Columns

“കാഫിർ” ഒരു വിളിപ്പേരല്ല

ഒരു കാര്യത്തിൽ ആർക്കും യാതൊരു സംശയവും വേണ്ട. ലോകാരംഭം മുതൽ ഇന്നേവരെയുള്ള സകല നിർദോഷികളും “കാഫിർ” എന്ന വിളിപ്പേരിൽ നിന്നൊഴിവാണ്. കാഫിർ എന്ന പദം ഉപയോഗിച്ച് തുടങ്ങിയപ്പോൾ തന്നെ നിരുപദ്രകാരികളായ സകല മനുഷ്യരെയും ആ വിളിപ്പേരിൽ നിന്നും വിമുക്തമാക്കുന്ന വിളംബരവും വന്നിട്ടുണ്ട്. ഖുർആൻ അധ്യായം 2, 159, 160, 161 സൂക്തങ്ങളുടെ പൊരുൾ ഈ വിളംബരം ഉൾക്കൊള്ളുന്നുണ്ട്.
(159) നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.
( 160 ) എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
( 161 ) സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌.

സ്വന്തം ജനതയെ കാഫിറുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് രംഗത്ത് വന്ന ഒരു പ്രവാചകനും ലോകത്തു സംഭവിച്ചിട്ടില്ല. അഭിസംബോധിതരെ ജനങ്ങളെ എന്നു വിളിച്ചാണ് പ്രവാചകർ തുടങ്ങിയിരുന്നത്. തങ്ങളുടെ നിയോഗ ദൗത്യത്തെ നിരാകരിച്ചവരെ മാത്രമെ പ്രവാചകർ കാഫിറുകളെ യെന്നു വിളിച്ചിട്ടൊള്ളു. മനുഷ്യരെ സംബന്ധിച്ച ഏക മാനവികത സിദ്ധാന്തമായിരുന്നു പ്രവാചക ദൗത്യങ്ങളുടെ ചുരുക്കം. മനുഷ്യർക്കിടയിലെ എല്ലാത്തരത്തിലുമുള്ള ഉച്ചനീചത്വങ്ങളെ തുടച്ചു നീക്കുന്നതിനായിരുന്നു അവരുടെ നിയോഗം. എല്ലാവിധ അടിമത്വത്തിൽ നിന്നും മനുഷ്യനെ സ്വാതന്ത്രമാക്കുകയായിരുന്നു അവരുടെ ചുമതല.

Also read: ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

സ്ത്രീകളെ പുരുഷന്മാരിൽ നിന്നും ഇസ്ലാം സ്വതന്ത്രമാക്കി. വിവാഹത്തിന് സ്ത്രീകളുടെ സമ്മതം വേണമെന്നു നിബന്ധന വെച്ചു. വിഹാഹ മോചനത്തിനുള്ള അധികാരം സ്ത്രീക്കും നൽകി. ത്വലാഖ് എന്ന പേരിൽ അറിയപ്പെടുന്ന വിവാഹ മോചന രീതി പുരുഷന് സ്ത്രീയെ ഒഴിവാക്കാൻ അധികാരം നല്കുന്നതാണെങ്കിൽ ഖുൽഅ് എന്ന മറ്റൊരു രീതി അനുസരിച്ചു പുരുഷനെ ഒഴിവാക്കാനുള്ള അധികാരം സ്ത്രീകൾക്കും നൽകി. ഇരുവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഫസ്ഖ് എന്ന മൂന്നാമതൊരു വിവാഹ മോചന സംവിധാനവും ഇസ്ലാം ഏർപ്പെടുത്തി.

സ്ത്രീകൾ പുരുഷന്റെ സ്വകാര്യ സ്വത്തല്ലെന്നു ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ ഇണയായി നിലനിർത്തുന്ന പക്ഷം മാന്യമായിമാത്രം അത് ചെയ്യുക. ബന്ധം വേര്പെടുത്തുന്ന പക്ഷം മാന്യമായി വേർ പ്പെടുത്തുക. “അല്ലയോ വിശ്വസിച്ചവരെ സ്ത്രീകൾ നിങ്ങൾക്ക് അനന്തരമായി കൈവശപ്പെടുത്താവുന്ന സ്വത്തല്ല. വിവാഹ മൂല്യമായി നിങ്ങൾ അവർക്ക് നൽകിയ സ്വത്തുക്കൾ ബലമായി പിടിച്ചു വാങ്ങരുത്. അവർ സ്പഷ്ടമായ ദുർനടപ്പിൽ ഏർപ്പെട്ടാൽ ഒഴിച്ച്. ഭാര്യമാരോട് നിങ്ങൾ മാന്യമായി സഹവർത്തിക്കേണ്ടതാകുന്നു. നിങ്ങൾ അവരെ വെറുക്കുന്നുവെങ്കിൽ, നിങ്ങൾ വെറുക്കുന്ന ഒരു കാര്യത്തിൽ അല്ലാഹു പെരുത്തു നന്മകൾ നിക്ഷേപിച്ചിട്ടുണ്ടന്നു വരാം.” ഖുർആൻ, അധ്യായം നാല്, സൂക്തം 19.

ഒരു വ്യക്തി മറ്റൊരാളെ വെറുക്കുന്നത് കൊണ്ട് മാത്രം രണ്ടാമന് ജീവിക്കാൻ അർഹതയില്ലാതാവുന്നില്ല എന്നാണ് ഇസ്ലാമിന്റെ ഉറച്ച സന്ദേശം. ദമ്പതിമാർക്കിടയിൽ മാത്രമല്ല മനുഷ്യ ബന്ധത്തിന്റെ ഓരോ വളവിലും തിരിവിലും ഇസ്ലാം ഒട്ടിച്ചു വെച്ച സിദ്ധാന്ത പരസ്യ വാചകമാണത്. സ്ത്രീകൾ പളുങ്കു പത്രമാണ്. സൂക്ഷിച്ചുപയോഗിക്കുക യെന്ന പ്രവാചക വചനം ജീവിത പാഠങ്ങളെ കുറിച്ച അവതരണങ്ങളിൽ എന്നും ഒരു ഭീമൻ തല വാചകമായി തുടരും. ഉപയോഗിച്ച് നശിപ്പിക്കരുത്. നന്നായി ഉപയോഗിക്കാൻ അറിയുന്നവർ വേറെ കാത്തിരിപ്പുണ്ട് എന്നൊരർത്ഥം കൂടി അതിനുണ്ട്.

Also read: വ്യക്തിത്വത്തിന്റെ കാതലായ ഘടന

ക്രിയാത്മകമായി പ്രതികരിക്കാനുള്ള ശേഷി സ്ത്രീകൾക്ക് ആർത്തവ കാലത്ത് പൊതുവെ കുറവാണ്. ആയതിനാൽ ആർത്തവ സമയത്തെ അവരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി വിവാഹ മോചനങ്ങൾ സംഭവിക്കരുതെന്നു ഇസ്ലാം നിഷ്കർഷിച്ചു. ശുദ്ധിയുടെ കാലത്തെ വാക്കും പ്രവർത്തിയും അടിസ്ഥാനമാക്കി മാത്രമേ വിവാഹ മോചനത്തിനുള്ള തീരുമാനങ്ങൾ കൈകൊള്ളാവൂ. അത്രയും കാലം കൂടെ ജീവിച്ചതിനുള്ള സമ്മാനങ്ങൾ നൽകി ആദരിച്ചു വേണം വിഹാഹ മോചനശേഷം അവളെ യാത്രയയക്കാവൂ എന്നാണ് ഖുർആനിന്റെ കല്പന. ഭൂമിയുടെ ഒരു മൂലയിലും ഒരു സ്ത്രീയും ഒരു പുരുഷനാലും അപമാനിതയാവരുതെന്ന അതിയായ താല്പര്യം ഇസ്ലാമിനുണ്ട്.

സകല മനുഷ്യ ബന്ധങ്ങളേയും ഇസ്ലാം നിർണയിച്ചിട്ടുള്ളത് സമാനമായ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ്. ഓരോ മനുഷ്യന്റെ വശവും ദൈവം ഏല്പിച്ച സൂക്ഷിപ്പു മുതലാണ് കുട്ടികൾ. സൂക്ഷിക്കാൻ ഏല്പിക്കപ്പെട്ട വസ്തുക്കൾ വഞ്ചനയില്ലാതെ പൊന്നുപോലെ സൂക്ഷിക്കാൻ മനുഷ്യൻ ബാധ്യസ്ഥമാണ്. ഒരിക്കൽ സ്വന്തം കുഞ്ഞിനെ ഒരു സമ്മാനം തരാമെന്നു മോഹിപ്പിച് വിളിച്ച ഒരു സ്ത്രീയെ പ്രവാചകൻ ശാസിക്കുകയുണ്ടായി.
യഥാർത്ഥത്തിൽ തന്നെ സമ്മാനം കൈവശമില്ലാതെ കുട്ടികളെ വെറുതെ വിളിപ്പിക്കരുതെന്നു നബി ആ വനിതയെ ഗുണദോഷിച്ചു. കുട്ടികൾ ഒരാളുടെയും സ്വകാര്യ സ്വത്തല്ലെന്ന വ്യക്തമായ സൂചനയാണ് ഈ സംഭവം.

വസിക്കുന്നത് കുടിലിലോ അതോ കൊട്ടാരത്തിലോ ആവട്ടെ മണ്ണിലൊരിടത്തും ഒരു മാതാവും ഒരു പിതാവും ഭർസിക്കപ്പെട്ടുകൂടാ. ബന്ധുക്കൾ, അനാഥർ, അഗതികൾ, ബന്ധുക്കളായ അയൽക്കാർ, അന്യരായ അയൽക്കാർ, സഹവാസികൾ, സഞ്ചാരികൾ, ദാസി ദാസൻമാർ തുടങ്ങി എല്ലാവരോടും നന്മയുടെ വർത്തിക്കുകയെന്നത് മനുഷ്യന്റെ കടമയാണ്.

ഖുർആൻ അധ്യായം 4, സൂക്തം 36 ഈ സന്ദേശം കൈമാറുന്നത് ശക്തമായ ഭാഷയിലാണ്.

“അല്ലാഹുവിനു ഇബാദത് ചെയ്യുവിൻ. യാതൊന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുവിൻ. മാതാപിതാക്കളോട് ഉദാരമായ നന്മയോടെ വർത്തിക്കുവിൻ. ബന്ധുക്കളോടും അനാഥരോടും അഗതികളോടും ബന്ധുക്കളായ അയൽവാസികളോടും അന്യരായ അയൽവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനതയിലുള്ള ദാസി ദാസന്മാരോടും അപ്രകാരം വർത്തിക്കുവിൻ. നിശ്ചയം. ഗർവിഷ്ഠനും ഭള്ളു പറയുന്നവനുമായ ആരെയും അള്ളാഹു സ്നേഹിക്കുകയില്ല.”

Also read: അല്ലാഹു ആദമി(അ)നെ പഠിപ്പിച്ച നാമങ്ങള്‍?

അധ്യായം 2, സൂക്തം 83 ന്റെ ഉള്ളടക്കവും വ്യത്യസ്തമല്ല.
“ഓർക്കുക: ഇസ്രായേൽ മക്കളിൽ നിന്ന് നാം പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു. അള്ളാഹുവിനു മാത്രമായിരിക്കണം നിങ്ങളുടെ ദൈവം. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥർ, അഗതികൾ എന്നിവരോട് നല്ല നിലയിൽ വർത്തിക്കണം. ജനങ്ങളോട് നന്നായി സംസാരിക്കുക.”

ഇസ്രായേൽ ജനതയെ ഒരുമിച്ചു കൂട്ടി അവർക്ക് മീതെ തൂർ പർവതത്തെ ഉയർത്തി പിടിച്ചാണ് ഈ പ്രതിജ്ഞ അല്ലാഹു വാങ്ങിയതെന്നു ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ പ്രാധാന്യം അവരെ ബോധ്യപെടുത്താനാണ് ഇപ്രകാരം ചെയ്തത്.

ചുരുക്കത്തിൽ മനുഷ്യൻ മനുഷ്യനോട് നന്മ പ്രവർത്തിക്കുകയെന്നത് പരമ പ്രധാനമാണെന്ന് അംഗീകരിക്കുന്നതിന്റെ പേരാണ് ഇസ്ലാം. സഹ ജീവികൾക്ക് ഇത്തരം നന്മ നിഷേധിക്കുന്നവരെയാണ് സത്യനിഷേധികൾ അഥവാ കാഫിറുകൾ എന്ന് ഖുർആൻ വിളിച്ചിട്ടുള്ളത്. സമ്പത്തിന്റെ ന്യായപൂർവ്വമായ വിതരണമാണ് ഇസ്ലാമിന്റെ മറ്റൊരു ലക്‌ഷ്യം. സമ്പത്ത് ധനികർക്കിടയിൽ മാത്രം ചുറ്റി കറങ്ങരുത്.
“അല്ലാഹു അവന്‍റെ റസൂലിന് യുദ്ധത്തിൽ കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്‌. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌”. ഖുർആൻ അദ്ധ്യായം 59, സൂക്തം 7.

“ദരിദ്രർ, അഗതികൾ, സകാത്തിന്റെ ശേഖരണ വിതരണ ജോലിക്കാർ, ഹൃദയമിണങ്ങി വന്നവർ, അടിമ മോചനം, കടബാധ്യതർ, ദൈവ മാർഗം. യാത്രക്കാർ എന്നിവർക്കുള്ളതാണ് നിർബന്ധ സകാത്തിന്റെ വിഹിതങ്ങൾ. അല്ലാഹുവിന്റെ നിശ്ചിത വ്യവസ്ഥയാണിത്. ജ്ഞാനിയും യുക്തിമാനുമെത്രെ അള്ളാഹു”. ഖുർആൻ അധ്യായം 9, സൂക്തം 60.

ഒരാളും ഒരിക്കലും തെരുവിൽ ഭക്ഷണം കിട്ടാതെ അലയേണ്ടുന്ന സാഹചര്യമുണ്ടാവരുത്. നബിതിരുമേനി(സ) ഒരിക്കല്‍ പഠിപ്പിച്ചു; ”ഒരു നാട്ടില്‍ ഒരു മനുഷ്യന്‍ ഒരു രാത്രി വിശന്നുവലഞ്ഞു കിടന്നുറങ്ങേണ്ടി വന്നു, എങ്കില്‍ ആ നാട്ടുകാരുടെ മുഴുവന്‍ സംരക്ഷണ ഉത്തരവാദിത്തത്തില്‍ നിന്നും അല്ലാഹു ഒഴിഞ്ഞിരിക്കുന്നു”.
പണം മാത്രമല്ല ഭൂമിയും ഏതാനും പേരുടെ മാത്രം കുത്തകയാവുന്ന ഏർപ്പാടിന് ഇസ്ലാമെതിരാണ്.

നബി ഒരിക്കൽ പറഞ്ഞു: ”തരിശുനിലം അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാണ്. (അത് പൊതുസ്വത്താണ് എന്നര്‍ഥം.) വല്ലവനും തരിശുനിലം കൃഷിയിറക്കി ജീവത്താക്കിയാല്‍ അത് അവനുള്ളതാണ്.” കൃഷിഭൂമി കര്‍ഷകന് എന്ന ആധുനിക ധനതത്വശാസ്ത്രമാണ് ഇവിടെ ശരിവെക്കപ്പെടുന്നത്.

Also read: സ്വർഗത്തിൽ എത്തിക്കുന്ന ക്ഷമ

ഭൂമിയുടെ ഉടമസ്ഥൻ തന്റെ ഭൂമിയെ വെറുതെ ഉപയോഗശൂന്യമാക്കി ഇടുമ്പോള്‍ അയാള്‍ക്കെതിരെ ഇസ്‌ലാമിക സ്റ്റേറ്റ് ഇടപെടുന്നു. ആവശ്യമാണെന്നു തോന്നിയാല്‍ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് വിതരണം ചെയ്യാന്‍ ഇസ്‌ലാമിക സര്‍ക്കാറിന് അധികാരമുണ്ട്. ഒരിക്കല്‍ ഉമറുല്‍ ഫാറൂഖ് (റ) തന്റെ ഭരണകാലത്ത് ഒരു തരിശുനിലം പിടിച്ചെടുത്ത് ജനങ്ങള്‍ ക്കിടയില്‍ പതിച്ചു കൊടുക്കുകയുണ്ടായി. ബിലാലുല്‍ മുസ്‌നി എന്നൊരാള്‍ക്ക് നബി (സ്വ) പതിച്ചുകൊടുത്ത സ്ഥലമായിരുന്നു അത്. അത് കൃഷിയിറക്കാത്ത നിലയില്‍ കണ്ടപ്പോള്‍ ഉമര്‍ ബിലാലിനോടു പറഞ്ഞു. ”റസൂല്‍ (സ്വ) താങ്കള്‍ക്ക് ഈ സ്ഥലം പതിച്ചുതന്നത് ബഹുജനങ്ങള്‍ക്ക് അതിലുള്ള അവകാശം തടഞ്ഞുവയ്ക്കാനല്ല, അധ്വാനിച്ച് മെച്ചപ്പെടുത്താന്‍ വേണ്ടിയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നതെടുത്ത് ബാക്കി സ്റ്റേറ്റിന് വിട്ടുതരിക.” ബിലാല്‍ അനുസരിച്ചില്ല. അപ്പോള്‍ ഉമര്‍ (റ) ആ ഭൂമി അക്വയര്‍ ചെയ്ത് മുസ്‌ലിംകള്‍ക്കിടയില്‍ വീതിച്ചുകൊടുത്തു. (കിതാബുല്‍ അംവാല്‍, കിതാബുല്‍ ഖറാജ്).

സമ്പത്തിന്റെ ന്യായമായ വിതരണമെന്ന ആവശ്യത്തെ പിന്തുണക്കാത്തവരും അത്തരം ചിന്തകളെ മുളയിലേ നുള്ളിക്കളയാൻ ശ്രമിക്കുന്നവരെയുമാണ് ഇസ്ളാം കാഫിർ എന്ന വിളിപ്പേര് നൽകിയിട്ടുള്ളത്. അത്തരക്കാരുമായുള്ള ആദർശപരമായി അഭിപ്രായ ഭിന്നത പ്രകടിപ്പിക്കാൻ തന്നെയാണ് ഇസ്ലാം കല്പിച്ചിട്ടുള്ളത്. അവരോടു ഇസ്ലാമിക രാഷ്ട്രങ്ങൾ യുദ്ധം ചെയ്യുന്നതിനെയാണ് ഇസ്ലാം നിയമ വിധേയമാക്കിയിട്ടുള്ളത്.

ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം ഉറപ്പു വരുത്താൻ ഇസ്ലാം ശ്രമിച്ചു. ഒരു മനുഷ്യൻ പോലും അന്യായമായി കൊല്ലപ്പെടരുതെന്നു ഇസ്ലാം സിദ്ധാന്തിച്ചു.
“ജീവന് ജീവന്‍, കണ്ണിന് കണ്ണ്‌, മൂക്കിന് മൂക്ക്‌, ചെവിക്ക് ചെവി, പല്ലിന് പല്ല്‌, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്‌. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍” ഖുർആൻ 5, സൂക്തം 45.

ഇങ്ങനെ മനുഷ്യന്റെ സ്വൈരവും സ്വസ്ഥവും സമ്പുഷ്ടവുമായ ജീവിതത്തെ ഉറപ്പു വരുത്തുന്ന ജീവിത സംഹിതയാണ് ഇസ്ലാം. ഈ ലക്‌ഷ്യം നേടുന്നതിന് തടസ്സം നിൽക്കുന്നവരെയാണ് കാഫിർ അഥവാ സത്യനിഷേധി യെന്നു വിളിച്ചിട്ടുള്ളത്. അല്ലാതെ ഏതെങ്കിലും നിർദോഷികൾക്ക് ഇസ്ലാം നൽകിയിട്ടുള്ള വിളിപ്പേരല്ല കാഫിർ അഥവാ സത്യനിഷേധി എന്ന പദം.

Facebook Comments
Related Articles
Close
Close