Current Date

Search
Close this search box.
Search
Close this search box.

കൊറോണയും ചില യുക്തിവാദി വൈറസുകളും

എല്ലാ മുൻകരുതലുകളെയും പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്- 19 വൈറസിന് മുന്നിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്നു. തൊണ്ണൂറോളം രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകൾക്ക് ഇതിനകം വൈറസ് ബാധ ഏറ്റുകഴിഞ്ഞു. നാലായിരത്തി ഇരുന്നൂറോളം പേർ മരണത്തിന് കീഴടങ്ങി. വ്യാപാര-വ്യവസായ-ടൂറിസം മേഖലകൾക്ക് വൻ തിരിച്ചടി നേരിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും അടഞ്ഞുതുടങ്ങി. പലരുടെയും ഉപജീവനം മുട്ടി. സർക്കാരിന്റെ പുതിയ പുതിയ മുന്നറിയിപ്പുകളും ഭീതി ഇരട്ടിപ്പിക്കുന്ന വാർത്തകളും അനുദിനം കേട്ടുകൊണ്ടേയിരിക്കുന്നു.

എന്നാൽ, ലോകം മുഴുവൻ ശോകമൂകമാകുന്ന ഈ സന്നിഗ്ദ്ധ ഘട്ടത്തെപ്പോലും തങ്ങളുടെ മനസ്സിലെ മലിന ചിന്തയും മതവിരുദ്ധതയും പുറത്തുകാണിക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നവരായി അധഃപതിച്ചിരിക്കുന്നു മനുഷ്യപ്പറ്റില്ലാത്ത യുക്തി(ശൂന്യ)വാദികൾ! കോവിഡ് -19 വൈറസിനെതിരെ വിവിധ രാജ്യങ്ങൾ, സംവിധാനങ്ങൾ കൈക്കൊള്ളുന്ന ജാഗ്രതപോലും ദൈവ-മത വിശ്വാസത്തെ കൊച്ചാക്കുന്ന ട്രോളുകൾ നിർമിക്കാനുള്ള ഉരുപ്പടിയാണ് മാനവികതയുടെ ഈ ശത്രുക്കൾക്ക്! ‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം’ എന്നാണല്ലോ ചൊല്ല്! യുക്തിവാദികൾ എന്നറിയപ്പെടുന്നവർക്ക് അവരുടെ ഇമ്മാതിരി ‘മദം’ വളർത്തണമെങ്കിൽ ഭൂമിയിൽ എന്തെങ്കിലും ദുരന്തങ്ങൾ സംഭവിക്കണം എന്ന അവസ്ഥ വന്നിരിക്കുന്നു എന്ന് ചുരുക്കം. ഭൂലോക ദുരന്തങ്ങൾ തന്നെ!

‘മതം കൊറോണയെ പേടിക്കുന്നു, മുസ്‌ലിംകൾ ഉംറ നിർത്തി. അതിനാൽ കൊറോണ ജയിച്ചു. ദൈവവും മതവും തോറ്റു. ഇനി കൊറോണയെ ശാസ്ത്രം തോൽപ്പിക്കും’ എന്നൊക്കെയാണ് യുക്തി(ശൂന്യ)വാദികളുടെ പരിഹാസം. ജബ്രകൾ മാത്രമല്ല, ദൈവത്തെ മനസ്സിലാക്കാനുള്ള ശക്തിയോ ബോധമോ ഇല്ലാത്ത കമ്യൂണിസ്റ്റ് സ്വാമികളുമുണ്ട് ഈ വാദമുന്നയിക്കുന്നവരിൽ! നിസ്സംശയം കൊറോണ ഉൾപ്പെടെ ഏത് രോഗവും ബാധിക്കുന്നതും ഭേദമാകുന്നതും അല്ലാഹുവിന്റെ ഉതവിയോട് കൂടിത്തന്നെയാണ്. നാം അനുഭവിക്കുന്ന സുഖ-ദുഃഖങ്ങളും രോഗ-ആരോഗ്യങ്ങളും അവന്റെ അറിവോടും നിശ്ചയത്തോടും കൂടി മാത്രവും. അതിനാൽ തന്നെ മഹാമാരികൾ ബാധിക്കാതിരിക്കാനും ബാധിച്ച രോഗങ്ങളുടെ ശമനത്തിനും ആ സ്രഷ്ട്രാവിനോട് പ്രാർത്ഥിക്കാനും കൂടെ പ്രതിരോധ നടപടികൾ കൈക്കൊള്ളാനും ചികിത്സ തേടാനുമാണ്‌ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. രോഗശമനത്തിൽ പ്രാർത്ഥനക്കുള്ള പങ്കിനെ കുറിച്ച് വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന പലരും വാചാലമായിട്ടുണ്ട്; യുക്തിശൂന്യർക്ക് അതെത്ര അരോചകമാണെങ്കിലും.

Also read: ‘ആര്‍.എസ്.എസ് ഒരൊറ്റ കല്ല് കൊണ്ട് കൂടുതല്‍ പക്ഷികളെ കൊല്ലുകയാണ്’

പ്രവർത്തനങ്ങളുടെ അകമ്പടിയില്ലാത്ത കേവല പ്രാർത്ഥനകളല്ല ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. ‘ഒട്ടകത്തെ കെട്ടിയിടുക, അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക’ എന്ന പ്രവാചക വചനം ഓർക്കുക. ‘നിങ്ങൾ രോഗ ചികിത്സ നടത്തുക, അല്ലാഹു ഒരു രോഗവുമിറക്കിയിട്ടില്ല, അതിന് മരുന്നും ഇറക്കിയിട്ടല്ലാതെ. വാർദ്ധക്യം/ മരണം ഒഴികെ. ചിലർ അത് തിരിച്ചറിയുന്നവരാണെങ്കിൽ മറ്റു ചിലർ അതേകുറിച്ച് അജ്ഞതയിലായിരിക്കും’ എന്നാണ് മറ്റൊരിക്കൽ മുഹമ്മദ്‌ നബി(സ) പറഞ്ഞിട്ടുള്ളത്. ‘ഒരിടത്ത് പകർച്ചവ്യാധിയുണ്ടെന്നറിഞ്ഞാൽ നിങ്ങൾ അവിടേക്ക് പ്രവേശിക്കുകയോ പകർച്ചവ്യാധി പടർന്നുപിടിച്ചിടത്തുനിന്ന് ഓടിപ്പോവുകയോ ചെയ്യരുത്’, ‘ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്’ എന്നിങ്ങനെയുള്ള പ്രവാചകാധ്യാപനങ്ങളേക്കാൾ, ‘നിങ്ങളുടെ കരങ്ങളെ നിങ്ങൾ നാശത്തിൽ കൊണ്ടുപോയി ഇടരുത്’ എന്ന ഖുർആനിക പാഠത്തേക്കാൾ വലിയ രോഗ പ്രതിരോധ മാർഗം എന്താണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്?! സിറിയ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായപ്പോൾ അങ്ങോട്ട് പുറപ്പെട്ട ഖലീഫാ ഉമർ(റ) വഴിമധ്യേയാണ് അവിടെ പ്ലേഗ് പടർന്നുപിടിച്ച വിവരമറിയുന്നത്. അന്നേരം മടക്കയാത്രക്കൊരുങ്ങിയ അദ്ദേഹത്തോട് ആളുകൾ ചോദിച്ചത്, ‘താങ്കൾ ദൈവവിധിയിൽനിന്ന് പേടിച്ചോടുകയാണോ’ എന്നായിരുന്നു. അതിനദ്ദേഹം നൽകിയ മറുപടി ചരിത്ര പ്രസിദ്ധമാണ്, ചിന്തോദ്ദീപകവും. ‘അതെ, ഒരു ദൈവവിധിയിൽ നിന്ന് മറ്റൊരു വിധിയിലേക്ക് നാം മടങ്ങുന്നു’ എന്നായിരുന്നു അത്.

ഇതുപോലുള്ള പ്രവാചകാധ്യാപനങ്ങളും ഖലീഫമാരുടെ ചെയ്തികളും മാതൃകയായുള്ള മുസ്‌ലിം സമൂഹത്തിന് പകർച്ചവ്യാധികളിൽ നിന്ന് പ്രപഞ്ചനാഥനിൽ അഭയം തേടാൻ, കൊറോണാ വൈറസിനെതിരെ ആവശ്യമായ മുൻകരുതലുകളെടുക്കാൻ, രോഗം വ്യാപിക്കാൻ സാധ്യതയുള്ള കൂടിച്ചേരലുകളും ചെയ്തികളും ഒഴിവാക്കാൻ, മതചടങ്ങുകളോടനുബന്ധിച്ച പരിപാടികൾക്കാണെങ്കിൽ പോലും നിയന്ത്രണങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഏതെങ്കിലും യുക്തിശൂന്യരുടെ തിട്ടൂരം ആവശ്യമില്ല; രോഗസംബന്ധിയായ ഇസ്‌ലാമികാധ്യാപനങ്ങളെ കുറിച്ച പ്രാഥമിക അറിവ് മാത്രം മതി.

പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുകൾ കൈക്കൊള്ളേണ്ടതില്ലെന്നോ, വിശ്വാസികളെ രോഗങ്ങളോ പ്രയാസങ്ങളോ ബാധിക്കില്ലെന്നോ, അവർക്ക് വരുന്ന ദുരന്തങ്ങൾ ദൈവം നേരിട്ട് ഇടപെട്ട് തടുത്തുകൊള്ളുമെന്നോ, ചികിത്സയില്ലാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നാൽ മതിയെന്നോ ഒരു വിശ്വാസിയും കരുതുന്നില്ല. അതിന് ദൈവം അശക്തനായത് കൊണ്ടല്ല, അതല്ല ദൈവത്തിന്റെ നടപടി ക്രമം എന്നുള്ളത് കൊണ്ടാണ്‌. അവിശ്വാസിയെപ്പോലെത്തന്നെ വിശ്വാസിക്കും മഴ നനഞ്ഞാൽ പനി പിടിക്കാം. റോഡിൽ ശ്രദ്ധിക്കാതെ നടന്നാൽ വണ്ടി ഇടിക്കാം. അത് ദൈവത്തിന്റെ കഴിവു കേടല്ല; അവൻ സൃഷ്ടിച്ച പ്രകൃതി നിയമത്തിന്റെ ഭാഗമാണ്.

രോഗങ്ങൾ ഏത് ആരാധനയിലും ഇളവിന് കാരണമാണ്. ആരാധനകളുടെ സമയം മാറ്റാനും ഉപേക്ഷിക്കാനുമൊക്കെ രോഗിക്ക് അനുവാദമുണ്ട്. മതം അതാണ് ആവശ്യപ്പെടുന്നതും. മഴമൂലം ബുദ്ധിമുട്ടുണ്ടാകുമ്പോൾ ചില നേരത്തെ നമസ്കാരം പള്ളികളിൽ നടത്താറില്ല. പകരം നേരത്തെയാക്കാറാണ് പതിവ്. പിന്നെയല്ലേ കൊറോണ! മനുഷ്യർ ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ടെങ്കിലാണല്ലോ പ്രാർത്ഥനകളും ആരാധനകളുമൊക്കെ നടക്കുക. അവരുടെ ജീവൻ നശിപ്പിച്ച് ആരാധന നിർവഹിക്കാൻ മതം കൽപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ രോഗങ്ങളെ പ്രതിരോധിക്കാൻ സാമൂഹിക ആരാധനകൾ നിർത്തിവെക്കുന്നതുകൊണ്ട് മതം തോൽക്കുന്നുമില്ല‌. അങ്ങനെയൊക്കെ ചെയ്യുന്നത് കോറോണയെ പേടിച്ച് ദൈവത്തെ ഉപേക്ഷിക്കലല്ല. രോഗങ്ങളെ എങ്ങിനെ സമീപിക്കണം എന്നതിന്റെ ദൈവിക പാഠങ്ങൾ പാലിക്കുക മാത്രമാണ്. പ്രതിരോധിച്ചും ചികിത്സിച്ചും ഒപ്പം പ്രാർഥിച്ചും തന്നെയാണ് വിശ്വാസികൾ കൊറോണയെ നേരിടുക. അതിന് വൈദ്യ ശാസ്ത്രത്തെയും അവലംബിക്കും. എല്ലാ ശാസ്ത്രവും ദൈവാനുഗ്രഹങ്ങളായാണ് അവർ മനസ്സിലാക്കുന്നത്. ശാസ്ത്രത്തെ വികസിപ്പിക്കുന്ന മനുഷ്യന്റെ ബുദ്ധിയും അങ്ങനെത്തന്നെ. പിന്നെന്തിന് മതവിശ്വാസി അവയെ അവലംബിക്കാതിരിക്കണം?!
അതിനാൽ കൊറോണയും മതവും തമ്മിലല്ല ഏറ്റുമുട്ടൽ. കോറോണയും ശാസ്ത്രമാത്ര വാദികളുടെ അഹങ്കാരവും തമ്മിലാണ്. അതവർ ബോധപൂർവം മറച്ചുവയ്ക്കുകയാണ് ചെയ്യുന്നതെന്ന് മാത്രം.

Also read: വൈറസും നാസികളും

മാരകമായ പകർച്ചവ്യാധി പോലുള്ള സാമൂഹിക ആരോഗ്യ പ്രശ്നങ്ങൾ നിലനിൽകുന്ന ഘട്ടങ്ങളിൽ ഹജ്ജ്, ഉംറ, ജുമുഅ തുടങ്ങി ജനബാഹുല്യമുണ്ടാവാൻ സാധ്യതയുള്ള സംഘടിത ആരാധനകളെപ്പോലും അവ നിർവഹിക്കുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും ആരോഗ്യ സ്ഥിതി സംബന്ധമായ ഇസ്‌ലാമിന്റെ മാനദണ്ഡങ്ങൾ മുമ്പിൽവെച്ചു തന്നെയാണ് അഭിമുഖീകരിക്കേണ്ടത്. എന്തെന്നാൽ ഗുരുതര സ്വഭാവമുള്ള പകർച്ചവ്യാധികൾ ജനതയുടെ ആരോഗ്യ സ്ഥിതി ഒന്നടങ്കം അപായത്തിലാക്കിയേക്കാം എന്ന അവസ്ഥ വന്നാൽ അത് വ്യാപിക്കാതിരിക്കാനുള്ള സർവ സാധ്യതയും ആരായുക എന്നത് ഇസ്‌ലാമിക നേതൃത്വത്തിന്റെ ബാധ്യതയാണ്. (ഉംറ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ഇസ്‌ലാമിക പണ്ഡിതന്മാരിൽ ഒരാൾ പോലും എതിർക്കാതിരുന്നതും അതുകൊണ്ടുതന്നെ.) വ്യക്തിയുടെ ആരോഗ്യാവസ്ഥക്ക് നൽകുന്ന അതേ പ്രാധാന്യം സാമൂഹികമായ ആരോഗ്യാവസ്ഥക്കും ഇസ്‌ലാം നൽകുന്നുണ്ടെന്നോർക്കുക. വ്യക്തിഗതവും സാമൂഹികവുമായ ബാധ്യതയാണ് ഇസ്‌ലാമിൽ ആരോഗ്യ രക്ഷ. വഴിയിലും പൊതു സ്ഥലങ്ങളിലും ഫലം കായ്ക്കുന്ന മരച്ചുവട്ടിലും ജലസംഭരണികളിലും മലമൂത്ര വിസർജനം ചെയ്യുന്നതും തുപ്പുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഇസ്‌ലാം ശക്തമായി വിലക്കുന്നത് ശുചിത്വത്തിന്റെ സാമൂഹികമായ മാനങ്ങളിൽ ഊന്നിക്കൊണ്ടാണ്. അതിനാൽ തന്നെ നമ്മുടെ നാട്ടിലെ പള്ളികൾക്കും മഹല്ല് കമ്മറ്റികൾക്കുമൊക്കെ ഈ രോഗം പടർന്നു പിടിക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കാൻ കഴിയുമോ അതൊക്കെ എടുക്കേണ്ട ബാധ്യതയുണ്ട്.

രോഗവുമായി, വിശിഷ്യാ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി ഇസ്‌ലാമിക നിർദ്ദേശങ്ങളുണ്ടെന്നിരിക്കെ അവ പ്രാവർത്തികമാക്കുന്ന മുസ്‌ലിംകളെ വരെ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്ന യുക്തി(ശൂന്യ)വാദികൾ, മതം ഉപേക്ഷിക്കുന്ന കൂട്ടത്തിൽ ഈ നിർദ്ദേശങ്ങൾ കൂടി ഒഴിവാക്കി, കൊറോണ പടർന്നുപിടിച്ച പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനും കോവിഡ് -19 ബാധിതരെ കെട്ടിപ്പിടിക്കാനും കൂടെക്കിടത്താനും സെൽഫിയെടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്യാനും അങ്ങനെ ദൈവത്തെയും മതത്തെയും വെല്ലുവിളിക്കാനും തയ്യാറാകുമോ.

ഇതിനകം കൊറോണ ബാധിച്ച് മരിച്ച നാലായിരത്തി ഇരുന്നൂറോളം ആളുകളുടെ ജീവൻ പകരം നൽകിക്കൊണ്ട് ദൈവമെന്തിന് എന്ന ചോദ്യമുന്നയിക്കുമോ എന്നറിയാൻ നമുക്ക് കൗതുകമുണ്ട്! അതിനൊന്നും കഴിയില്ലെങ്കിൽ, കൊറോണബാധയുടെ ഭീതിതവും സങ്കടകരവുമായ സാഹചര്യത്തെപ്പോലും മതത്തെയും ദൈവത്തെയും ട്രോളാൻ ഉപയോഗിക്കുന്ന യുക്തി(ശൂന്യ)വാദികളുടെ ചെയ്തി ഒന്നൊന്നര മനോവൈകല്യത്തിന്റെ യും സാഡിസത്തിന്റെയും ലക്ഷണമായേ ബുദ്ധിയും ചിന്തയുമുള്ളവർ മനസ്സിലാക്കൂ! കോവിഡ് -19 വൈറസുകളെപ്പോലെത്തന്നെ പരാന്നഭോജികളായ അത്തരം യുക്തിവാദി വൈറസുകളെയും ദൂരെ മാറ്റിനിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Articles