Current Date

Search
Close this search box.
Search
Close this search box.

പ്രതിരോധത്തിന്റെ കല: ശാഹീൻ ബാഗിലെ തുറന്ന ആർട്ട് ഗ്യാലറികൾ

ആരെയും കൂസാത്ത വല്യുമ്മ. ചങ്കുറപ്പുള്ള ഉമ്മുമ്മ. ശാഹീൻ ബാഗിലെ കൂടാരങ്ങൾക്കടിയിൽ ഇവരുടെയൊക്കെ മുഖങ്ങൾ കാണുന്നതിന് മുന്നേ തെരുവുകളിൽ തൂങ്ങുന്ന ചിത്രങ്ങളിൽ ഇവരുടെ സമരവീര്യം വരഞ്ഞിട്ടത് നമുക്ക് കാണാം. ഡൽഹി നഗരത്തിന്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ശാഹീൻ ബാഗ് എന്ന മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഈ കൊച്ചു പ്രദേശത്തിന്റെ പേരു കേട്ടവർ നാൽപ്പതു ദിവസങ്ങൾക്ക് മുമ്പ് ദൽഹി നഗരത്തിൽ തന്നെ വളരെ വിരളമായിരിക്കും. എന്നാൽ ഇന്ന് ആ നാമം ലോകത്താകെ അലയടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ സമര രംഗത്തിറങ്ങിയ ഇന്ത്യയിലൊട്ടാകെയുള്ള ജനവിഭാഗങ്ങൾക്ക് രാപ്പകൽ ഭേദമില്ലാതെ പേരോട്ടം നടത്തുന്ന ശാഹീൻ ബാഗിലെ വൃദ്ധകളും വീട്ടമ്മമാരും പെൺകുട്ടികളും ഒരു പ്രചോദനമാണ്.

Also read: ലോകത്തിലെ ഏറ്റവും സുദീര്‍ഘമായ ഫാസിസ്റ്റ് പ്രസ്ഥാനമാണ് ആര്‍.എസ്.എസ്

ശാഹീൻ ബാഗ് സമരം കലയെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. ചുമർചിത്രങ്ങളും പോസ്റ്ററുകളും ഫോട്ടോകളും കലാ പ്രദർശനങ്ങളുമൊക്കെ ശാഹീൻ ബാഗിലെ തെരുവുകളെ തുറന്ന ആർട്ട് ഗ്യാലറികളാക്കി മാറ്റിയിരിക്കുന്നു. ഒരു ഹൈവേ സൈൻബോർഡിന് മേലെ പതിച്ചിരിക്കുന്ന പോസ്റ്റർ പ്രശസ്ത പാശ്ചാത്യൻ പെയിന്റിംഗായ “ദ സ്ക്രീമി” നോട് ഉപമിക്കാവുന്ന തരത്തിൽ തീക്ഷ്ണമാണ്. അതിൽ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീയുടെ വായിൽ എഴുതിയിരിക്കുന്നത് പ്രശസ്ത ഉറുദു കവി ഫൈസ് അഹ്മദ് ഫൈസിന്റെ “ബോൽ ദോ, ലബ് ആസാദ് ഹെ തേരെ” ( സംസാരിച്ചു കൊള്ളുക, നിന്റെ ചുണ്ടുകൾ സ്വതന്ത്രമാണ്” എന്ന വരികളാണ്. ശാഹീൻ ബാഗിലെവിടെയും നാം എതിരേൽക്കുന്നത് ശക്തരായ സ്ത്രീകളെയാണ്, അവർ സംസാരിക്കുന്നവരോ നിശബ്ദരോ ആയ്ക്കോട്ടെ.

സ്ത്രീകളോടൊപ്പം കുട്ടികളും ശാഹീൻ ബാഗ് തെരുവുകളിലെ സ്ഥിരം സാന്നിധ്യമാണ്. രാജ്യവ്യാപകമായി NRC നടപ്പിലാക്കിക്കഴിഞ്ഞാൽ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഡിറ്റൻഷെൻ ക്യാമ്പുകളെന്ന തടവറകളുടെ മാതൃകകൾ കലാപരമായി അവതരിപ്പിച്ചിരിക്കുന്നത് തെരുവിൽ കാണാം. കുട്ടികൾ അവിടുത്തെ സ്ഥിരം സന്ദർശകരാണ്. 12 വയസ്സുകാരിയായ അലീസാ ഫാത്തിമ തന്റെ സഹോദരനൊപ്പം അഴികൾക്കപ്പുറം നിന്ന് ഉമ്മയുടെ ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാണാനിടയായി. “പൗരത്വം തെളിയിക്കാനായില്ലെങ്കിൽ എല്ലാവരെയും ഇതു പോലുള്ള ഡിറ്റൻഷൻ ക്യാമ്പുകളിൽ അടക്കും. വളരെ തെറ്റായ കാര്യമാണിത്”, ഏഴാം ക്ലാസുകാരിയായ അലീസാ NRC യുടെ അപകടകരമായ വശത്തെ കുറിച്ച് കൃത്യമായ നിരീക്ഷണം നടത്തി.

ശാഹീൻ ബാഗിലെ കലാവസ്തുക്കളിലെ മറ്റൊരു ആകർഷണീയത ഇന്ത്യൻ പതാക പറക്കുന്ന ഇന്ത്യാ ഗേറ്റാണ്. അതു പറയുമ്പോൾ, കഴിഞ്ഞ ഡിസംബറിന്റെ ആദ്യ വാരം വരെ മധ്യ ദൽഹിയിൽ സ്ഥിതി ചെയ്യുന്ന സാക്ഷാൽ ഇന്ത്യാ ഗേറ്റിനടുത്ത് വൈകുന്നേരങ്ങളിൽ മാത്രം സംഘടിച്ചിരുന്ന പ്രതിഷേധക്കാർക്കാണ് മാധ്യമ പ്രവർത്തകർ കൂടുതലായി ശ്രദ്ധ കൊടുത്തിരുന്നത്. ശാഹീൻ ബാഗിലെ തെരുവുകളിൽ രാപ്പകൽ ഭേദമില്ലാതെ നടന്നിരുന്ന സമരങ്ങൾ ഏറെക്കുറെ അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ഇന്ന് കാര്യങ്ങൾ നേരെ തിരിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇന്ത്യാ ഗേറ്റിനടുത്ത് പ്രതിഷേധങ്ങൾ നടക്കുന്നില്ല. ശാഹീൻ ബാഗാണ് ഇപ്പോൾ ദൽഹിയിലെ പ്രതിഷേധങ്ങളുടെ മർമസ്ഥാനം. ഞങ്ങൾ ശാഹീൻ ബാഗ് സന്ദർശിച്ച ദിവസം അന്ന് ചെയ്ത കനത്ത മഴയ്ക്ക് പോലും മഷികൊണ്ട് കടലാസുതോണികളിൽ എഴുതിയ സമര സന്ദേശങ്ങൾ മായ്ക്കാനായില്ല.

Also read: സ്‌പെയിന്‍ ചരിത്രം പറയുന്ന ‘കിങ്ഡംസ് ഓഫ് ഫെയ്ത്ത്’

ഇന്ത്യയുടെ മാപ്പിന്റെ ഭീമാകാരമായ ഒരു കട്ടൗട്ട് പ്രതിഷേധ വേദിയുടെ ഒരു വശത്ത് ദീപാലംകൃതമായി ഉയർത്തി നിർത്തിയിരിക്കുന്നത് കാണാം. പ്രധാന തെരുവിന് മുകളിലൂടെ പോകുന്ന മേൽപാലത്തിൽ നിന്ന് പോസ്റ്ററുകളും ബോർഡുകളും തൂങ്ങുന്നു. “ഇന്ത്യ ഒരു സ്വപ്നമാണ്” എന്ന് അതിലൊരു പോസ്റ്ററിൽ എഴുതിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. “ഞങ്ങൾ പൂച്ചെണ്ടാണ്, താമരയല്ല” എന്ന് ബിജെപിയുടെ ചിഹ്നത്തെ പരിഹസിച്ച് എഴുതിയിരിക്കുന്ന ഒരു പോസ്റ്ററും കാണാനിടയായി. മോദിയെയും അമിത് ഷായെയും കണക്കിന് പരിഹസിക്കുന്ന കാർട്ടൂണുകൾ തെരുവുകളിലെങ്ങും തൂങ്ങുന്നുണ്ട്.

പ്രതിഷേധത്തിന്റെ കല ശാഹീൻ ബാഗിന്റെ മുക്കു മൂലകളെ അലങ്കരിച്ചിരിക്കുന്നു. കടകൾക്ക് പുറത്തുളള ഒരു വരാന്ത ജാമിയ മില്ലിയയിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ലൈബ്രറിയും വർക്ക്ഷോപ്പുമൊക്കെ ആക്കി പരിവർത്തിപ്പിച്ചിരിക്കുന്നു. “തങ്ങളുടെ ഉമ്മമാരോടൊപ്പം ഇവിടം സന്ദർശിക്കുന്ന കുട്ടികൾക്ക് മുന്നിൽ ക്രിയാത്മകമായി പ്രതിഷേധങ്ങളെ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചത്”, ഒരു വിദ്യാർഥി വളണ്ടിയർ പറഞ്ഞു. സമരവേദികൾ സന്ദർശിക്കുന്ന കുട്ടികൾക്ക് ഏറ്റവുമിഷ്ടം മുഖത്തും ശരീരത്തിലും ഇന്ത്യയുടെ ത്രിവർണ്ണ നിറം ചായം തേക്കുന്നതാണ്. സർക്കാറിന്റെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന രീതിയിൽ ആരംഭിച്ച ശാഹീൻ ബാഗ് സമരം ഇന്ന് ആവിഷ്കാരങ്ങളുടെ വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്.

കടപ്പാട്: scroll.in

Related Articles