Columns

മധ്യായുസ്സ് പ്രതിസന്ധി എല്ലാവരിലുമുണ്ടാകുമോ?

പോർഷെ കാര്‍, സൗന്ദര്യവര്‍ധക ശസ്ത്രക്രിയ, മുടിക്കും താടിക്കും നിറം നല്‍കല്‍, വിവാഹമോചനം ആവശ്യപ്പെടല്‍, യാത്രയുടെ ആധിക്യവും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അന്വേഷണവും, ഹിജാബ് ഉപേക്ഷിക്കല്‍, ദീനീനിഷ്ഠയും നമസ്‌കാരവും ഉപേക്ഷിക്കല്‍, ചെറുപ്പക്കാരും ചെറുപ്പക്കാരികളുമായുള്ള ബന്ധങ്ങള്‍, പുനര്‍വിവാഹത്തിനുള്ള താല്‍പര്യം, ജോലി മാറ്റം ഇതെല്ലാം മധ്യവയസ്സിലെത്തുന്നവരില്‍ പ്രകട ലക്ഷണങ്ങളായി എണ്ണപ്പെടുന്നവയാണ്. ജീവിത്തില്‍ മാറ്റമോ യുവത്വത്തിന്റെ പുനരുജ്ജീവനമോ തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോടായിരിക്കും ഈ പ്രായത്തില്‍ താല്‍പര്യം. 1965ല്‍ എലിയറ്റ് ജാക്‌സ് (Elliott Jaques) ന്റെ പ്രയോഗത്തിലൂടെയാണ് ‘മധ്യായുസ്സ് പ്രതിസന്ധി’ (Midlife crisis)യെന്ന സാങ്കേതിക പദം ഉയര്‍ന്നുവരുന്നത്. 1976ല്‍ ഗെയില്‍ ഷീഹി തന്റെ പ്രായപൂര്‍ത്തിയായവരിലുണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ (Predictable Crises of Adult Life) എന്ന പുസ്തകം രചിച്ചു. പിന്നീട് മധ്യായുസ്സ് പ്രതിസന്ധിയെന്ന ആശയം പ്രകടമാവുകയും മധ്യവയസ്സിലൂടെ കടന്നു പോകുന്നവര്‍ക്കുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന സിനിമകളും സീരിയലുകളും വെബ്‌സൈറ്റുകളും രംഗത്ത് വരികയും ചെയ്തു.

Also read: എന്റെ കുഞ്ഞിനോട്!

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ജീവിതത്തെ കുറിച്ച പുനരാലോചിക്കുകയും ചില സ്വഭാവങ്ങള്‍ക്കെല്ലാം മാറ്റം വരുത്തുകയും വേണമെന്ന് ജീവിതത്തെയും മനുഷ്യന്റെ പ്രയാണത്തെയും കുറിച്ച് ഗൗരവത്തില്‍ ചിന്തിക്കുന്നവര്‍ക്കെല്ലാം ബോധ്യപ്പെടുന്നതാണ്. കൗമാരം പൊതുവെ സംഘര്‍ഷഭരിതമാണ്. എന്നാല്‍ കൗമാരത്തിലൂടെ കടന്നു പോകുന്ന എല്ലാവരിലും ഈ സംഘര്‍ഷം ഉണ്ടായിക്കൊള്ളണമെന്നില്ല. ജീവിതത്തിലെ ഇരുപതുകള്‍ മുപ്പതുകളില്‍ നിന്ന് ഭിന്നമാണ്. നാല്‍പതുകളും അമ്പതുകളും അറുപതുകളില്‍ നിന്നും വ്യത്യസ്തമാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ ഘട്ടത്തെയും കുറിച്ച ധാരണ അവയെ ഏറ്റവും നന്നായി സമീപിക്കാനും മാനസിക സ്വസ്ഥതക്കും സഹായിക്കും. വിലകൂടിയ വസ്തുക്കള്‍ വാങ്ങുന്നതിലേക്കുള്ള മാറ്റത്തിന്റെ കാരണം മധ്യായുസ്സ് പ്രതിസന്ധിയല്ല. ദീര്‍ഘകാലത്തെ അധ്വാന പരിശ്രമങ്ങളുടെ ഫലമായി ഭൗതിക സാഹചര്യം മെച്ചപ്പെട്ടതിന്റെ ഫലമാണത്. 30നും 60നും ഇടയിലുള്ള പ്രായത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും എല്ലാവരിലും മധ്യായുസ്സ് പ്രതിസന്ധിയുണ്ടാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കാര്‍ഥര്‍ ഫൗണ്ടേഷന്‍ മുന്‍കൈയ്യെടുത്ത് 25നും 74നും ഇടയില്‍ പ്രായമുള്ള 7195 സ്ത്രീപുരുഷന്‍മാരില്‍ നടന്ന അതിലെ ഏറ്റവും വലിയ പഠനത്തിന്റെ ഫലം പ്രതീക്ഷിച്ചതിന് വിരുദ്ധമായിരുന്നു. അതിലെ 40നും 60നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ ജീവിതത്തെ ഏറ്റവും നല്ലതായിട്ടാണ് കണ്ടിരുന്നത്. തങ്ങളുടെ ജീവിതം മുമ്പത്തേതിനേക്കാള്‍ സന്തോഷപ്രദമാണെന്നാണ് അവര്‍ പറഞ്ഞത്. അവരില്‍ മൂന്നിലൊന്ന് ആളുകളുടെ പറഞ്ഞത് മറ്റുള്ളവരുമായുള്ള തങ്ങളുടെ ബന്ധം ഏറ്റവും മികച്ചതോ അതിന് തൊട്ടുതാഴെയോ ആണെന്നാണ്. മധ്യായുസ്സ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവര്‍ 10 മുതല്‍ 26 ശതമാനം വരെ ആളുകള്‍ മാത്രമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

നാല്‍പത് വയസ്സാകുന്ന എല്ലാവരും മധ്യായുസ്സ് പ്രതിസന്ധിയില്‍ അകപ്പെടില്ല. എന്നാല്‍ മധ്യവയസ്സിലെത്തിയെ ഓരോ വ്യക്തിയും താന്‍ കടന്നു പോകുന്ന ഘട്ടത്തെയും അതിലെ മാനസികവും ശാരീരികവുമായ മാറ്റങ്ങളെയും കുറിച്ച് ബോധവാനായിരിക്കേണ്ടതുണ്ട്. അതവന് ശാന്തതയും സ്വസ്ഥതയും നല്‍കും വിശിഷ്യാ ജീവിതത്തില്‍ ഈമാന്‍ വര്‍ധിക്കുകയാണെങ്കില്‍. ജീവിതത്തിലെ ഈ ഘട്ടത്തെ അല്ലാഹു വിശേഷിപ്പിച്ചത് പ്രതിസന്ധിയുടെ ഘട്ടമെന്നല്ല, മറിച്ച് നന്ദിയുടെ ഘട്ടമെന്നാണ്. അല്ലാഹു പറയുന്നു: ”അങ്ങനെ കരുത്തുമുറ്റുകയും നാല്‍പതു വയസ്സാവുകയും ചെയ്തപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: ‘നാഥാ, എനിക്കും മാതാപിതാക്കള്‍ക്കും നീ അരുളിയ ഔദാര്യങ്ങള്‍ക്ക് നന്ദികാണിക്കാനും നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മങ്ങളനുഷ്ഠിക്കാനും എനിക്ക് ഉതവി നല്‍കേണമേ!.” (അല്‍അഹ്ഖാഫ്: 15) ജീവിതത്തില്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനുള്ള ഘട്ടമാണത്. അതുകൊണ്ടു തന്നെ ബന്ധത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ആരാധനകളിലും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കേണ്ടത് അനിവാര്യമാണ്. അപ്പോള്‍ മനശാസ്ത്രജ്ഞര്‍ പറയുന്ന പ്രതിസന്ധി അവര്‍ അനുഭവിക്കേണ്ടി വരില്ല.

Also read: വേഷങ്ങളുടെ ഭാഷകൾ

നാല്‍പതുകളിലെത്തിയവരെ സന്തുഷ്ടരായിരിക്കാന്‍ സഹായിക്കുന്ന സുപ്രധാന കാര്യങ്ങളില്‍ പെട്ടതാണ് ആത്മാര്‍ത്ഥ മിത്രങ്ങളുണ്ടാവുകയെന്നത്. ആ കൂട്ടുകാര്‍ ചെറുപ്പകാലത്ത് തന്നോടൊപ്പമുണ്ടായതിനേക്കാള്‍ സന്തോഷം ഈ ഘട്ടത്തില്‍ അനുഭവിക്കാനാകും. ആരോഗ്യവും ശാരീരിക ക്ഷമതയും നിലനിര്‍ത്തുന്നതിനുള്ള കായിക വ്യായാമങ്ങളും ആരോഗ്യശീലങ്ങളും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. താന്‍ നേടാനാഗ്രഹിക്കുന്ന ഒരു ലക്ഷ്യമോ വളര്‍ത്താനുദ്ദേശിക്കുന്ന ഹോബിയോ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന കഴിവോ മുമ്പിലുണ്ടാകുന്നത് വലിയ സന്തോഷം പകരും. തന്റെ സമയത്തിന്റെ വലിയൊരു ഭാഗം മക്കള്‍ക്കും കുടുംബത്തിനും നല്‍കുകയും അവരോട് സംസാരിച്ചും അവരുടെ വേദനകളിലും മോഹങ്ങളിലും പങ്കുചേര്‍ന്നും ആസ്വദിക്കുന്നത് ആ സന്തോഷം ഇരട്ടിപ്പിക്കും.

നിഷിദ്ധമായ വിനോദയാത്രകള്‍, ചീത്ത കൂട്ടുകാര്‍ക്കൊപ്പമുള്ള മദ്യസേവ, മയക്കുമരുന്ന് ഉപയോഗം, പരസ്ത്രീ ബന്ധങ്ങള്‍ തുടങ്ങിയവക്കായി തങ്ങളുടെ സമ്പത്തും സമയവും വിനിയോഗിക്കുന്നതിലൂടെ സന്തോഷം നേടാമെന്ന് ധരിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. എന്നാല്‍ ഈ മാര്‍ഗം ദൗര്‍ഭാഗ്യത്തിലേക്കും പ്രയാസത്തിലേക്കും ഇഹപര ലോകങ്ങളിലെ കഷ്ടതയിലേക്കുമാണ് നയിക്കുക. നാല്‍പത് പിന്നിട്ടതിന് ശേഷം വഴിപിഴച്ചു പോയ എത്രയെത്രയാളുകളാണ് കണ്ണീരൊലിപ്പിച്ചു കൊണ്ട് എന്റെ ഓഫീസില്‍ വന്നിട്ടുള്ളത്.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close