Current Date

Search
Close this search box.
Search
Close this search box.

രണ്ട് മാഗസിനുകൾ പറയുന്നത് ?

The Economist ലോകത്തിലെ തന്നെ കൂടുതൽ പ്രചാരമുള്ള മാഗസിനുകളിൽ ഒന്നാണ്. ഒന്നര മില്യൺ കോപ്പി പ്രചാരമുള്ള വാരിക. കൂടുതൽ വായനക്കാരുള്ളത് അമേരിക്കയിൽ. 1843 ലാണ് വാരിക നിലവിൽ വന്നത് എന്ന് പറയപ്പെടുന്നു. അതിന്റെ ഈ ആഴ്ചയിലെ കവർ സ്റ്റോറി ഇങ്ങിനെയാണ്‌ ” അസഹിഷ്ണുതയുടെ ഇന്ത്യ – മോഡി എങ്ങിനെയാണ് ലോകത്തിലെ വലിയ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നത്”.

ലേഖനം തുണ്ടങ്ങുന്നതു ഇങ്ങിനെയാണ്‌ ” ഇസ്‌ലാം ഒഴികെയുള്ള ഉപഭൂഖണ്ഡത്തിലെ എല്ലാ മതങ്ങളുടെ അനുയായികൾക്കും പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിനായി കഴിഞ്ഞ മാസം ഇന്ത്യ നിയമം മാറ്റി. അതെ സമയം നിയമ വിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന കാരണം പറഞ്ഞു രാജ്യത്തിലെ 1 .3 ബില്യൺ ജനങ്ങളുടെ രജിസ്റ്റർ സമാഹരിക്കാനുളള ശ്രമത്തിലാണ് ഭരണ കക്ഷി. അവ സാങ്കേതികതയാണെന്ന് തോന്നുമെങ്കിലും രാജ്യത്തെ 200 മില്ല്യൺ മുസ്‌ലിംകളിൽ പലർക്കും തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാനുള്ള രേഖകൾ ഇല്ല, അതിനാൽ അവർ സ്റ്റേറ്റ്‌ലെസ് ആകാൻ സാധ്യതയുണ്ട്. അവരെ പാർപ്പിക്കാൻ കേന്ദ്രങ്ങളും തയ്യാറായി വരുന്നു”.

Also read: പ്രതിരോധത്തിന്റെ കല: ശാഹീൻ ബാഗിലെ തുറന്ന ആർട്ട് ഗ്യാലറികൾ

നാം അറിഞ്ഞ കാര്യങ്ങൾ തന്നെയാണ് അവർ ലേഖനത്തിൽ നൽകിയിട്ടുള്ളത്. മോഡി സർക്കാർ കൊണ്ട് വന്ന ഭരണഘടന ഭേദഗതികളെ കുറിച്ചും ലേഖനം വിശകലനം ചെയ്യുന്നു. അതെല്ലാം ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചു കൊണ്ടായിരുന്നു. അത് വെച്ച് കൊണ്ട് തന്നെ മുന്നോട്ടു പോകാനുള്ള ശ്രമത്തെ മാഗസിൻ ശക്തമായി ചോദ്യം ചെയ്യുന്നു. ലേഖനത്തിന്റെ അവസാനം ഇങ്ങിനെ വായിക്കാം ” ലോകത്തെ രണ്ട് മഹത്തായ മതങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നതിനുപകരം, വോട്ടർമാരുടെ ഹൃദയത്തിലേക്ക് മോഡി മറ്റ് വഴികൾ തേടണം.”

ലോകത്തിലെ മറ്റൊരു പ്രശസ്ത മാഗസിനാണ് Time Magazine . ഏകദേശം 26 മില്യൺ വായനക്കാരുണ്ട് എന്നാണു കണക്ക്. പുതിയ ലക്കത്തിൽ അവരുടെ കവർ സ്റ്റോറി ” എങ്ങിനെയാണ് പുതിയ തലമുറ നമ്മെ കൈപിടിച്ചു ഉയർത്തുന്നത്” എന്ന തലക്കെട്ടിലാണ്. ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, യൂറോപ്പിന്റെ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡ്, ലോക സാമ്പത്തിക ഫോറത്തിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് എന്നിവരുടെ കൂടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫോട്ടോയും കാണാം. ചൊവ്വാഴ്ച ആരംഭിക്കുന്ന ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ഒരു പ്രത്യേക ലക്കമായാണ് മാഗസിൻ ഇറങ്ങിയിട്ടുള്ളത്.

Also read: ഒരു നാട് റിപ്പബ്ലിക്ക് ആവുകയെന്നാൽ

ഈ രണ്ടു വാർത്തകളും എന്ത് കൊണ്ട് പ്രസക്തമാകുന്നു?. ഉപ ഭൂഖണ്ഡത്തിലെ പ്രമുഖ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. ഇന്ത്യയും പാകിസ്ഥാനും ഒരേ പോലെയല്ല എന്നും നമുക്കറിയാം. ജനാധിപത്യം, ശാസ്ത്ര സാങ്കേതിക പുരോഗതി , സാമ്പത്തിക വളർച്ച , സൈനിക ശക്തി എന്നീ കാര്യങ്ങളിൽ ഇന്ത്യയും പാകിസ്‌താനും ഒരിക്കലും തുല്യമായിരുന്നില്ല. നെഹ്രുവിന്റെ കാലം മുതൽ അടുത്ത കാലം വരെ ഇന്ത്യയുടെ മേധാവിത്വം അംഗീകരിക്കപ്പെട്ടതാണ്. ഒരു ജനതയെ ഇല്ലാതാക്കാൻ എല്ലാ ശ്രമവും നടത്തുന്ന ഒരു നാട്ടിലെ ഭരണകൂടം. അതെ സമയം അപ്പുറത്തുള്ള ഭരണാധികാരിയെ ലോകത്തെ നയിക്കാൻ സഹായിക്കുന്നവരുടെ കൂട്ടത്തിൽ ചേർത്തിരിക്കുന്നു. ഇന്ത്യയെ കുറിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് മാറുന്നു എന്ന് പറഞ്ഞാൽ അതൊരു തെറ്റാവില്ല.

ഇന്ത്യ ഇങ്ങനെ തന്നെ പോകണം എന്ന് പലരും ആഗ്രഹിക്കുന്നു. പടിഞ്ഞാറൻ സാങ്കേതികതയെ വെല്ലാൻ കഴിയുന്നവർ എന്നതാണ് ഇന്ത്യയെ കുറിച്ച് പടിഞ്ഞാറ് മനസിലാക്കി വെച്ചിട്ടുള്ളത്. ലോക ജനസംഖ്യയിൽ തന്നെ അഞ്ചിലൊന്ന് പാർക്കുന്ന മണ്ണാണ് ഇന്ത്യയുടേത്. “നിങ്ങൾ ഇന്ത്യക്കാരുടെ കാര്യം ബഹു വിശേഷമാണ്” എന്നാണ് കഴിഞ ആഴ്ച ഒരു യൂറോപ്യൻ സുഹൃത്ത് പ്രതികരിച്ചത്. അടുത്തിടെ ഇറാൻ അമേരിക്ക വിഷയത്തിലും ആരും നമ്മെ പരിഗണിച്ചില്ല. ഒരു കാലത്തു ചേരി ചേരാ പ്രസ്ഥാനങ്ങളുടെ തലപ്പത്തായിരുന്നു നാം ഉണ്ടായിരുന്നത് എന്ന് കൂട്ടി ചേർത്ത് വായിക്കണം. അസഹിഷ്ണുതയുടെ മാറാപ്പായ സംഘ പരിവാർ നിലപാടുള്ള ഭരണ കൂടം എങ്ങിനെ നമ്മുടെ മണ്ണിനെ കൂടുതൽ കുടുസ്സാക്കുന്നു എന്ന് കൃത്യമായി തന്നെ നമുക്കു മനസ്സിലാക്കാം.

Also read: ലോകത്തിലെ ഏറ്റവും സുദീര്‍ഘമായ ഫാസിസ്റ്റ് പ്രസ്ഥാനമാണ് ആര്‍.എസ്.എസ്

ലോകത്തു നിലനിൽപ്പിനായുള്ള സമരം കഴിഞ്ഞ നൂറ്റാണ്ടിൽ അവസാനിച്ചു എന്നാണ് നാം മനസ്സിലാക്കിയത്. ഫലസ്തീനിലെ പൊരുതുന്ന ജനത മാത്രമല്ല സ്വതന്ത്ര ഇന്ത്യയിലെ ജനവും ഇപ്പോൾ നിലനില്പിനുള്ള സമരത്തിലാണ്. ഒരു ജനത കഴിഞ്ഞ കുറെ ദിവസങ്ങളായി തെരുവിലാണ്. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി മുന്നേറേണ്ട ജനം നിലനിൽപ്പിനായി പൊരുതുന്നു . എന്ത് കൊണ്ട് നാം പിറകോട്ടു പോകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ” നമ്മുടെ ഭരണാധികാരികളുടെ വിഡ്ഢിത്തങ്ങൾ” എന്ന് പറയേണ്ടി വരും. സ്വന്തം നാട്ടിലെ ജനത്തിനു മുന്നിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ നാം നാണം കെടുന്നു. സഹിഷ്ണുതയാണ് ഇന്ത്യയുടെ മുഖമുദ്ര. അവിടെ നിന്നും അസഹിഷ്ണുതയുടെ ഇന്ത്യ എന്ന തലക്കെട്ടിലേക്കു നമ്മുടെ നാടിനെ കൊണ്ട് പോയതിൽ നാം ഒന്നിച്ചു തല കുനിക്കണം.

Related Articles