Interview

‘ആര്‍.എസ്.എസ് ഒരൊറ്റ കല്ല് കൊണ്ട് കൂടുതല്‍ പക്ഷികളെ കൊല്ലുകയാണ്’

തമിഴ് രാഷ്ട്രീയ ചുറ്റുപാടിലെ പ്രമുഖ നേതാവാണ് തോള്‍ തിരുമാവളവന്‍. 1981ല്‍ തിരുനെല്‍വേലിക്കു സമീപത്തെ മീനാക്ഷിപുരത്ത് നടന്ന കൂട്ട മതം മാറ്റത്തെക്കുറിച്ചുള്ള വിഷയത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ അദ്ദേഹം ശക്തമായ ഉറച്ച നിലപാടുള്ള ഒരു നേതാവ് കൂടിയാണ്. സി.എ.എ വിരുദ്ധ സമരങ്ങളുടെ മുന്‍പന്തിയിലുള്ള അദ്ദേഹവുമായി ‘ദി വയര്‍’ പ്രതിനിധി കവിത മുരളീധരന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം.

തമിഴ്‌നാട്ടിലെ അംബേദ്കറൈറ്റ് പാര്‍ട്ടിയായ വിടുതലൈ ചിരുതൈഗല്‍ കക്ഷി (വി.സി.കെ) ന്തോവ് കൂടിയായ അദ്ദേഹം ഫെബ്രുവരി 22ന് ട്രിച്ചിയില്‍ സി.എ.എ വിരുദ്ധ ബഹുജന റാലിയും പിന്നീട് ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് സമരങ്ങളും നടത്തിയിരുന്നു.

ട്രിച്ചിയില്‍ നടന്ന റാലിയിലുടനീളം മികച്ച ജനപങ്കാളിത്തമായിരുന്നല്ലോ ?

ഞങ്ങള്‍ അത് വളരെ നന്നായി ആസൂത്രണം ചെയ്തിരുന്നു. ഞമ്മള്‍ എന്തിനാണ് ഈ റാലി സംഘടിപ്പിക്കുന്നതെന്ന് ഞാന്‍ ആളുകളെ നേരിട്ട് കണ്ട് പറയാന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഞാന്‍ പത്ത് ദിവസത്തിലധികം തമിഴ്നാട്ടില്‍ പര്യടനം നടത്തിയിരുന്നു. ഇത് സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണരുതെന്ന് ഞാന്‍ ഞങ്ങളുടെ കേഡര്‍മാരോട് പറഞ്ഞു. അപകടകരമായ സമയത്താണ് നമ്മള്‍ ജീവിക്കുന്നത്, ഞങ്ങളുടെ പ്രതിഷേധം കഴിയുന്നത്ര ശക്തമായി രേഖപ്പെടുത്താന്‍ സാധിക്കണം. ഞങ്ങള്‍ക്ക് മേഖലാടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ ഉണ്ടായിരുന്നു, അതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.
ഇത്തരത്തില്‍ ഉണ്ടാക്കിയെടുത്ത കേഡര്‍മാര്‍ ഞങ്ങള്‍ സംസാരിക്കുന്ന പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി. അലസത കാണിക്കാനുള്ള സമയമല്ല ഇതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇങ്ങനെ വലിയ രീതിയിലുള്ള ക്യാംപയിന്‍ നടത്തിയാണ് ആ റാലി വിജയിപ്പിച്ചത്. സ്ത്രീകളുടെ വലിയ പങ്കാളിത്തം ആ റാലിയിലുണ്ടായിരുന്നു. ഈ നിയമം കേവലം മുസ്ലിംകള്‍ക്കെതിരെ മാത്രമല്ല. അത് ഭരണഘടനക്ക് എതിരാണ്. ഭരണഘടനയെ തകര്‍ക്കുക എന്നത് കൂടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

എങ്കിലും, ബി.ജെ.പി ഇപ്പോഴും അധികാരത്തില്‍ തുടരുകയാണല്ലോ

അത, എന്നാല്‍ ഇവര്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികളെ പോലെയല്ല. ബി.ജെ.പി എന്നത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ സംഘടനയാണ്. ബി.ജെ.പി എന്താണെന്ന് അറിയണമെങ്കില്‍ ആദ്യം ആര്‍.എസ്.എസ് എന്താണെന്നറിയണം. രണ്ടു പേരുടെയും അജണ്ട ഒന്നുതന്നെയാണ്. അവര്‍ നമ്മുടെ ത്രിവര്‍ണ്ണ പതാകയെയും ഭരണഘടനയെയും ബഹുമാനിക്കുന്നില്ല. സാമൂഹിക നീതി,മതേതരത്വം എന്നീ ആശയങ്ങള്‍ അവര്‍ക്ക് അസ്വീകാര്യമാണ്. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന കൊണ്ട് മാത്രമാണ് ഇവ ഇന്നും നിലനില്‍ക്കുന്നത്. തീര്‍ച്ചയായും, ഭരണഘടന പരസ്യമായി അംഗീകരിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല, പകരം അവര്‍ ഒരു ഹിന്ദു ദേശീയ ഭരണകൂടം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഈ രാഷ്ട്രത്തെ രക്ഷിക്കാന്‍ നാം ഭരണഘടനയെ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഒരു അംബേദ്കറൈറ്റ് പാര്‍ട്ടി എന്ന നിലയില്‍, സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. അതിനായി എന്റെ പാര്‍ട്ടിയും അണികളും ശക്തമായി പ്രവര്‍ത്തിക്കും.

നിങ്ങളുടെ കേഡര്‍മാരുടെ ശക്തമായ പ്രതികരണം എന്താണ് സൂചിപ്പിക്കുന്നത് ?

റാലിയില്‍ പാര്‍ട്ടി കേഡര്‍മാര്‍ പങ്കെടുക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ അവര്‍ പലരും കുടുംബവുമൊത്താണ് വന്നത്. എന്നെ സംബന്ധിച്ച് ഇത് പുതിയ ഒരു അനുഭവമായിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങള്‍ മനസ്സിലാക്കുന്നുവെന്നും പ്രതിഷേധിക്കേണ്ടതുണ്ടെന്ന് അവര്‍ക്ക് ബോധ്യമുണ്ടെന്നും ഇതിലൂടെ ഞാന്‍ മനസ്സിലാക്കി.

വി.സി.കെ ഈ വിഷയത്തില്‍ വലിയ ശബ്ദുമുയര്‍ത്തി

ഞങ്ങള്‍ ചെറിയ ഒരു പാര്‍ട്ടിയാണ്. ഞങ്ങള്‍ക്ക് ദേശീയ തലത്തില്‍ സംഘടിക്കാനുള്ള ശേഷിയില്ല. കര്‍ണാടക,ആന്ധ്രപ്രദേശ്,കേരള എന്നിവിടങ്ങളില്‍ നമുക്ക് കുറച്ച് അണികള്‍ ഉണ്ട്. ഞങ്ങളുടെ പ്രധാന പ്രവൃത്തി മണ്ഡലം തമിഴ്‌നാട് ആണ്. എന്നാല്‍ ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളോട് പോരാടുന്നതില്‍ ഞങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇത് ഞങ്ങളുടെ ദൗത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, സി എ എയെ എതിര്‍ക്കുന്നതിനും ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുന്നതിനുമുള്ള ധാര്‍മ്മിക ഉത്തരവാദിത്തം അംബേദ്കറൈറ്റ് പാര്‍ട്ടികള്‍ക്കുണ്ട്.

ബി ജെ പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്തിനിടയില്‍ കൂടുതല്‍ ഏകോപനം വേണമെന്ന് അഭ്യര്‍ത്ഥിച്ച ആദ്യത്തെ പാര്‍ട്ടിയാണ് വി.സി.കെ.
അത്തരം ഏകോപനം ബി.ജെ.പിയെ തമിഴ്നാട്ടില്‍ അകറ്റി നിര്‍ത്തിയെങ്കിലും ദേശീയ തലത്തില്‍ അത് പ്രവര്‍ത്തിച്ചില്ല എന്നത് ഖേദകരമാണ്. മെച്ചപ്പെട്ട ഏകോപനം ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പിക്ക് ഇത്ര വലിയ വിജയം ഉണ്ടാകുമായിരുന്നില്ല. അവരുടെ പ്രത്യയശാസ്ത്രത്തെ ജനങ്ങള്‍ അംഗീകരിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നും ബി.ജെ.പി വിശ്വസിക്കുന്നു. അത്‌കൊണ്ടാണ് ഭരണഘടനയെ വെല്ലുവിളിക്കാന്‍ അവര്‍ ഇപ്പോള്‍ ധൈര്യപ്പെടുന്നത്.

എന്നാല്‍ ആളുകള്‍ക്ക് സി.എ.എ മനസ്സിലായിട്ടില്ല എന്നാണ് ബി.ജെ.പി പറയുന്നത്.

ഇതിനെക്കുറിച്ച് ശരിക്കും മനസ്സിലായിട്ടില്ലെങ്കില്‍ ഇത്രയധികം ആളുകള്‍ തെരുവിലിറങ്ങുമോ ?. ജാതി, ഭാഷ, വംശീയത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കായുള്ള പ്രതിഷേധം അധിക കാലം നിലനില്‍ക്കില്ല. ഇത് ജനങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടാണ് തെരുവിലിറങ്ങിയത്. ഈ നിയമം തങ്ങള്‍ക്ക് നല്ലതല്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ തെരുവുകളില്‍ തന്നെ നിലകൊള്ളുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇത്രയും നീണ്ട നാള്‍ ആളുകള്‍ പ്രതിഷേധിച്ച ഒരു സംഭവവും എനിക്ക് ഓര്‍മിക്കാന്‍ കഴിയില്ല. ഷാഹിന്‍ ബാഗ് സമരം നാല് മാസത്തോടടുക്കുന്നു ഇതൊരു മുസ്ലീം സമരമല്ലെന്നും ഞാന്‍ ഊന്നിപ്പറയുന്നു. അവരെല്ലാം ഇന്ത്യക്കാരായാണ് പ്രതിഷേധിക്കുന്നത്.

ഇതിനു പിന്നിലെ അജണ്ട എന്താണെന്നാണ് താങ്കള്‍ വിശ്വസിക്കുന്നത് ?

ബി.ജെ.പി ഹിന്ദു ദേശീയതയാണ് നിര്‍മിക്കുന്നതെ വളരെ വ്യക്തമാണ്. ദേശീയതയും ഭാഷാപരവുമായ മറ്റ് രൂപങ്ങളെല്ലാം നിരാകരിക്കാനാണ് ഇത് ശ്രമിക്കുന്നത്.
ആളുകള്‍ അണിനിരക്കേണ്ടത് തമിഴരോ കന്നഡികളോ ആയിട്ടല്ല, മറിച്ച് ഹിന്ദുക്കളായിട്ടാണെന്നും അവര്‍ പറയുന്നു. ഈ സമയത്ത് ദലിതുകളെയും ഗോത്രവര്‍ഗക്കാരെയും അവര്‍ വിളിച്ചുകൂട്ടി ഹിന്ദുക്കളായി അണിനിരക്കാനാണ് ആവശ്യപ്പെടുന്നത്. ജാതി അടിച്ചമര്‍ത്തലുകളെ എതിര്‍ത്ത ചില പ്രസ്ഥാനങ്ങള്‍ ഇത് ആര്‍.എസ്.എസിന്റെ ഒരു അംഗീകാരമായി കാണുകയും അവരുമായി കൈകോര്‍ക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു പരിവര്‍ത്തനവും നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ആര്‍.എസ്.എസ് ഒരൊറ്റ കല്ല് കൊണ്ട് കൂടുതല്‍ പക്ഷികളെ കൊല്ലുകയാണ് ചെയ്യുന്നത്.

അവലംബം:thewire.in
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Related Articles
Show More
Close
Close