Personality

വ്യക്തിത്വത്തിന്റെ കാതലായ ഘടന

ഈ ലോകത്ത് നേടിയാൽ നഷ്ടം വരാത്ത ഒന്നേ ഉള്ളൂ, അതാണ് അറിവ്. അതേപോലെ നമുക്ക് ലഭിക്കുന്ന ഒരറിവും ചെറുതല്ല എന്നും നാം അറിഞ്ഞിരിക്കണം. ചെറിയൊരു പോർഷൻ എങ്കിലും വിദ്യയുടെ ഭാഗമായി മനഃശാസ്ത്രപഠനവും വ്യക്തിത്വരൂപീകരണവും കുട്ടികൾക്ക് സ്‌കൂൾ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ ശരിയായ മാനസിക വളർച്ചയ്ക്ക് വളരെയേറെ ഉപകാരപ്രദമായിത്തീരും. അത് സമൂഹത്തിന്റെ അഭിവൃദ്ധിയ്ക്കും ഉന്നമനത്തിനും ലക്ഷ്യമിട്ടുകൊണ്ട് കൂടെ ആണെങ്കിൽ നല്ലൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നതിൽ ഭിന്നാഭിപ്രായം ഉണ്ടാവില്ല. ജനിക്കുന്നു ജനിപ്പിക്കുന്നു ജീവിക്കുന്നു മരിക്കുന്നു എന്നതിനപ്പുറം മനുഷ്യർ പരസ്പരം അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ എന്നാൽ നമൂഹം ഇനിയും മനസ്സിലാക്കാനും ഉൾക്കൊള്ളാനും വൈകുന്ന ഗഹനവും അതേസമയം ഉൾവെളിച്ചം പകരുന്നതുമായ വസ്തുതകളും സത്യങ്ങളും ഒട്ടേറെ ഉണ്ട്. മനുഷ്യമനസ്സ് ഒരു നിഗൂഢാത്മകമായ ഒന്നാണ് ആർക്കും പെട്ടെന്ന് വായിച്ചെടുക്കാൻ സാധിക്കില്ല എന്നൊക്കെ പറയാറുണ്ട്, ശരി തന്നെ എന്നാൽ മനുഷ്യരുടെ ചിന്തകൾ, വിചാരങ്ങൾ, പ്രവൃത്തികൾ, ആശയവിനിമയ രീതികൾ, സംസ്ക്കാരങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ ഇവയെല്ലാം മുൻനിർത്തി ഒട്ടേറെ പഠനങ്ങൾ നടത്തുകയും അതിന്റെതായ ശാസ്ത്രീയവശങ്ങൾ കണ്ടെത്തിയ മനഃശാസ്ത്രവിദഗ്ദന്മാർ നമുക്കുണ്ട് അവരുടെ കണ്ടെത്തലുകളും അവർ നൽകിയ പാഠങ്ങളും മനുഷ്യർക്ക് എന്നും അന്തരീകവെളിച്ചം പകർന്നു നൽകുന്നതാണ്. ഇവയെക്കുറിച്ചെല്ലാം അവബോധം ഉണ്ടായിരിക്കുന്നത് മനുഷ്യർക്ക് എപ്പോഴും എന്നും എവിടെയും അത് ഫലപ്രദമായ രീതിയിൽ ഗുണം ചെയ്യും. അവനെ/അവളെ അത് പുതിയൊരു ജീവിയാക്കി മാറ്റും.

മനുഷ്യോൽപത്തി മുതൽ അവർ നവീനയുഗത്തിലെ ഇന്നത്തെ ആധുനികനും പരിഷ്കാരിയുമായ മനുഷ്യരിലേക്കുള്ള യാത്രയിൽ അവർ കടന്നുപോന്ന ഓരോ പരിണാമദശകളിലും അടിസ്ഥാനപരമായി മനുഷ്യരിലുണ്ടായിരുന്ന ജന്മവാസനകളെ മനുഷ്യർ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തി എന്നതും സ്വന്തം ഉയർച്ചയ്ക്കും ഉന്നമനത്തിനും അവയെ ഇന്ധനമായി ഉപയോഗിച്ച് പുരോഗതി പ്രാപിച്ചത് എങ്ങനെ എന്നതൊക്കെ വലിയ അറിവാണ്. തെറ്റിദ്ധാരണാജനകവും അസംബന്ധങ്ങളാൽ മൂടപ്പെട്ടതും അന്ധവിശ്വാസങ്ങളിലൂന്നിയതുമായ പഴഞ്ചൻ വിശ്വാസങ്ങളിൽ നിന്നും അബദ്ധധാരണകളിൽ നിന്നും വിമുക്തരവാൻ മനുഷ്യർക്ക് വേണ്ടത്ര
അറിവുകൾ നേടുക എന്നതിലപ്പുറം വേറെ വഴികൾ ഒന്നുമില്ല.

Also read: ചില്ലുടച്ച് നന്നാക്കുന്നവർ

ഇത്തരം അറിവും അവബോധവും മാതാപിതാക്കൾക്ക് മക്കളെ ജനിപ്പിക്കുന്നു വളർത്തുന്നു ആളാക്കുന്നു എന്നതിനപ്പുറം കുഞ്ഞുങ്ങൾ കടന്ന് പോകുന്ന ഓരോ ഘട്ടങ്ങളും മാനസിക വികസനവും അതിൽ രക്ഷാകർതൃത്വത്തിന്റെ പങ്ക് ഇവയെക്കുറിച്ചെല്ലാം ഒരു വ്യക്തമായ ചിത്രം നൽകുമെന്ന് മാത്രമല്ല കുഞ്ഞിന്റെ വളർച്ചയെ അതീവ ശ്രദ്ധയോടെ നിറവേറ്റാൻ അവരെ സഹായിക്കും. സാമ്പത്തികാവസ്ഥ അനുവദിക്കില്ലെങ്കിൽ പോലും വിദ്യാഭ്യാസത്തെ ഒരു ബിസിനസ്സ് ആയി കണ്ടുകൊണ്ട് പണം പിടുങ്ങുന്ന പേരുകേട്ട ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ മക്കളെ അയക്കാൻ മത്സരിക്കുന്ന മാതാപിതാക്കൾ മനസ്സിലാക്കേണ്ടത് വീടിനേക്കാൾ വലിയ വിദ്യാലയമേ ഇല്ല എന്നാണ്, ആദ്യഗുരുക്കന്മാർ അച്ഛനമ്മമാർ തന്നെയാവണം.

മൂന്നാം വയസ്സിലേക്ക് കടന്ന അല്ലെങ്കിൽ നാലാം വയസ്സിലേക്ക് കാലെടുത്തുവെച്ച കുഞ്ഞുങ്ങളുടെ അമ്മമാർ സദാസമയവും പിറുപിറുത്തുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്, ഈ കുട്ടിയെകൊണ്ട് ഞാൻ തോറ്റല്ലോ, ഒന്ന് പറഞ്ഞാൽ ഇവൻ/ഇവൾ കേൾക്കില്ല എനിയ്ക്ക് വയ്യ. അത് കേൾക്കുമ്പോൾ വീട്ടിലെ മുതിർന്നവരും മറ്റുള്ളവരും ചോദിക്കും മൂന്നാം വയസ്സിൽ മുച്ചിപ്രാന്ത് എന്ന് കേട്ടിട്ടില്ലേ നീ.. അല്ലെങ്കിൽ നാലാം വയസ്സല്ലേ… നാലാം വയസ്സിൽ നട്ടപ്രാന്ത് എന്നൊന്നും നീ കേട്ടിട്ടില്ലേ അതൊന്നും? ഒടുങ്ങാത്ത പിടിവാശിയും പറഞ്ഞത് അനുസരിക്കാതെയും അച്ഛനമ്മമാരെ ഇട്ട് വട്ടം കറക്കുന്ന മക്കളെ കണ്ടിട്ടില്ലേ? കൈകളിൽ നിന്ന് തെന്നിമാറി കുതറി ഓടുന്ന അവരെ പിടിച്ചിടത്ത് കിട്ടില്ല എന്ന് മാത്രമല്ല എത്ര തല്ല് കിട്ടിയാലും ശകാരിച്ചാലും വീണ്ടും വീണ്ടും ചെയ്യരുത് എന്ന പറഞ്ഞ കാര്യങ്ങൾ തന്നെ അവർത്തിച്ചുകൊണ്ടിരിക്കും. പൊറുതിമുട്ടി നിൽക്കുമ്പോൾ അമ്മ/അച്ഛൻ സഹികെട്ട് ചിലപ്പോൾ കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് നല്ല തല്ല് വെച്ച് കൊടുക്കും. ചില കുട്ടികൾ കൺവെട്ടത്തിൽ നിന്ന് മാറി കഴിഞ്ഞാൽ പിന്നെ പറയേണ്ട എന്തൊക്കെ അപകടങ്ങൾ ആണ് വരുത്തി വെയ്ക്കുക എന്ന് ആർക്കും പറയാൻ പറ്റില്ല. നാലും അഞ്ചും വയസ്സിലൊക്കെ കുഞ്ഞുങ്ങളെ അച്ഛനമ്മമാർ സ്വന്തം നിയന്ത്രണപരിധിയിൽ തന്നെ പിടിച്ചുനിർത്താൻ നോക്കുന്നത് വലിയ ശ്രമകരമായ കാര്യമാണ്, അത് ചെയ്യാനും പാടില്ല.

Also read: ദാരിദ്ര്യം തേടാമോ?!

മാതാപിതാക്കൾക്ക് ഇതൊരു വലിയ തലവേദനയാണെങ്കിലും കുഞ്ഞിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ ഒരു ഘട്ടമാണ് ഇത്. കാരണം കുഞ്ഞുങ്ങളിൽ അഹം (Ego) രൂപപ്പെട്ടുവരുന്ന സമയമാണ് ഇപ്പോൾ. ഒരു വ്യകിത്വത്തിന്റെ കാതലായ ഘടന (The core structure of personality) എന്നാൽ ഈഗോയാണ്. താൻ നിൽക്കുന്ന ചുറ്റുപാടുകളെ തനിയ്‌ക്ക് ഏതെല്ലാം വിധത്തിൽ നിയന്ത്രിക്കാം, തന്റെ നിയന്ത്രണപരിധിയിൽ ലോകത്തെ എങ്ങനെ നിർത്താം എന്നൊക്കെ പഠിച്ചെടുക്കാനുള്ള ശ്രമമാണ് കുഞ്ഞുങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. മാതാപിതാക്കൾ പറയുന്നതിനെ അപ്പടി അനുസരിച്ച് ജീവിക്കാൻ നിന്നാൽ കുഞ്ഞിന് ബാഹ്യലോകത്തേക്ക് ഇറങ്ങുമ്പോൾ ഉണ്ടാവുന്ന സമ്മർദ്ദങ്ങളെ ചെറുക്കാനോ തന്നിൽ അടിച്ചേൽപ്പിക്കാൻ നോക്കുന്ന സംഗതികളെ എതിർക്കാനോ കഴിയില്ല കാരണം അതിന് വേണ്ട പരിശീലനമോ അഭ്യാസമോ മറ്റെങ്ങും എവിടെയും ലഭിക്കുന്നില്ലല്ലോ , അവനവനെ സത്യസന്ധമായി പ്രതിഫലിപ്പിക്കാൻ അല്ലെങ്കിൽ എക്സ്പ്രെസ് ചെയ്യാൻ മറ്റൊരിടം തേടിപ്പോകാനും കുഞ്ഞിന് കഴിയില്ലല്ലോ. കുഞ്ഞുങ്ങൾ അല്പം ധിക്കാരവും അതേപോലെ തിരസ്ക്കരണ ബുദ്ധിയും പ്രതികരണ ശേഷിയും പ്രതിരോധവും ആർജ്ജിച്ചെടുക്കേണ്ടതുണ്ട്. എല്ലാത്തിനും യെസ് മാത്രം പറയുന്ന, ആര് പറയുന്നതും അതേപടി അനുസരിക്കുന്ന ഒരാൾക്ക് എന്ത് വ്യക്തിത്വമാണ് ഉള്ളത്. അതിനാൽ ഇത്തരം കാര്യങ്ങളെല്ലാം ബാഹ്യലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ അയക്കുമ്പോൾ അവിടെ കുഞ്ഞിന്റെ നിലനിൽപ്പിനും അതിജീവനത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ് എന്നറിയുക കാരണം അവനവനെ സംരക്ഷിയ്ക്കുക എന്നത് അവനവന്റെ തന്നെ ധർമ്മമാണ് അത് നിറവേറ്റാൻ അവർക്ക് കെൽപ്പുണ്ടാവണം.

ഈഗോ ഒരാൾക്ക് എത്രത്തോളം ആവശ്യമാണെന്ന് ചോദിച്ചാൽ ഇതിൽ കൂടുതൽ വലിയൊരു വിവരണം അവശ്യമാകുമെന്ന് തോന്നുന്നില്ല. വ്യക്തിത്വം രൂപപ്പെടുന്നതിന് അഹംബോധത്തിനും വലിയൊരു പങ്ക് ഉണ്ടെന്ന് മനസ്സിലാക്കാമല്ലോ. താനെന്ന ബോധത്തിലൂടെ തന്നെ വേണം നാം അവനവനെ സംരക്ഷിക്കാൻ. താനെന്ന ബോധവും തനിയ്ക്ക് തന്റേത് എന്ന ബോധവും കുഞ്ഞുങ്ങൾക്ക് ഉണ്ടാവുമ്പോഴല്ലേ അവർ അവനവനെക്കുറിച്ച് കൂടുതൽ ഉണർന്നു ചിന്തിച്ചു തുടങ്ങുന്നത്. അതേപോലെ ഒരാൾക്ക് അയാൾ തന്നെ മറ്റാരേക്കാളും മുഖ്യമായി വരുന്നതും തന്നിലേക്ക് തനിയ്ക്ക് ഒരുതരത്തിലും സ്വീകര്യമല്ലാത്ത കടന്നുകയറ്റങ്ങളെ യഥാസമയം പ്രതിരോധിക്കാനും ചെറുത്ത് നിൽക്കാനും മാത്രമല്ല മറ്റുള്ളവരുടെ മുന്നിൽ തലകുനിയ്ക്കാതെയും കീഴടങ്ങാതെയും അടിമയെപ്പോലെ ആവാതെ നിലകൊള്ളാനും ഈഗോ കൂടിയേ തീരൂ.

Also read: ഞാനൊരു മാതൃകയാണോ?

എപ്പോഴും വാശി കൂടിയ കുഞ്ഞുങ്ങളാണ് മിക്കപ്പോഴും മാതാപിതാക്കൾക്ക് ഏറ്റവും വലിയ തലവേദനയായി തീരുന്നതായി കാണുന്നത്. എപ്പോഴും എന്നർജറ്റിക്കായി ഓടിച്ചാടികളിക്കുന്ന കുട്ടികൾ ആണെങ്കിൽ വലുതായി കഴിഞ്ഞാലും ഏത് മേഖലയിലും വളരെ ആക്റ്റീവ് ആയിരിക്കും, എന്നും അവരുടെ കഴിവിൽ പ്രശംസപിടിച്ചു പറ്റുന്നവരായിരിക്കും. കുട്ടിക്കാലത്ത് മാതാപിതാക്കളെയിട്ട് നട്ടം തിരിപ്പിച്ചാലും വാശികൂടിയ മക്കൾക്ക് ഒട്ടേറെ സവിശേഷതകളും ഉണ്ട്. വീറോടെയും വാശിയോടെയും ജീവിതത്തിൽ മുന്നേറാനും അതിജയിക്കാനും കഴിയുന്നവരാണ് ഇവർ. വളർന്നു വരുമ്പോൾ നല്ലൊരു ഉറച്ച വ്യക്തിത്വമായിരിക്കും ഇവർക്ക്. തന്റെജീവിതം എങ്ങനെ വേണം എന്ന് നിശ്ചയിക്കാൻ അവർക്ക് ആരുടെയും സഹായവും ഉപദേശവുമൊന്നും വേണ്ടി വരില്ല. സ്വയം തീരുമാനം എടുക്കാൻ കെൽപ്പും അതിനായി പരിശ്രമിക്കുന്നവരും ആയിരിക്കും മാത്രമല്ല നല്ല വിൽപവർ ഉള്ളവരായിരിക്കും. ചെറിയ സില്ലി കാര്യങ്ങൾക്ക് പോലും മനസ്സ് വിഷമിക്കുന്ന, പെട്ടെന്ന് കരയുന്ന കുഞ്ഞുങ്ങൾ സഹാനുഭൂതിയുള്ളവരും ലോകത്തെയും മനുഷ്യരെയും അടുത്തറിയാനും സ്നേഹപരിപാലനത്തിലും മാനവികതയ്ക്കും ഒരു മാതൃകയായിരിക്കും. ഈ കുട്ടികൾ ഹ്യൂമൺ സർവ്വീസ് ആവശ്യമായി വരുന്ന ഫീൽഡിൽ ആത്മാർപ്പണത്തോടെ പ്രവർത്തിക്കാൻ കഴിവുള്ളവരായിരിക്കും. അതേപോലെ നേഴ്‌സിങ് പോലുള്ള ഫീൽഡ് പൊതുവെ അവർക്കാണ് ചേരുന്നത്. അനുകമ്പയും സഹാനുഭൂതിയും നിറഞ്ഞ മനസ്സാണ് ഇവരുടെ പ്രത്യേകത. എന്നാൽ അടങ്ങിയൊതുങ്ങി ഒരിടത്ത് ഇരിക്കുന്ന കുട്ടികൾ ഒന്നും ചെയ്യുന്നില്ല എന്ന് ചിന്തിക്കേണ്ട അവർ ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന തിരക്കിലാവും ബാഹ്യലോകത്തിൽ നിഷ്ക്രിയരോ മടിയന്മാരോ ആയി കാണാമെങ്കിലും അന്തരീകലോകത്തിൽ അവർ അവരുടേതായ രീതിയിൽ വ്യാപൃതരായിരിക്കും. പിൽക്കാലത്ത് വലിയ ചിന്തകരും കവികളുമൊക്കെ ആയിത്തീരുന്നത് ഇതുപോലെയുള്ള കുഞ്ഞുങ്ങൾ ആണെന്ന് പറയുന്നു. ജന്മസിദ്ധമായ കഴിവുകളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും വേണ്ടി കുഞ്ഞുങ്ങളെ സഹായിക്കുമ്പോഴാണ് രക്ഷാകർതൃത്വം ശരിയ്ക്കും സാർത്ഥകമാക്കപ്പെടുന്നത് എന്ന് പറയാം.

മനുഷ്യരിൽ അഹംബോധം എന്നൊന്ന് വർത്തിക്കാതിരുന്നാൽ അല്ലെങ്കിൽ താൻ ബോധം എന്നൊന്ന് ഇല്ലായിരുന്നെങ്കിൽ എന്തെല്ലാം അപാകതകൾ ആ വ്യക്തിയിൽ അല്ലെങ്കിൽ വ്യക്തിത്വത്തിൽ ഉണ്ടായേക്കാം എന്ന് ഒരു നിമിഷനേരെത്തേക്ക് ഒന്ന് സങ്കൽപ്പിച്ച്‌ നോക്കിയാൽ അറിയാം അതയാളുടെ അസ്തിത്വത്തെ തന്നെ ബാധിക്കും. അയാൾക്ക് എവിടെയും പിടിച്ചുനിൽക്കാൻ കഴിയില്ല എവിടെയും, നിലനിൽപ്പ് അനിശ്ചിതാവസ്ഥയിലാവും. അവനവന് വേണ്ടി അവനവൻ തന്നെ അല്ലെങ്കിൽ പിന്നെ ആര് നിലകൊള്ളും? ആരും ഉണ്ടാവില്ല. സ്വന്തം അവകാശങ്ങളെ, തീര്യമാനങ്ങളെ, ആര് നടപ്പിലാക്കും, തനിക്കായി നീതി ആര് ചോദിച്ചുവാങ്ങും. ഇതിനൊക്കെ മീതെ ആ വ്യക്തിയുടെ ആത്മവിശ്വാസം നിലനിർത്താനും അഭിമാനബോധത്തിനും ഈഗോയുടെ സാന്നിധ്യം കൂടിയല്ലേ തീരൂ.

പക്ഷെ തന്നിലെ ഈഗോയെ നിയന്ത്രിക്കാൻ അറിയില്ലെങ്കിൽ അത് വിപരീതഫലം ചെയ്യും. ജീവിതത്തെ അത് ബാധിക്കാൻ പോകുന്നത് മറ്റൊരു തരത്തിൽ ആയിരിക്കും. ഒരു വ്യക്തിയുടെ അല്ലെങ്കിൽ വ്യക്തിത്വത്തിന്റെ സർവ്വനാശങ്ങൾക്കും ഹേതുവാകാൻ അത് ഒരൊറ്റ കാരണം മതിയാകും. അതുകൊണ്ട് മാതാപിതാക്കൾ ശ്രദ്ധിക്കണം അളവിൽ കവിഞ്ഞ താൻപോരിമ മനോഭാവം കുഞ്ഞുങ്ങളിൽ ഉണ്ടെന്ന് തോന്നിയാൽ തിരുത്തൽ ആവശ്യമാണ്. തന്നെപ്പോലെ തന്നെ മറ്റുളമാവരെയും കാണാൻ കുഞ്ഞുങ്ങളെ പഠിപ്പിച്ചാൽ തീരുന്നതെ ഉള്ളൂ. ഒരു കാര്യം ഓർക്കുക ക്രിയാത്മകവും പോസിറ്റീവുമായ ചിന്തകളോടെ വളരുന്ന ചുറ്റുപാടിൽ മക്കളിൽ ഇത്തരം പ്രശ്നങ്ങൾ ഉദിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സത്യം.. രക്ഷകര്തൃത്വം ആ രീതിയിലേക്ക് കൊണ്ടുവരാൻ അച്ഛനമ്മമാർക്ക് കഴിഞ്ഞാൽ വിജയം സുനിശ്ചിതം.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close