Current Date

Search
Close this search box.
Search
Close this search box.

കൊറോണക്കാലത്തെ റമദാന്‍ നോമ്പ്

കൊറോണ വൈറസ് കാരണം വ്യാപകമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലിംകള്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഭാവികമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. തൊണ്ട വരണ്ടുപോകുമ്പോഴാണ് വൈറസ് പകരുന്നത് എന്നതിനാല്‍ ഒരാള്‍ക്ക് എല്ലായിപ്പോഴും വെള്ളം കുടിക്കേണ്ടതായിട്ട് വരും എന്ന വിലയിരുത്തലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. ഈജിപ്തിലെ മുഫ്തിമാരും ഉപദേശസമിതികളും ഇത് സംബന്ധിയായി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയുണ്ടായി. അവര്‍ മുന്ന് തരത്തില്‍ ഇതിനോട് പ്രതികരിച്ചതായി കാണാം. 1) അനുവദനീയമാണെന്ന് പറയുന്നവര്‍ 2) നിരോധിച്ചിരിക്കുന്നു എന്ന് പറയുന്നവര്‍ 3)  മൗനം അവലംഭിച്ചവര്‍. നോമ്പനുഷ്ഠിക്കാതിരിക്കല്‍ അനുവദീനയമാണെന്നാണ്  ഈജിപ്തിലെ മുന്‍ മുഫ്തി ഡോ.അലി ജുമുഅയുടെ പക്ഷം. ഡോക്ടര്‍മാരാണ് ഇതിനെക്കുറിച്ച് പറയേണ്ടതെന്നും അവര്‍ക്കാണ് ഇതിന്റെ യാഥാര്‍ഥ്യം അറിയുകയുള്ളു എന്ന് കൂടി ചേര്‍ത്ത് പറയുകയും ചെയ്യുന്നു. തുടര്‍ച്ചയായി വെള്ളം കുടിക്കുന്നതിന്റെ ഭാഗമായി റമദാനില്‍ നോമ്പ് ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ അത് പൂര്‍ണ്ണമായും പാലിക്കല്‍ നമ്മെ സംബന്ധിച്ചെടുത്തോളം നിര്‍ബന്ധമാണെന്ന് ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയുടെ ഉപദേശകനും ഈജിപ്ഷ്യന്‍ ഫത്‌വ ഹൗസിന്റെ ഫത്‌വ സെക്രട്ടറിയുമായ ഡോ.മജ്ദി ആശൂര്‍ പറയുന്നു.

അലി ജുമുഅ തന്റെ ഫത്‌വയില്‍ താഴെക്കൊടുത്ത കാര്യങ്ങള്‍ പ്രസ്താവിക്കുന്നു.
1) ഒന്നാമതായി ഇത് വൈദ്യവുമായി ബന്ധപ്പെട്ട കാര്യമാണ്. ആയതിനാല്‍ അതിന്റെ സ്‌പെഷ്യലിസ്റ്റുകളായ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവലംബിക്കുകയാണ് ഇവ്വിഷയകമായി പ്രധാനം.
2) ഡോക്ടര്‍മാരുടെ അഭിപ്രായം സ്വീകരിക്കാതിരിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ ലംഘിക്കല്‍ നിശിദ്ധമാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കല്‍ കുറ്റകരമാണെന്ന് മാത്രമല്ല, അത് ആത്മഹത്യയുടെ വിധിയിലാണ് വരിക.
3) ഏതെങ്കിലും ഉപദ്രവത്തിലേക്ക് നയിക്കുകയാണെങ്കില്‍ നോമ്പനുഷ്ഠിക്കല്‍ നിശിദ്ധമാണ്.  അത്തരത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് കൂലി ലഭിക്കുന്നതിന് പകരം ശിക്ഷയാണ് ലഭിക്കുക.

ഈജിപ്ഷ്യന്‍ ദാറുല്‍ ഇഫ്താ പുറപ്പെടുവിച്ച ഫത്‌വ പ്രകാരം ഈ വിഷയത്തില്‍ ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് വരെ താത്കാലികമായി ആ ചര്‍ച്ച നിര്‍ത്തിവെച്ചിരിക്കുകയാണ്.

Also read: കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം

അല്‍ അസ്ഹര്‍ ഇസ്ലാമിക് റിസര്‍ച്ച് അക്കാദമിയുടെ ഫത്‌വാ കമ്മിറ്റി:
അലി ജുമുഅയുടെ അഭിപ്രായത്തിന് വിരുദ്ധമായി ഈജിപ്തിലെ പരമോന്നത മത അതോറിറ്റിയായ ഇസ്ലാമിക് റിസര്‍ച്ച് അക്കാദമിയുടെ ഫത്‌വാ കമ്മിറ്റി കൊറോണ വൈറസ് ഭയന്ന് റമദാനില്‍ നോമ്പനുഷ്ഠിക്കാതിരിക്കുന്നത് മുസ്ലിംകള്‍ക്ക് നിശിദ്ധമാണെന്ന് വിലയിരുത്തുന്നു.

വൈറസ്, അണുബാധ എന്നിവയില്‍ ഏറെ വിദഗ്ധരായ ലോകാരോഗ്യസംഘടനയിലെ ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക് റിസര്‍ച്ച് അക്കാദമി ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. നോമ്പും കൊറോണ അണുബാധയുടെ തമ്മില്‍ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലെന്ന് ഇതിനകം തന്നെ എല്ലാവരും സ്ഥിരീകരിച്ചിട്ടുണ്ട്. അതനുസരിച്ച് നോമ്പ് അനുഷ്ഠിക്കുക, അനുഷ്ഠിക്കാതിരിക്കുക എന്നിവ നിലവിലുള്ള വ്യവസ്ഥ പ്രകാരം തന്നെ തുടരുന്നതാണ്. നോമ്പ് അനുഷ്ഠിക്കല്‍ പ്രയാസമാകുന്ന തരത്തിലുളള രോഗം കൊണ്ടോ മറ്റോ റുഖ്‌സ്വ (ഇളവ്) ഉളളവര്‍ ഒഴികെ ബാക്കി മുഴുവന്‍ വിശ്വാസികള്‍ക്കും നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്.

അല്‍ അസ്ഹര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇലക്ട്രോണിക് ഫത്‌വ:
നോമ്പനുഷ്ഠിച്ചാല്‍ സ്വയം നാശത്തിലേക്കും കോറോണ വൈറസ് ബാധയിലേക്കും നയിക്കുമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരപ്പെടുത്തുന്നത് വരെ നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണെന്ന് പറയാന്‍ കഴിയില്ല. ഈ നിമിഷം വരെ, അത്തരത്തില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് കൊണ്ട് തന്നെ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്.
ലോകാരോഗ്യ സംഘടനയെ അഭിസംബോധന ചെയ്ത് അല്‍ അസ്ഹര്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഇലക്ട്രോണിക് ഫത്‌വാ കമ്മിറ്റി രണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

Also read: കൊറോണ ബാധിച്ചവരുടെ മയ്യിത്ത് ദഹിപ്പിക്കുന്നതിന്റെ വിധി

1) കുടിവെള്ളം തൊണ്ടവേദനയെ ശമിപ്പിക്കുമോ? കൊറോണ വൈറസ് അണുബാധയില്‍ നിന്ന് ഇത് തടയുന്നുണ്ടോ?
ഉത്തരം: ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഇത് പൊതു ആരോഗ്യം സംരക്ഷിക്കുന്നു. പക്ഷെ, കുടിവെള്ളം കോവിഡ് രോഗത്തെ തടയുന്നില്ല.
2) വ്യാപിച്ചുവരുന്ന കൊറോണ വൈറസ് അണുബാധ തടയാന്‍ മൗത്ത് വാഷ് ഉപയോഗിച്ച് കവിള്‍കൊള്ളുന്നത് സഹായിക്കുമോ?
ഉത്തരം: ഇല്ല, മൗത്ത് വാഷിന്റെ ഉപയോഗം വ്യാപിച്ചുവരുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല. ചില ബ്രാന്‍ഡുകളായ മൗത്ത് വാഷുകള്‍ ചില അണുക്കളെ വായില്‍ ഉമിനീരില്‍ ഏതാനും മിനുട്ടുകള്‍  ഇല്ലാതാക്കിയേക്കാം, എന്നാല്‍ ഇതിനര്‍ഥം അവ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കുന്നു എന്നല്ല.

അല്‍ അസ്ഹര്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഇലക്ട്രോണിക് ഫത്‌വയെ തുടര്‍ന്ന് ഇക്കാര്യങ്ങള്‍ കൂടി ചേര്‍ത്ത് പറയപ്പെടുന്നു. നോമ്പ്കാരന്‍ എന്തെങ്കിലും കാരണത്താല്‍ വായ നനയ്ക്കാന്‍ ഉദ്ദേശിച്ചാല്‍, അവന് വുളൂഅ് ചെയ്യുന്ന സമയത്ത് വായില്‍ വെള്ളം കൊപ്ലിക്കാന്‍ അനുമതി നല്‍കുന്നു. വായില്‍ വെള്ളം കൊപ്ലിക്കുക വഴി അവന് വായ നനയ്ക്കാന്‍ കഴിയുന്നു, അതേ സമയം, അതില്‍ അതിര് കവിയരുത് എന്ന് ശരീഅത് നിബന്ധന വെക്കുക കൂടി ചെയ്യുന്നുണ്ട്, അല്ലാത്തപക്ഷം, വെള്ളം അകത്ത് പ്രവേശിക്കാനും നോമ്പ് അസാധുവാകാനും സാധ്യതയുണ്ട്. നോമ്പ്കാരനായിരിക്കെ വായില്‍ അകത്ത് വെള്ളം പ്രവേശിക്കാത്ത നിലയില്‍ വെള്ളം കൊപ്ലിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല എന്ന് സൂചിപ്പിക്കുന്ന ഉമര്‍ (റ)വിന്റെ സംഭവം നമുക്ക് മുന്നിലുണ്ട്. ഇസ്ലാം സ്വീകരിച്ച ദിവസം നോമ്പ്കാരനായിരിക്കെ ഉമര്‍(റ) പ്രവാചക സന്നിധിയില്‍ പോവുകയും ഇന്ന് മികച്ചൊരു ദിവസമാണെന്നും താന്‍ നോമ്പ്കാരനാണെന്നും പറഞ്ഞപ്പോള്‍ വായില്‍ വെള്ളം കൊപ്ലിക്കുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് പ്രവാചകര്‍ ചോദിച്ചു. അതില്‍ പ്രശ്‌നമില്ല എന്ന് ഉമര്‍ (റ) പ്രതികരിച്ചു. പ്രവാചകര്‍ എതിര്‍ത്തൊന്നും പറഞ്ഞിരുന്നില്ല.

നോമ്പിന്റെ വിധി
പ്രായപൂര്‍ത്തിയും ബുദ്ധിയും കഴിവുള്ളവനുമായ എല്ലാ ഓരോ മുസ്ലിമിന്റെയും മേല്‍ നോമ്പ് നിര്‍ബന്ധമാണെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ഹേ സത്യവിശ്വാസികളേ, പൂര്‍വ്വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. ഇനി നിങ്ങളിലൊരാള്‍ രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അത്രയെണ്ണം മറ്റുദിനങ്ങളിലനുഷ്ഠിക്കണം. സാഹസപ്പെട്ടുമാത്രമേ വ്രതാനുഷ്ഠാനത്തിനാവൂ എന്നുള്ളവര്‍ പകരം ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തം നല്‍കണം. (സൂറ: അല്‍ ബഖറ 183,184).

ഒന്നാമത്തെ സൂക്തത്തിന്റെ താത്പര്യം പൊതുവായതാണ് (ആം). രണ്ടാമത്തെ സൂക്തം ഒന്നാമത്തെ സൂക്തത്തെ പ്രത്യേകമാക്കുന്നുണ്ട്. (ഖാസ്വ്). അതിനാല്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഒഴികഴിവ് ഉള്ളവര്‍ക്കും നോമ്പനുഷ്ഠിക്കാതിരിക്കല്‍ അനുവദനീയമാണ്. മറ്റുള്ളവര്‍ക്ക് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധവും ഒഴിവാക്കല്‍ ഹറാമുമാണ്.
ഇവ്വിഷയകമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ചില ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്നുണ്ട്.
1) വൈറസ് ബാധിക്കുമെന്ന ഭയം, ആരോഗ്യമുള്ള ആളുകളെ ഒഴികഴിവുള്ള ആളുകളുടെ കൂട്ടത്തില്‍ ചേര്‍ക്കുന്നതിന് കാരണമാണോ?
2) വൈറസ് ബാധിച്ച രോഗികള്‍ക്ക് ഒഴികഴിവുണ്ടോ? അവര്‍ക്ക് നോമ്പനുഷ്ഠിക്കാതിരിക്കാന്‍ പറ്റുമോ?

ഇതില്‍ ഒന്നാമത്തെ വിഭാഗം, വൈറസ് ബാധിക്കുമോ എന്ന ഭയം ഉള്ളവര്‍ ഒഴികഴിവ് ഉള്ളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയില്ല. അവര്‍ക്ക് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. കാരണം കേവലം ഭയം ഒരു ഒഴികഴിവായി എണ്ണപ്പെടുന്നില്ല.

Also read: വാർ മെഷീനുകളല്ല, വെന്റിലേറ്ററുകളാണ് നമുക്കു വേണ്ടത്

അതോടൊപ്പം, ആരാധനകളുടെ അടിസ്ഥാനതത്വം (അസ്വ്‌ല്) കേവലം ഭാവനകള്‍ കൊണ്ടോ സംശയങ്ങള്‍ കൊണ്ടോ പൊളിക്കല്‍ അനുവദനീയമല്ല. പള്ളികളില്‍ നമസ്കാരം നിരോധിച്ചെന്ന് കരുതി കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ആരും തന്നെ നമസ്കരിക്കുന്നത് അനുവദനീയമല്ലെന്ന് പറഞ്ഞിട്ടില്ല. മറിച്ച് അവന്‍ വീട്ടില്‍ നിന്ന് അത് നിര്‍വ്വഹിക്കണം. നോമ്പിലും ഇത് ബാധകമാണ്. ആരാധനാ തത്ത്വം അസാധുവാക്കുന്നത് ഒരിക്കലും അനുവദനീയമല്ല. അത്‌കൊണ്ട് തന്നെ യാത്രക്കാരല്ലാത്ത പ്രായപൂര്‍ത്തിയും ബുദ്ധിയും കഴിവുമുള്ള എല്ലാ ഓരോ മുസ്ലിമിനും നോമ്പ് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്.

വെള്ളം കുടിക്കുന്നത് കോവിഡ് 19 വൈറസ് ബാധിക്കുന്നത് തടയുന്നില്ല എന്ന് ലോകാരോഗ്യ സംഘടന തന്നെ തെളിയിച്ചതിനാല്‍ ആരോഗ്യമുള്ള ആളുകള്‍ തീര്‍ച്ചയായും നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം ചെയ്യുന്ന ഡോ.ഐറിക് ബെര്‍ഗാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച മുസ്ലിം ഇതര ഡോക്ടര്‍മാരില്‍ ഒരാള്‍. 2005ല്‍ റേഡിയോ പ്രോഗ്രാം ഓണ്‍ ഹെല്‍ത്തിനുള്ള അവാര്‍ഡ് നേടിയ ഇദ്ദേഹം പറയുന്നു: ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രാഥമിക വസ്തുക്കളായ സ്റ്റെം സെല്ലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഉപവാസം സഹായിക്കും. അതോടൊപ്പം മണിക്കൂറുകളോളം ഉപവസിക്കുന്നത് ഓട്ടോഫാഗിക്ക് (പുതിയതും ആരോഗ്യകരവുമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് കേടായ കോശങ്ങള്‍ വൃത്തിയാക്കാനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗം) സഹായകമാവുകയും ചെയ്യും. അപ്രകാരം, ശരീരത്തിലുള്ള സൂക്ഷ്മാണുക്കള്‍, ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവ വൃത്തിയാക്കപ്പെടുന്നു.

വൈറസ് ബാധിച്ച രോഗികളെ സംബന്ധിച്ചെടുത്തോളം അവരെ ഒഴികഴിവുളളവരുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ്. അപ്രകാരം അവര്‍ക്ക് നോമ്പ് അനുഷ്ഠിക്കാതിരിക്കല്‍ അനുവദനീയമാണ്. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് പോലെ (ഇനി നിങ്ങളിലൊരാള്‍ രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അത്രയെണ്ണം മറ്റു ദിനങ്ങളിലനുഷ്ഠിക്കണം.) എല്ലാ രോഗങ്ങളും നോമ്പ് ഉപേക്ഷിക്കുന്നതിന് ഒഴികഴിവ് അല്ല, മറിച്ച് നോമ്പനുഷ്ഠിക്കുന്നതിനെ തടയുന്ന അസുഖങ്ങള്‍ മാത്രമാണ് അത് കൊണ്ടുള്ള വിവക്ഷ. വൈറസ് ബാധിച്ചവര്‍ക്ക് തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടി വരുന്നതിനാല്‍ അവരെ ഒഴികഴിവുള്ളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. കൊറോണ ഉള്‍പ്പെടെ നോമ്പനുഷ്ഠിക്കല്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് സുഖം പ്രാപിച്ച ശേഷം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.

മറ്റു കാരണങ്ങളാല്‍ ഒഴികഴിവുള്ളവര്‍ക്ക് കൊറോണ ബാധിക്കുമെന്ന് ഭയപ്പെട്ടാല്‍ നോമ്പ് ഉപേക്ഷിക്കലാണ് ഏറ്റവും ഉത്തമം. കാരണം നേരത്തെതന്നെ അടിസ്ഥാനപരമായി അവര്‍ക്ക് ഒഴികഴിവുണ്ട്, കൊറോണ ഭയം കൂടിയാകുമ്പോള്‍ രണ്ട് കാരണങ്ങള്‍ ഉണ്ടാവുന്നു. വാര്‍ധക്യം കൊണ്ട് പ്രയാസപ്പെടുന്നവര്‍, ഗര്‍ഭിണികള്‍, രോഗികള്‍, ഒഴികഴിവുള്ള സമാന വിധികളുള്ളവര്‍ അവര്‍ക്കെല്ലാം തന്നെ കൊറോണ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ നോമ്പ് അനുഷ്ഠിക്കാതിരിക്കലാണ് ഉത്തമം.

വിവ. അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles