Current Date

Search
Close this search box.
Search
Close this search box.

ജുമുഅ ഇല്ലാത്ത ഒരു വെള്ളിയാഴ്‌ച

പ്രവാസകാലത്ത്‌ അവിസ്‌മരണീയമായ പലതും മാറ്റിമറിക്കപ്പെട്ട ദിവസമായിരുന്നു ഇക്കഴിഞ്ഞ വാരാന്ത്യം.ജുമുഅ നമസ്‌‌കാരം ഇല്ലാത്ത ഒരു വെള്ളിയാഴ്‌ച.അപ്രതീക്ഷിതമായ എന്തെല്ലാം സം‌ഭവ വികാസങ്ങള്‍‌ക്കാണ് ജീവിത യാത്രയില്‍ സാക്ഷിയാകേണ്ടി വരുന്നത്.ഇനിയും എന്തൊക്കെയാണ്‌ കാണാനും കേള്‍‌ക്കാനും കാത്തിരിക്കുന്നത്.തികച്ചും അനിശ്ചിതത്വം നിറഞ്ഞ കാലവും കാലഘട്ടവും.വിശ്വാസത്തിന്റെ ഒരു നെയ്‌തിരിയുടെ പ്രകാശത്തില്‍ അന്ധകാരാവൃതമായ ഈ ലോകത്തും ഒരു നുറുങ് വെട്ടം കൂട്ടിനുണ്ട്‌.

മരുഭൂമിയെ മുസ്വല്ലയാക്കി നമസ്‌കരിച്ച നാളുകള്‍ ചിതലരിക്കാത്ത ഓര്‍‌മ്മകളാണ്‌‌.ആരും പിന്നില്‍ ഇല്ലാതിരുന്നിട്ടും ഒരു സം‌ഘം നിരയായി നില്‍‌ക്കുന്നുണ്ടെന്ന പ്രതീതിയില്‍ തക്‌ബീര്‍ മുഴക്കിയ പ്രാര്‍‌ഥന.ഇങ്ങനെ ദശകങ്ങള്‍‌ക്ക്‌ മുമ്പ് ഖത്തര്‍ എന്ന ഉപദ്വീപിന്റെ കടലോരത്ത്‌ നമസ്‌കരിച്ച കഥയായിരുന്നു പ്രവാസ ജിവിതത്തിലെ കണ്ണിരുണങ്ങാത്ത രാപകലുകള്‍.ഇന്ന്‌ ആ പഴങ്കഥകളൊക്കെ ഒന്നുമല്ലാതായിത്തീരുന്നു.മനസ്സ്‌ തപിച്ചു കൊണ്ടിരിക്കുന്ന കോവിഡ്‌ കാല വേപഥു പറഞ്ഞറിയിക്കാനാകുകയില്ല.

Also read: ‘ക്വാറന്റൈൻഡ്’ ഗസ്സയിലെ കൊറോണ വൈറസ്

1980 മുതലുള്ള പ്രവാസകാല ജിവിതത്തില്‍ 3 പതിറ്റാണ്ട്‌ പിന്നിട്ടപ്പോള്‍ 2010 മുതല്‍ പ്രവാസത്തിന്‌ അര്‍ധ വിരാമം നല്‍‌കപ്പെട്ടിരുന്നു.ഇക്കാലയളവിലെ ഖത്തര്‍ എന്ന ഈ കൊച്ചു രാജ്യത്തിലെ നിര്‍‌ണ്ണായകമായ സാമൂഹ്യ രാഷ്‌ട്രീയ ഭൗതിക സാഹചര്യങ്ങളുടെ നിറം മാറ്റങ്ങള്‍‌ക്കും നിറപ്പകിട്ടുകള്‍‌ക്കും സാക്ഷിയാകാനും കഴിഞ്ഞു.വ്യത്യസ്‌ത സന്ദര്‍‌ഭങ്ങളില്‍ ചിലതൊക്കെ വായനക്കാരുമായും പങ്കുവെച്ചിട്ടുണ്ട്‌.2020 അഥവാ പ്രവാസ ഘട്ടത്തിന്റെ നാലാമത്തെ പതിറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ പ്രസ്‌തുത ‘അര്‍ധവിരാമത്തിന്‌’ സുല്ല്‌ കൊടുത്ത്‌ സജീവമാകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയായിരുന്നു.ഖത്തറിലെ പ്രസിദ്ധ വാണിജ്യ കേന്ദ്രമായ മാള്‍‌ഓഫ്‌ ഖത്തറിലായിരുന്നു പുതിയ നിയോഗം.പുതിയ ഉത്തരവാദിത്ത നിര്‍‌വഹണത്തില്‍ ആഴ്‌ചകള്‍ പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.അപ്പോഴാണ്‌ കൊറോണ വൈറസ്‌ ഡിസീസ്‌ 2019 ന്റെ മധ്യേഷ്യയിലേയ്‌ക്കുള്ള വ്യാപനം.തുടര്‍ന്ന്‌‌ ഇന്ത്യ അടക്കമുള്ള ഇതര ഏഷ്യന്‍ രാജ്യങ്ങളിലേയ്‌ക്കും പടരുന്നു എന്ന വാര്‍‌ത്തയും.

2020 മാര്‍‌ച്ച്‌ 9 നാണ്‌ മധ്യേഷന്‍ വാര്‍‌ത്താ മാധ്യമങ്ങള്‍ കോവിഡ്‌ വാര്‍‌ത്തകള്‍ പ്രാധാന്യത്തോടെ പുറത്ത്‌ വിട്ടു തുടങ്ങിയത്.തുടര്‍‌ന്ന് വിനോദ സഞ്ചാര മേഖലകളിലും‌ വാണിജ്യ കേന്ദ്രങ്ങളിലും തിരക്കൊഴിയാന്‍ തുടങ്ങി.സോഷ്യല്‍ മീഡിയകള്‍ ഒച്ച വെച്ചു കൊണ്ടേയിരുന്നു.

മധ്യ വയസ്‌കരും ശൈത്യകാല രോഗം പിടിപെടാന്‍ സാധ്യതയുള്ളവരും പുറത്തിറങ്ങാതിരിക്കുന്നതാണ്‌ അഭികാമ്യം എന്ന്‌ വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നു.‌ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നതു വരെ ജോലിക്ക്‌ ഹാജറാകേണ്ടതില്ല എന്ന്‌ മാനേജ്‌മന്റില്‍ നിന്നും എനിക്കും അറിയിപ്പ്‌ കിട്ടി‌.

മാര്‍‌ച്ച്‌ രണ്ടാം വാരം കൊറോണ വാര്‍‌ത്താ മയം.സര്‍‌ക്കാര്‍ നിയന്ത്രണങ്ങളും ബോധവത്‌‌കരണ സന്ദേശങ്ങളും ഒഴുകാന്‍ തുടങ്ങി.അതില്‍ പ്രധാനമായ നിര്‍‌ദേശം വിദ്യാലയങ്ങളും ദേവാലയങ്ങളും നിയന്ത്രിക്കാനുള്ള തീരുമാനങ്ങളായിരുന്നു.അഥവാ ദേവാലയങ്ങളില്‍ നിന്നും സമയാസമയങ്ങളിലെ അദാന്‍ മുഴങ്ങുന്നുണ്ട്‌.ഒപ്പം സ്വവസതികളില്‍ പ്രാര്‍‌ഥിക്കാനുള്ള ആഹ്വാനവും. ഈ സവിശേഷ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ദിവസത്തിന്‌ സാക്ഷിയാകേണ്ടി വരുമെന്നു സങ്കല്‍‌പ്പിച്ചിട്ടു പോലുമുണ്ടാകില്ല.ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ അനിശ്ചിത കാലത്തേക്ക് അടച്ചു.ഖത്തറിന്റെ വ്യാവസായിക മേഖലയിലേയ്‌ക്കുള്ള പ്രവേശനം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.വിനോദ സഞ്ചാര കേന്ദ്രങ്ങളും പാര്‍‌ക്കുകളും താല്‍‌ക്കാലികമായി അടച്ചിരിക്കുകയാണ്‌.പൊതു മേഖലാ യാത്രാ സംവിധാനങ്ങളും നിശ്ചലമായി.ഖത്തറിലെ പ്രമുഖ പത്ര സ്ഥാപനങ്ങള്‍ അച്ചടി നിര്‍‌ത്തി വെച്ചിരിക്കുന്നതായി അറിയിച്ചു.ആളുകള്‍ സം‌ഗമിക്കുന്ന എല്ലാ ഇടങ്ങളും നിയന്ത്രിക്കാനും വേണ്ടി വന്നാല്‍ അടച്ചിടാനുമാണ്‌ അധികൃതരുടെ തീരുമാനം.

Also read: എന്തൊരു ധൂർത്താടോ ?

ഇന്ന്‌ ഈ കുറിപ്പ്‌ എഴുതുന്നത് 20.03.2020 ഒരു വെള്ളിയാഴ്‌ചയാണ്‌.ജുമുഅ നമസ്‌കാരം ഇല്ലാത്ത ഒരു വെള്ളിയാഴ്‌ച.ഇനി ഒരു അറിയിപ്പ്‌ വരെ ദേവാലയങ്ങളുടെ വിശാലമായ കവാടങ്ങള്‍ അടഞ്ഞു കിടക്കും. വാണിജ്യ കേന്ദ്രങ്ങള്‍ തിരക്കൊഴിഞ്ഞിരിക്കുന്നു.മാളുകളുടെ കവാടങ്ങള്‍ അടഞ്ഞു.പൊതു മേഖലാ വാഹന സൗകര്യങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്നു.ഭോജന ശാലകള്‍ നിയന്ത്രണങ്ങളാല്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

ഉദയം റസിഡന്‍‌സിലെ സ്വീകരണ മുറി പ്രാര്‍‌ഥനാ മജ്‌ലിസായി രൂപാന്തരപ്പെട്ടു.പാചകക്കാരന്‍ വെള്ളിയാഴ്‌ച സ്‌പെഷല്‍ പാകം ചെയ്‌തു കഴിഞ്ഞപ്പോള്‍ ഉദയത്തിലെ ഒരു സീനിയര്‍ പറഞ്ഞു.ഖുതുബ കേള്‍‌ക്കാത്ത വെള്ളിയാഴ്‌ച ബിരിയാണിക്ക്‌ സ്വാദുണ്ടാകുകയില്ല. ഏതായാലും ദുഹുര്‍ നമസ്‌കാരം എല്ലാവരും ജമാ‌അത്തായി നമസ്‌കരിച്ച്‌ ഒരു നസ്വീഹത്ത് ആകാം എന്ന അഭിപ്രായം ഏക സ്വരത്തില്‍ അം‌ഗീകരിക്കപ്പെട്ടു.

ജുമുഅ ഇല്ലാത്ത ദിവസം ദുഹുര്‍ നമസ്‌കാരം ജമാത്തായി നിര്‍‌വഹിച്ചു. മുസ്വല്ലയില്‍ കയറി അല്ലാഹു അക്‌ബര്‍ (നാഥാ നീയാണ്‌ അത്യുന്നതന്‍) പറഞ്ഞ്‌ കൈ ഉയര്‍‌ത്തിയപ്പോള്‍ തൊണ്ട ഇടറി.കണ്ണുകള്‍ സജലങ്ങളായി.

അബ്‌ദുല്‍ കരീം അബ്‌ദുല്ല,ഉസ്‌‌മാന്‍ കെ.വി, സുഹൈല്‍,ഷറഫുദ്ദീന്‍ സെയ്‌തു മുഹമ്മദ്‌,ഫിറോസ്‌ അഹമ്മദ്‌,ഫര്‍‌ഹാന്‍ മുഹമ്മദ്‌,ഫിറോസ്‌ പുല്ലാറ്റ്‌,ഷാജഹാന്‍,ഷമീര്‍ തുടങ്ങി എല്ലാവരും ഹാജറായി.നമസ്‌കാരാനന്തരം ഈ കുറിപ്പു കാരന്‍ അവസരോചിതമായ ഒരു സന്ദേശം നല്‍‌കി.പ്രാര്‍‌ഥനയോടെ പിരിഞ്ഞു.

അനിശ്ചിതത്വത്തിന്റെ നാളുകളിലും നിശ്ചിതമായ ഒരു തീരുമാനത്തിന്റെ പുലരി പൂക്കാതിരിക്കില്ല എന്ന ശുഭ പ്രതീക്ഷയുടെ തീരത്ത് കാത്തിരിക്കുകയാണ്‌.അല്ല കരഞ്ഞിരിക്കുകയാണ്‌.ഒറ്റപ്പെടാന്‍ നിര്‍ബന്ധിതമായ ഒറ്റപ്പെട്ട തുരുത്തില്‍.ജന്നല്‍ പാളികള്‍ നീക്കി കണ്ണയച്ചു. ആകാശത്ത്‌ നിറഞ്ഞ നക്ഷത്രങ്ങള്‍ മിന്നിത്തെളിയുന്നുണ്ട്‌. പ്രകീര്‍ത്തനങ്ങളില്‍ മുഴുകിയതെന്നപോലെ ചുണ്ടനക്കുന്നുണ്ട്‌.ഞാനും മന്ത്രിക്കുകയാണ്‌.നാഥാ നീയാണ്‌ പരിശുദ്ധന്‍.നിനക്കാണ്‌ സര്‍‌വ്വ സ്‌ത്രോത്രവും.

Related Articles