Columns

എല്ലാം ഞാന്‍ റബ്ബിനോട്‌ പറഞ്ഞു കൊടുക്കും

എല്ലാം ഞാന്‍ എന്റെ റബ്ബിനോട്‌ പറഞ്ഞു കൊടുക്കും.അവള്‍ വിങ്ങിപ്പൊട്ടി പറഞ്ഞു.കൂട്ടുകാരോടൊത്ത്‌ കളികളില്‍ സജീവമായിക്കൊണ്ടിരിക്കേ കരഞ്ഞ്‌ കലങ്ങി കണ്ണീര്‍ തുടച്ചു കൊണ്ട്‌ മക്കള്‍ പറയാറുണ്ട്‌ എല്ലാം എന്റെ വാപ്പച്ചിയോട്‌ പറഞ്ഞു കൊടുക്കും.തന്റെ കൂട്ടുകാരും സഹപാഠികളും ഒരു പക്ഷെ സ്വന്തം സഹോദരങ്ങള്‍ പോലും ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചാല്‍ നിഷ്‌കളങ്കരായ പൈതങ്ങള്‍ ഉപയോഗിക്കുന്ന ഏറ്റവും ഒടുവിലത്തെ ആയുധം‌.ഒക്കെ ഞാന്‍ പറഞ്ഞു കൊടുക്കും.വാപ്പച്ചി വരട്ടെ. കാട്ടിത്തരാം.ഇവ്വിധം പ്രതികരിച്ചു കഴിയുന്നതോടെ കുഞ്ഞ്‌‌ ആത്മനിയന്ത്രണത്തിലാകാറുണ്ട്‌.തന്റെ പിതാവ്‌‌ ഉചിതമായ നടപടി സ്വീകരിക്കും എന്ന പൂര്‍‌ണ്ണ വിശ്വാസമാണ്‌ ആ പിഞ്ചു മനസ്സിനെ ശാന്തമാക്കുന്നത്.നിഷ്‌കളങ്കമായ ഇത്തരം ചിത്രങ്ങള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നുണ്ടാകാം.

എന്നാല്‍ സകലതും നഷ്‌ടപ്പെട്ട അവകാശങ്ങളൊക്കെ നിഷേധിക്കപ്പെട്ട നാടും വീടും സ്വത്തവും സ്വാതന്ത്ര്യവും പൗരത്വവും എല്ലാമെല്ലാം വേരറുക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു സിറിയന്‍ ബാലിക പറഞ്ഞത് ഇങ്ങനെയായിരുന്നു.’എല്ലാം ഞാന്‍ റബ്ബിനോട്‌ പറഞ്ഞു കൊടുക്കും. കാത്തിരിക്കുക ഒന്നും വിട്ടു കളയാതെ ഒന്നൊന്നായി വിവരിച്ചു കൊടുക്കു’.

ആ ബാലികയുടെ ചങ്ക്‌ പൊട്ടിയ സങ്കടം ആരും കേട്ടില്ല.ആരും കണ്ടില്ല.ചാവുകടല്‍ ഇനിയും ചാവാന്‍ വയ്യാതെ നിശ്ചലം കിടക്കുകയാണ്‌. മധ്യധരണ്യാഴി തിരമാലകകളുടെ അലര്‍‌ച്ചകള്‍ ഇന്ന്‌ സംഗീതമായി മാറിക്കഴിഞ്ഞു.ഗോലാന്‍ കുന്നുകളിലൂടെ വിതുമ്പിക്കരഞ്ഞ്‌ പരക്കം പായുന്ന കാറ്റിന്റെ ഗതിവിഗതികളൊക്കെ സോഷ്യല്‍ മീഡിയകളിലെ ആസ്വാദ്യകരമായ കാഴ്‌ചയായി പരിണമിക്കപ്പെട്ടിരിക്കുന്നു. മരുഭൂമികളിലെ നെടുവിര്‍‌പ്പുകള്‍ ത്രീഡി ചിത്രീകരണത്തിന്റെ അതിമനോഹര വിഭാവനകളാണത്രെ .ഐലാന്‍ കുര്‍ദിമാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കണ്ണീരുണങ്ങാത്ത തീരങ്ങള്‍ പ്രേക്ഷക വലയം വര്‍‌ദ്ധിപ്പിക്കാനുള്ള കച്ചവട സാധ്യതകളത്രെ.

കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി ചോദിക്കപ്പെടുമ്പോള്‍ എന്ന ഖുര്‍‌ആനിക പരാമര്‍‌ശം ഏറെ പ്രസക്തമാകുന്ന സന്ദര്‍‌ഭം.വേട്ടക്കാരന്‌‌ പകരം ഇര ചോദ്യം ചെയ്യപ്പെടുന്ന അതി മനോഹരമായ ഖുര്‍‌ആനിക ശൈലി മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും.വിശേഷിച്ചും പിഞ്ചോമനകളുടെ കാര്യത്തില്‍.ലോക മനസ്സാക്ഷിയെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്ന ഖുര്‍‌ആനിക വായനാനുഭവങ്ങള്‍ ഹൃദയാവര്‍‌ജ്ജകമത്രെ.

Also read: പ്രവാചകമൊഴികളുടെ സൗന്ദര്യവായന

പ്രാകൃതമായ സമൂഹത്തില്‍ ജീവനോടെ കുഴിച്ചു മൂടപ്പെടുന്ന പെണ്‍‌മക്കളെ കുറിച്ചുള്ള ഭീതിതമായ ചിത്രവും ചിത്രീകരണവും ഖുര്‍‌ആനില്‍ വിവരിച്ചിട്ടുണ്ട്. അന്ത്യനാളിന്റെ ഭയാനകതയുടെ വാങ്‌മയ ചിത്രീകരണത്തോടൊപ്പമാണ്‌ അജ്ഞതയുടെ കരാള ഹസ്‌തത്തില്‍ കിടന്നു പിടയുന്ന കുഞ്ഞിന്റെ കഥയെ ദൈവം ഓര്‍‌മ്മിപ്പിക്കുന്നത്.

‘സൂര്യന്‍ ചുരുട്ടപ്പെടുമ്പോള്‍, താരങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍, മലകള്‍ ചലിപ്പിക്കപ്പെടുമ്പോള്‍,ഗര്‍ഭം തികഞ്ഞ ഒട്ടകങ്ങള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍, വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍, സമുദ്രങ്ങള്‍ കത്തിക്കപ്പെടുമ്പോള്‍, ആത്മാക്കള്‍ (ജഡങ്ങളുമായി) ഇണക്കപ്പെടുമ്പോള്‍, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍.(ഖുര്‍‌ആന്‍)

സൂര്യന്റെ മുഖം കറുത്തതുപോലെ.ആകാശത്തു നിന്നു താരകങ്ങള്‍ ഉതിര്‍‌ന്നു വീഴുന്നതുപോലെ.പര്‍‌വ്വതങ്ങള്‍ ഉലഞ്ഞാടുന്നതു പോലെ.വന്യമൃഗങ്ങള്‍ ഞെട്ടിത്തരിച്ച് നിന്നതു പോലെ.ആര്‍‌ത്തട്ടഹസിക്കുന്ന പാരാവാരങ്ങളില്‍ അഗ്നി പടര്‍‌ന്നതുപോലെ.

ഫാഷിസത്തിന്റെ രൗദ്രഭാവങ്ങളുടെ കൊട്ടും പൂരവും ഒരു വശത്ത്,മുതലാളിത്തത്തിന്റെ അപ്രമാദിത്ത വേഷവും വേഷം കെട്ടും മറ്റൊരു വശത്ത്‌,വെളിച്ചം പേടിച്ചു കഴിയുന്ന നിരീശ്വര നിര്‍‌മ്മിതിയുടെ വക്താക്കള്‍ അന്തം വിട്ടു വേറെയൊരു വശത്തും.അത്യന്തം വേദനാജനകമായ പ്രകൃതി ദൃശ്യങ്ങള്‍. \ഇവിടെ വിളക്കും വെളിച്ചവും കൈവശമുള്ളവര്‍ പരസ്‌പരം പുറം തിരിഞ്ഞിരിന്ന്‌ പ്രതിവിധി തേടുന്ന അതി ദയനീയ ചിത്രം.

പ്രകൃതിയെപ്പോലും ഞെട്ടിപ്പിക്കുന്ന അതിക്രമങ്ങളുടെ പരമ്പരകള്‍ ഓര്‍‌ത്തു നോക്കാനോ കുറിച്ച്‌ വെക്കാനോ കഴിയാത്തവിധം സം‌ഹാരാത്മകമായിരിക്കുന്നു.കാലികളേക്കാള്‍ അല്ല അതിലും എന്ന വേദ പ്രയോഗത്തെ സ്‌പുടമായി വായിക്കാന്‍ വായനക്കാരനു സാധിക്കുന്നുണ്ട്. ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും ഒരുപോലെ എല്ലാ അര്‍‌ഥത്തിലും അനുഗ്രഹം നിറക്കപ്പെട്ട പ്രദേശങ്ങള്‍ അക്ഷരാര്‍‌ഥത്തിലുമധികം താറുമാറായിരിക്കുന്നു.ദൈവാനുഗ്രഹങ്ങളെ മറന്നു മതിമറന്നവര്‍ക്ക്‌ ഇനിയും സമയമായില്ലേ.

‘വിശ്വാസികള്‍ക്ക് ഇനിയും സമയമായില്ലയോ,ദൈവസ്‌‌മരണയാല്‍ അവരുടെ ഹൃദയങ്ങള്‍ ഭയപ്പെടുന്നതിനും അവന്‍ അവതരിപ്പിച്ച സത്യത്തിനു മുമ്പില്‍ തലകുനിക്കുന്നതിനും അവര്‍ പൂര്‍വകാലത്ത് വേദം ലഭിച്ചവരെപ്പോലെ ആയിപ്പോകാതിരിക്കുന്നതിനും?- കാലമേറെ കടന്നുപോയപ്പോള്‍ അക്കൂട്ടരുടെ മനസ്സുകള്‍ കടുത്തുപോയി. ഇന്ന് അവരില്‍ അധികമാളുകളും പാപികളായിത്തീര്‍ന്നിരിക്കുന്നു.നന്നായി മനസ്സിലാക്കുക. അല്ലാഹു ഭൂമിയെ അത് നിര്‍ജീവമായ ശേഷം സജീവമാക്കുന്നു. അതിന് നാം ദൃഷ്ടാന്തങ്ങള്‍ സ്‌പഷ്‌‌ടമായി കാണിച്ചു തന്നിട്ടുണ്ട്; നിങ്ങള്‍ ബുദ്ധി ഉപയോഗിച്ചെങ്കിലോ.(ഖുര്‍‌ആന്‍)

Also read: ബി.ജെ.പിയും ഇസ്രായേലും: ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്ന ഹിന്ദു ദേശീയവാദം

കാലങ്ങളേയും കാലഭേദങ്ങളേയും പഴിചാരി പാശ്ചാത്യരേയും ശപിച്ച്‌ നിര്‍‌വൃതിയടയുന്നതിലൂടെ അവസാനിക്കുന്നതല്ല വിശ്വാസിയുടെ ദൗത്യം.കേവലം വിശ്വാസി സമൂഹത്തെകുറിച്ച്‌ മാത്രം ഓര്‍‌ത്തു മുതലക്കണ്ണീരൊഴുക്കുന്നതിലും പരിമിതമല്ല യഥാര്‍‌ഥ വിശ്വാസിയുടെ വേപഥു.

തിരക്കിട്ട ജീവിതത്തില്‍ പിന്തിരിഞ്ഞു നോക്കാന്‍ സമയമില്ലാതായിരിക്കുന്നു.ചരിത്ര ഗ്രന്ഥങ്ങള്‍ ചില്ലളമാരകളെ അലങ്കരിക്കാന്‍ മാത്രമുള്ളതാക്കി മാറ്റിയിരിക്കുന്നു.

അറബ്‌ മുസ്‌ലിം പ്രദേശങ്ങളില്‍ വിഭാഗീയതയുടെ പോരുകള്‍ സജീവമാക്കാനുള്ള സയണിസ്റ്റുകളുടെ അഭിലാഷം പൂവണിഞ്ഞ കാഴ്‌ചയാണ്‌ ഏറ്റവും ഒടുവിലത്തെ പൂരപ്പുറപ്പാടിന്റെ എഴുന്നെള്ളപ്പിലൂടെ സാക്ഷാല്‍‌കരിച്ചത്.

ഒടുവില്‍ ഇതാ എല്ലാ അഹങ്കാരികളും മുട്ടു മടക്കി മുട്ടു കുത്തി പ്രാര്‍ഥനയിലാണ്‌.അണു ബോം‌ബുകള്‍ അധികാരവരുതിയിലുള്ളതിന്റെ ധാര്‍‌ഷ്‌ട്യത്തില്‍ വീമ്പു പറഞ്ഞിരുന്നവര്‍ ഒരു പീക്കിരി അണുവിന്റെ മുന്നില്‍ മുട്ടിടറി നില്‍‌ക്കുകയാണ്‌.

അതെ പതിതരുടെ കണ്ണീര്‍ കണങ്ങള്‍ മുത്തു മണികള്‍ പോലെ സ്വീകരിക്കപ്പെട്ടിരിക്കുന്നു.അവരുടെ ദീര്‍‌ഘ നിശ്വാസം ലോക വ്യാപിയായ വ്യാധിയായി ആധിയായി പടരാന്‍ മാത്രം ശക്തിയുള്ള കൊടുങ്കാറ്റായിരിക്കുന്നു.അവരുടെ സങ്കടപ്പെരുമഴയില്‍ സകല പ്രതിരോധ സംവിധാനങ്ങളും നിഷ്‌ഫലമായിരിക്കുന്നു.

ലോകം മുഴുവന്‍ കത്തിയമര്‍‌ന്നാലും തങ്ങളുടെ ഖജനാവിനു നേട്ടമുണ്ടായാല്‍ മതിയെന്ന പടിഞ്ഞാറന്‍ വെറിയും.കിഴക്കും പടിഞ്ഞാറും കീഴ്‌മേല്‍ മറിഞ്ഞാലും സിം‌ഹാസനം മറിയാതിരുന്നാല്‍ മതി എന്ന രാജാക്കന്മാരുടെ പൂതിയും സങ്കല്‍‌പാതീതമായ ദുരന്തങ്ങള്‍ തന്നെയാണ്‌ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.അധികാരവര്‍ഗ്ഗ താല്‍‌പര്യമെന്ന അജണ്ട മാത്രമാണ്‌ ഇനിയും മേശപ്പുറത്തെങ്കില്‍ ! ദൈവം കാത്തു രക്ഷിക്കട്ടെ.

Facebook Comments
Related Articles
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.

Check Also

Close
Close
Close