Current Date

Search
Close this search box.
Search
Close this search box.

ഒരു നാട് റിപ്പബ്ലിക്ക് ആവുകയെന്നാൽ

അധിനിവേശ ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മ ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. കലണ്ടറിലെ ഒരു ചുവപ്പുദിനം എന്നതിനേക്കാൾ വ്യവസ്ഥാപിതമായ ഭരണഘടനയുടെ അടിസ്ഥാനത്തിൽ രാജ്യം പുനർ നിർമ്മിക്കപ്പെട്ട നാൾ എന്നതാണ് ശരാശരി ഒരു ഇന്ത്യക്കാരന്റെ റിപ്പബ്ലിക്ക് ദിനം. 1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കായി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാക്കി സംയോജിപ്പിക്കുന്ന ഫെഡറേഷന്‍ സമ്പ്രദായത്തിലുള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകള്‍ പരിശോധിക്കാം :

‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന ജനാധിപത്യ രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍. അഥവാ ജനങ്ങള്‍ തങ്ങളുടെ പ്രതിനിധിയായ രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണ് റിപ്പബ്ലിക് . ഒരു റിപ്പബ്ലിക്കില്‍ ഭരണാധികാരം ജനങ്ങളുടെ കൈവശമാണ്. തങ്ങളെ പ്രതിനിധീകരിക്കാനും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജനങ്ങള്‍ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നു. നമ്മുടെ ഭരണത്തലവനായ പ്രധാനമന്ത്രിയെ നാമാണ് തെരഞ്ഞെടുക്കുന്നത്. അതുപോലെ നമ്മുടെ രാഷ്ട്രത്തലവനായ പ്രസിഡന്റ് (രാഷ്ട്രപതി) ജനപ്രതിനിധികളാൽ തെരഞ്ഞെടുക്കപ്പെടുന്നയാളാണ്. രാഷ്ട്രത്തലവനും ഭരണത്തലവനും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സമ്പ്രദായം നിലനില്‍ക്കുന്ന റിപ്പബ്ലിക്കിനെ മാത്രമേ റിപ്പബ്ലിക്ക് രാജ്യമെന്നു പറയൂ .

Also read: പ്രതിരോധത്തിന്റെ കല: ശാഹീൻ ബാഗിലെ തുറന്ന ആർട്ട് ഗ്യാലറികൾ

1950-ല്‍ ഇന്ത്യ അഥവാ ഭാരതം ഒരു പരമാധികാര ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. അന്നു നിലവില്‍വന്ന ഭരണഘടന അനുസരിച്ചാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണം നിര്‍വഹിക്കപ്പെടുന്നത്.  ഒരു രാഷ്ട്രത്തിന്റെ ഭരണത്തെ സംബന്ധിച്ചുള്ള അടിസ്ഥാനനിയമങ്ങളുടെ സംഹിതയാവണം അവിടത്തെ ഭരണഘടന. അതായത് പൗരന്മാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനോ സര്‍ക്കാരിന് നിയമങ്ങള്‍ നടപ്പാക്കാനോ ഉള്ള ചട്ടങ്ങളുടെ സഞ്ചയത്തെയാണ് ഭരണഘടന എന്നുവിളിക്കുന്നത്. ഭരണഘടന നമ്മുടെ രാജ്യത്തെ പരമമായ നിയമമാണ്. സര്‍ക്കാരിന്റെയോ വ്യക്തികളുടെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്‌ അത് മാറ്റാനാവില്ല. ലോകസഭയും രാജ്യസഭയും ഒരുപോലെ പാസ്സാക്കിയാൽ പോലും . പാര്‍ലമെന്റില്‍ ഭേദഗതി എന്നൊരു നിയമപ്രക്രിയയിലൂടെ മാത്രമേ അത് ചെയ്യാനാവൂ.

ഒരു രാജ്യത്തെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി ഒരു പൗരന്‍ എന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍, പൗരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വചിക്കുന്ന അടിസ്ഥാന നിയമസംഹിതയാണ് , ആവണം ആ നാട്ടിലെ ഭരണഘടന. ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം നമ്മുടെ ഭാരതമാണ്. 22 ഭാഗങ്ങളും, 395 വകുപ്പുകളും, 12 ഷെഡ്യൂളുകളുമുള്ളതാണ് നമ്മുടെ ഭരണഘടന. വ്യക്തിയുടേയോ, ഭരണകര്‍ത്താവിന്റേയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്‌ തിരുത്തലുകളോ, കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ചര്‍ച്ച ചെയ്ത് അംഗീകര്‍ച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാകൂ. 70 കൊല്ലങ്ങൾക്കിടയിൽ പലപ്പോഴായി 94 ഭേദഗതികള്‍ക്ക് വിധേയമായതാണ് ഇന്നത്തെ ഭരണഘടന. അവസരോചിതമായ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് ഗണതന്ത്രം അഥവാ റിപ്പബ്ലിക് എന്ന് ചുരുക്കം. ഗണതന്ത്ര സമ്പ്രദായത്തിൽ രാഷ്ട്രത്തലവൻ ഒരു നിശ്ചിതകാലത്തേക്ക് പ്രസ്തുത സ്ഥാനം വഹിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തെ വാഹനം എന്ന് വിളിക്കാത്തത് പോലെ റിപ്പബ്ലിക്ക് വ്യവസ്ഥ നഷ്ടപ്പെട്ട രാജ്യത്തെ ഫെഡറൽ രാഷ്ട്രം എന്ന് വിളിക്കാൻ കഴിയില്ല എന്ന് സാരം.

ഉദാ: ഇറാഖ്
സദ്ദാം ഹുസൈൻ സർക്കാർ പരാജയപ്പെട്ട ദിവസം ഇറാഖിൽ കറൻസികൾ വെറും കടലാസായി. വ്യവസ്ഥ തകർന്നു എന്ന് മനസിലാക്കിയ ജനങ്ങൾ പേടിച്ചു വീടിനകത്ത് അടച്ചിരുന്നു. ക്രിമിനലുകൾ തെരുവിൽ അഴിഞ്ഞാടി. കടകൾ കൊള്ളയടിച്ചു. കൊലകൾ, ബലാൽസംഗങ്ങൾ എല്ലാം അരങ്ങേറി. പോലീസുകാർ നോക്കുകുത്തികളായി. സർക്കാറും സർക്കാർ ഉദ്യോഗസ്ഥരും ഇല്ലാത്ത മണിക്കൂറുകൾ . താൽക്കാലിക സർക്കാർ അധികാരമേറ്റെടുത്തതോടെ കാര്യങ്ങൾ സാധാരണ നിലയിലായിത്തുടങ്ങി . റിപ്പബ്ലിക്ക് വ്യവസ്ഥ തകർന്നാൽ രാജ്യം എന്ന ഘടന ഇല്ലാതാവും .  വ്യവസ്ഥയുടെ അടിസ്ഥാനമാണ് ഭരണഘടന.

Also read: ലോകത്തിലെ ഏറ്റവും സുദീര്‍ഘമായ ഫാസിസ്റ്റ് പ്രസ്ഥാനമാണ് ആര്‍.എസ്.എസ്

പ്രവാചകൻ മുഹമ്മദി (സ)ന്റെ അനുയായി അംറ് ബിൻ ആസ്വ് (റ)തന്റെ മകന് നല്കിയ ഉപദേശം ഇങ്ങിനെ വായിക്കാം :-
عن عمرو بن العاص رضي الله عنه أنه قال لابنه عبد الله: يا بني! سلطان عادل خير من مطر وابل، وأسد حطوم خير من سلطان ظلوم، وسلطان غشوم ظلوم خير من فتنة تدوم
“എന്റെ മകനേ! ചാറ്റൽ മഴയേക്കാളും നീതിമാനായ രാജാവ് നല്ലതാണ്, വിധ്വംസകനായ സിംഹം അക്രമിയുടെ അധികാരത്തേക്കാൾ മികച്ചതാണ്, പീഡകനും നിഷ്ഠൂരനുമായ ഭരണാധികാരി അടിച്ചമർത്തൽ നിലനിൽക്കുന്ന അരാജകത്വത്തേക്കാൾ നല്ലതാണ് ” .
ഈ വാചകം ജനഹിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിസ്മയത്തോടെ ഓർമിപ്പിക്കുന്നു. . അരാജകത്വത്തേക്കാൾ നല്ലത് അക്രമിയായ ഭരണാധികാരിയാണ് എന്നത് അടിവരയിടുക. അരാജകത്വത്തിൽ എല്ലാ മനുഷ്യരും -ചില ലോക രാജ്യങ്ങളിൽ നാം കാണുന്നത് പോലെ -തങ്ങളുടെ തലങ്ങളിൽ അക്രമിയാവാൻ സാധ്യതയുണ്ട്. അതിലും വലിയ ഭീകരത എന്തുണ്ട്?!

റിപ്പബ്ലിക് എന്ന ആംഗലേയ പദത്തിന്റെ അർത്ഥം “പൗരന്മാർ തന്നെ തെരഞ്ഞെടുക്കുന്ന ആളുകളിലൂടെ രാജ്യത്തിന്റെ ഉന്നതാധികാരത്തിലുള്ള ആളിനെ തീരുമാനിക്കുന്ന ഭരണസംവിധാനം ഉള്ള രാജ്യം എന്നാണെന്ന് സൂചിപ്പിച്ചല്ലോ?! അതായത് രാജ-ചക്രവർത്തി ഭരണം (monarchy) അല്ലെന്നാണ് ആ പദത്തിന്റെ മറ്റൊരർഥം.

ഇന്ത്യ റിപ്പബ്ലിക് ആണെന്നാണ് നമ്മുടെയൊക്കെ ധാരണ, ധാരണ മാത്രമല്ല! റിപ്പബ്ലിക്കാണ്. എന്നാൽ നമ്മൾ തെരഞ്ഞെടുക്കുന്ന വ്യക്തികൾ യഥാർത്ഥത്തിൽ നമ്മുടെ താൽപ്പര്യമാണോ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്? അല്ല! തെരഞ്ഞെടുക്കാൻ സ്ഥാനാർത്ഥിപട്ടികയിൽ പരിമിതമായിട്ടുള്ള ആളുകൾ മാത്രമേ കാണൂ, അതിനാൽ നമുക്ക് താല്പര്യമുള്ള ഒരാളെ നിർദ്ദേശിക്കാൻ നമുക്ക് ഇപ്പോഴും കഴിയില്ല! നമുക്ക് ഈ ലിസ്റ്റിൽ ഉള്ള ആരെയും വേണ്ട എന്നു പറയാനുള്ള അധികാരം ഉണ്ട് അതാണ് “നോട്ട”. പലപ്പോഴും നാം അറിയാതെ പോവുന്ന പൗരാവകാശത്തിന്റെ ഒരു മുഖം .

തങ്ങളിൽ നിന്നുള്ള, എന്നാൽ തങ്ങളെ നയിക്കാൻ പ്രാപ്തനാണെന്ന് ജനങ്ങൾക്കു തോന്നുന്ന ഒരാളുടെ പേര് നിർദ്ദേശിക്കാൻ വോട്ടർമാർക്ക് കഴിഞ്ഞുവെങ്കിൽ യോഗ്യരുടെ എണ്ണം സ്ഥാനാർത്ഥി -സ്വയം അയാൾ ആഗ്രഹിക്കുന്നില്ലെങ്കിലും – ലിസ്റ്റിൽ കൂടും, അതിൽ മികച്ച ഒന്നോ രണ്ടോ പേരെ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും വിജയിപ്പിക്കാനായാൽ ഇന്നുള്ള പാർട്ടിക്കാരുടെ സ്ഥാനാർത്ഥി കുത്തക സമ്പ്രദായം ഇല്ലാതാകും.

ഇപ്പോഴുള്ള ഏറ്റവും വലിയ അപാകത അധികാരം കാംക്ഷിക്കുന്നവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളവർ എല്ലാം, ആ പട്ടികയിൽ ഉള്ള ഒരാളെ വോട്ടർ തെരഞ്ഞെടുക്കുന്നതാണ് നമ്മുടെ ഇന്നത്തെ സമ്മതിദാനവകാശം! ഇതിൽ വോട്ടർക്ക് എന്ത് താൽപ്പര്യം! ഇഷ്ടമുള്ളതിനെ അഭിപ്രായപ്പെടാനാകില്ല! ഉള്ളതിൽ ഒരാളെ തെരഞ്ഞെടുക്കുക എന്ന ഒരു നിർബന്ധിതാവസ്ഥ ഒരു ഗതികേടാണ്. 99% സ്ഥാനാർത്ഥികളും ഏതെങ്കിലും പാർട്ടി നിയോഗിക്കുന്ന ആളായിരിക്കും, എന്നുവെച്ചാൽ പാർട്ടിക്കാരാണ് നമ്മെ ഭരിക്കുന്നതെന്ന്, ജനങ്ങൾ അല്ല ഭരിക്കുന്നത്.

Also read: സ്‌പെയിന്‍ ചരിത്രം പറയുന്ന ‘കിങ്ഡംസ് ഓഫ് ഫെയ്ത്ത്’

വ്യത്യസ്ത പാർട്ടിക്കാരെ ഓരോ മണ്ഡലങ്ങളിലും ഗതികേടിനാൽ നമ്മൾ വിജയിപ്പിച്ചു വിടുന്നു, നാം വിജയിപ്പിച്ചു വിട്ട ഏറ്റവും വലിയ കക്ഷിക്ക് സംസ്ഥാനത്തിന്റെയോ, രാജ്യത്തിന്റെ തന്നെയോ സർക്കാർ ഉണ്ടാക്കാനായി ഭൂരിപക്ഷം ഇല്ലാതെ വരുന്ന സാഹചര്യത്തിൽ കൂട്ടുകക്ഷിസർക്കാർ ഉണ്ടാക്കും, എന്നുവെച്ചാൽ തെരഞ്ഞെടുപ്പിൽ എതിർ കക്ഷി ആയിരുന്നവരെ ഭരിക്കാനായി കൂട്ടു പിടിക്കുന്നു! അതായത് സംഘടിത ഭരണ സിൻഡിക്കേറ്റ് കുതിരച്ചന്ത ഉണ്ടാക്കുന്നു! ഇത്രയും ആയപ്പോഴേക്കും ജനങ്ങളുടെ മുന്നിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പറഞ്ഞ എതിർപ്പ് പച്ചക്കള്ളമായിപ്പോയി എന്നത് യാഥാർത്ഥ്യം!

തെരഞ്ഞെടുപ്പിൽ ഓരോ കക്ഷിയും വ്യത്യസ്ത അജണ്ടകൾ ജനങ്ങൾക്ക് മുന്നിൽ വെക്കാറുണ്ട്, ഇതിൽ പലതും മറുകക്ഷിക്ക് എതിർപ്പുള്ള വിഷയം ആയിരിക്കും, എന്നുവെച്ചാൽ ഉദ്ദേശ്യം നന്നായാലും കാര്യം നടപ്പിലാവുകയില്ല! കാരണം എതിരാളികളാണ് കൂടെ നിൽക്കുന്നത്.

പാർട്ടികൾ ഭരിച്ചത് കൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം? സംഘടിതമായി തങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്ന് നായീകരിക്കാം (dogmatization)… റിപ്പബ്ലിക് രാജ്യത്ത് ഭരണഘടനയും കോടതിയും ഇല്ലേ? പിന്നെ എന്തിനാണ് തങ്ങൾക്ക് തനതായ ആശയങ്ങൾ? ഒരു പൗരന് എന്തെങ്കിലും കാര്യങ്ങളിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമല്ലോ! അതല്ലേ ന്യായം? കോടതിയിൽ വിലപ്പോവാത്ത ആശയങ്ങൾക്കാണ് പാർട്ടിയുടെ കൂടെ ചേരുന്നതെങ്കിൽ നിങ്ങൾ പറയുന്നത് അന്യായവും മറ്റുള്ളവർക്ക് ദ്രോഹമായി ഭവിക്കാവുന്നതും ആയിരിക്കില്ലേ? അത് തെറ്റല്ലേ? ഇനി അങ്ങനെയൊന്ന് ഭരിക്കുന്ന പാർട്ടികളെ കൊണ്ട് നേടിയെടുത്താൽ തന്നെ നിയമവ്യവസ്ഥിതിയെ അട്ടിമറിക്കുന്നതല്ലെ?

സർവ്വരുടെയും നേട്ടത്തിനായി ഭരിക്കുമ്പോൾ എന്തിനാണ് ചിലർക്ക് വേണ്ടി മാത്രം പ്രത്യേക അജണ്ട? പലർക്കും പല ആശയങ്ങൾ ഉണ്ടാകുമ്പോൾ മൊത്തം സമൂഹത്തിൽ ഭിന്നതയല്ലെ ഉണ്ടാകുന്നത്? അങ്ങനെ ഭിന്നിക്കുമ്പോൾ രാജ്യത്തിന്റെ ശക്തി തന്നെ കുറയില്ലേ? ആ ശക്തി കുറഞ്ഞ രാജ്യത്തിന്റെ പൗരന്മാർ ആയി അറിയാനാണോ നമുക്ക് ആഗ്രഹം? അല്ല! ദൃഢമായ ഒരു രാജ്യത്തെ പൗരന്മാരാകാനാണ് നമുക്ക് ഏവർക്കും ആഗ്രഹം! പൗരന്മാരെ ഭിന്നിപ്പിച്ചാൽ നിയന്ത്രിക്കാൻ എളുപ്പമാണ്, എന്നുവെച്ചാൽ നമ്മളെയൊക്കെ ആരൊക്കെയോ നിയന്ത്രിക്കുന്നുണ്ടെന്ന്, നമ്മെ അവർ കയറില്ലാതെ കെട്ടിയിടുന്നുണ്ടെന്ന് .

നാം കൂട്ടമാകുമ്പോൾ വലിയ കൂട്ടത്തിൽ നിന്നും അകന്ന് ചെറിയ ആൾകൂട്ടമാകുന്നുവെന്ന വസ്തുത മനസ്സിലാക്കാതെ പോവുന്നു. ഇന്ത്യക്കാരൻ എന്ന വലിയ കൂട്ടത്തിന്റെ ഉള്ളിൽ നിന്ന് വ്യത്യസ്ത ആശയങ്ങൾക്കായി വാദിക്കുന്ന ചെറിയ കൂട്ടങ്ങളിലെ വളരെ ചെറിയ അംഗമായി നമ്മുടേതായ തുരുത്തുകളിൽ നാം ഓരോരുത്തരും നിലകൊള്ളുന്നു, തന്നെയുമല്ല നമ്മുടെ മുകളിൽ നമ്മളെ ഭരിക്കാനാനുള്ള അധികാരം ലക്ഷ്യം വെച്ച നമ്മുടെ നേതാവുമുണ്ട്, ആ നേതാവിന്റെ നിയന്ത്രണത്തിലാണ് റിപ്പബ്ലിക് ഇന്ത്യയിലെ പൗരന്റെ സ്വപ്നങ്ങൾ വിരാജിക്കുന്നത്, ചുരുക്കിപ്പറഞ്ഞാൽ പൊതുജനത്തിന് സ്വാതന്ത്ര്യം ഇല്ലാതെ പോവുന്നു.

രാഷ്ട്രീയപ്പാർട്ടികളുടെ കൂട്ടുകച്ചവടമാണ് “മുന്നണിസഖ്യം” ഒരു മുന്നണിക്ക് ഒരേയൊരു ആശയമെങ്കിൽ എന്തിനാണ് വേറെ വേറെ പാർട്ടികളും കൊടികളും ? തുടക്കം മുതലേ വലതു ചിന്താഗതിക്കാർ ഒരേ സഖ്യകക്ഷികളാണ്, ഇടതന്മാർ മറ്റൊന്നും ; ഹിന്ദുത്വവത്കരണ സിദ്ധാന്ത വാശിക്കാർ വേറെ മുന്നണി. ഭരണപക്ഷത്തും പ്രതിപക്ഷത്തും എന്നും അവർ മുന്നണിയടിസ്ഥാനത്തിൽ ഒരുമിച്ചായിരുന്നു, എങ്കിൽ എന്തിനാണ് വ്യത്യസ്ഥ പാർട്ടികൾ? പാർട്ടി കൂടുതൽ ഉണ്ടെങ്കിലേ ജനങ്ങൾ ഭിന്നിക്കൂ… ഡിവൈഡ് ആന്റ് റൂൾ എന്ന വെള്ളക്കാരന്റെ കുതന്ത്രം . നാം ഭിന്നിച്ചാൽ ഭരിക്കുന്നവന് നിയന്ത്രിക്കാൻ എളുപ്പം!

Also read: വൈവാഹിക ജീവിതം, ഇതും അറിയണം

തെരഞ്ഞെടുപ്പിൽ പാർട്ടികൾ തന്നെ എതിർകക്ഷിയിലെ സ്ഥാനാർത്ഥിയുടെ പേരിനോട് സാമ്യമുള്ള ആളെ സ്വതന്ത്ര സ്ഥാനാർത്ഥി ആക്കാറുണ്ട്, ഇത് വോട്ടർമാരെ കബളിപ്പിക്കാനാണെന്ന് സർവ്വർക്കും അറിയാം, ആരാണ് ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഏവർക്കും അറിയാം… ഇത്തരം നാലാംകിട തന്ത്രങ്ങൾ പ്രയോഗിക്കുന്നവരെയാണോ തങ്ങളെ നയിക്കാനായി നിയോഗിക്കുന്നത്? ഇത്തരത്തിൽ ആണ് പാർട്ടിക്കാരുടെ പ്രവർത്തനം എങ്കിൽ എങ്ങനെ രാജ്യം മെച്ചപ്പെടും? ഇതാണോ നാം സ്വയം ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന നമ്മുടെ ഇന്ത്യ? നമ്മെയാണ് ഈ പാർട്ടിക്കാർ കബളിപ്പിക്കുന്നത്, മനസ്സിലായില്ലെ? മനസ്സിലായിട്ടും മനസ്സിലായെന്ന് സമ്മതിക്കാനുള്ള വൈമനസ്യത്തിന്റെ കാരണം സ്വന്തമായി തന്നെ കണ്ടുപിടിക്കണം. മതേതര ജനാധിപത്യ ഇന്ത്യയിലാണ് തെരഞ്ഞെടുപ്പ്, അതേ രാജ്യത്തെ ഭരിക്കാനായി! എന്നിട്ട് എന്തിനാണ് പാർട്ടിക്കാർ പ്രാദേശികമായി , മതാധിഷ്ഠിതമായി സ്ഥാനാർത്ഥികളെ നിർത്തുന്നത്? മത പുരുഷന്മാരെ പ്രീണിപ്പിക്കുന്നത് ?

ഉത്തരേന്ത്യയിൽ ഗോവധത്തിന് എതിരെ പ്രവർത്തിക്കുന്നവർ പോലും കേരളത്തിലും ഗോവയിലും ഗോവധത്തെ കുറിച്ച് മിണ്ടുന്നില്ല! കേരളത്തിലെയും ഗോവയിലേയും വോട്ടർമാരിൽ ഭൂരിഭാഗവും മാട്ടിറച്ചി ഭക്ഷിക്കുന്നവരാണെന്ന് അറിഞ്ഞുകൊണ്ട് ഈ സംസ്ഥാനങ്ങളിൽ നയമാറ്റം വരുത്തിയതാണ് എന്ന് മനസ്സിലാക്കാൻ ദിനപ്പത്ര വായന മാത്രം മതി. ചില മുന്നണികൾ അധികാരത്തിൽ എത്തിക്കാനായി മതപരമായി ജനങ്ങളെ പ്രകോപിപ്പിക്കുന്നു, ഇന്ത്യൻ പൗരന്മാർ പരസ്പരം മതത്തിന്റെ പേരിൽ ഭിന്നിക്കുമ്പോൾ രാജ്യത്തിന്റെ തന്നെ ശക്തി ചോർന്നുപോകുന്നുവെന്ന വസ്തുത നാം വോട്ടർമാർ മനസ്സിലാക്കുന്നില്ല!

ഇന്ത്യ മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ചെറുകൂട്ടങ്ങളായി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രാജ്യമാണ്. ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു സമ്പ്രദായവും ഇന്ന് ഇന്ത്യയിലുള്ള ഭൂരിഭാഗം പാർട്ടികൾക്കും ഇല്ല! ഇന്ത്യയിലെ ഭരണഘടനയെ കുറിച്ച് ജനങ്ങൾക്ക് ബോധ്യം ഉണ്ടാകണമെന്ന് ഒരു രാഷ്ട്രീയപ്പാർട്ടിക്കും നിർബന്ധവുമില്ല! ജനങ്ങൾ ഭരണഘടനയെ കുറിച്ച് പഠിച്ചാൽ പാർട്ടിക്കാർക്ക് തന്നെ ആപത്താകുമെന്ന് അറിയാം…. നമ്മൾ ഖുർആനും, ബൈബിളും, ഗീതയും, മാർക്സും, ലെനിനും പഠിക്കുന്നു, ഇന്ത്യൻ ഭരണഘടന പഠിക്കുന്നില്ല , പഠിപ്പിക്കുന്നുമില്ല. ഭരണഘടന ഇന്ത്യയിലെ മൊത്തം ജനങ്ങളെ ഒന്നിച്ചു ഒരു കുടക്കീഴിൽ നിർത്താനുള്ളതാണ്, ആ വലിയ കുടക്ക് കീഴിൽ ഒന്നിക്കാതെ നമ്മളെ പല വർണ്ണങ്ങളുള്ള വേറെവേറെ കുടക്ക് കീഴിൽ നിർത്തുന്ന ട്രിപ്പീസ് കളി .

ഇന്ത്യക്കാർ ഏതൊക്കെ വസ്ത്രം ധരിക്കാം എന്ന നിയമം ഇല്ല .വസ്ത്രധാരണം നിറങ്ങളിൽ ആയതിനാൽ ഒരു രാജ്യത്തിന്റെ നിറം പോലെ ഇന്ത്യൻ വസ്ത്രധാരണരീതി എന്ന ഒന്ന് ഇല്ല . ജനങ്ങൾ ഭിന്നിപ്പിക്കാൻ നേതാക്കന്മാരുടെ ഒരു പിടിവള്ളി അതാണ്, നമ്മുടെ ഭരണകർത്താക്കൾ നമ്മളെ ഒന്നിപ്പിക്കുന്നില്ല എന്ന് മാത്രമല്ല ” അവരുടെ വസ്ത്രം കണ്ടാൽ അറിയാമല്ലോ ” എന്ന അരാഷ്ട്രീയ പ്രഖ്യാപനത്തിലൂടെ ഭരണീയരെ പരസ്പരം അകറ്റുന്നു. ഭക്ഷണത്തിന്റെ പേരിൽ മാംസഭുക്കുകളും അല്ലാത്തവരും തുടങ്ങിയ ബൈനറികൾ ബോധപൂർവ്വം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ പാർട്ടികളുടെ എണ്ണത്തിന് വല്ല നിയന്ത്രണവും ഉണ്ടാ?! പാർട്ടികൾ ഏതൊക്കെ വിഷയം തങ്ങളുടെ ആശയമാക്കും എന്നതിനും നിയന്ത്രണം ഇല്ല! ഏതൊക്കെ തരത്തിൽ പ്രവർത്തനങ്ങൾ നടത്താം എന്നതിലും ഇല്ല നിയന്ത്രണം ! ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യേണ്ടുന്ന ഗതികേടാണ് ഭാരതപൗരന്, താൻ ആരെയാണ് തന്റെ രാജ്യത്തിന്റെ (ഏതെങ്കിലും മണ്ഡലത്തിന്റെ) സാരഥിയായി തെരഞ്ഞെടുക്കുന്നതെന്ന് പ്രകടിപ്പിക്കാൻ ഒരു മാർഗ്ഗവുമില്ല! നൂറ് പേർ ഒരുമിച്ച് നൂറ് കോടി മുടക്കിയാൽ മാറ്റിമറിക്കാവുന്ന ദുർബലമായ രാഷ്ട്രീയ സമ്പ്രദായമാണ് ( ഇ വി എം , എം എൽ എ / എം പി ബ്ലാക്ക് മാർക്കറ്റ് പോലെ .) ഇന്ന് ഭാരതത്തിൽ, ഈ നില മെച്ചപ്പെടണമെങ്കിൽ രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും മനസ്സിലാക്കണം! ജനങ്ങൾ ഭരണഘടനയെ പഠിച്ചാൽ തദ്വാരാ ആർട്ടിക്കിൾ 14ഉം 19 ഉം സർവസാധാരണമായി സംസാരിക്കുന്ന വോട്ടർമാർ ഉണ്ടായാൽ , പാർട്ടിക്കാർക്ക് നിലനിൽപ്പ് ഉണ്ടാവുകയില്ലെന്ന തികഞ്ഞ ബോധ്യം ഉള്ളതിനാൽ നമ്മളെ ഭരിക്കുന്ന ഒരു കക്ഷിരാഷ്ട്രീയക്കാരും ചുരുങ്ങിയത് ഭരണഘടന പഠിക്കാൻ മുതിർന്നേക്കാം. കൺകറണ്ട് ലിസ്റ്റും സംസ്ഥാന, ദേശീയ ലിസ്റ്റുകളും പഠിക്കാൻ ചുരുങ്ങിയത് പാർട്ടികളുടെ ഔദ്യോഗിക വക്താക്കളെങ്കിലും നിർബന്ധിതരാവും.

ഇവിടെയാണ് ഇസ്ലാമിന്റെ ആഭ്യന്തര ഘടന വ്യതിരിക്തമാവുന്നത്. ഡോ.പി.ജെ. വിൻസെന്റ് പറയുന്നത് പോലെ : ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന ‘സാഹോദര്യം’ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുണ്ട്. മഹത്തായ ആശയം എന്ന നിലയില്‍ ചരിത്രകാലത്ത് നിലനിന്ന സാഹോദര്യത്തെ ആദ്യമായി ഒരു രാഷ്ട്രീയ മൂല്യമായി വികസിപ്പിക്കുകയും അത് പ്രയോഗത്തില്‍ വരുത്താന്‍ ഒരു ഭരണക്രമം (ഇസ്‌ലാമിക് റിപ്പബ്ലിക്) രൂപപ്പെടുത്തുകയും ചെയ്തത് മുഹമ്മദ് നബിയാണ്. ഇസ്‌ലാം ‘പൊളിറ്റിക്കല്‍’ ആകുന്നത് ഈ തലത്തിലാണ്. മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ് (Man is a Political Animal). രാഷ്ട്രീയത്തെ മാറ്റിവെച്ച് ഒരു സാമൂഹിക ജീവിതം അവന് അസാധ്യമാണ്. ഒരു സമഗ്ര ജീവിത പദ്ധതിയെന്ന നിലയില്‍ ഇസ്‌ലാമില്‍നിന്ന് രാഷ്ട്രീയത്തെ മാറ്റിനിര്‍ത്താന്‍ ദാര്‍ശനികമായും പ്രായോഗികമായും സാധ്യമല്ല. ഇതിനര്‍ഥം ‘മതരാഷ്ട്രീയം’ എന്നല്ല. മറിച്ച്, സത്യവിശ്വാസികള്‍ അവരുടെ രാഷ്ട്രീയമടക്കമുള്ള ജീവിതവ്യവഹാരങ്ങളിലെല്ലാം ഇസ്‌ലാമിക ദര്‍ശനവും നബിചര്യയും അടിസ്ഥാന പ്രമാണമായി സ്വീകരിക്കണമെന്നാണ്.

Also read: സന്ദർശന മര്യാദ ഇസ് ലാമിൽ

മനുഷ്യന്റെ ഭൗതിക ജീവിതത്തിന് പ്രഥമ പരിഗണന നല്‍കിയ ദര്‍ശനമാണ് നബിയുടേത്. നബി വിഭാവനം ചെയ്ത ജീവിത പദ്ധതിയില്‍ വ്യക്തിപരമായ ശുചിത്വത്തില്‍ തുടങ്ങി മരണാനന്തര ചടങ്ങുകള്‍ വരെ നീളുന്ന സൂക്ഷ്മ – സ്ഥൂല ജൈവ പ്രക്രിയകള്‍ എങ്ങനെ നിര്‍വഹിക്കണമെന്ന് സുവ്യക്തമാക്കുന്നുണ്ട്. ഭൗതികമായ സ്വാസ്ഥ്യം ആത്മീയ ജീവിതത്തിന് അനിവാര്യമാണ്. ആശയലോകവും ഭൗതികലോകവും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലിന്റെ വൈരുധ്യം ഇവിടെ കാണുന്നില്ല. മറിച്ച് ഭൗതിക ജീവിതത്തിന്റെ സ്വാഭാവിക പരിണതിയായി, അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടേണ്ട സത്തയായി, മാനവികതയിലെ ‘ദൈവത്വം’ മാറുന്നു. ഭൗതിക ജീവിതം നിരാകരിക്കുന്ന യാന്ത്രിക ആത്മീയതയുടെ നിരര്‍ഥകത നബി സ്വന്തം ജീവിതചര്യ കൊണ്ട് അടയാളപ്പെടുത്തി. സാമൂഹികം, രാഷ്ട്രീയം, ആത്മീയം എന്നിങ്ങനെ വേര്‍തിരിവുകളില്ലാതെ മനുഷ്യന്റെ ജീവിവര്‍ഗ ജീവിതത്തെ സമഗ്രതയില്‍ അടയാളപ്പെടുത്തി എന്നതാണ് നബിദര്‍ശനത്തെ വ്യതിരിക്തമാക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം.

മാറ്റമില്ലാതെ നിരന്തരമായി ആവര്‍ത്തിക്കപ്പെടേണ്ടത് എന്ന നിലയിലല്ല ചര്യകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ വീക്ഷണത്തിന്റെ ജൈവധാര ഇവിടെ സാര്‍ഥകമായി പ്രവര്‍ത്തിക്കുന്നതു കാണാം. പുതിയ സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍ സത്യവിശ്വാസി സമൂഹത്തിന് യോജിച്ച തീരുമാനത്തിലെത്തണം. ‘ഇജ്മാഅ്’ അഥവാ സമവായം എന്നത് ഇസ്‌ലാമിനെ വിപ്ലവകരമാക്കി മാറ്റിയിട്ടുണ്ട്. ആര്‍നോള്‍ഡ് ടൊയന്‍ബി ‘ചാലഞ്ച് ആന്റ് റെസ്‌പോണ്‍സ്’ അവതരിപ്പിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ അത് പ്രയോഗത്തില്‍ വരുത്തിയ സാമൂഹികക്രമമാണ് നബി (സ) സൃഷ്ടിച്ചത്. ജനാധിപത്യ വികാസത്തിന്റെ അടിസ്ഥാന ധാരയാണിത്. സമഗ്രാധിപത്യപരവും മാറ്റമില്ലാത്ത ചര്യകളില്‍ അധിഷ്ഠിതവുമായ അടഞ്ഞ സാമൂഹികക്രമമായി ഇസ്‌ലാമിക വ്യവസ്ഥയെ അവതരിപ്പിക്കുന്ന പാശ്ചാത്യ -ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങള്‍ സത്യത്തിന്റെ നിരാസമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. പുതിയ ‘ചാലഞ്ചുകള്‍’ ഉയിര്‍ക്കൊള്ളുമ്പോഴെല്ലാം അതിനോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടാണ് ചരിത്ര കാലഘട്ടത്തില്‍ ഇസ്‌ലാം വികസിച്ചത്.

(ജനു:25 സമ്മതിദായകരുടെ ബോധവത്കരണ ദിനവും 26 റിപ്പബ്ലിക്ക് ദിനവുമാണ് ഇന്ത്യയിൽ )

Related Articles