Current Date

Search
Close this search box.
Search
Close this search box.

മനസ്സിൽ നിന്നും മനസ്സിലേക്കൊഴുകുന്ന ഉൽപന്നങ്ങളുടെ ഒരു മഹാപ്രവാഹമാണ് സകാത്ത്

“Religion, as it is understood in the West, does not lead toward progress, and science does not lead toward humanism” എന്ന് രേഖപ്പെടുത്തിയത് അലിജാ ഇസത്ബെഗോവിച്ചാണ്.

കേവലമതവും വിശ്വാസവും മനുഷ്യനെ പിറകോട്ടേക്കല്ലാതെ മുന്നോട്ടേക്ക് നയിക്കില്ല. ഭൌതികാനുഭവങ്ങളും ശാസ്ത്രജ്ഞാനവും അനിവാര്യമാണതിന്. അതേസമയം കേവലശാസ്ത്രം കൊണ്ട് മാനവികതയും മൂല്യങ്ങളും ആർജിക്കാം എന്ന ധാരണയും മൂഢമാണ്. (കേവലം എന്ന പദം ഞാനിവിടെ ചേർക്കുന്നത് ഇസത്ബെഗോവിച്ചിന്റെ ചിന്തയെ ഉൾക്കൊണ്ടുകൊണ്ടു തന്നെയാണ്).

സമാനമായി ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളും വിഖ്യാതമാണല്ലോ. “Science without religion is lame, religion without science is blind” എന്നാണ് അദ്ദേഹം പറഞ്ഞത്.

ജീവിതത്തെ അതിന്റെ സമഗ്രതയിൽ അറിഞ്ഞുകൊണ്ട് മുന്നോട്ട് നയിക്കുക എന്നതാണ് ഇസ്ലാമിന്റെ താൽപര്യം എന്നാണ് ഇസത്ബെഗോവിച്ചിന്റെ മതം. അതിന്റെ അടിസ്ഥാനത്തിൽ Islam is a way of living rather than a way of thinking എന്നും അദ്ദേഹം പറയുന്നു.

Also read: കൊറോണക്കാലത്തെ റമദാന്‍ നോമ്പ്

ഇതേ ആധാരത്തിൽ നിന്നുകൊണ്ട് സകാത്തിനെ അദ്ദേഹം വിശകലനം ചെയ്യുന്നതും ശ്രദ്ധേയമാണ്. മനസ്സിൽ നിന്നും മനസ്സിലേക്കൊഴുകുന്ന ഉൽപന്നങ്ങളുടെ ഒരു മഹാപ്രവാഹമാണ് അദ്ദേഹത്തിന് സകാത്ത്. സാമൂഹികദുരിതാശ്വാസവും സകാത്തുമൊക്കെ ചർച്ചാ വിഷയമായിരിക്കുന്ന പശ്ചാത്തലമാണല്ലോ.

ഇൻഫാഖ് എന്ന് വിളിക്കാവുന്ന ഇസ്ലാമിക സമ്പദ്ശാസ്ത്രവ്യവസ്ഥയിലെ മുഖ്യമായ പാഠമാണ് സകാത്ത്. വാക്കർത്ഥത്തിൽ ഇൻഫാഖ് എന്നാൽ ചെലവഴിക്കലാണ്. എന്നാൽ ആ അർത്ഥത്തിൽ ഒതുങ്ങില്ല അത്. പാരസ്പര്യം എന്ന മൂല്യത്തെ മുൻനിർത്തിയുള്ള ഒരു സമ്പദ്വ്യവസ്ഥയാണത്.

എന്നാൽപ്പോലും സമ്പദ്ശാസ്ത്രം എന്ന വലിയ വിഷയത്തിന്, ചെലവഴിക്കൽ എന്നർത്ഥം വരുന്ന അതിലളിതവും കേൾക്കുമ്പോൾ ഉപരിപ്ലവം എന്ന് തോന്നിക്കുന്നതുമായ ശീർഷകം വന്നതിലും വലിയ പാഠങ്ങളുണ്ട്.

സമ്പാദിക്കുക എന്നതിനെക്കാൾ ചെലവഴിക്കുക എന്നത് പ്രധാനമായിത്തീരുന്ന ഒന്നാണത്. ജി.ഡി.പിയുടെ വർദ്ധനയെക്കാൾ മനുഷ്യന്റെ ആരോഗ്യ, സാംസ്കാരിക നേട്ടം പ്രധാനമായിത്തീരുക, ലാഭത്തെക്കാൾ ആവശ്യവും നീതിയും പരിഗണനീയമായിത്തീരുക, വൈയക്തികനേട്ടത്തെക്കാൾ സാമൂഹിക സുരക്ഷിതത്വം ലക്ഷ്യമായിത്തീരുക എന്നിങ്ങനെ നീട്ടിയാൽ, ലേസേഫെയർ കാപിറ്റലിസവും സാമ്പത്തിക ഉദാരീകരണവുമൊക്കെ മുന്നോട്ട് വെക്കുന്ന സകല കാഴ്ചപ്പാടുകളെയും വേരോടെ നിരാകരിക്കുന്നുണ്ട് അത്.

ഇതിലെ ഒരു സുപ്രധാനമായ അധ്യായമായി സകാത്ത് വരുന്നു. സംസ്കരണം, വളർച്ച എന്നൊക്കെയാണ് വാക്കർത്ഥം.

പക്ഷേ നമ്മളതിനെ ദാനമായി തെറ്റിദ്ധരിക്കുന്നു. ദാനം എന്നതും വലിയ പദം തന്നെയാണ്. എന്നാൽ ഇവിടെ സകാത്ത്, ചക്കാത്തായി മാറുകയാണ്. സമ്പന്നന്റെ ഔദാര്യം എന്ന മട്ടിൽ.

Also read: ഇസ്‌ലാമിക നാഗരികത തത്വചിന്തയിലും ശാസ്ത്രത്തിലും ഇടപെട്ട വിധം

രിബാ എന്ന പദത്തിനും വളർച്ച എന്നു തന്നെയാണ് അർത്ഥം. അത് നിഷിദ്ധമാണ് ഇസ്ലാമിൽ. രിബയെ നാം പലിശ എന്ന് ന്യൂനീകരിക്കുന്നു. യഥാർത്ഥത്തിൽ പലിശ എന്ന് കേവലമായി അർത്ഥം പറയാൻ പറ്റില്ലതിന്.

സകാത്തും വളർച്ചയാണ്, രിബയും വളർച്ചയാണ്. ഒന്നിന്റെ ആധാരം പാരസ്പര്യമാണ്, സാമൂഹികതയാണ്, പ്രതിബദ്ധതയാണ്. രണ്ടാമത്തെതിന്റെ ആധാരം ആസക്തിയാണ്, വൈയക്തികലാഭമാണ്, സ്വാർത്ഥതയാണ്. രണ്ടാമത്തെ ഇനത്തിൽപ്പെട്ട എന്തും നിഷിദ്ധമാണ് ഇസ്ലാമിൽ. അത് പലിശ മാത്രമല്ല.

നിയമപരമായി സകാത്ത് എന്നത് കൃത്യമായ തോത് നിശ്ചയിക്കപ്പെട്ട സാമൂഹിക ബാധ്യതയാണെങ്കിലും ഇൻഫാഖ് എന്ന പദം അനുപാതത്തിനും അളവിനും വഴങ്ങുന്ന ഒന്നല്ല.

ഇത്രയും അറിഞ്ഞാൽ മതി. സകാത്ത് എന്ന സിസ്റ്റവും സാമൂഹികദുരിതാശ്വാസവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്വയം നമുക്കൊരു നിർണയത്തിലെത്താൻ. (മറ്റ് രാഷ്ട്രീയത്തിലും വിവാദത്തിലുമൊന്നം തൽക്കാലം ഈ കുറിപ്പ് പോകുന്നില്ല).

ഇസത്ബെഗോവിച്ചിൻ്റെ വാക്കുകൾ വീണ്ടുമോർമിക്കാം. മനസ്സിൽ നിന്നും മനസ്സിലേക്കൊഴുകുന്ന ഉൽപന്നങ്ങളുടെ ഒരു മഹാപ്രവാഹമാണ് സകാത്ത്.

മനസ്സ് എന്ന പദത്തിന് അതിരുകളോ അടയാളങ്ങളോ ഉടയാടകളോ തരംതിരിവുകളോ ഇല്ലല്ലോ.

Related Articles