Current Date

Search
Close this search box.
Search
Close this search box.

പ്രവാചകമൊഴികളുടെ സൗന്ദര്യവായന

നബി(സ്വ)യുടെ വാക്കുകളും നിലപാടുകളും പ്രവൃത്തികളുമുള്‍ക്കൊള്ളുന്ന സംജ്ഞയേയാണ് ഹദീസ് എന്ന് നാം വിളിക്കുന്നത്. ഹദീസുകളുടെ സാരാംശവും ഹദീസുകള്‍ സംവേദനം ചെയ്യുന്ന സന്ദേശങ്ങളുമാണ് പലപ്പോഴും നാം ചര്‍ച്ചചെയ്യാറുള്ളത്. ഒപ്പം, ഹദീസുകള്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടര്‍മാരെക്കുറിച്ചുള്ള സങ്കീര്‍ണ്ണമായ ചര്‍ച്ചകളും ഉപചര്‍ച്ചകളും നമ്മുടെ ഹദീസ്പഠനത്തിന്റെ ഭാഗമായി നടക്കുന്നു. എന്നാല്‍ ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന സാഹിത്യമൂല്യങ്ങളെക്കുറിച്ചോ ഘടനാസൗന്ദര്യത്തെക്കുറിച്ചോ പലപ്പോഴും നാം ചര്‍ച്ചചെയ്യാറില്ല. മലയാളത്തില്‍ ഇത്തരം പഠനങ്ങള്‍ വളരെ വിരളമാണെന്ന് തന്നെ പറയാം.

പ്രവാചകവചനങ്ങളുടെ സാഹിത്യമൂല്യം ചര്‍ച്ച ചെയ്യുതിന് മുമ്പായി എന്താണ് സാഹിത്യം എന്ന മുഖവുര അനിവാര്യമാണ്. ഇവിടെ ജ്ഞാനസിദ്ധാന്തവുമായി (എപ്പിസ്റ്റമോളജി) ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉയര്‍ന്നുവരുന്നുണ്ട്. പലപ്പോഴും പടിഞ്ഞാറന്‍ ജ്ഞാനസിദ്ധാന്തത്തിന്റെ അച്ചിലാണ് നമ്മുടെ വിഷയങ്ങള്‍ തുലനം ചെയ്യാറ്. എന്നാല്‍, ഓരോ ഭാഷക്കും അതിന്റേതായ സാഹിത്യമൂല്യങ്ങളുണ്ട്. ചില ഘടകങ്ങളൊക്കെ എല്ലാ ഭാഷയിലും താദാത്മ്യം പുലര്‍ത്തുന്നതായി കാണാം. പ്രവാചകവചനങ്ങള്‍ അറബി ഭാഷയിലായത് കൊണ്ട്തന്നെ അറബിഭാഷയില്‍ രൂപപ്പെട്ടു വന്ന സാഹിത്യജ്ഞാനശാഖയുമായി തുലനം ചെയ്ത് പ്രവാചകവചനങ്ങളുടെ സൗന്ദര്യവായന നടത്തുമ്പോഴാണ് അത് പൂര്‍ണ്ണത കൈവരിക്കുന്നത്.

അറബിസാഹിത്യം
അറബിഭാഷയില്‍ സാഹിത്യം എന്നതിനെ കുറിക്കുന്നത് അദബ് എന്ന ശബ്ദമാണ്. മര്യാദ, മാന്യത, സംസ്‌കാരം എന്നീ അര്‍ഥങ്ങള്‍ കൂടി ഈ ശബ്ദത്തിനുള്ളതായി കാണാം. ഇംഗ്ലീഷിലെ എജ്യൂക്കേഷന്‍ എന്ന പദത്തിന് സമാനമായി പോലും അദബ് എന്ന പദം ഉപയോഗിച്ചതായി കാണാം. നല്ലശിക്ഷണത്തിലേറെ മുന്തിയ യാതൊന്നും ഒരു സന്തതിക്ക് പിതാവില്‍ നിന്ന് കിട്ടാനില്ല എന്ന അര്‍ഥത്തില്‍ മിശ്ക്കാത്തില്‍ ഒരു ഹദീസ് കാണാം. നല്ല ശിക്ഷണം എന്നതിന് അദബുന്‍ ഹസനുന്‍ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഈയടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍, മനുഷ്യനും ലോകത്തിനും ഗുണകരവും ഉപകാരപ്രദവുമായ ആശയങ്ങള്‍ മാന്യതയും മര്യാദയും സംസ്‌കാരവും പാലിച്ചുകൊണ്ട് അവര്‍ക്ക് ബോധ്യമാകും വിധം അനുഭവഭേദ്യമാക്കി പകര്‍ന്നുകൊടുക്കുന്ന പ്രക്രിയയാണ് സാഹിത്യം.
ഇല്‍മുല്‍ മആനി, ഇല്‍മുല്‍ ബയാന്‍, ഇല്‍മുല്‍ ബദീഅ് എന്നിങ്ങനെ മൂന്ന് ഉപശാഖകളാണ് അറബി സാഹിത്യത്തില്‍ പ്രധാനമായും വരുന്നത്. സന്ദര്‍ഭത്തിനനുസരിച്ച് അറബി ഭാഷയിലെ പദങ്ങള്‍ ഉപയോഗിക്കുതിനെക്കുറിച്ചുള്ള പഠനശാഖക്ക് ഇല്‍മുല്‍ മആനി എന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു പദത്തെ വ്യത്യസ്ത അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്ന ജ്ഞാനശാഖക്ക് ഇല്‍മുല്‍ ബയാന്‍ എന്നും വാക്യങ്ങളുടെ സാഹിതീയ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ ചേര്‍ത്ത് വെക്കുന്നതിനെപ്പറ്റിയുള്ള പഠനശാഖക്ക് ഇല്‍മുല്‍ ബദീഅ് എന്നും പറയുന്നു.

Also read: ആയിരം വർഷം പഴക്കമുള്ള ജാഹിളിന്റെ പരിണാമ സിദ്ധാന്തം

സാഹിത്യത്തില്‍ ഏറെ പ്രധാനമാണ് പ്രതിപാദനശൈലി. ഇംഗ്ലീഷില്‍ സ്റ്റൈല്‍ എന്നും അറബിയില്‍ ഉസ്വ്‌ലൂബ് എന്നുമാണിതിന് പറയുന്നത്. ഓരോ സാഹിത്യകാരന്റെയും സവിശേഷമായ ഭാഷാപ്രയോഗമാണ് പ്രതിപാദനശൈലി കൊണ്ടുദ്ദേശിക്കുന്നത്. എഴുത്തിലെപോലെ സംസാരത്തിലും വിവിധ വ്യക്തികള്‍ക്കിടയില്‍ ശൈലീഭേദം കാണാവുതാണ്. ഓരോരുത്തരുടേയും പ്രതിപാദനശൈലിയില്‍ അവരവരുടെ വ്യക്തിത്വത്തിന്റെ പ്രകാശനം കൂടി അടങ്ങിയിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ നിത്യജീവിതത്തിലെ ഇടപെടലുകളില്‍ ഈ ശൈലിഭേദം കാണാവുതാണ്. ഗുരുതരമായ വിഷയങ്ങള്‍ സംസാരിക്കുമ്പോഴും ഫലിതങ്ങള്‍ പറയുമ്പോഴുമുണ്ടാകുന്ന വൈവിധ്യങ്ങളായ രീതികള്‍ തന്നെയാണ് പ്രതിപാദനശൈലിയിലെ വൈവിധ്യം കൊണ്ടുദ്ദേശിക്കുന്നത്. വിശുദ്ധഖുര്‍ആനില്‍ നിന്ന് വ്യത്യസ്തമായ ശൈലിയാണ് ഹദീസിന്റേതെങ്കിലും അര്‍ഥപൂഷ്ടിയുടേയും പദങ്ങളുടെ സൂക്ഷ്മവും സുഘടിതവുമായ പ്രയോഗത്തിന്റെയും കാര്യത്തില്‍ അതിന്റെ സാഹീതീയത വേറിട്ടുതന്നെ നില്‍ക്കുന്നുണ്ട്. പ്രവാചകൻെറ പ്രതിപാദന ശൈലികളിലെ വൈവിധ്യങ്ങള്‍ പറയുന്നതിന് മുമ്പായി ഇങ്ങനെയൊരാമുഖം പ്രസക്തമാണെത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.

തിരുമൊഴികളിലെ സൗന്ദര്യം
ജവാമിഉല്‍ കലിം (കുറഞ്ഞവാക്കുകള്‍ കൂടുതല്‍ അര്‍ഥങ്ങള്‍)
പ്രവാചകവചനങ്ങളുടെ സൗന്ദര്യവായനയില്‍ ഒന്നാമതായി കടന്നുവരുന്ന ഘടകം ജവാമിഉല്‍ കലിം ആണ്. അതായത്, കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രവാചകൻെറ ഓരോ വചനങ്ങളും. ചില ഉദാഹരണങ്ങളിലൂടെ ഇത് ബോധ്യമാകും.

സുഫ്‌യാനുബ്‌നു അബ്ദുല്ല ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ഞാന്‍ പ്രവാചകരോട് ചോദിച്ചു: എനിക്ക് ഈമാനിനെക്കുറിച്ച് പറഞ്ഞുതരിക. അപ്പോള്‍ പ്രവാചകര്‍ പ്രതികരിച്ചു. (ഖുല്‍ ആമന്‍തു ബില്ലാഹി സുമ്മ ഇസ്തഖിം). കേവലം അഞ്ച് വാക്കുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഈ പ്രതികരണം വലിയ അര്‍ഥങ്ങളെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ചോദ്യകര്‍ത്താവ് ഇങ്ങനെ കൂടി ചോദിക്കുന്നുണ്ട്. ഇനി ഞാന്‍ ഒരാളോടും ചോദിക്കേണ്ടിവരാത്ത രീതിയിലുള്ള മറുപടിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ, പ്രവാചകര്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ തന്റെ മറുപടി ചുരുക്കി. ഖുല്‍ (നീ പറയുക) എന്നത് നാവ് കൊണ്ടുള്ള പ്രവര്‍ത്തനമാണ്. ആമന്‍തു ബില്ലാഹി (അല്ലാഹുവിനെക്കൊണ്ട് ഞാന്‍ വിശ്വസിക്കുുന്നു) എന്നത് ഹൃദയം കൊണ്ടുള്ള പ്രവര്‍ത്തനമാണ്. സുമ്മ ഇസ്തഖിം (ചൊവ്വായ മാര്‍ഗ്ഗത്തില്‍ ജീവിക്കുക) എന്നത് ശരീരത്തിലെ മുഴുവന്‍ അവയവങ്ങള്‍ കൊണ്ടുമുള്ള പ്രവര്‍ത്തനമാണ്. വിശ്വാസം രൂഢമൂലമായതിന് ശേഷം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് മാത്രമേ ഇസ്ലാമില്‍ മൂല്യമുള്ളൂ എന്നും കേവല കര്‍മ്മങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല എന്നും ഈ ഹദീസില്‍ നിന്ന് ലഭിക്കുന്നു.

മറ്റൊരു ഹദീസില്‍ കാണാം അല്‍ ഗിനാ ഗിന ന്നഫ്‌സ് (യഥാര്‍ഥ ഐശ്വര്യം അത് മനസ്സിന്റെ ഐശ്വര്യമാണ്). ഭൗതികമായ ആഢംബരങ്ങളോ സുഖസൗകര്യങ്ങളോ മനുഷ്യന് സമാധാനം സമ്മാനിക്കാന്‍ കഴിയില്ല എന്നും മനസ്സിന്റെ ഐശ്വര്യമാണ് എല്ലാ ഐശ്വര്യങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്നത് എാന്നുമാണ് ഈ ഹദീസിന്റെ താത്പര്യം.
അദ്ദീനു അന്നസ്വീഹ (മതം എന്നാല്‍ സാരോപദേശമാണ്), ഇന്നമല്‍ അഅ്മാലു ബിന്നിയ്യാത്ത് (കര്‍മ്മങ്ങളുടെ സ്വീകാര്യത കുടികൊള്ളുന്നത് ചെയ്യുന്നവരുടെ മനസ്സിലിരിപ്പ് നോക്കിയാണ്), മിന്‍ ഹുസ്‌നി ഇസ്ലാമില്‍ മര്‍ഇ തര്‍കുഹു മാലാ യഅ്‌നീഹി (ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നത് ഒരു വ്യക്തിയുടെ ഇസ്ലാമിനെ മേന്മയുളളതാക്കുന്നു), തുടങ്ങി ഒട്ടേറെ ഹദീസുകള്‍ ഈ ഗണത്തില്‍ നമുക്ക് കാണാവുന്നതാണ്.

Also read: കൊറോണയും ഗുഹകളിലേക്കുള്ള മടക്കവും

ഉപമാലങ്കാരം (അംസാല്‍)
വിശുദ്ധ ഖുര്‍ആനില്‍ ഒരുപാട് ഉപമകള്‍ നമുക്ക് കാണാം. നല്ല വാക്കിനെ പടര്‍ന്ന് പന്തലിക്കുന്ന വടവൃക്ഷത്തോട് ഉപമിച്ചതായി സൂറതു ഇബ്‌റാഹിം 24ാം സൂക്തത്തില്‍ കാണാം. (കലിമതുന്‍ ത്വയ്യിബ ക ശജറതിന്‍ ത്വയ്യിബ). അപ്രകാരം ഹദീസുകളിലും ഒരുപാട് ഉപമാലങ്കാരം പ്രകടമാണ്. അറബിസാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു ഏടാണ് അംസാല്‍ (ഉപമകള്‍), ആശയങ്ങള്‍ കൃത്യതയോടെയും വ്യക്തതയോടെയും കേള്‍ക്കുന്നയാളുടെ മനസ്സില്‍ പ്രതിഷ്ഠിപ്പിക്കാന്‍ ഉപമകള്‍ കൊണ്ട് സാധിക്കുന്നു. പ്രവാചകര്‍(സ്വ) പലയിടങ്ങളിലായി ഉപമകള്‍ ഉപയോഗിച്ചതായി കാണാം. ചില ഉദാഹരണങ്ങളിലൂടെ ഉപമകള്‍ നല്‍കുന്ന ആശയപ്രപഞ്ചത്തെ നമുക്ക് ബോധ്യപ്പെടും.

പ്രവാചകര്‍ പറയുന്നു: മാ ലീ വലിദ്ദുന്‍യാ, ഇന്നമാ മസലീ വ മസലുദ്ദുന്‍യാ ക മസലി റാകിബിന്‍ ഫീ ളില്ലി ശജറതിന്‍ ഫീ യൗമിന്‍ ഹാര്‍റിന്‍ സുമ്മ റാഹ വ തറകഹാ. (ഞാനും ദുന്‍യാവും തമ്മിലെന്ത് ബന്ധം? എന്റെയും ദുന്‍യാവിന്റെയും ഇടയിലുള്ള ഉപമ വെയിലുള്ള ഒരു ദിവസം നടക്കാനിറങ്ങിയ യാത്രക്കാരനെ പോലെയാണ്. അയാള്‍ ഏതെങ്കിലും മരത്തണലില്‍ അല്‍പനേരം വിശ്രമിക്കുന്നു, ശേഷം അത് ഉപേക്ഷിക്കുന്നു. അപ്രകാരം ഞാനും ഒരല്‍പം സമയം ഈ ഭൂമിയില്‍ ജീവിക്കുന്നു. എനിക്ക് കൃത്യമായ ലക്ഷ്യസ്ഥാനമുണ്ട്. ആ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ ചുരുങ്ങിയ സമയം മാത്രമാണ് ഇവിടെ നിലനില്‍ക്കുന്നത്. അത്‌കൊണ്ട് ശാശ്വതമായി കണ്ട്‌കൊണ്ട് യാതൊന്നും ഞാനിവിടെ ഒരുക്കിവെക്കുന്നില്ല). ഈ ഉപമയിലൂടെ വളരെ ചിന്തനീയമായ സന്ദേശമാണ് പ്രവാചകര്‍ സംവേദനം ചെയ്യുന്നത്. ദാനം നല്‍കി നിര്‍ദാക്ഷിണ്യം അത് തിരിച്ചെടുക്കുന്നയാളെ ചര്‍ദ്ദിച്ചത് വീണ്ടും തിന്നുന്നതിനോടാണ് പ്രവാചകര്‍ ഉപമിച്ചിരിക്കുന്നത്.

കല്‍പനകളിലെ സൗന്ദര്യം
അനുചരരോടുള്ള പ്രവാചകരുടെ കല്‍പനകളിലടങ്ങിയിരിക്കുന്ന സൗന്ദര്യം ഏറെ ശ്രദ്ധേയമാണ്. സന്ദര്‍ഭത്തിനനുസരിച്ചും വ്യക്തികള്‍ക്കനുസരിച്ചുമൊക്കെ പ്രവാചകര്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. കല്‍പനകളില്‍ ഉപയോഗിക്കപ്പെട്ട പദവ്യത്യാസങ്ങളും ശൈലിഭേദവും പരിഗണിച്ചാണ് പിന്നീട് അത് നിര്‍ബന്ധമാണോ (വാജിബ്) പ്രോല്‍സഹനാര്‍ഹമാണോ (സുത്ത്) അനുവദനീയമാണോ (ജാഇസ്) എന്നൊക്കെ തീരുമാനിക്കപ്പെടുന്നത്.

വിവാഹത്തെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് പ്രവാചകര്‍ പറയുന്നു: യുവാക്കളേ, നിങ്ങളില്‍ സാധിക്കുന്നവര്‍ വിവാഹം കഴിക്കേണ്ടതാണ്. തീര്‍ച്ചയായും അത് കണ്ണിനെ നിയന്ത്രിക്കുകയും ലൈംഗിക വിശുദ്ധി നിലനിര്‍ത്തുകയും ചെയ്യും. (ബുഖാരി,മുസ്ലിം). ഇതൊരു കല്‍പനയുടെ രീതിയാണ്. യുവാക്കളെ പ്രത്യേകം അഭിസംബോധന ചെയ്ത്‌കൊണ്ടാണ് പ്രവാചകര്‍ വിഷയം പറഞ്ഞത്. വിവാഹം കഴിക്കണം എന്ന് പറഞ്ഞതിന് ശേഷം അതിന്റെ ഗുണഫലങ്ങള്‍ പറയുന്നതിന് മുമ്പായി (തീര്‍ച്ചയായും) എന്ന് ഉപയോഗിച്ചതായി കാണാം. ശേഷം പറയുന്ന വിഷയം ഗൗരവമേറിയാതാണെന്ന് ഇത് സൂചിപ്പിക്കുന്നു. എങ്കിലൂം (സാധിക്കുന്നവര്‍) എന്ന് പ്രയോഗിച്ചത് കൊണ്ട്തന്നെ വിവാഹം എല്ലാവര്‍ക്കും നിര്‍ബന്ധമില്ലെന്നും താത്പര്യമുള്ളവര്‍ക്കും ശേഷിയുള്ളവര്‍ക്കും ചെലവ്‌കൊടുക്കാന്‍ സാധിക്കുന്നവര്‍ക്കും മാത്രമേ അത് പ്രോല്‍സാഹിപ്പിക്കപ്പെടുകയുള്ളൂ എന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ഇജ്തിഹാദ് ചെയ്തു.

Also read: വിചിന്തനത്തിന് വഴിയൊരുക്കുന്ന വ്യക്തിത്വങ്ങൾ

വിരോധനകളിലെ സൗന്ദര്യം
പ്രവാചകര്‍ വ്യഭിചാരത്തെക്കുറിച്ച് പറയുന്നിടത്ത് പറയുന്നുണ്ട്, നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കരുത്. വിരോധനയുടെ ഒരു രൂപമാണിത്. വിരോധനയില്‍ ഉപയോഗിച്ച ശൈലിയും പ്രയോഗവും അനുസരിച്ച് നിശിദ്ധം(ഹറാം), പ്രോല്‍സാഹനാര്‍ഹമല്ല(കറാഹത്) എന്നീ വിധികള്‍ ഉണ്ടാവുന്നു.

വ്യഭിചരിക്കരുത് എന്ന് പറയുന്നതിനപ്പുറം വ്യഭിചാരത്തിലേക്ക് നിങ്ങള്‍ അടുക്കരുത് എന്ന് പറയുന്നതിലൂടെ വ്യഭിചാരം എത്രമേല്‍ ഗൗരവേറിയ വിഷയമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു. ഒപ്പം, വ്യഭിചാരത്തിലേക്ക് അടുക്കുന്ന ഏര്‍പ്പാടുകള്‍ മനുഷ്യരില്‍ നിന്നുണ്ടായാല്‍ അത് വളരെ പെട്ടെന്ന് തന്നെ അവനെ വ്യഭിചാരത്തിലേക്ക് നയിക്കുമെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം. ഒരു കാര്‍ക്കശ്യത്തിന്റെ ഭാഷ്യം അതിനുണ്ട്.

ആവര്‍ത്തനത്തിലെ സൗന്ദര്യം
ചിലസ്ഥലങ്ങളില്‍ പ്രവാചകൻ(സ്വ) വിഷയങ്ങളോ വാചകങ്ങളോ ആവര്‍ത്തിച്ച് പ്രയോഗിക്കുന്നതായി കാണാം. ആവര്‍ത്തനങ്ങള്‍, പറയുന്ന വിഷയത്തിന്റെ പ്രാധാന്യമോ അഭിസംബോധനചെയ്യുന്ന വ്യക്തിയുടെ മനോനിലയോ കണക്കിലെടുത്താവാം. ഉദാഹരണം പറഞ്ഞാല്‍ മാതാവിനോടുള്ള സമ്പര്‍ക്കത്തിന്റെ പ്രധാന്യം പറയുന്നിടത്ത് ശ്രദ്ധേയമായ ഒരു ഹദീസാണ്, അനുചരരിലൊരാള്‍ നബി(സ്വ)യുടെ തിരുസന്നിധിയില്‍ വന്ന് ചോദിച്ചു: ഞാന്‍ ഏറ്റവും കൂടുതല്‍ സഹവസിക്കാന്‍ കടപ്പെട്ടിരിക്കുന്നത് ആരോടാണ്? പ്രവാചകര്‍ മറുപടി പറഞ്ഞു: നിന്റെ ഉമ്മയോട്. ചോദ്യകര്‍ത്താവ് വീണ്ടും ചോദിച്ചു. പിന്നെ ആരോടാണ്? നബി(സ്വ) പറഞ്ഞു. പിന്നെ നിന്റെ ഉമ്മയോട്. മൂന്നാമതും ചോദ്യകര്‍ത്താവ് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പ്രവാചകരുടെ മറുപടി തഥൈവ തെന്നയായിരുന്നു. പിന്നെ ആരോടാണെന്ന്  ചോദിച്ചപ്പോള്‍ നിന്റെ പിതാവിനോട് എന്ന് പറഞ്ഞു. ഈ ആവര്‍ത്തനത്തിലൊരു സൗന്ദര്യമുണ്ട്. ഉമ്മയെ മഹത്വവല്‍ക്കരിച്ചുകൊണ്ട് മണിക്കൂറുകളോളം പ്രഭാഷണം നടത്തുന്നതിനേക്കാള്‍ ആശയം പ്രവാചകരുടെ ഉപര്യുക്തവചനം ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

ചിലവിഷയങ്ങള്‍ പ്രവാചകൻ മൂന്ന് വട്ടം പറയാറുണ്ട്. പലപ്പോഴും ജനങ്ങള്‍ തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്ന വിഷയങ്ങളിലാണ് ഇങ്ങനെയുള്ള ആവര്‍ത്തനങ്ങള്‍ കാണുന്നത്. ഉദാഹരണത്തിന് ഇബ്‌നുമസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. പ്രവാചകര്‍ പറയുന്നു: ഇബാദതില്‍ അമിതമായ നിലപാട് കൈകൊള്ളുന്നവന്‍ പരാജയത്തിലാണ്. ഇബാദത് എന്നത് എല്ലായിപ്പോഴും അളവറ്റരീതിയില്‍ പ്രോല്‍സാഹനര്‍ഹമാണ്, ദൈവപ്രീതി ലഭിക്കുന്നതാണ് എന്നതാാണ് ജനങ്ങള്‍ തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നത്. ഈ തെറ്റിദ്ധാരണയെ ബ്രേക്ക് ചെയ്യാന്‍ വേണ്ടിയായിരുന്നു പ്രവാചകര്‍ ഇങ്ങനെ ആവര്‍ത്തിച്ചത്.

പ്രസ്താവനകളിലെ സൗന്ദര്യം
പ്രവാചക മൊഴികളില്‍ ചോദ്യകര്‍ത്താക്കളില്ലാതെ, ഒരു പ്രത്യേക വിഭാഗത്തെ അഭിമുഖീകരിക്കാതെ ചില പ്രസ്താവനകള്‍ പുറത്തിറക്കിയതായി കാണാം. പ്രമുഖരുടെ ഉദ്ധരണികള്‍ രേഖപ്പെടുത്തപ്പെടുന്ന ഇടങ്ങളില്‍ അത്തരം പ്രസ്താവനകളാണ് പ്രവാചകരുടേതായി പലപ്പോഴും രേഖപ്പെടുത്തപ്പെടാറുള്ളത്. ഉദാഹരണത്തിന്, അബൂസഈദില്‍ ഖുദ്‌രി(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. പ്രവാചകര്‍ പ്രസ്താവിക്കുകയുണ്ടായി. ധിക്കാരിയായ ഭരണാധികാരിയുടെ മുന്നില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. ഇത് ആര്‍ജ്ജവമുള്ള വാക്കുകളാണ്. ജിഹാദിനെ മഹത്വവല്‍ക്കരിച്ച് ഒരുപാട് പറഞ്ഞതിന് ശേഷമാണ് ഏറ്റവും വലിയ ജിഹാദിനെ റസൂല്‍ പരിചയപ്പെടുത്തുന്നത് കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം.

പ്രാസത്തിലെ സൗന്ദര്യം
പ്രവാചക വചനങ്ങളില്‍ മിക്കതിലും പ്രാസം കാണാവുന്നതാണ്. തിരുമൊഴികളിലെ വാക്കുകളുടെ ഘടന ആസ്വാദകര്‍ക്ക് വല്ലാത്ത സൗന്ദര്യമാണ് സമ്മാനിക്കുന്നത്. ചില വാക്കുകള്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരമായിട്ടുണ്ട്. മുഹാജിറുകളും അന്‍സ്വാറുകളും തമ്മില്‍ ചരിത്രത്തില്‍ ചെറിയ ചില പടലപ്പിണക്കങ്ങള്‍ ഉണ്ടായതായി കാണാം. മുഹാജിറുകളോട് പ്രവാചകര്‍ പ്രത്യേകമായി ചില ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന തരത്തില്‍ അന്‍സ്വാറുകള്‍ അടക്കം പറയുകയുണ്ടായി. പ്രവാചകൻെറ ഒറ്റതിരുമൊഴി സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഒന്നുമല്ലാതായി. പ്രവാചകൻ പറഞ്ഞു.
(അല്‍ മുഹാജിറു ദിസാറുന്‍ വല്‍ അന്‍സ്വാറു ശിആറുന്‍) അതായത്, മുഹാജിറുകള്‍ എന്റെ ശരീരത്തോട് ഒട്ടിപ്പിടിച്ചുനില്‍ക്കുന്ന വസ്ത്രമാണ്. അന്‍സ്വാറുകളാണെങ്കിലോ എന്റെ മേല്‍വസ്ത്രം പോലെയാണ്. കൃത്യമായിപ്പറഞ്ഞാല്‍, രണ്ടുവിഭാഗവും എനിക്ക് അങ്ങേയറ്റം വേണ്ടപ്പെട്ടവരാണെന്ന ധ്വനിയായിരുന്നു പ്രവാചകര്‍ അതിലൂടെ സംവേദനം ചെയ്തത്. വസ്ത്രങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കവിതകളിലെ സൗന്ദര്യം
പ്രവാചകര്‍ ഒരു കവിയായിരുന്നില്ലെന്ന്  നേരത്തെതന്നെ സൂചിപ്പിക്കുകയുണ്ടായി. എന്നിരുന്നാലും, സൗന്ദാര്യാത്മകമായ വിരലിലെണ്ണാവുന്ന കവിതകള്‍ പ്രവാചകര്‍ ആലപിക്കുകയുണ്ടായി. അതില്‍ പെട്ടതാണ് ഖന്ദഖ് യുദ്ധവേളയില്‍ തന്റെ അനുയായികള്‍ പട്ടിണിയും കൊടും തണുപ്പും സഹിച്ച് കിടങ്ങ് കുഴിക്കുന്നത് കണ്ട് പ്രവാചകര്‍ ഉരുവിട്ട കാവ്യശബ്ദം. അല്ലാഹുമ്മ ഇന്നല്‍ ഐശ ഐശുല്‍ ആഖിറ, ഫഗ്ഫിറില്‍ അന്‍സ്വാറ വല്‍മുഹാജിറ, (അല്ലാഹുവെ, യഥാര്‍ഥ ജീവിതം പാരത്രിക ജീവിതമാണ്. അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്ത്‌കൊടുക്കണമേ) പ്രവാചകര്‍ ഇങ്ങനെ പാടാന്‍ കാരണം അവരുടെ മുന്നില്‍ ഭൗതികമായ യാതൊരു താത്പര്യങ്ങളുമില്ലായിരുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണ് അവര്‍ കഷ്ടപ്പെട്ട് കിടങ്ങ് കുഴിച്ചിരുന്നത്. പ്രവാചകരുടെ ഈ കാവ്യശബ്ദം മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും വല്ലാത്ത സന്തോഷം നല്‍കുന്നതും തങ്ങള്‍ ഏര്‍പ്പെട്ട ജോലിയില്‍ ഉന്മേഷം നല്‍കുതുമായിരുന്നു. ഉടന്‍ തന്നെ കാവ്യശബ്ദത്തിലൂടെ തന്നെ അവര്‍ പ്രതികരിച്ചു. നഹ്‌നുല്ലദീന ബായഊ മുഹമ്മദാ, അലല്‍ ജിഹാദി മാ ബഖീനാ അബദാ. (ഞങ്ങള്‍ മുഹമ്മദ് നബിയുമായി കരാറിലേര്‍പ്പെട്ടതാണ്, ജീവിതാന്ത്യം വരെ ഞങ്ങള്‍ ജിഹാദിന് തയ്യാറാണ്). പ്രവാചകരുടെ കാവ്യശബ്ദം ചെലുത്തിയ സ്വാധീനമാണ് അവരുടെ മറുപടിയില്‍ നിന്ന് ബോധ്യപ്പെടുന്നത്.

ചോദ്യങ്ങളുടെ സൗന്ദര്യം
ചില ചോദ്യങ്ങള്‍ക്ക് പ്രവാചകര്‍ മറുപടി പറയുതിന് പകരം മറുചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ചിലപ്പോഴൊക്കെ മറുചോദ്യങ്ങളില്‍ നിര്‍ത്തും. ഉത്തരമായി അത് തന്നെ ധാരാളമാകും. ഒരിക്കല്‍ നബി സന്നിധിയില്‍ ഒരു ധനികന്‍ വന്നിരുന്നു. അയാള്‍ നല്ല വൃത്തിയില്‍ മുന്തിയ വസ്ത്രമാണുടുത്തിരിക്കുന്നത്. അല്‍പം കഴിഞ്ഞ് ഒരു പാവപ്പെട്ടയാള്‍ അയാളുടെ അരികില്‍ വന്നിരുന്നു. ധനികന്‍ തന്റെ വസ്ത്രം വലിച്ചു ചേര്‍ത്തുവെക്കുന്നത് പ്രവാചകര്‍ ശ്രദ്ധിച്ചു. അവിടുന്നു ധനികനോട് ചോദിച്ചു, ദാരിദ്ര്യം പകരുമെന്ന് കരുതിയോ? അദ്ദേഹത്തിന്റെ ചെയ്തിയില്‍ പ്രവാചകന്‍ തീര്‍ത്തും അതൃപ്തനാണെും പ്രവാചകന് അമര്‍ഷമുണ്ടെന്നും അറിയിക്കുന്നതായിരുന്നു ആ ചോദ്യം. മൂര്‍ച്ചയേറിയ ആ ചോദ്യത്തിന് മുമ്പില്‍ ഒരുനിമിഷം അയാള്‍ പകചച്ചുനിന്നു. അയാല്‍ ഇല്ല എന്ന് ഒറ്റവാക്കില്‍ മറുപടി ഒതുക്കി. പ്രവാചകര്‍ വിട്ടില്ല, വീണ്ടും ചോദിച്ചു. എന്നാല്‍ പിന്നെ സമ്പല്‍സമൃദ്ധി അങ്ങോട്ട് പകരുമെന്ന് കരുതിക്കാണും. അദ്ദേഹം ഇല്ല എന്ന് തന്നെ പറഞ്ഞു. പ്രവാചകര്‍ ചോദ്യം തുടര്‍ന്നു. പിന്നെന്തേ, ഉടുപ്പുകളില്‍ അഴുക്കാകുമെന്ന് കരുതിയോ? ഇല്ല എന്ന് തന്നെയായിരുന്നു മറുപടി. ശേഷം, പ്രവാചകര്‍ വളച്ചുകെട്ടില്ലാതെ ചോദിച്ചു. എങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളിത് ചെയ്തത്. അദ്ദേഹം പറഞ്ഞു: നല്ലത് ചീത്തയായും ചീത്തയായത് നല്ലതുമായി തോന്നിപ്പിക്കുന്ന ഒരുത്തനുണ്ടല്ലോ കൂടെ. സത്യത്തില്‍ അതൊരു അടവുനയമായിരുന്നു. പ്രവാചകരുടെ അമര്‍ഷം മനസ്സിലാക്കിയ ധനികന്‍ ശേഷം പറഞ്ഞു. എന്റെ പകുതി സമ്പത്ത് ഞാനിയാള്‍ക്ക് കൊടുത്തുകൊള്ളാം. നബി(സ്വ) പാവപ്പെട്ടയാളോട് ചോദിച്ചു. എന്തേ വാങ്ങുന്നുവോ? സത്യത്തില്‍ ആ ചോദ്യത്തിലൂടെ പാവപ്പെട്ടവന് പ്രവാചകര്‍(സ്വ) ചോയ്‌സ് നല്‍കുകയായിരുന്നു. അയാള്‍ പറഞ്ഞു: വേണ്ട, ധനികന്‍ ചോദിച്ചു: എന്തേ വേണ്ടാത്തത്. പാവപ്പെട്ടയാള്‍ പറഞ്ഞു. നിങ്ങളുടെ സ്വഭാവം എന്നെയെും പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. പ്രവാചകരുടെ മൂര്‍ച്ചയുള്ള ഒരു ചോദ്യം വരുത്തിവെച്ച സ്വാധീനമാണിത്.

പ്രാരംഭങ്ങളുടെ സൗന്ദര്യം
ചിലവിഷയങ്ങള്‍ സൂചിപ്പിക്കുന്നതിന് മുമ്പ് പ്രവാചകൻ(സ്വ) ദീര്‍ഘമായ ആമുഖങ്ങള്‍ കൊണ്ടുവരാറുണ്ട്. വിഷയത്തിലേക്ക് കേള്‍ക്കുന്നയാളുടെ മനസ്സിനെ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാന്‍ വേണ്ടിയുള്ള ശ്രമമാണിത്. ഹൃദയത്തെക്കുറിച്ച് പറയുന്നിടത്ത് പ്രവാചകര്‍ പറയുന്നു: മനുഷ്യശരീരത്തില്‍ ഒരവയവമുണ്ട്. അതുനന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി. അറിയുക, അതാണ് ഹൃദയം. ഇവിടെ അഭിസംബോധന ചെയ്യപ്പെടുന്ന വ്യക്തിയുടെ മനസ്സില്‍ ഒരു ജിജ്ഞാസ സൃഷ്ടിച്ചതിന് ശേഷമാണ് പ്രവാചകര്‍(സ്വ)വിഷയം അവതരിപ്പിച്ചത്.

ആജ്ഞകളുടെ സൗന്ദര്യം
യുദ്ധവേളകളിലുള്ള പ്രവാചകൻ(സ്വ)യുടെ ആജ്ഞകള്‍ പരിശോധിക്കുമ്പോള്‍ കാണാം. പ്രവാചകൻ സൗമ്യനായിരിക്കുമ്പോള്‍ തന്നെ ഒരേസമയം ആജ്ഞാശക്തിയുള്ള നല്ലൊരു നായകന്‍ കൂടിയായിരുന്നു. പ്രവാചകര്‍ സേനാഭടന്മാരോട് ആജ്ഞ പുറപ്പെടുവിച്ചു.
നിങ്ങള്‍ മരം മുറിക്കരുത്, വൃദ്ധന്മാരെയും സ്ത്രീകളെയും കുട്ടികളെയും അക്രമിക്കരുത്, ബില്‍ഡിംഗുകള്‍ നശിപ്പിക്കരുത് .. ഇത്രയും പറഞ്ഞതിന്‌ശേഷം അവസാനം ഇത് കൂടി ചേര്‍ത്തുവെച്ചു. നിങ്ങള്‍ അതിരുകള്‍ ലംഘിക്കരുത്. ആ വാക്യത്തില്‍ നിന്നും പ്രവാചകരുടെ ആജ്ഞാശക്തി നമുക്ക് ബോധ്യപ്പെടും.

പ്രഭാഷണങ്ങളുടെ സൗന്ദര്യം
പ്രവാചകൻ(സ്വ) ചരിത്രത്തിലെ ശ്രദ്ധേയനായ പ്രഭാഷകനായിരുന്നു. പ്രവാചകൻെറ  പ്രഭാഷത്തിന്റെ ശൈലിയും ഉപയോഗിച്ച വാക്കുകളുടെ താളാത്മകതയും ഒഴുക്കുമെല്ലാം പ്രത്യേകം പഠനവിധേയമാക്കപ്പെടേണ്ടതാണ്. പ്രവാചകൻെറ  രണ്ട് പ്രഭാഷണങ്ങളാണ് ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്ന് മക്കാവിജയവേളയിലുള്ള പ്രഭാഷണവും മറ്റൊന്ന് വിടവാങ്ങല്‍ പ്രഭാഷണവും. മക്കാവിജയവേളയില്‍ മുസ്ലിംകള്‍ക്ക് ആള്‍ ബലവും ആയുധബലവും ധാരാളമായുണ്ടായിരുന്നു. പക്ഷെ, അവരുടെ വികാരത്തെ അടക്കിനിര്‍ത്തിയത് പ്രവാചകരുടെ പ്രഭാഷണമായിരുന്നു. അല്‍ യൗമ യൗമുല്‍ മല്‍ഹമ (ഇത് പ്രതികാരത്തിന്റെ ദിവസമാണ്) എന്ന് പറഞ്ഞ് ഓടിവന്ന അനുചരനെ അല്‍യൗമ യൗമുല്‍ മര്‍ഹമ (ഇത് കാരുണ്യത്തിന്റെ ദിവസമാണ്) എന്ന് പ്രവാചകര്‍ തിരുത്തിക്കൊടുക്കുകയുണ്ടായി. അറഫാ പ്രഭാഷണം മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനമായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ആംഗ്യങ്ങളുടെ സൗന്ദര്യം
ചില ഉദ്ധരണികളിലൊക്കെ പ്രവചാക വചനങ്ങളോടൊപ്പം പ്രവാചകൻെറ ആംഗ്യങ്ങള്‍ കൂടി ചേര്‍ത്ത് പറയുന്നതായി കാണാം. ആ ആംഗ്യങ്ങളൊക്കെത്തന്നെ വലിയ ആശയങ്ങള്‍ സംവേദനം ചെയ്യുന്നവയാണ്. യതീമിനെ സംരക്ഷിക്കുന്നവരെക്കുറിച്ച് പറയുന്നിടത്ത് പ്രവാചകര്‍ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് വെച്ച് കൊണ്ട് പറഞ്ഞു. ഞാനും അവനും ഖിയാമത് നാളില്‍ ഇത് പോലെയായിരിക്കും. പിന്നെ പ്രവാചകര്‍ അതിന്റെ മഹത്വത്തെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. ആ ആംഗ്യം തന്നെ ധാരാളമായിരുന്നു. ചൂണ്ടുവിരലും നടുവിരലും തെരെഞ്ഞെടുത്തതിലും സൗന്ദര്യമുണ്ട്. ഈ വിരലുകള്‍ ഒരിക്കലും വിട്ടു നില്‍ക്കുകയില്ല. തോക്ക് ഉപയോഗിക്കുമ്പോഴും മറ്റുമൊക്കെ ഈ വിരലുകള്‍ ചേര്‍ത്ത് വെക്കുന്നു. കേവലം ചൂണ്ടുവിരലും തള്ളവിരലും ചേരുമ്പോള്‍ യാതൊരു ശക്തിയും ഉണ്ടാവുന്നില്ല.

Related Articles