Current Date

Search
Close this search box.
Search
Close this search box.

‘അനുരാഗ് താക്കൂറിനെയും കപില്‍ മിശ്രയെയും ഞാനായിരുന്നെങ്കില്‍ അറസ്റ്റു ചെയ്യുമായിരുന്നു’

ഡല്‍ഹിയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയ അക്രമണത്തെക്കുറിച്ചും അതിന് പ്രേരിപ്പിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഡല്‍ഹി പൊലിസ് കമ്മിഷണറും മുന്‍ ബി.എസ്.എഫ് ഡയറക്ടര്‍ ജനറലുമായ അജയ് രാജ് ശര്‍മ. ദി വയര്‍ പോര്‍ട്ടലിനു വേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ഡല്‍ഹി പൊലിസിനെക്കുറിച്ച്…

ഡല്‍ഹി പൊലിസ് സാമുദായികമാകുന്നതിനെ ഭയപ്പെടണം. കലാപം നടക്കുമ്പോള്‍ ഉള്ള അവരുടെ പെരുമാറ്റം അവരുടെ വര്‍ഗ്ഗീയത വ്യക്തമാക്കുന്നുണ്ട്. പൊലിസ് കമ്മീഷണര്‍ കഠിനമായ ഒരു പരീക്ഷണമാണ് നേരിട്ടത്. എങ്കിലും അത് വിജയിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഡല്‍ഹി കലാപം കൈകാര്യം ചെയ്യുന്നതില്‍ പൊലിസ് പരാജയപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ നേരത്തെയും പൊലിസ് ഇവ്വിധം നടപടി സ്വീകരിച്ചിട്ടുണ്ട്. ഡിസംബറില്‍ ജാമിഅ മില്ലിയ്യയില്‍ നടന്ന സംഭവങ്ങളില്‍ വരെ അത് എത്തിനില്‍ക്കുന്നു.

പൊലിസിലെ പ്രൊഫഷണലിസത്തിന്റെ അഭാവമാണ് ഇതിന് പ്രധാന കാരണമെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞതിനെയും ശര്‍മ ചൂണ്ടിക്കാണിച്ചു. സ്ഥിതിഗതികള്‍ വികസിക്കുന്നതിനും അത് കലാപമായി മാറുന്നതിനും പൊലിസ് അനുവാദം നല്‍കുകയായിരുന്നു. അവര്‍ നേരത്തെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത് തടയാമായിരുന്നു. ഷഹീന്‍ ബാഗിന് അനുവാദം നല്‍കിയത് പൊലിസ് തന്നെയാണ്. അത് അവര്‍ തടയണമായിരുന്നു. എങ്കില്‍ അതിനുശേഷം നടന്ന ആക്രമണ സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഞാന്‍ ആയിരുന്നു ഡല്‍ഹി പൊലിസ് കമ്മീഷണര്‍ എങ്കില്‍ അനുരാഗ് താക്കൂറിനെയും പര്‍വേഷ് വര്‍മയെയും കപില്‍ മിശ്രയെയും അറസ്റ്റു ചെയ്യുമായിരുന്നു. കപില്‍ മിശ്ര പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയപ്പോള്‍ വടക്കുകിഴക്കന്‍ ഡി.സി.പി വേദ് പ്രകാശ് സൂര്യ അദ്ദേഹത്തിന് അനുകൂലമായാണ് നിന്നത്. അത് തടയാന്‍ ഒന്നും ചെയ്തില്ല. ഞാന്‍ ആയിരുന്നെങ്കില്‍ ഉടന്‍ തന്നെ സൂര്യയില്‍ നിന്ന് ഒരു വിശദീകരണം ആവശ്യപ്പെടുകയും അത് തൃപ്തികരമല്ലെങ്കില്‍ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുമായിരുന്നു.

Also read: മരണത്തിനും പ്രതീക്ഷക്കുമിടയില്‍ മൂന്ന് മണിക്കൂര്‍

സര്‍ക്കാരിനെയും ബി.ജെ.പിയെയും ഭയന്നാണ് പൊലിസ് ഇതെല്ലാം ചെയ്യുന്നത്. കലാപത്തെ ഫലപ്രദമായി നേരിടാന്‍ പോലീസിന്റെ പരാജയം സൂചിപ്പിക്കുന്നത് അവര്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തിയെന്നാണ്. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിന്റെ ചോദ്യത്തോട് ഡല്‍ഹി പൊലിസ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

വര്‍ഗ്ഗീയ ലഹള

ശത്രുക്കളില്‍ നിന്നുള്ള ആക്രമണം കഴിഞ്ഞാല്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗ്ഗീയ കലാപം. ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച രാവിലെയോ പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജാഫറാബാദിലെ കലാപങ്ങള്‍ തടയാമായിരുന്നു. ഇത് വ്യക്തമായും അശ്രദ്ധയും നിരുത്തരവാദപരവുമാണ്.
കലാപകാരികള്‍ മുസ്ലിം ഷോപ്പുകള്‍ക്ക് തീയിടുന്നത് പോലീസുകാര്‍ നേക്കി നില്‍ക്കുന്നതും മുസ്ലിംകളെ മര്‍ദിച്ച് ജനഗണമന ചൊല്ലിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് സത്യമാണെങ്കില്‍ അത് വ്യക്തമാക്കുന്നത് പൊലിസിന്റെ സാമുദായികതയാണ്. ‘യൂണിഫോമില്‍ വരുന്നവരെ ജനങ്ങള്‍ വിശ്വസിക്കില്ല, ദില്ലി പോലീസിന്റെ കഴിവുകളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും ആളുകള്‍ സംശയിക്കുന്നു’ എന്ന അജിത് ഡോവലിന്റെ പ്രസ്താവനയോട് ഞാന്‍ യോജിക്കുന്നു. ജാമിഅ,ജെ.എന്‍.യു വിഷയങ്ങള്‍ ഒന്നും ഡല്‍ഹി പൊലിസ് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തിട്ടില്ല.

രാഷ്ട്രീയ ഇടപെടലില്‍ നിന്ന് പോലീസിനെ ഒഴിവാക്കുക

രാഷ്ട്രീയ ഇടപെടലില്‍ നിന്ന് പോലീസിനെ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ശര്‍മ്മ പറയുന്നു. ഡിജിപികളെ തിരഞ്ഞെടുക്കുമ്പോള്‍ അത് മൂന്നോ നാലോ പേരുകളുള്ള പട്ടികയില്‍ നിന്നാക്കണമെന്നും അതുമൂലം മുഖ്യമന്ത്രിമാര്‍ക്ക് അവരുടെ സ്വന്തക്കാരെ നിയമിക്കാന്‍ കഴിയില്ല എന്ന് ഉറപ്പുവരുത്താനാവുമെന്നും അദ്ദേഹം പറയുന്നു.

രണ്ടാമതായി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു നിശ്ചിത പ്രവര്‍ത്തന കാലാവധി വെക്കണം. അത് വളരെ അനിവാര്യമായ കാരണങ്ങളാല്‍ മാത്രമേ വെട്ടിക്കുറക്കാന്‍ പാടുള്ളൂ. 2006ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച പ്രകാശ് സിംഗിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായും ഫലപ്രദമായും നടപ്പാക്കിയിരുന്നെങ്കില്‍ അത് പോലീസ് സേനയുടെ സ്വാതന്ത്ര്യത്തിനും അതിന്റെ ഫലപ്രാപ്തിക്കും വലിയ മാറ്റമുണ്ടാക്കുമായിരുന്നുവെന്നും ശര്‍മ പറഞ്ഞു.

Also read: സ്ത്രീയുടെ സൃഷ്ടിപ്പ് ആദമിൻ്റെ വാരിയെല്ലിൽ നിന്നോ ?

ദില്ലി പൊലീസിലെ അസ്വാസ്ഥ്യങ്ങള്‍ പോലീസിനുള്ളില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്, പക്ഷേ അതിന് രാഷ്ട്രീയ പിന്തുണ ആവശ്യമാണ്. ശരിയായ പരിശീലനവും അച്ചടക്കവും അവര്‍ക്ക് നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. ഏറ്റവും പ്രധാനമായി, ലോക്കല്‍ പോലീസ് സ്റ്റേഷനുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിശീലനം നല്‍കണം. അവര്‍ ആണ് സാധാരണ ആളുകളുമായി ആദ്യമായി ബന്ധപ്പെടുന്നത്. ജനങ്ങളോട് സൗഹൃദപരവും കാര്യക്ഷമവും മര്യാദയോടെയും പെരുമാറാന്‍ അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

അവലംബം: thewire.in
വിവ: സഹീര്‍ അഹ്മദ്

Related Articles