Current Date

Search
Close this search box.
Search
Close this search box.

വൈറസും നാസികളും

വെളുക്കുമ്മുമ്പുണർന്ന് പടച്ച തമ്പുരാന്റെ മുന്നിൽ ഒരിരുത്തമുണ്ട്. ഇപ്പോൾ കുറേയായി അന്നേരത്തേക്ക് കരുതിവെക്കുന്ന വർത്തമാനങ്ങളെല്ലാം മറന്നുപോകുന്നു. എനിക്ക് വേണ്ടിയുള്ള, എന്റെ കുടുംബത്തിന് വേണ്ടിയുള്ള, മക്കൾക്ക് വേണ്ടിയുള്ള നിവേദനങ്ങളെല്ലാം.

രണ്ടേ രണ്ട് കാര്യങ്ങൾ മാത്രമായി പ്രാർത്ഥനകൾ ചുരുങ്ങുന്നു.
ഒന്ന്) നൊവേൽ കൊറോണ (കോവിഡ്19) വൈറസിൽ നിന്നുള്ള രക്ഷ
രണ്ട്) വംശീയതയിൽ നിന്നും ദുരധികാരങ്ങളിൽ നിന്നുമുള്ള രക്ഷ. നമ്മുടെ രാജ്യത്തിന്റെ, അല്ല മനുഷ്യരാശിയുടെ, ഈ ലോകത്തിന്റെ തന്നെ മോചനം.

വൈറസും വംശീയതയും തമ്മിലുള്ള പൊരുത്തങ്ങളെപ്പറ്റി ചിന്തിച്ചതും അങ്ങനെയാണ്. വൈറൽ ആണ് രണ്ടും. രണ്ടിനെയും നേർക്ക് നേരെ അറ്റാക്ക് ചെയ്യാൻ മാർഗമൊന്നുമില്ല. ചെറുതും വലുതുമായ രൂപങ്ങളുണ്ട് രണ്ടിനും. മാരകമായ വിധത്തിൽ പൊട്ടിപ്പുറപ്പെട്ടു പോയാൽപ്പിന്നെ കുറേയേറെ ജീവനെടുത്തല്ലാതെ ഒതുങ്ങില്ല.

ഏറ്റവും ഭീകരന്മാരായ എട്ട് വൈറസുകളെ ഒരുപക്ഷേ ഇപ്രകാരം ലിസ്റ്റ് ചെയ്യാം.
എബോളവൈറസ് (Ebolavirus)
മാർബർവൈറസ് (Marburgvirus)
ഹാന്റാവൈറസ് (Hantavirus)
ലസ്സവൈറസ് (Lassavirus)
റാബീസ് (Rabies)
വരിയോല (Variola)
ഡെംഗു (Dengue)
ഇൻഫ്ലുവെൻസ (Influenza)

Also read: ഹിന്ദുത്വ ഫാസിസ്റ്റ് കാലത്ത് സാഹിത്യകാരന്മാരും ബുദ്ധിജീവികളും എന്ത് ചെയ്യണം?

1976ൽ സുഡാനിലും സയറിലും (കോംഗോ) പ്രത്യക്ഷപ്പെട്ട എബോളവൈറസ് അപ്പോഴും പിന്നീട് 1989ലുമായി നൂറ് കണക്കിനാളുകളുടെ ജീവനെടുത്തു. 2013ൽ ആൾ വീണ്ടും വന്നു. 2013-15 കാലത്ത് കോംഗോ, ഗിനിയ, ലൈബീരിയ, സിയെറ ലിയോൺ എന്നിവിടങ്ങളിലായി പതിനൊന്നായിരം പേർ എബോള ഹെമറജിക് ഫീവർ (Ebola hemorrhagic fever) കാരണം മരണമടഞ്ഞത്രേ. 1967 മുതൽ തുടർച്ചയായും ഇടവിട്ടും മിക്ക വർഷങ്ങളിലും പടരുന്ന Marburg Hemorrhagic Fever 2004ൽ അംഗോളയി 227 പേരെയും കൊണ്ടാണ് പോയത്.

1950-53ലെ കൊറിയൻ യുദ്ധത്തിനിടയിലാണ് ഹാന്റാവൈറസിന്റെ ആക്രമണമുണ്ടായത്. അന്ന് കൊറിയൻ ഹെമറജിക് ഫീവർ എന്ന് വിളിക്കപ്പെട്ട Hantavirus pulmonary syndrome അമേരിക്കൻ, കൊറിയൻ സൈനികരിൽ പലരെയും ബാധിച്ചു. പത്ത് മുതൽ മുപ്പത്താറ് വരെ ശതമാനം മരണനിരക്ക് രേഖപ്പെടുത്തപ്പെട്ട ഹാന്റാവൈറസ് പൾമെനറി സിൻഡ്രം ബാധിച്ചതായി 1993-2003 കാലയളവിൽ യു.എസിൽ മാത്രം അറുനൂറിൽപ്പരം കേസുകൾ റിപ്പോട്ട് ചെയ്യപ്പെട്ടു.

പേര് പറയപ്പെട്ട മറ്റ് ഭീകരന്മാരും അത്ര മോശക്കാരല്ല. വരിയോലയിലേക്ക് ചേർത്തുവെക്കാറുള്ള വസൂരി ഒരു കാലത്ത് ഒരു പേടിസ്വപ്നമായിരുന്നല്ലോ. അടുത്ത കാലത്ത് ഏറെ ഭീതിയുണ്ടാക്കിയ രോഗങ്ങളിൽപ്പെടും ഡെംഗു ഫീവർ.

എന്നാൽ ഏറ്റവും ലോകവ്യാപകമായതും കൂടുതലാളുകളെ പരലോകത്തേക്കയച്ചതും ഇൻഫ്ലുവൻസയാണ്. 1918 ലെ സ്പാനിഷ് ഫ്ലൂ ലോകജനസംഖ്യയുടെ ഇരുപത് മുതൽ നാൽപത് വരെ ശതമാനം പേരെ ബാധിച്ചതായാണ് കണക്കുകൾ. രണ്ട് വർഷത്തിനകം അമ്പത് മില്യൺ ആളുകൾ മരിച്ചതായും റിപ്പോട്ടുകൾ കാണാം.

ഇൻഫ്ലുവെൻസയുടെ പലയിനങ്ങളിൽ ഒന്നാണ് H1N1. 2009 ലാണ് എച്1 എൻ1 പന്നിപ്പനി (H1N1 swine flu) ലോകത്താകമാനം ആഞ്ഞുവീശിയത്. 18,500 മരണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയെങ്കിലും 1,23,000 നും 2,03,000നുമിടയിൽ മരണങ്ങളുണ്ടാതായി 2013ൽ ലൈവ് സയൻസ് റിപ്പോട്ട് ചെയ്തിട്ടുണ്ട്. യു.എസിലെ സി.ഡി.സിയുടെ (Centers for Disease Control and Prevention) കണക്കനുസരിച്ചാകട്ടെ, അത് 1,51,700 നും 5,75,400 ഇടയിലാണ്.

ഇനി വംശീയാക്രമണങ്ങളുടെയും വംശഹത്യകളുടെയും കണക്കെടുത്താലോ. വൈറസുകൾ ഒരായിരം മൈൽ പുറകിലേക്ക് മാറി നിന്നുകളയും. മനുഷ്യൻ സംഘടിതവും നാഗരികവുമായ ജീവിതത്തിലേക്ക് പ്രവേശിച്ചത് മുതൽ തുടങ്ങുന്നു അതിന്റെ ചരിത്രം. 1994ൽ റ്വാൻഡയിലെ തുത്സി ഗോത്രക്കാർ ഹുതുക്കൾക്കെതിരായി നടത്തിയ വംശഹത്യയിൽ ഏതാനും മാസങ്ങൾക്കകം കൊല്ലപ്പെട്ടവരുടെ കണക്ക് അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷത്തി എഴുപത്തൊന്നായിരം വരെ വരും.

തുർക്കിയിൽ ഒഥ്മാനിയ സാമ്രാജ്യത്തിന്റെ അവസാന കാലത്ത് നടന്ന അർമീനിയൻ, ഗ്രീക്ക് വംശഹത്യകളിൽ (രണ്ടും ഏതാണ്ടൊരേ കാലത്ത്) യഥാക്രമം എഴ് ലക്ഷം മുതൽ പതിനെട്ട് ലക്ഷം വരെയും അഞ്ച് ലക്ഷം മുതൽ ഒമ്പത് ലക്ഷം വരെയും ആളുകൾ കൊല്ലപ്പെട്ടു. 1941-45ൽ ഹിറ്റലറും നാസികളും നടത്തിയ ഹോളോകോസ്റ്റിൽ നഷ്ടപ്പെട്ടത് ആറ് ലക്ഷത്തോളം യൂദന്മാരുടെ ജീവൻ.

Also read: എന്താണ് ആത്മീയ രചനാമോഷണം ?

കംപൂച്ചിയയിൽ (കംബോഡിയ) ഖമർ കമ്യൂനിസ്റ്റുകളുടെ കില്ലിങ് ഫീൽഡുകളിൽ ചോരക്കടലുകളാണ് ഒഴുകിയത്. 1975 നും 79 നുമിടയിൽ മുപ്പത് ലക്ഷത്തോളം ആളുകളെ ക്രൂരമായി അരിഞ്ഞുമാറ്റി.

ബോസ്നിയ-ഹെർസെഗോവിനയിൽ ബോസ്നിയാക്കുകൾക്കെതിരെ സെർബുകൾ നടത്തിയ വംശഹത്യ മുതൽ ഇന്നും തുടരുന്ന മ്യാൻമറിലെ ബുദ്ധമതക്കാരായ ബർമീസുകൾ നടത്തുന്ന റോഹിങ്ക്യൻ വംശഹത്യ വരെ പൊലിഞ്ഞുപോയ കോടിക്കണക്കിന് ജീവനുകളുടെ കണക്കെടുക്കുമ്പോൾ,

നമ്മുടെ രാജ്യത്ത് തന്നെ 1984-90 കാലത്ത് പഞ്ചാബിൽ സിഖുകാർക്കിതിരിലും 2002ൽ ഗുജറാത്തിൽ മുസ്ലിംകൾക്കെതിരിലും നടന്ന വംശീയോന്മൂലന ശ്രമങ്ങൾ കൂടി ഇതോട് ചേർത്തുവെക്കുമ്പോൾ (മുപ്പതിനായിരത്തോളം സിഖുകാർ ആ കാലത്ത് കൊല്ലപ്പെട്ടവെന്ന് കണക്കുണ്ട്),

സത്യത്തിൽ ഈ വൈറസ് എന്ന് പറയുന്നവൻ എത്ര പാവമാണെന്ന് തോന്നിപ്പോകും. നിയതമായ രൂപമില്ല, കൃത്യമായ സിസ്റ്റവുമില്ല വൈറസിനും വംശീയതയ്ക്കും. ഏതിലേക്കാണോ കയറിക്കൂടുന്നത് അതിന്റെ രൂപത്തെയും സിസ്റ്റത്തെയും ഹൈജാക്ക് ചെയ്യും.

ഒരു കോശത്തെ ഹൈജാക്ക് ചെയ്തുകഴിഞ്ഞാൽപ്പിന്നെ വൈറസിന്റെ എല്ലാ പ്രവൃത്തികളും അതിശീഘ്രമായിരിക്കും. വൈറൽ എന്ന പദം തന്നെ അതിൽ നിന്നാണല്ലോ വന്നത്.

ബുദ്ധിയെ ഗ്രസിച്ചു കഴിഞ്ഞാൽ വംശീയതയും അതുപോലെയാണ്. പിന്നെ വസ്തുതകളെയും സത്യങ്ങളെയും പോലും ഒരാൾ ആ നിലക്ക് മാത്രമേ കാണൂ. അതിലൂടെ മാത്രമേ വിശദീകരിക്കുകയും ചെയ്യൂ.

ചരിത്രത്തിലെ ഏറ്റവും മാരകമായ അധികാരശക്തിയായി അത് മാറുകയും ചെയ്യും. പരിണാമക്രമത്തിന്റെ ഏത് ഘട്ടത്തിലാണ് വൈറസ് രൂപപ്പെട്ടതെന്ന് പോലും കൃത്യമായി പറയാൻ പറ്റില്ലെന്ന് തോന്നുന്നു. ഒരുപക്ഷേ ഏതോ സമയത്ത് തെറിച്ചു വീണ ഒരു ഡി.എൻ.എ/ ആർ.എൻ.എ കണം. ജീവനുണ്ടോ എന്ന് ചോദിച്ചാൽ, ഒട്ടും ജീവലക്ഷണങ്ങൾ പ്രകടമാക്കുന്നില്ല. എന്നാൽ ജീവനില്ലേ എന്ന് ചോദിച്ചാൽ, ഉണ്ടെന്നും പറയാം താനും.

സാമൂഹിക വികാസത്തിൽ വ്യത്യസ്ത സമൂഹങ്ങൾ രൂപപ്പെടുമ്പോൾ, ഇതുപോലെ ഉള്ളിലെവിടെയോ രൂപപ്പെട്ടു പോയ പൈശാചികതയാണ് വംശീയത എന്ന് സമാനമായി പറയാം. യഥാർത്ഥത്തിൽ ഫലപ്രദം എന്ന് പറയാവുന്ന മരുന്നില്ല രണ്ടിനും. വ്യാപനം തടയാൻ ശ്രമിക്കുകയേ വഴിയുള്ളൂ.

അതിന് വേണ്ടിയുള്ള വൈറസ് വാക്സിനുകളാകട്ടെ, ഇതെഴുതുന്നയാളിന്റെ അറിവ് ശരിയാണെങ്കിൽ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ളതും.

ശരീരകോശങ്ങളുടെ പ്രതിരോധസംവിധാനം ശക്തിപ്പെടുക എന്നതാണ് വൈറസിനെ അകറ്റാനുള്ള വഴിയെങ്കിൽ, ബുദ്ധിയുടെ ഘടനയെ സൂക്ഷ്മവും വിശാലവുമാക്കുക എന്നതാണ് വൈറസിനെക്കാൾ മാരകമായ വംശീതയെയും വംശീയ ദുരധികാരങ്ങളെയും തകർക്കാനുള്ള വഴി.

വൈറസ് എന്ന ലത്തീൻ പദത്തിന് വിഷം എന്നാണ് അർത്ഥം. അക്ഷരാർത്ഥത്തിൽ ആ പേര് ചേരുന്നത് സാക്ഷാൽ വൈറസിനെക്കാൾ വംശീയദുരധികാരങ്ങൾക്ക് തന്നെയാണ്. തീർച്ചയായും പ്രാർത്ഥിക്കുമ്പോൾ ഞാനിപ്പോൾ മറ്റെല്ലാം മറക്കുന്നു.
ലോകം രക്ഷപ്പെടണം, വൈറസിൽ നിന്നും വംശീയതയിൽ നിന്നും.
അതിന് പ്രതിരോധസംവിധാനം ശക്തിപ്പെടണം, വ്യക്തിയുടെയും സമൂഹത്തിന്റെയും.

Related Articles