Current Date

Search
Close this search box.
Search
Close this search box.

ടു കിൽ എ മോക്കിംഗ് ബേഡ്: വംശീയതയും നന്മ-തിന്മകൾക്കിടയിലെ സംഘർഷവും

ബാല്യകാല സ്മരണകളിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന മാസ്മരികമായൊരു കൃതിയാണ് ഹാർപർ ലീ എഴുതിയ “ടു കിൽ എ മോക്കിങ് ബേഡ്” എന്ന നോവൽ. 1960ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി തൊട്ടടുത്ത വർഷം തന്നെ പ്രശസ്തമായ പുലിറ്റ്സർ പുരസ്കാരത്തിന് അർഹമായി. നാൽപതിലേറെ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ഈ കൃതി വർഷം തോറും മില്യനിലേറെ കോപ്പികളാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്. രണ്ടു ഭാഗങ്ങളും മുപ്പത്തഞ്ചോളം അധ്യായങ്ങളുമുള്ള  നോവലിൽ കാര്യമായി ചർച്ച ചെയ്യുന്നത് അമേരിക്കയിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വംശീയതയെപ്പറ്റിയാണ്. നന്മക്കും തിന്മക്കും ഇടയിലെ സംഘർഷങ്ങൾ, സാമൂഹിക അനീതികൾ, മനുഷ്യ സ്വഭാവത്തിന്റെ ഇരുണ്ട അറകൾ എന്നിവയെല്ലാം ഇതിൽ ചർച്ചക്ക് പാത്രമാകുന്നു.

കൗമാരകാല കുസൃതികളുടെ അവ്യക്തമായ ഓർമകൾ വീണ്ടും ഒരുക്കൂട്ടുകയാണ്‌ നോവലിസ്റ്റ് ഒന്നാം ഭാഗത്തിൽ. കേന്ദ്ര കഥാപാത്രമായ സ്കൗട്ട് ഫിഞ്ച്, സഹോദരൻ ജെം ഫിഞ്ച്, പിതാവും അഭിഭാഷകനുമായ അറ്റികസ്‌ ഫിഞ്ച്, വീട്ടുവേലക്കാരി യായ കാൽപർണിയ, സ്‌കൗട്ടിന്റെ സുഹൃത്തായ ഡിൽ ഹാരിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നോവലിലെ നിഗൂഢ കഥാപാത്രമായ ബൂ റാഡ് ലി അവരുടെ അയൽക്കാരനാണ്. മേയ്കോമ്പ് ദേശത്തെ സ്ഥിരം ചർച്ചാവിഷയമായ അവൻ പല കുട്ടികളുടെയും പേടിസ്വപ്നം കൂടിയായിരുന്നു. സ്കൗട്ടിന്റെ സുഹൃത്തായ ഡിൽ ഹാരിസ് എല്ലാ വേനൽക്കാലത്തും മേയ്കോമ്പിലെ അവരുടെ വീട്ടിലേക്ക് വിരുന്നു വരാറുണ്ട്. റാഡ്‌ലി എന്നും രാത്രി മാത്രമേ പുറത്തിറങ്ങാറുള്ളൂവെന്നും അയൽപക്കങ്ങളിലെ വളർത്തു മൃഗങ്ങളെ അവൻ കൊല്ലാറുണ്ടെന്നുമുള്ള ഒരു അടക്കംപറച്ചിൽ അവരുടെ ചെവിയിലുമെത്തിയതോടെ എങ്ങനെയെങ്കിലും റാഡ് ലിയെ പുറത്തിറക്കാനായി അവരുടെ ശ്രമങ്ങൾ. ഇതിനായി അവർ നടത്തുന്ന പലവിധേനയുള്ള സാഹസങ്ങളാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗം മുഴുവൻ.

രണ്ടാം ഭാഗത്തിലെത്തുന്ന തോടെ ടോം റോബിൻസൺ, ഏവൽ, മൗഡീ ആറ്റ്കിൻസൺ എന്നീ കഥാപാത്രങ്ങൾ കൂടി കഥയിലേക്ക് കയറിവരുന്നു. വെളുത്തവർഗക്കാരിയായ ഏവലിനെ ബലാത്സംഗം ചെയ്തെന്ന്‌ ആരോപിക്കപ്പെട്ടതിന്റെ പേരിൽ അന്യായമായി തടവിൽ വെച്ചിരിക്കുകയാണ് കറുത്ത വർഗക്കാരനായ ടോമിനെ. താൻ ജയിക്കില്ലെന്നറിഞ്ഞിട്ടും ടോമിന് വേണ്ടി കേസ് വാദിക്കാൻ അഭിഭാഷകനായ അറ്റിക്കസ് ഫിഞ്ച് ഇറങ്ങിത്തിരിക്കുന്നു. ഇതിന്റെ പേരിൽ തന്റെ സമുദായത്തിന്റെ പഴി മുഴുവൻ അദ്ദേഹത്തിന് കേൾക്കേണ്ടി വരുന്നു. ടോം വിചാരണ നേരിടുന്നതിനിടയിൽ അദ്ദേഹത്തിന്റെ മക്കളായ സ്കൗട്ടിനും ജെമ്മിനും ഏൽക്കേണ്ടി വരുന്ന മാനസിക പീഡനങ്ങൾ അമേരിക്കൻ സമൂഹത്തിനിടയിൽ രൂഢമൂലമായ കാപട്യത്തിന്റെ ഇരട്ടമുഖങ്ങൾ നമുക്ക് കാണിച്ചുതരുന്നു.

Also read: “നിനക്കു ആവശ്യമുള്ളത് എടുത്തു കൊള്ളൂ “

അലബാമയിൽ വലിയ തോതിൽ വംശീയ വിവേചനങ്ങൾ നിലനിൽക്കുകയും മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ അമേരിക്കയിൽ അതിന്റെ പാരമ്യത്തിൽ നിൽക്കുകയും ചെയ്ത കാലത്താണ് ഹാർപ്പർ ലീ ജനിക്കുന്നത്. അടിമത്തം അമേരിക്കയിൽ നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും ആഫ്രിക്കൻ അമേരിക്കക്കാർ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങൾക്ക്‌ ഒരു അറുതിയും ഉണ്ടായിരുന്നില്ല അന്നും. ശുചിമുറികൾ, വെന്റിംഗ് മെഷീനുകൾ തുടങ്ങി പൊതു ഗതാഗതം, കാത്തിരുപ്പ് കേന്ദ്രങ്ങളിൽ വരെ വിവേചനം ശക്തമായിരുന്നു. വിദ്യാഭ്യാസ രംഗത്ത് അവർ നേരിട്ട നീചത്വങ്ങൾ കാരണം മിക്കവരും നിരക്ഷരരോ, ഉന്നത വിദ്യാഭ്യാസം ലഭിക്കാൻ അവസരമില്ലാത്തവരോ ആയിരുന്നു. അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയിലൂടെയായിരുന്നു അവർ ഭീകരമായ വിവേചനങ്ങൾ നേരിട്ടത്. ടോം റോബിൻസനെ പോലെ വ്യക്തമായ തെളിവുകളോ, കാരണമോ ഇല്ലാതെ കറുത്ത വർഗ്ഗക്കാർ നിരന്തരം അറസ്റ്റ് ചെയ്യപ്പെടുകയും കുറ്റക്കാരാക്കപ്പെടുകയും ചെയ്തു. ജൂറിയിൽ മേധാവിത്വമുണ്ടായിരുന്ന വെള്ളക്കാർ ഒരു തെളിവും കൂടാതെ അവരെ ശിക്ഷിക്കുകയും ചെയ്തു. വംശീയത ജനങ്ങൾക്കിടയിൽ തന്നെ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അറ്റികസ് ഫിഞ്ചിനെപ്പോലെ വെള്ളക്കാരനായ ഒരാൾ ഒരു കറുത്ത വർഗ്ഗക്കാരനുവേണ്ടി വാദിക്കുന്നത് ചില്ലറ അലോസരങ്ങൾക്ക്‌ ഇടയാക്കാവുന്ന തരത്തിൽ കറുത്തവരോട് കൂടുതൽ വെറുപ്പ് പ്രകടമായ കാലമായിരുന്നു അത്.

1930കളിൽ അലബാമയിലെ മേയ്കോമ്പ് എന്ന സാങ്കല്പിക പ്രദേശത്താണ് ഈ കഥ അരങ്ങേറുന്നത്. ഏറെ അപകടകരമായ സാമൂഹിക, രാഷ്ട്രീയ സാഹചര്യമായിരുന്നു അന്ന് അമേരിക്കയിൽ നിലവിലുണ്ടായിരുന്നത്. മഹാ സാമ്പത്തിക മാന്ദ്യത്തിന് പുറമെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അമേരിക്കയെ ചൂഴ്ന്നു നിന്ന കാലഘട്ടം കൂടിയായിരുന്നു മുപ്പതുകൾ. അത് സ്വാഭാവികമായും മനുഷ്യാവകാശ സമരങ്ങളെയും പ്രസ്ഥാനങ്ങളെയും ബാധിക്കുകയുണ്ടായി.

Also read: അന്താരാഷ്ട്ര വികസനത്തിന്റെ വംശീയ ഇരട്ടത്താപ്പുകൾ

ചില പ്രതീകങ്ങളിലൂടെ ശക്തവും സുദൃഢവുമായ ചില സന്ദേശങ്ങൾ നൽകാനാണ് ഹാർപർ ലീ ശ്രമിച്ചത്. ഇതിൽ mockingbird-നെ നിഷ്കളങ്കതയുടെ പ്രതീകമാണ്. നോവലിന്റെ പത്താമധ്യായത്തിൽ അറ്റികസ് തന്റെ മക്കളോട് അതിനെ കൊല്ലുന്നത് പാപമാണെന്ന് പറയുന്നത് കാണാം. അതിന്റെ ഉദ്ദേശ്യം നമുക്ക് മനസ്സിലാകുന്നത് മറ്റൊരു കഥാപാത്രത്തിന്റെ പറച്ചിലിലൂടെയാണ്. “അവയ്ക്ക് നിങ്ങളെ ആനന്ദിപ്പിക്കാനായി സംഗീതം പൊഴിക്കാൻ മാത്രമേ അറിയൂ. മനുഷ്യരുടെ തോട്ടങ്ങൾ തിന്നുമുടിക്കാനോ, ചോളക്കതിരുകളിൽ കൂടു കൂട്ടാനോ അവക്കറിയില്ല.” ടോം റോബിൻസന്റെയും ബൂ റാഡ് ലിയുടെയും പ്രതീകമായാണ് ഇവിടെ ആ പക്ഷി അവതരിപ്പിക്കപ്പെടുന്നത്. ഒരു വെള്ളക്കാരിപ്പെണ്ണ് ബലാത്സംഗ ആരോപണം നടത്തിയതിന്റെ പേരിൽ പോലിസ് മർദ്ദനത്തിനിരയായി ടോം മരണപ്പെടുന്നു. കുട്ടിക്കാലത്ത് എന്നോ ചെയ്തൊരു തെറ്റിന്റെ പേരിൽ റാഡ്‌ലിക്ക്‌ ജീവിതകാലം മുഴുവൻ വീടിനകത്ത് കഴിയേണ്ടി വരുന്നു. അഥവാ, ചെയ്യാത്ത കുറ്റത്തിനാണ് ഇരുവരും ശിക്ഷ മുഴുവൻ ഏറ്റുവാങ്ങേണ്ടി വരുന്നതെന്നർഥം.

മറ്റൊരു കഥാപാത്രമായ മിസിസ് ദുബോസെ പ്രതീകവൽകരിക്കുന്നത് വംശീയ വിവേചനങ്ങളെയാണ്. മിസ്സ് മൗഡി എന്ന കഥാപാത്രമാകട്ടെ കഥയിലുടനീളം പ്രത്യക്ഷപ്പെടുന്നത് പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രതീകമായാണ്.
സന്തോഷത്തിന്റെയും മറ്റു നല്ല വികാരങ്ങളുടെയും പ്രതീകമായ ഏവലാകട്ടെ സമാധാനപൂർണമായ ഒരു ജീവിതത്തിന് വേണ്ടിയാണ് കൊതിച്ചു കൊണ്ടിക്കുന്നത്‌. മറുവശത്ത് ബൂ റാഡ്‌ലിയുടെ സ്ഥാനത്തെ പാട് അർത്ഥമാക്കുന്നത് അവനും സ്കൗട്ടിനുമിടയിലെ സുഹൃദ്ബന്ധമാണ്. അട്ടിക്കസ്‌ ഫിഞ്ചിനെ ഈ നോവലിൽ നീതിയുടെയും സമത്വത്തിന്റെയും പ്രതീകമായി നമുക്ക് കാണാനാകും.
വംശീയത അമേരിക്കൻ ജനതയെ എത്രമാത്രം ചൂഴ്ന്നു നിൽക്കുന്നുണ്ടെന്ന് ഹാർപ്പർ ലീ മനോഹരമായാണ് ഈ കൃതിയിൽ വിവരിക്കുന്നത്. “നിനക്കറിയാമെന്ന് നീ പറയുന്ന സത്യം ഇതായിരിക്കും: ചില നീഗ്രോകൾ കള്ളം പറയുന്നു, അവരിൽ ചിലർ അധാർമിക പ്രവൃത്തികളിൽ ഏർപ്പെടുന്നു. ചില കറുത്ത വർഗക്കാരെ മാത്രമാണ് വിശ്വസിക്കാനേ പറ്റാത്തത്.! പക്ഷേ ഈ സത്യം എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണെന്നറിയുക, ഒരു പ്രത്യേക വംശത്തിനോ വിഭാഗത്തിനോ മാത്രം തീരെഴുതി വെക്കപ്പെട്ടതല്ല അവയെന്നും.”
മുപ്പതുകളിലെ അമേരിക്കൻ സാഹചര്യത്തെ ഈ പുസ്തകം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെങ്കിലും അതിവൈകാരികമായാണ് അത് പര്യവസാനിക്കുന്നത്.

To Kill A Mockingbird
Author: Harper Lee
Publisher: J.B. Lippincott & Co.
Pages: 281

വിവ- അഫ്സൽ പിടി മുഹമ്മദ്

Related Articles