Current Date

Search
Close this search box.
Search
Close this search box.

സ്വർഗത്തിൽ എത്തിക്കുന്ന ക്ഷമ

സ്വർഗത്തിലേക്ക് ആനയിക്കപ്പെടുന്നവരോട് ഖുർആനിലൂടെ പടച്ചവൻ പറഞ്ഞ കാരണം നിങ്ങൾ ക്ഷമിച്ചത് കൊണ്ടാണെന്നാണ്.  ക്ഷമ സ്വർഗസ്ഥരാകാൻ മാത്രം ഹേതുവാകുന്നത് എങ്ങനെ എന്ന് നാം പഠിക്കണം.

ദൈനംദിന ജീവിതത്തിൽ നമ്മൾ പല സന്ദർഭങ്ങളിലും ക്ഷമിക്കാറുണ്ട്.. പ്രതീക്ഷിക്കാതെ വരുന്ന രോഗം, അപകടം, ബന്ധുക്കളുടെയും ഇഷ്ട ജനങ്ങളുടെയും ദേഹവിയോഗം, ജോലി നഷ്ടപ്പെടുക, ബിസിനസ് പരാജയം, കൃഷി നാശം, ദേഷ്യം, ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് പ്രതിസന്ധി എന്നിവയിൽ ഒക്കെ നമ്മൾ ക്ഷമിക്കുന്നു.. ഇങ്ങനെയുള്ള ക്ഷമ ആണോ നമുക്ക് സ്വർഗ്ഗം നേടി തരുന്നത്…? മേല്പറഞ്ഞ സന്ദർഭങ്ങളിൽ ഉള്ള ക്ഷമയ്ക്കു ഉയർന്ന പ്രതിഫലമുണ്ട് എന്ന് നാം പഠിച്ചിട്ടുണ്ട്. എന്നാൽ അത് മാത്രമല്ലല്ലോ ക്ഷമ.

മറ്റൊരു ക്ഷമയെ നിങ്ങളുടെ ഓർമയിൽ കൊണ്ട് വരാം. നന്മ കല്പിക്കുകയും തിന്മ യെ നിരോധിക്കുകയുമെന്നത് വിശ്വാസികളോട് കൽപിച്ച കാര്യമാണല്ലോ. ഈ രണ്ടു കാര്യങ്ങളും ചെയ്യാൻ നല്ല ക്ഷമ വേണ്ടി വരും. ഒഴുക്കിനൊത്തു നീന്താൻ വളരെ എളുപ്പമാണ്. ഒഴുക്കിനെതിരെ നീന്തുവാനാണ് പ്രയാസം.  ഉദാഹരണത്തിനു മുച്ചൂടും അഴിമതി നടത്തുന്ന ഒരു സ്ഥാപനത്തിൽ സത്യസന്തത നിലനിറുത്തി ജോലി എടുക്കുവാൻ നിങ്ങൾക്ക് നല്ല ക്ഷമ വേണ്ടി വരും. നിങ്ങൾ ഒരു നിലപാട് ഉള്ള വ്യക്തി ആണെങ്കിൽ നിങ്ങൾ ഒറ്റപ്പെടുമെന്ന കാര്യം തീർച്ചയാണ്. നാൽപതു വയസ്സ് വരെ പ്രവാചകനു ഒരു ശത്രുവും ഉണ്ടായിരുന്നില്ല. എന്ന് സത്യ സന്ദേശം പ്രചരിപ്പിക്കാൻ അദ്ദേഹം തുടങ്ങിയോ അന്നു മുതലാണ് അന്ന് വരെ വിശ്വസ്തൻ എന്ന് വിളിച്ച അതേ നാക്ക് കൊണ്ട് ആഭിചാരകൻ എന്നും കിറുക്കൻ എന്നും ഉള്ള വിളി കേൾക്കാൻ തുടങ്ങിയത്. പിന്നീടത് അക്രമണത്തിലേക്കും ഊരു വിലക്കിലേക്കും പലായനത്തിലേക്കും വളര്ന്നു. അപ്പോഴൊക്കെ ക്ഷമിക്കുവാനാണ് ദൈവം നബിയെ ഉപദേശിച്ചത്. അരിശം തീരാതെ മദീനയിൽ എത്തിയ ശേഷവും പിന്തുടർന്ന ശത്രുക്കൾ ഒടുവിൽ പ്രവാചകനെയും അനുയായികളെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ഇസ്ലാമിലെ എല്ലാ യുദ്ധങ്ങളും ഉപരോധമായിരുന്നില്ല. മറിച്ചു പ്രതിരോധപരമായിരുന്നു. അന്ന് വിശ്വാസം കൈക്കൊണ്ട ഏതൊരാൾക്കും ഈദൃശ പരീക്ഷണങ്ങളെ ക്ഷമ കൊണ്ടും സ്ഥൈര്യം കൊണ്ടും അതിജീവിക്കേണ്ടതുണ്ടായിരുന്നു. ഇന്നും എന്നും യഥാർത്ഥ വിശ്വാസം നില നിറുത്താൻ നല്ല ക്ഷമ കൂടിയേ തീരൂ.

Also read: ഞാനൊരു മാതൃകയാണോ?

തെറ്റ് ചെയ്യാനുള്ള എല്ലാ സാഹചര്യമുണ്ടായിട്ടും ദൈവത്തെ ഓർത്തു അതിൽ നിന്നും മാറി നിൽക്കുന്ന ഒരു ക്ഷമ ഉണ്ടല്ലോ, ദാരിദ്ര്യത്തിന്റെയും  വിരഹത്തിന്റെയും നെരിപ്പോടിൽ അഭിമാനത്തെ പണയപെടുത്താതെ ഒതുക്കി നിർത്തുന്ന ക്ഷമയുണ്ടല്ലോ, ആര്ഭാടത്തിനും ആഡംബരത്തിനുമുള്ള എല്ലാ കഴിവും തൃഷ്ണയും ഉണ്ടായിട്ടും ഇല്ലാത്തവരെയും നിർധനരെയും ഓർത്തു അത്തരം ധൂർത്തിൽ നിന്നും ധാരാളിത്തത്തിൽ നിന്നും മാറി നിൽക്കാൻ ചില സുകൃതികൾ കാണിക്കുന്ന  ക്ഷമയുണ്ടല്ലോ, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴും നീതി നിഷേധിക്കപ്പെടുമ്പോഴും, ഗർഭിണികളടക്കമുള്ള നിരപരാധികളെ തടവിലടക്കപ്പെടുമ്പോഴും, ജാതിയുടെയും നിറത്തിന്റെയും തൊഴിലിന്റെയും പേരിൽ അവഗണന പേറേണ്ടി വരുമ്പോഴും പിറന്ന മണ്ണിൽ രണ്ടാംകിട പൗരൻമാരായി പാർശ്വവൽക്കരിക്കപ്പെടുമ്പോഴും സഹിക്കുകയും അതിനെതിരെ മനസ്സ് കൊണ്ടെങ്കിലും പൊരുതുകയും യഥാർത്ഥ നീതി പുലരുന്ന നാളിനെ കാത്തു കഴിയുകയും ചെയ്യുന്ന ആ നെല്ലിപ്പടിയില്ലാത്ത ക്ഷമയുണ്ടല്ലോ, അത്യുഷ്ണത്തിലും അതിശൈത്യത്തിലും ആരാധന അതിന്റെ ആദ്യ മുഹൂർത്തത്തിൽ തന്നെ അർപ്പിക്കുവാൻ ആരാധനാലയങ്ങളിലെത്തുവാൻ വെമ്പൽ കൊള്ളുകയും അതിലനുഭവിക്കുന്ന കടമ്പകൾ നിശ്ശബ്ദമായി സഹിക്കുകയും ചെയ്യുന്ന  ക്ഷമ ഉണ്ടല്ലോ,  സർവോപരി അശരണർക്കും അനാഥകൾക്കും അഗതികൾക്കും ആലംബ ഹീനർക്കും മലമ്പാതകൾ താണ്ടി ആശ്വാസത്തിന്റെ തെളിനീർ എത്തിക്കുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണം പുറത്തു കാട്ടാതെ പുഞ്ചിരി കൊണ്ട് മറച്ചു പിടിക്കുന്ന ആ ക്ഷമ യുണ്ടല്ലോ… അതാണ് നമ്മെ  സ്വർഗത്തിൽ എത്തിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്.

Also read: ദാരിദ്ര്യം തേടാമോ?!

അത്തരം ക്ഷമാശാലികളുടെ കൂട്ടത്തിൽ പെടുത്തി അവന്റെ വാഗ്ദാനമായ സ്വർഗത്തിൽ ശാന്തി നിറഞ്ഞ ആത്മാവുമായി പ്രവേശിക്കാനുള്ള മഹാഭാഗ്യം ദൈവം നമുക്കും നൽകട്ടെ.

Related Articles