ്കിലുമുണ്ടോ എന്നകാര്യം സംശയകരമാണ്. എങ്ങിനത്തെ സനാതന ഭാരത സംസ്കാരമാണ് മനു സ്മൃതി വ്യാഖ്യാതക്കളും ചാതുർവർണ്യ പ്രയോക്താക്കളും വിചാരധാരാ ഭക്തരും “കുലത്തിൽ ” പിറന്നവരും തെളിയിച്ചു കൊണ്ടിരിക്കുന്നത് എന്നതിന് ദൽഹിയിലെ ഗല്ലികൾ സാക്ഷി.

ഒരു ഭാഗത്ത് രോഹിത് വെമുലമാര്‍ ദളിതാനായതിന്‍റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വരുമ്പോള്‍ മറ്റൊരു ഭാഗത്ത് കനയ്യകുമാറും ഉനയിലെ ദളിത് സമൂഹവും നിരന്തര പീഡനത്തിന്‍റെയും അതിനെതിരെയുള്ള പ്രക്ഷോഭങ്ങളുടേയും പ്രതീകമായി മാറുന്നു. ഇവിടെയാണ് ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന മാനവിക- വിമോചന – വിവേചന രഹിത ദര്‍ശനങ്ങളെക്കുറിച്ചും അത് ലോക ജനതയില്‍ സൃഷ്ടിക്കുന്ന മാറ്റത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നത്.

ഇസ്ലാമിന്‍റെ സമത്വസങ്കല്‍പം ആ പ്രവേഗത്തിൽ വായിക്കപ്പെടുന്നത്.
ഇസ്ലാം മാനവികതയുടെ പ്രത്യയ ശാസ്ത്രമാണ് എന്ന് തിരിച്ചറിയപ്പെടുന്നത്. മുതലാളിത്വത്തിനും കമ്യുണിസത്തിനും മധ്യേ സവര്‍ണ്ണ-അവര്‍ണ്ണ, തൊഴിലാളി – മുതലാളി ആധിപത്യങ്ങള്‍ക്കധീതമായി ചൂഷണത്തേയും വിധേയത്വത്തേയും നിരാകരിച്ച് നിറഭേതങ്ങളില്ലാതെ സമൂഹത്തിന്‍റെ നാനാതുറകളിലും മാനുഷിക ബന്ധത്തിന്‍റെ ഉദാത്തമായ ഉടമ്പടികളെ വിളക്കിച്ചേര്‍ക്കുന്ന മാര്‍ഗ്ഗ ദര്‍ശനമെന്ന നിലക്ക് വായിക്കപ്പെടുന്നതും അനുധാവനം ചെയ്യപ്പെടുന്നതും.സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനോ പാവങ്ങളെ ചൂഷണാധിപത്യങ്ങളിലൂടെ വരിഞ്ഞ്കെട്ടി അടിമകളാക്കാനോ അത് അനുവദിക്കുന്നില്ല. ഇസ്ലാമിലെ സമത്വവും നീതിയും നബി(സ) കൃത്യമായി അനുചരന്മാരായ സ്വഹാബത്തില്‍ വളര്‍ത്തിയെടുക്കുന്നത് ചരിത്രത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവും. വെളുത്ത സല്‍മാനുല്‍ ഫാരസി (റ) വും കറുത്ത ബിലാല്‍ (റ) വും വര്‍ണ്ണ വെറിയുടെ രണ്ട് ധാരകളായിട്ടല്ല ഇസ്ലാമിക ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. മറിച്ച്, ഒരു നാണയത്തിന്‍റെ ഇരുപുറമെന്നോണം സമത്വത്തിന്‍റെ സൗന്ദര്യം ആവോളം ആസ്വദിച്ച് ഇഴുകിച്ചേർന്ന രണ്ട് പ്രതീകങ്ങളായിട്ടാണ്. ജീവിത വേളയില്‍ ഒരിക്കല്‍ അബൂദര്‍റില്‍ ഗിഫാരി(റ) ബിലാല്‍ (റ)നെ വര്‍ണ്ണാധിക്ഷേപം നടത്തുകയുണ്ടായി. കറുത്തവനായതിന്‍റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന ഈ പരിഹാസം സഹിക്കവയ്യാതെ ബിലാല്‍ (റ) നബിയോട് പരാതിപ്പെട്ടു. അദ്ദേഹം ക്ഷുഭിതനായി പറഞ്ഞു: – അബൂദറ്ര്‍ നിങ്ങളുടെ ഹ്യദയാന്തരങ്ങളില്‍ ഇപ്പോഴും പഴയ ജാഹിലിയ്യത്തിന്‍റെ ശേഷിപ്പുകള്‍ അവശേഷിക്കുന്നുവോ..? നബിയുടെ വാക്ക് തീക്കനല്‍ പോലെ ഹ്യദയത്തില്‍ പതിച്ച അബൂദറ്ര്‍(റ) ബിലാല്‍(റ) വരുന്ന വഴിയില്‍ കവിള്‍ മണ്ണോട് ചേര്‍ത്ത് കിടന്ന് മാപ്പിനായി ഇരന്ന് പറഞ്ഞു. ബിലാല്‍… അവിടുത്തെ പാദംകൊണ്ട് എന്‍റെ കവിളില്‍ ചവിട്ടി പ്രതികാരം ചെയ്താലേ ഞാനിവിടുന്ന് എഴുന്നേല്‍ക്കൂ. അതുകൊണ്ടെന്‍റെ കവിളില്‍ ചവിട്ടൂ ബിലാല്‍…
ബിലാല്‍ (റ) അബുദറ് ര്‍ (റ)നെ എഴുന്നേല്‍പ്പിച്ച് കവിളില്‍ ചുടുചുംബനമര്‍പ്പിച്ച് പ്രതിവചിച്ചു: “ഈ കവിളെനിക്ക് ചവിട്ടാനുള്ളതല്ല, ചുംബിക്കാനുള്ളതാണ്. ”
തന്‍റെ അനുചരര്‍ക്കിടയില്‍ രൂപംകൊണ്ട വര്‍ണ്ണ വെറിയെ എത്രകൃത്യമായാണ് നബി ഇടപെട്ട് നിഷ്കാസനം ചെയ്യുന്നതെന്ന് പ്രസ്തുത സംഭവം വിവരിച്ചു തരുന്നുണ്ട്. കറുത്തിരുണ്ട ഇതേ ബിലാല്‍ (റ)നെത്തന്നെയാണ് പരിശുദ്ധ ഭവനത്തിന്‍റെ മുകളില്‍ കയറി ബാങ്ക് വിളിക്കാനേല്‍പ്പിച്ചിരുന്നതെന്ന് ചരിത്രപരമായ മറ്റൊരു വസ്തുതയാണ്.
അബലരുടെയുംഅവശരുടെയും അത്താണിയായി ജീവിച്ച മുത്ത്നബിയോട് ഒരിക്കല്‍ ചില ഖുറൈശി പ്രമുഖര്‍ വന്ന് വാഗ്ദാനം ചെയ്തു. ‘ഈ പള്ളിയുടെ ചെരുവില്‍ ഭവനരഹിതരായി ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിയുന്ന തിണ്ണവാസികളെ അങ്ങ് മാറ്റിനിര്‍ത്തുകയാണെങ്കില്‍ ഞങ്ങള്‍ ഇസ്ലാമിലേക്ക് വരാൻ അവർ തയ്യാറാണ് . എന്നാൽ വർഗ / വർണ / വംശീയ അടിസ്ഥാനത്തിലെ അത്തരം ആഹ്വാനങ്ങൾ ചെവിക്കൊള്ളരുതെന്ന് നബിയോട് അല്ലാഹു ഉദ്ബോധനം നടത്തിയത് ഇപ്രകാരമായിരുന്നു. “അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ത്ഥനാ നിരതരാവുന്നവരുടെ കൂടെ അങ്ങയുടെ മനസ്സിനെ അടക്കിനിര്‍ത്തുക. ഐഹികലോകത്തിന്‍റെ ജീവിതാലങ്കാരം ലക്ഷ്യമാക്കി അങ്ങയുടെ കണ്ണുകള്‍ അവരെ വിട്ട് പോകാതിരിക്കട്ടെ “( 18:28) അവഗണിക്കപ്പെട്ടവര്‍ക്കും അവമതിക്കപ്പെട്ടവര്‍ക്കും സാന്ത്വനത്തിന്‍റെ അഭയകേന്ദ്രമായി വര്‍ത്തിക്കാന്‍ ഉദ്ഘോഷിക്കുന്ന ഖുര്‍ആന്‍ പ്രതിനിധാനം ചെയ്യുന്നത് സാമൂഹിക സന്തുലിതത്വമല്ലാതെ മറ്റെന്താണ് ?

Also read: ലോല ഹൃദയനായ പ്രവാചകന്‍

പടിഞ്ഞാറ് ഇസ്ലാമിനെ പുല്‍കിക്കൊണ്ടേ ഇരിക്കുന്നു. വര്‍ണ്ണവെറിയുടെ ദുഷിച്ച ചിന്താകിരണങ്ങള്‍ അവരുടെ ഭരണവ്യവസ്ഥിതിയെ ഗാഢമായി ഗ്രസിക്കുമ്പോഴും സമത്വത്തിന്‍റെയും നീതിയുടെയും ജീവിത മാതൃക വിഭാവനം ചെയ്യുന്ന ഇസ്ലാമിനെ ആശയപരമായി നേരിടാനാവാതെ അവരിലെ ഫോബിക്കുകൾ വിപത്കരമായ ഒരു പ്രത്യയശാസ്ത്രമായി ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. 2001 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രൈഡ് സെന്‍റര്‍ ആക്രമണം ഉയര്‍ത്തിക്കാട്ടി ഇസ്ലാം ഭീതി  പടച്ചുവിട്ടാണ് ഇസ്ലാമിന്‍റെ ശോഭനമുഖം വലിച്ചുകീറാൻ അവർ് നിരന്തരം ശ്രമിച്ചുപോന്നത്. എന്നാല്‍ സെപ്തംബര്‍ 11 ന് ശേഷം ഇസ്ലാം ചെറിയ അർഥത്തിൽ മാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തെങ്കിലും ഇസ്ലാമിന്‍റെ യഥാര്‍ത്ഥ ആശയാടിത്തറ യഥാവിധം തിരിച്ചറിയുന്നവരുടെയും അതുവഴി ഇസ്ലാമിലേക്ക് ചേക്കേറുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതാണ് ലോകം ദര്‍ശിച്ചത്. പാശ്ചാത്യ സമൂഹം നെയ്തു വെച്ച അസമത്വത്തിന്‍റെയും അരാചക സംസ്കാരത്തിന്‍റെയും കുത്തഴിഞ്ഞ ജീവിത വ്യവസ്ഥിതിയുടെയും പ്രതിഫലനമാണ് പലരെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്.

നീഗ്രോ വര്‍ഗ്ഗക്കാരനായതിന്‍റെ പേരില്‍ ജീവിതത്തിലുടനീളം അക്രമണങ്ങള്‍ക്കും അവഗണനകള്‍ക്കുമിരയായി ഒടുക്കം ഇസ്ലാമിലേക്ക് കടന്നു വന്ന മാല്‍കം എക്സ് എന്ന പേരിലറിയപ്പെട്ടിരുന്ന അല്‍ ഹാജ് മാലിക് അല്‍ ശഹ്ബാസ് ഒരു നീഗ്രോയുടെ ജീവിതത്തുടിപ്പുകളെ തന്‍റെ ആത്മകഥയില്‍ ഹൃദയരക്തം കൊണ്ട് അടിവരയിടുന്നുണ്ട്. ‘വെള്ളക്കാര്‍ മൃഗങ്ങളെപ്പോലെ ഗുഹകളില്‍ ജീവിച്ചിരുന്ന കാലത്ത് കറുത്ത മനുഷ്യന്‍ മഹാസാമ്രാജ്യങ്ങളും സംസ്കാരങ്ങളും പടുത്തുയര്‍ത്തി. വെളുത്തമനുഷ്യനെന്ന പിശാചാകട്ടെ തന്‍റെ പൈശാചിക സ്വഭാവമനുസരിച്ച് ചരിത്രത്തിലുടനീളം വെള്ളക്കാരുടേതല്ലാത്ത എല്ലാ വര്‍ഗങ്ങളെയും കൊള്ളയും കൊലയും ബലാല്‍ക്കാരവും ചൂഷണവും കൊണ്ട് കീഴ്പ്പെടുത്തുകയായിരുന്നു’.

പുതിയമതം പുല്‍കിയ ശേഷമുള്ള മാല്‍കം എക്സിന്‍റെ ഹജ്ജ് യാത്രാനുഭവങ്ങള്‍ ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സൗന്ദര്യം വിളിച്ചോതുന്നുണ്ട്. ‘സാഹോദര്യത്തിന്‍റെ തെളിഞ്ഞ ചിത്രമായിരുന്നു ഹജ്ജ് യാത്രയിലുടനീളം എനിക്ക് അനുഭവേദ്യമായത്. രാജാവെന്നോ കര്‍ഷകനെന്നോ പണക്കാരനെന്നോ പാമരനെന്നോ ഭേദമന്യേ എല്ലാവരും ഒരേ വസ്ത്രത്തില്‍ ഒരൊറ്റ ലക്ഷ്യത്തിനായി കഅ്ബയെ പ്രദിക്ഷിണം ചെയ്യുന്നു. ഇവിടെ നിറത്തനിമയോ ജാതിമേന്മയോ ഒന്നും പരാമര്‍ശമര്‍ഹിക്കുന്നേയില്ല. വെളുത്തവരും കറുത്തവരും തവിട്ടുനിറമുള്ളവരുമെല്ലാം സഹോദരങ്ങള്‍, അല്ലാഹുവെന്ന ഒരേ ഒരുവന് ആരാധിക്കുന്നവര്‍’.
കറുത്ത വര്‍ഗക്കാരനെ പേപ്പട്ടിയെപ്പോലെ തെരുവോരങ്ങളില്‍ തല്ലിക്കൊന്നിരുന്ന കാലസന്ധിയിലാണ് കൈക്കരുത്തിന്‍റെ ഇടിമുഴക്കം കൊണ്ട് മൂന്ന് തവണ ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ കാഷ്യസ് ക്ലേ എന്ന മുഹമ്മദലി ഇസ്ലാം പുണരുന്നത്. കാരിരുമ്പിന്‍റെ കരുത്തുള്ള ആ ശരീരത്തില്‍ ഇസ്ലാം സന്നിവേശിച്ചപ്പോള്‍ താന്‍ ജീവിക്കുന്ന അനീതിയുടെയും വര്‍ണ്ണവെറിയുടെയും ലേകത്തോട് അദ്ദേഹം ശക്തമായി പ്രതികരിച്ച് തുടങ്ങി. കറുത്തവര്‍ഗക്കാരനായതിന്‍റെ പേരില്‍ കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ മുഹമ്മദലി ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്നും മോചനപാതയാണെന്നും ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. പുതിയ കാലത്ത് ഇസ്ലാമിലേക്കൊഴുകുന്നവരുടെ എണ്ണം അനവധിയാണ്. അടുത്തകാലത്തായി 14200 ബ്രിട്ടീഷുകാര്‍ ഇസ്ലാം ആശ്ലേഷിച്ചിട്ടുണ്ടെന്ന് യഹ്യാ ബട്ടിന്‍റെ പഠനം തെളിയിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറിന്‍റ ഭാര്യാസഹോദരി ലോറന്‍റ് ബൂത്ത് ബ്രിട്ടനില്‍ ഇസ്ലാമാശ്ലേഷിച്ച ഇക്കൂട്ടരില്‍ പ്രധാനിയാണ്. പ്രശസ്ത ജപ്പാനീസ് ഗുസ്തി താരം ആന്‍റോണിയോ ഇന്നോക്കി മുഹമ്മദ് ഹുസൈന്‍ എന്ന നാമധേയത്തില്‍ ഇസ്ലാം സ്വീകരിച്ചത്, തുടങ്ങി പ്രശസ്ത ഗായകനും ഗാനരചയിതാവുമായ എ ആര്‍ റഹ്മാന്‍, തമിഴ് സിനിമാ നടി മോണിക, കവിയത്രിയും എഴുത്തുകാരിയുമായ കമലാ സുരയ്യ ഇങ്ങനെ സമ്പന്ന വരേണ്യ വര്‍ഗത്തില്‍ പോലും ഇസ്ലാം പരിവര്‍ത്തനം സൃഷ്ടിച്ച് മുന്നേറുകയാണ്. ഫലത്തില്‍ കറുത്തവരോടുള്ള അവഗണനയില്‍ പടുത്തുയര്‍ത്തിയ വെളുത്തസാമ്രാജത്വത്തില്‍ നിന്ന് വര്‍ഗമഹാത്മ്യ ബോധം ഉരുകിയൊലിച്ച് പോകണമെങ്കില്‍ മാല്‍കം എക്സ് പ്രസ്താവിച്ചത് പോലെ വർഗ – വർണ – വംശ വ്യത്യാസമില്ലാത്ത ഒരു ലോകം വരണം .

യാതൊരുവിധ വർണ്ണ / വംശ / ലിംഗ വിവേചനവും ഇസ്ലാമിൽ ഇല്ല എന്നത് അതിന്റെ പ്രബോധനം മാത്രമല്ല. അകലെ നിന്നും വീക്ഷിക്കുന്നവരും അടുത്തു നിന്നും മനസ്സിലാക്കിയവരും ഒരുപോലെ പ്രഖ്യാപിക്കുന്ന സംഗതിയാണിത് : ഇസ്ലാമിൽ
വലിയവനും ചെറിയവനുമില്ല . തൊഴിലാളിയും മുതലാളിയുമില്ല .കറുത്തവനും വെളുത്തവനുമില്ല .സവർണ്ണനും അവർണ്ണനുമില്ല. ഇവിടെ മനുഷ്യനും മനുഷ്യത്വവും മാത്രം….
വിശുദ്ധ വേദം പഠിപ്പിക്കുന്നത് ഇങ്ങനെയാണ് : ”അല്ലയോ മനുഷ്യരേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുവിന്‍. ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു ദൈവത്തിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും സൂക്ഷിക്കുക. തീര്‍ച്ചയായും ദൈവം നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്” (4:1). ”ആദിയില്‍ മനുഷ്യരെല്ലാം ഒരൊറ്റ സമുദായമായിരുന്നു. പിന്നീടവര്‍ ഭിന്നിച്ചുപോയി” (10:9). ഇവയെ വിശദീകരിച്ച പ്രവാചകന്‍ (സ) പ്രഖ്യാപിച്ചു: ”അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല ” “നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഏറ്റവും ധര്‍മബോധമുള്ളവനാണ്.” (49:13) ദേശ / ഭാഷാ /വര്‍ണ / വര്‍ഗാടിസ്ഥാനത്തില്‍ ആര്‍ക്കും ഒരു മഹിമയും ഇല്ലെന്നുള്ള പ്രവാചകന്റെ പ്രഖ്യാപനം കൂടി ചേർത്ത് വായിക്കുക: ‘ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണ് മനുഷ്യര്‍’

(മാർച്ച് 1 ആഗോള വിവേചന രഹിത ദിനം )

Related Articles