Columns

ബാബരി; ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന വിധി!

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി സി.ബി.ഐ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. പള്ളി പൊളിച്ച കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഗാന്ധിവധത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രമാദമായ കേസിന്റെ വിധിയാണ് 28 വര്‍ഷത്തിന് ശേഷം പുറത്തുവരുന്നത്. രണ്ടായിരത്തോളം പേജ് വരുന്ന വിധിപ്രസ്താവം മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പെടുന്ന 32 പ്രതികളേയും വെറുതെ വിടുകയായിരുന്നു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്. പ്രതികളെ വിട്ടയച്ചതിന് പുറമെ അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന ജഡ്ജിയുടെ പരാമര്‍ശം ഏറെ വിചിത്രമാണ്.

പ്രതികളെ വിട്ടയച്ച കോടതി വിധി പുറത്തുവന്നതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. പളളി പൊളിച്ചതിന് തെളിവില്ലെന്ന കോടതിനിരീക്ഷണത്തെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ട്രോളിക്കൊണ്ടിരിക്കുകയാണ്. തെളിവില്ലെങ്കില്‍ പളളി പൊളിഞ്ഞത് കാറ്റടിച്ചോ, ഭൂമികകുലുക്കം സംഭവിച്ചോ ആയിരിക്കുമെന്നാണ് ട്രോളന്മാരുടെ ഭാഷ്യം. പുതിയ ഇന്ത്യയില്‍ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പളളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ പ്രതികരണം. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ്ണ ചതിയാണെന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി വധ ഗൂഢാലോചനക്കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വവാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയായിരുന്നുവെന്നായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം. ബാബരി മസ്ജിദ് പൊളിച്ചത് നിമയലംഘനമാണെന്ന് മുമ്പ് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു എന്നിരിക്കെ ഇപ്പോള്‍ ഇങ്ങനെയൊരു വധി വന്നത് തികച്ചും വിരോദാഭാസമാണ്.

Also read: ട്രംപ് ജോബിഡൻ സംവാദം നല്‍കുന്ന സൂചനകള്‍

പള്ളി തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും ക്രിമിനല്‍ ഗൂഢാലോചനക്ക് തെളിവില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഒപ്പം, സി.ബി.ഐ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിക്കാനും തയ്യാറായില്ല. വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കണ്‍മുന്നില്‍ നടന്ന ഒരു കുറ്റകൃത്യത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ്. രാജ്യമെങ്ങും ആഹ്വാനം നടത്തി വേണ്ട മുന്നൊരുക്കങ്ങള്‍ വളരെ ആസൂത്രിതമായി നടപ്പാക്കിയ ഒരു കൃത്യത്തെക്കുറിച്ച് നീതിന്യായ കോടതി ഇങ്ങനെ നിരീക്ഷിക്കുന്നത് ഒരിക്കലും മനഃസാക്ഷിക്ക് പൊറുക്കാനാവാത്തതാണ്.

വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കണ്‍മുന്നില്‍ നടന്ന ഒരു കുറ്റകൃത്യത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ്.

1992 ഡിസംബര്‍ 6ന് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് കഴിഞ്ഞ മാസം 5ന് അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടതോടെ വീണ്ടും ഒരിക്കല്‍ കൂടി വലിയതോതില്‍ ചര്‍ച്ചയായിരുന്നു. 100 മുതല്‍ 120 വരെ ഏക്കറിലായി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമായിട്ടാണ് സരയൂ നദിക്കരയില്‍ രാമക്ഷേത്രനിര്‍മ്മാണം പണികഴിപ്പിക്കപ്പെടാന്‍ പോകുന്നത്. ക്ഷേത്രത്തിന്റെ ഭൂമിപൂജയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ തന്നെ വിവിധ കോണുകളില്‍ നിന്നായി വ്യത്യസ്തങ്ങളായ പ്രതികരണങ്ങളും ഉണ്ടായിരുന്നു.

ചരിത്രത്തില്‍ ഏറെ ദൈര്‍ഘ്യമേറിയ നിയമപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേസുകളിലൊന്നായിരുന്നു ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ്. ബാബരിയുമായി ബന്ധപ്പെട്ട സുപ്രധാന നാള്‍വഴികള്‍ നമുക്കിങ്ങനെ വായിക്കാം. ക്രിസ്തുവര്‍ഷം 1528ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ നിര്‍ദ്ദേശപ്രകാരം മീര്‍ബാഖിയാണ് ബാബരി മസ്ജിദ് നിര്‍മിക്കുന്നത്. പിന്നീട് ബ്രിട്ടീഷ്‌കാരുടെ കാലത്ത് തന്നെ ഭൂമിയുടെ വിഷയത്തില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചു. 1934ല്‍ പള്ളിക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നു. സ്വതന്ത്ര്യാനന്തരം 1949ല്‍ മസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടര്‍ന്ന് ഹൈന്ദവരും മുസ്‌ലിംകളും പള്ളിയില്‍ കടക്കുന്നത് ഭരണകൂടം തടയുന്നു. 1989ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തര്‍ക്കസ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നല്‍കുന്നു. 1990 സെപ്തംബറില്‍ ബി.ജെ.പി പ്രസിഡന്റായിരുന്ന എല്‍.കെ.അദ്വാനി ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങുന്നു. 1990 ഒക്ടോബറില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സുരക്ഷാവലയം ഭേദിച്ച് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്ക് മുകളില്‍ കൊടികെട്ടുന്നു. 1990 നവംബറില്‍ ബീഹാറിലെ സമസ്തിപ്പൂരില്‍ അദ്വാനിയെ ലാലുപ്രസാദ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നു. അതോടെ കേന്ദ്രത്തില്‍ വി.പി സിങ് സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിക്കുന്നു, സര്‍ക്കാര്‍ താഴെവീഴുന്നു. പിന്നീട് 1992 ഡിസംബര്‍ 6ന് ബി.ജെ.പി യുടെ രാജ്യവ്യാപക കര്‍സേവ പരിപാടിക്കൊടുവില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നു.

Also read: സംവാദരഹിതമായ ജനാധിപത്യം

തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രം ലിബര്‍ഹാന്‍ കമ്മീഷനെ ചുമതലപ്പെടുത്തുന്നു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. 2019 നവംബര്‍ 09ന് രാജ്യം ഉറ്റുനോക്കിയ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കകേസിലെ സുപ്രീം കോടതി പുറത്തുവരുന്നു. പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്ന് പ്രസ്താവിച്ച കോടതി ബാബരി ഭൂമി പൂര്‍ണ്ണമായി മുസ്ലിംകളുടെ കൈവശമായിരുന്നു എന്നതിന് തെളിവില്ലെന്നും അതിനാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി, ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നുമായിരുന്നു ചിഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഐക്യകണ്‌ഠ്യേനെയുള്ള വിധി. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്ക് പകരമായി പള്ളി നിര്‍മ്മിക്കാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സൂപ്രീം കോടതി വിധിക്കുകയുണ്ടായി. ഒടുവില്‍, 2020 ആഗസ്റ്റ് 5ന് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നു. 2020 സെപ്തംബര്‍ 30ന് കേസിലെ 32 പ്രതികളേയും കോടിതി കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിക്കുന്നു.

 

Facebook Comments

അബ്ദുല്ലത്തീഫ് പാലത്തുങ്കര

1995 നവംബര്‍ 08ന് കണ്ണൂര്‍ ജില്ലയിലെ പാലത്തുങ്കരയില്‍ ജനനം. മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ 10 വര്‍ഷത്തെ പഠനം, ശേഷം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ദഅ്‌വ ആന്‍ഡ് കംപാരിറ്റീവ് റിലീജ്യനില്‍ പി.ജി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രീ പൂര്‍ത്തിയാക്കി. തെളിച്ചം മാസികയുടെ മുന്‍ എഡിറ്ററായിരുന്നു. നിലവില്‍ മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ ലക്ചററായി ജോലി ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker