Opinion

ബി.ജെ.പിയും ഇസ്രായേലും: ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്ന ഹിന്ദു ദേശീയവാദം

ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വികാരം എപ്പോൾ ഹിംസയുടെ രൂപം സ്വീകരിക്കുമെന്നത് കേവലം സമയത്തിന്റെ മാത്രം പ്രശ്നമാണ്. നാനാത്വത്തിൽ ഏകത്വത്തിലും സഹിഷ്ണുതയുടെയും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന പദവിയുടെയും പേരിൽ ഊറ്റം കൊള്ളുന്ന ഒരു രാഷ്ട്രം, കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസ്തുത വിശേഷണങ്ങൾക്കു നേർവിപരീതമായ ഗുണങ്ങളാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് – സങ്കുചിത ദേശീയത, വംശീയത, മത അസഹിഷ്ണുത, ഹിംസ.

കഴിഞ്ഞ ഫെബ്രുവരി 23ന്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിൽ എത്തുന്നതിന്റെ ഒരു ദിവസം മുമ്പാണ് മുസ്ലിംകൾക്കെതിരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിനു തുടക്കം കുറിച്ചത്.

ഹിന്ദു ദേശീയവാദികൾക്കിടയിൽ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ട്രംപ്, പ്രത്യേകിച്ച് 2014 മുതൽ ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ അനുയായികൾക്കിടയിൽ.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിയിൽ, ഇന്ത്യൻ രാഷ്ട്രീയവും വിദേശ നയവും ബി.ജെ.പി താറുമാറാക്കി. 1947-ൽ സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇതു വരെ ഉണ്ടാവാത്ത നാശനഷ്ടങ്ങളാണ് ഇന്ത്യൻ സമൂഹത്തിനു മേൽ ഈ തീവ്രദേശീയ പ്രസ്ഥാനം വിതച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ഭരണത്തിനു കീഴിൽ മുസ്ലിംകൾക്കെതിരെയുള്ള വെറുപ്പ് മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വർധിച്ചു.

Also read: ആലിംഗനം നല്‍കുന്ന സന്ദേശം

2001 സെപ്റ്റംബർ 11 ആക്രമണം മുതൽക്ക് ക്രമാതീത സ്വഭാവത്തിൽ ഉയർന്നു വന്ന ഇസ്ലാമോഫോബിയ സംഘത്തിൽ ചേർന്ന ഹിന്ദു ദേശീയവാദികൾ, ആഗോള ‘ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ’ ഭാഗമായി തങ്ങളുടെ വംശീയവും വർഗീയവുമായ പ്രത്യയശാസ്ത്രത്തെ മറച്ചുവെച്ചു.

വലതുപക്ഷക്കാരനായ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പോലെയുള്ള സമാനമനസ്കരായ ഇസ്ലാമോഫോബുകളിലേക്ക് മോദി അടുക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഹിന്ദു ദേശീയവാദികൾക്കിടയിൽ വർധിച്ചു വരുന്ന ഇസ്രായേലി അനുകൂല വികാരത്തിന് അടിവരയിടുന്നതാണ് മോദി-നെതന്യാഹു ‘സൗഹൃദം’. കൂടാതെ, വംശീയാധിപത്യത്തിന്റെയും ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള അസഹിഷ്ണുതയുടെയും ഒരു പൊതുബോധം ഹിന്ദു ദേശീയവാദികളും ഇസ്രായേൽ അനുകൂല സയണിസ്റ്റുകളും പങ്കുവെക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി, ആഗോളതലത്തിലെയും ഇന്ത്യയിലെയും തീവ്രദേശീയ, തീവ്രവലതുപക്ഷ സംഘങ്ങൾക്കിടയിലെ ഒരു പൊതുസുഹൃത്തായി ഇസ്രായേൽ മാറിയിട്ടുണ്ട്. പ്രസ്തുത സംഘങ്ങൾ ചിലത് ജൂതവിരോധത്തിനും, സെമിറ്റിക്ക് വിരുദ്ധതയ്ക്കും പേരുകേട്ടവയാണെന്നതാണ് അതിശയകരമായ മറ്റൊരു വസ്തുത. എന്നിരുന്നാലും, കുടിയേറ്റ വിരുദ്ധ അഭയാർഥി വിരുദ്ധ, മുസ്ലിം വിരുദ്ധ നയപരിപാടികൾക്കാണ് അവരെല്ലാം തന്നെ മുൻതൂക്കം കൊടുക്കുന്നത്.

Also read: പ്രവാചകമൊഴികളുടെ സൗന്ദര്യവായന

ബി.ജെ.പി ഇന്ത്യയിലെ മുസ്ലിംകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘നുഴഞ്ഞുകയറ്റുകാർ ചിതൽക്കൂട്ടം’ തുടങ്ങിയ പദപ്രയോഗങ്ങൾ തന്നെയാണ് ബർമയിലെ ബുദ്ധിസ്റ്റ് ദേശീയവാദികളും ഫലസ്തീനിലെ ഇസ്രായേലി സയണിസ്റ്റുകളും ഉപയോഗിക്കുന്നത്.

ഇസ്രായേൽ സ്നേഹം എന്നത് മുസ്ലിം വെറുപ്പ് എന്നതിന്റെ പര്യായമായി മാറിയിരിക്കുന്നു. ചരിത്രത്തിലെ ‘ഏറ്റവും വലിയ ഇസ്രായേൽ അനുകൂല റാലി’ എന്ന് സംഘാടകർ തന്നെ വിശേഷിപ്പിച്ച, ആയിരണക്കണക്കിനു ഹിന്ദു ദേശീയവാദികൾ പങ്കെടുത്ത ഒരു റാലി 2018 ഫെബ്രുവരി മാസം കോൽക്കത്തയിൽ വെച്ച് നടന്നത് ഇതിനോടു ചേർത്തു വെച്ചാൽ വലിയ അത്ഭുതമൊന്നും തോന്നില്ല.

മോദിയും ബി.ജെ.പിയും അധികാരത്തിലിരിക്കുന്ന കാലത്തോളം, കൂടുതൽ മോശമായ ദുരന്ത ദിനങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. തെൽഅവീവിലെയും വാഷിംഗ്ടണിലെയും സമാനമനസ്കരായ ഹിംസാത്കമ-വംശീയ സഖ്യകക്ഷികളുടെ പിന്തുണയുടെ ബലത്തിൽ, രാജ്യത്തെ ദുർബലരായ ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് മുസ്ലിംകൾക്കും എതിരെ വിവേചനപരവും ക്രൂരവുമായ നടപടികൾ നടപ്പിലാക്കാൻ തനിക്കു ശക്തിയുണ്ടെന്നാണ് മോദി കരുതുന്നത്.

വിവ. അബൂ ഈസ

Facebook Comments

റംസി ബാറൂദ്‌

റംസി ബാറൂദ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'പീപ്പിള്‍സ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു. 'മിഡിലീസ്റ്റ് ഐ' യില്‍ കണ്‍സള്‍ട്ടന്റ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും, എഴുത്തുകാരനും, മീഡിയ കണ്‍സള്‍ട്ടന്റുമായ അദ്ദേഹം PalestineChronicle.com ന്റെ സ്ഥാപകന്‍ കൂടിയാണ്. My Father Was a Freedom Fighter: Gaza's Untold Story (Pluto Press, London) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker