Current Date

Search
Close this search box.
Search
Close this search box.

വേഷങ്ങളുടെ ഭാഷകൾ

വേഷങ്ങൾക്കും ഉണ്ട് ഒരു ഭാഷ, അവ വിളിച്ചോതുന്ന ഒരു സംസ്‌കൃതി, സംസ്ക്കാരം ആ വ്യക്തി ജീവിക്കുന്ന ചുറ്റുപാടിന്റേതും അയാൾ ജീവിക്കുന്ന ദേശത്തിന്റെയും കൂടെയാണ്. അതിലുപരി അയാളുടെ വ്യക്തിത്വം വിലയിരുത്തപ്പെടുമ്പോഴും നിർവ്വചിക്കപ്പെടുമ്പോഴും അയാൾ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങൾക്കും അയാളുടെ വസ്ത്രധാരണ രീതികൾക്കും വലിയ സ്ഥാനമുണ്ടെന്നതിനെ കുറിച്ച് നമ്മിൽ അധികപേർക്കും അത്ര വലിയ ധാരണയൊന്നും ഉണ്ടാവില്ല. എന്നാൽ വ്യക്തിത്വനിർണ്ണയത്തിൽ ഒരാളുടെ വേഷവിധാനത്തിനും ഉണ്ട് അനിഷേധ്യമായ ഒരു റോൾ. മറ്റൊരാൾ നമ്മെ കാണുമ്പോഴും മൊത്തത്തിൽ വായിച്ചെടുക്കുമ്പോഴും അവരോ നമ്മളോ അറിയാതെ നമ്മുടെ വേഷവിധാനം കൂടെ അവരുടെ മനസ്സിൽ പ്രതിഫലനം സൃഷ്ടിക്കുന്നുണ്ട് എന്നത് അതുകൊണ്ട് ഒരിക്കലും നമ്മൾ മറക്കാതിരിക്കുക.

A man is known by his dress and address എന്നാണല്ലോ (ഒരു വ്യക്തി അറിയപ്പെടുന്നത് അയാൾ ധരിക്കുന്ന വസ്ത്രവും മേൽവിലാസവും കൊണ്ടാണ്) എന്ന് പറയപ്പെടുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ, ഒരു വ്യകിത്വത്തിന്റെ മൂല്യം നിർണ്ണയിക്കപെടുമ്പോൾ അതിൽ വസ്ത്രധാരണ രീതിയും വിലയിരുത്തപ്പെടുന്നുണ്ടെന്ന്. ഇത് അറിയുന്ന ചിലരെയെല്ലാം കണ്ടിട്ടുണ്ട് നിത്യജീവിതത്തിൽ ഇതിനെ മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്തുന്ന ആളുകളാണ് അവർ. പൊങ്ങച്ചം കാണിക്കാൻ വേണ്ടിയോ, താൽക്കാലിക കാര്യസാധ്യത്തിനോ, താൻ വലിയ സമ്പന്നൻ ആണ് എന്നറിയുമ്പോൾ മറ്റു പണക്കാരുമായി തനിയ്ക്ക് കൂട്ട് കൂടാം എന്നൊക്കെ ചിന്തിച്ചിട്ടൊ അവർ വിലകൂടിയ ഉടയായടകൾ മാത്രം തിരഞ്ഞെടുക്കുന്നു. ഈ വിധത്തിൽ ആളുകളെ മയക്കി നിർത്തി ഫ്രോഡ് കളിക്കുന്നവരും കുറവല്ല.

Also read: ചെറുത്തുനിൽപ്പിന്റെ കാലത്തെ കവിത

എന്നാൽ അതിനെയൊക്കെ യഥാർത്ഥത്തിൽ വ്യക്തിത്വം എന്ന് വിളിക്കാൻ പറ്റുമോ? ഒരിക്കലും ഇല്ല. വ്യക്തിത്വതം എന്നത് സ്ഥായിയായ ഒരു ഇമേജ് ക്രിയേറ്റ് ചെയ്യലാണ്. സ്വന്തമായ ചില പ്രിൻസിപ്പിൾസ്, എത്തിക്ക്‌സ്, കാഴ്ചപ്പാടുകൾ, ആദർശങ്ങൾ, നിലപാടുകൾകൊണ്ട് സമ്പന്നമായിരിക്കണം ഒരാളുടെ അസ്തിത്വബോധം. അത്യാവശ്യം കുഴപ്പമില്ലാത്ത, ആളുകളിൽ മതിപ്പ് ഉളവാക്കുന്ന ഒരു dressing sense ഉണ്ടാവണം അതേ ആവശ്യമുള്ളൂ അതും തങ്ങളുടെ വ്യക്തിത്വത്തിന് ചേരുന്നവയാവണം. വലിയ ബ്രാൻഡ് വാല്യു ഉള്ള വസ്ത്രം ധരിച്ച് വില കൂടിയ വാച്ചും പോക്കറ്റിൽ പേനയും വെച്ച് ആളുകളുടെ ശ്രദ്ധയും പ്രീതിയും നേടിയെടുക്കാനും ബിസിനസ്സ് ഡീലുകൾ നടത്താനും തുനിയുന്നവരുണ്ട്. ജീവിച്ചു പോവാൻ വേണ്ടിയാണ് എങ്കിലും പറയട്ടെ ഇതല്ല വ്യക്തിത്വം. സ്വന്തം കഴിവിൽ ബോധമുള്ളവർക്കും പെരുമാറ്റങ്ങളും ശീലങ്ങളുംകൊണ്ട് മനുഷ്യരെ ആകർഷിക്കാൻ കഴിവുള്ളവർക്കും അതിന്റെ ആവശ്യമില്ല. അതേപോലെ
സ്ത്രീകൾ വിലയേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് ആളുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴും പരിപാടികളിൽ പങ്കെടുക്കുമ്പോഴും ഇത്തരം വിലപിടിപ്പുള്ള വസ്തുക്കളെ വെച്ച് തങ്ങളുടെ മൂല്യം കൂട്ടാൻ ശ്രമിക്കുന്നത് സ്വന്തം മൂല്യത്തെക്കുറിച്ച് ബോധം ഇല്ലാത്തതിനാലാണ്. മാത്രമല്ല വസ്ത്രത്തിന്റെ മൂല്യത്തേയ്ക്കാൾ എപ്പോഴും അവ നമ്മുടെ വ്യക്തിത്വത്തിന് കൂടെ ഇണങ്ങിയത് ആവുക, എന്നതാണ് മുഖ്യം ധരിക്കുന്ന വസ്ത്രം മാന്യമാവുക എന്നത് കൂടെയുണ്ട്.

വസ്ത്രധാരണ രീതിയിൽ നിന്ന് ഒരാളുടെ അയാൾ ചെയ്യുന്ന പ്രൊഫഷനെയോ, അയാളുടെ സംസ്ക്കാരമോ, ജാതി, മതം, കുലം, ലിംഗം, എന്നിവയെല്ലാം വായിച്ചെടുക്കാനും പറ്റും. ഇനി നമ്മൾ ഒരേ വസ്ത്രം തന്നെ ധരിക്കുന്നു എങ്കിലും അവ ധരിക്കുന്ന രീതികളിലും പലപ്പോഴും വ്യത്യാസമുണ്ട്. ഉദാഹരണത്തിന് സാരി വിവിധ രീതികളിൽ ഉടുക്കുന്നുണ്ട്. ഇന്ത്യൻ ട്രഡീഷന്റെ ഭാഗമാണെങ്കിലും വളരെ വ്യത്യസ്തമായാണ് ഓരോ സംസ്ഥാനങ്ങളിലും സ്ത്രീകൾ സാരി ഉടുക്കുന്നത്. എന്നാൽ സാരി സ്ത്രീകൾക്ക് ഔദ്യോഗിക വസ്ത്രം കൂടെ ആയിട്ട് അംഗീകരിക്കപ്പെട്ടതാണ്. അപ്പോഴും ഉടുക്കേണ്ട രീതി ഒഫിഷ്യൽ സ്റ്റൈലിൽ ആവണം എന്ന് നിഷ്കർഷിക്കപ്പെടുന്നുണ്ട് മുണ്ട് ഉടുക്കുന്ന രീതികൾ അല്ലെങ്കിൽ ചുരിദാറിന്റെ ഷോൾ ഇടുന്നതും വ്യത്യസ്തമായിരിക്കും ഷർട്ടിന്റെ സ്ലീവ് മടക്കി വെയ്ക്കുന്നതും മുണ്ട് എടുത്ത് കുത്തുന്നതൊക്കെ പലപ്പോഴും ഒരാളുടെ ക്യാരക്ടറിന്റെ ചില സവിശേഷതകൾ വിളിച്ചോതുന്നുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രത്തിനൊത്ത് അംഗചലനങ്ങളും ശരീരഭാഷയും മാച്ച് ആവേണ്ടതുണ്ട്. കോട്ടും ടൈയും ധരിച്ച ഒരാൾ മുണ്ട് ഉടുത്തവനെപ്പോലെയല്ല ഇരിക്കേണ്ടതും നടക്കേണ്ടതും. അതേപോലെ ജീൻസ് ഇട്ട പെണ്ണ് നടക്കുന്ന പോലെയാവരുത് സാരിയുടുത്തവൾ നടക്കുന്നതും ഇരിക്കുന്നതും.

മോഡേൺ വേഷവിധാനമാണെങ്കിൽ അതിന് അനുസരിച്ചുള്ള attitude ഉള്ള ഒരു വ്യക്തിത്വം കൂടെ ആവുമ്പോഴേ അതിന് സ്വാഭാവികത വരുന്നുള്ളൂ. പഴയ ചിന്താഗതി വെച്ചുപുലർത്തുന്നതും അതിന് അനുയോജ്യമായ ശരീരഭാഷയും അല്ലെങ്കിൽ മനോഭാവവും ഉള്ള ഒരാൾ മോഡേൺ ആയ അല്ലെങ്കിൽ ഫാഷണബ്‌ൾ ആയ വസ്ത്രം ധരിച്ചാൽ എങ്ങനെ ഉണ്ടാവും? എന്തോ ഒരു അസ്വാഭാവികത അനുഭവപ്പെട്ടില്ലേ? അതേപോലെ തന്നെ തിരിച്ച് ആയാലും അത് അങ്ങനെ തന്നെയാണ് അനുഭവപ്പെടുക. നമ്മുടെ ജീവിതരീതികൾ, ചുറ്റുപാടുകൾ, സംസ്ക്കാരം, കാലാവസ്ഥാ നോക്കി അതിനെല്ലാം ഇണങ്ങിയതും യോജിച്ചതും കൂടെ ആവണം വസ്ത്രങ്ങൾ. അലസമായി വസ്ത്രം ധരിക്കുന്നവരെ കണ്ടിട്ടില്ലേ അവരുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും അവർ അതേപോലെ ഇരിക്കും എന്നാൽ വളരെ നീറ്റ് ആയിട്ട് ഇസ്തിരിയിട്ട വസ്ത്രം ധരിക്കുന്നവരും ധരിച്ച വസ്ത്രം ശുചിയോടെ കൊണ്ടുനടക്കുന്നവരും അത് നല്ല ശീലമാണ് അവർ മിക്കപ്പോഴും പെർഫക്ഷനോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നവർ ആയിരിക്കും.

Also read: എന്റെ കുഞ്ഞിനോട്!

പിന്നെ ഒരു ഡ്രസ്സ് ധരിച്ച് ചെല്ലുന്നയിടം അവിടുത്തെ സാഹചര്യങ്ങളും സന്ദർഭങ്ങളും കൂടെ നമ്മൾ പരിഗണിക്കേണ്ടതുണ്ട്. അവിടുത്തെ ചുറ്റുപാടുകൾ സഹചര്യങ്ങൾ ഇവയൊക്കെ നോക്കി അതിനൊത്തുള്ള വസ്ത്രധാരണമാണ് വേണ്ടത്. ഒരു ഫങ്ഷൻ, ഓഫീസ്, കോളേജ് പ്രോഗ്രാം, മരണവീട്, വിദ്യാലയം ഈ ഇടങ്ങളിലെല്ലാം നമ്മൾ ഒരേപോലെയുള്ള വസ്ത്രങ്ങൾ അല്ലല്ലോ ധരിക്കുന്നതും ധരിക്കേണ്ടതും. ഔചിത്യബോധത്തിന്റെ ഭാഗമാണ് അത്.

കുട്ടികളിലും ഇത്തരത്തിൽ ഡ്രെസ്സിങ് സെൻസ് ഉണ്ടായിരിക്കണം, തനിയ്ക്ക് ഇണങ്ങുന്നവ ചൂസ് ചെയ്യാൻ അവരെ പഠിപ്പിക്കണം. താൻ മറ്റുള്ള ആളുകൾക്ക് മുന്നിൽ എങ്ങനെ കാണപ്പെടണം? താൻ ധരിക്കുന്ന വസ്ത്രങ്ങൾ തനിയ്ക്ക് ഇണങ്ങുന്നതാണോ? എത്തരത്തിലുള്ള വസ്ത്രമാണ് തനിയ്ക്ക് ചേരുക? ഇവയെക്കുറിച്ചൊക്കെ ബോധം വേണം കുട്ടികൾക്ക്. അവനവന്റെ കണ്ണിൽ സ്വന്തം ലൂക്ക് വളരെ നല്ലതാണ് (good looking) എന്ന് തോന്നുമ്പോൾ, ആത്മവിശ്വാസം അവരിൽ വന്ന് നിറയും. അത് ശരീരഭാഷയിലും മുഖത്തും തെളിഞ്ഞു വരും. അപ്പോഴാണ് ആ ഡ്രെസ്സിൽ അവർ കംഫർട്ട് ആവുന്നത്. നമുക്ക് കംഫർടബിൾ ആയ വസ്ത്രങ്ങളാണ് നമ്മൾ ധരിക്കേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാൻ വേണ്ടിയുള്ള തരത്തിൽ ആവരുത്. അച്ഛനും അമ്മയും പഴയ തലമുറക്കാർ അവർക്ക് ഒരുപക്ഷേ മോഡേൺ വേഷവിധാനങ്ങളോട് താല്പര്യം കാണില്ല എന്നാലും കുട്ടികളുടെ ഇഷ്ടങ്ങളെ ചോയ്സുകളെ മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികൾ തിരഞ്ഞെടുക്കുന്ന കളറുകൾ വരെ ആ കുഞ്ഞിന്റെയുള്ളിലെ അടിസ്ഥാന സ്വഭാവത്തിനും അതിന്റെ ലക്ഷണങ്ങൾക്കൊത്തുമുള്ളവ ആയിരിക്കും. ചുവപ്പ്, മഞ്ഞ, ഓറഞ്ച് കളർ തെരഞ്ഞെടുക്കുന്നവർ ഊഷ്മളമായ വ്യക്തിത്വത്തിന് ഉടമകളും നീല, പച്ച, പർപ്പിൾ പോലെയുള്ള കൂൾ കളറുകൾ തെരഞ്ഞെടുക്കുന്നവർ പൊതുവെ ശാന്തശീലർ ആയിരിക്കും എന്ന് പറയപ്പെടുന്നു.

മറ്റുള്ളവർ ഏത് രീതിയിലുള്ള ഉടയാടകളാണ് ധരിക്കുന്നത് എന്ന് നോക്കിയോ അന്നന്നത്തെ ഫാഷൻ അല്ലെങ്കിൽ ട്രെൻഡ് നോക്കിയോ കോപ്പി ചെയ്യലല്ല, അവനവന്റെ വ്യക്തിത്വത്തിന് ചേർന്നതും ഇണങ്ങിയതുമായ വസ്ത്രം തിരഞ്ഞെടുക്കാൻ തന്റെ സ്കിൻ ടോൺ അല്ലെങ്കിൽ കംപ്ലക്ഷൻ നോക്കി അതിന് യോജിച്ച കളർ, ശരീരപ്രകൃതത്തിന് ഇണങ്ങിയ മോഡൽ, സൈസ്, ഇവയൊക്കെ നോക്കാം. നമ്മൾ ചൂസ് ചെയ്യുന്ന മെറ്റീരിയലിന് പോലും അതിൽ പ്രാധാന്യമുണ്ട് എന്നറിയുമ്പോൾ മനസ്സിലാക്കാമല്ലോ.

ഒരു വ്യക്തിത്വത്തിന്റെ അക്കകാമ്പ് എന്നാൽ അയാളുടെ അസ്തിത്വവുമായി അലിഞ്ഞു ചേർന്നു പോകുന്ന അയാളുടെ ഉള്ളിൽ ആ വ്യക്തി കാത്ത് സൂക്ഷിക്കുന്ന മനോഭാവമാണ് എന്ന് നമുക്കറിയാം. മാതാപിതാക്കൾ നൽകുന്ന ഗൈഡൻസ്, ചുറ്റുപാടുകളിൽ നിന്ന് അയാൾ ആർജ്ജിച്ചെടുക്കുന്ന അറിവും ജ്ഞാനവും സ്വന്തമായ അനുഭവങ്ങളിൽ നിന്നുണ്ടായ തിരിച്ചറിവുകളുമാണ് നല്ലൊരു മനോഭാവം ഒരാളിൽ രൂപംകൊള്ളണമെന്നുണ്ടെങ്കിൽ അയാളെ സ്വാധിനിക്കുന്ന ഘടകങ്ങൾ. അതിനെല്ലാം അപ്പുറം ഇത്തരത്തിൽ സംസ്ക്കരിയ്ക്കപ്പെട്ട ഒരു വ്യക്തിത്വം ഇതേപോലെ ബാഹ്യമായ ഒട്ടേറെ ഘടകങ്ങൾ കൂടെ ചേർന്നിട്ടാണ് കുടുംബ, സാമൂഹികതലത്തിലേയ്ക്ക് ഉയർത്തപ്പെട്ട, പരിഷ്ക്കരിക്കപ്പെട്ട ഒരു വ്യക്തിത്വമായി മാറുന്നത്.

Related Articles