Current Date

Search
Close this search box.
Search
Close this search box.

“നിനക്കു ആവശ്യമുള്ളത് എടുത്തു കൊള്ളൂ “

ഒരിക്കൽ പ്രവാചകന്റെ സവിധത്തിൽ ഹിന്ദ് കയറി വന്നു. ആരാണ് ഹിന്ദ് എന്നറിയാമല്ലോ. ഒരു കാലത്തെ ഇസ്ലാമിന്റെ കഠിന ശത്രു. ഉഹ്ദ് യുദ്ധത്തിൽ പ്രവാചകൻറെ അമ്മാവനായ ഹംസ (റ)വിന്റെ കരൾ കടിച്ചു തുപ്പിയ സ്ത്രീ. ഹംസ യെ വധിക്കാൻ അവർ വഹ്‌ശി എന്ന അടിമയെ തെര്യപ്പെടുത്തി. അതിനു പാരിതോഷികമായി അവർ നൽകിയത് വഹ്‌ശിയുടെ മോചനമായിരുന്നു. ബദ്‌റിലും ഉഹ്ദിലും ഇസ്ലാമിന്റെ കടുത്ത എതിരാളിയായ അബൂസുഫ് യാൻ ആണ് അവരുടെ ഭർത്താവ്. പിന്നീട് ഇവരെല്ലാം ഇസ്ലാമിന്റെ ശീതള ഛായയിൽ അഭയം തേടിയെന്നത് ചരിത്രം. അമവി ഭരണ കൂടത്തിന്റെ പ്രഥമ അമീർ ആയ മുആവിയ ആകട്ടെ ഹിന്ദിന്റെയും അബൂസുഫ്‌യാന്റെയും ഓമന പുത്രൻ.

ഹിന്ദ് വന്നത് എന്തിനെന്നു അറിയേണ്ടേ? അതു ഒരു മസ്‌അല (മതവിധി) ചോദിക്കാൻ ആയിരുന്നു. അവർ പറഞ്ഞു. അബൂ സൂഫ് യാൻ എന്ന എന്റെ ഭർത്താവ് അറു പിശുക്കനാണ്. അദ്ദേഹം എനിക്കും മക്കൾക്കും ചെലവിന് തരുന്ന തുക ഞങ്ങൾക്ക് മതിയാകുന്നില്ല. ആയതിനാൽ ഞാൻ അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ കുപ്പായ കീശയിൽ നിന്നു വീട്ടാവശ്യത്തിനുള്ള കാശ് എടുക്കാറുണ്ട്. ഇതു എനിക്ക് മതദൃഷ്ട്യാ അനുവദനീയമാണോ? ഇതാണ് ചോദ്യം.

Also read: ഗ്രന്ഥരചനക്കായി ജീവിതം മാറ്റിവെച്ചവർ

കൊല്ലുകയും തിന്നുകയും ചെയ്ത അവരെ ഇസ്ലാം മാറ്റി മറിച്ചത് നോക്കൂ. ഒരു നിസ്സാര പ്രശ്നമെന്ന് നമ്മിൽ പലർക്കും തോന്നുന്ന ഒരു വിഷയത്തിൽ പോലും മതവിധി അറിഞ്ഞു സൂക്ഷ്മത കൈക്കൊള്ളാൻ ശ്രമിക്കുന്ന അവരുടെ വിശ്വാസം എവിടെ? നമ്മുടെ വിശ്വാസമെവിടെ? ഇതിലൊക്കെ ഇത്ര ആകുലപ്പെടാൻ എന്തിരിക്കുന്നു. അങ്ങോട്ട്‌ എടുത്താൽ പോരെ. അതല്ലെങ്കിൽ തുക മുഴുവൻ ഇങ്ങോട്ട് പോരട്ടെ ഞാൻ ചെലവ് ചെയ്തോളാം എന്നൊക്കെ യല്ലേ ഇന്നത്തെ നമ്മുടെ പല മദാമ്മമാരുടെയും ചിന്ത.

വിശ്വാസം ഉള്ളിൽ കടന്നാൽ ഓരോ കാലടി വെക്കുമ്പോഴും മനുഷ്യൻ ചിന്തിക്കും ഞാൻ ഈ ചെയ്യുന്നത് ഇസ്ലാമികമാണോ അല്ലയോ എന്നത്. അങ്ങിനെ യായിരുന്നു പൂർവ്വകാലത്തെ മനുഷ്യരെ ഇസ്ലാം പരിവർത്തിപ്പിച്ചത്. ഇന്ന് നമുക്കെല്ലാം എളുപ്പമാണ്. എല്ലാം നമുക്കറിയാം എന്ന ഭാവമാണ്. പോരെങ്കിൽ നമ്മുടെ താല്പര്യത്തിനു അനുഗുണമായി ഫത് വാ നൽകാൻ എല്ലാവരുടെയും പക്കൽ ആളുകളുമുണ്ട്.

പ്രവാചകന്റെ മറുപടി കേൾക്കണ്ടേ. “നിനക്കു ആവശ്യമുള്ളത് എടുത്തു കൊള്ളൂ “. പ്രവാചകന്റെ ഈ മറുപടി തെറ്റായി മനസ്സിലാക്കാൻ സാധ്യതയുണ്ട്. ഇതു ഖിയാമം നാൾ വരെ ഭർത്താവിന്റെ പോക്കറ്റടിക്കാൻ ഭാര്യക്ക് കൊടുത്ത ലൈസൻസ് അല്ല. ഭർത്താവിന്റെ സമ്പാദ്യത്തിൽ ഭാര്യയുടെ അവകാശത്തെ ഹൈ ലൈറ്റ് ചെയ്യുന്ന വിധിയാണിത്. പിശുക്കനായ ഭർത്താവിന്റെ പക്കൽ നിന്നു ചെലവിന് കിട്ടുന്നത് മതിയാകാതെ വരുമ്പോൾ അനുവദനീയമല്ലാത്ത വഴി തേടുന്നതിൽ നിന്നു പെണ്ണിനെ തടുക്കുന്ന വിധിയാണിത്.
ഇതു വായിച്ചു നാളെ എല്ലാ ഭാര്യമാരും പൈസ പോരാ എന്ന് പറഞ്ഞു ഭർത്താവിന്റെ കീശ തപ്പാൻ പോകരുത്.  ഏതെങ്കിലും അത്യാവശ്യത്തിന് മാറ്റിവച്ച കാശുമാവാമത് . അതിനാൽ അറിഞ്ഞും പറഞ്ഞുമാകട്ടെ എടുക്കലും കൊടുക്കലുമെല്ലാം.

 

Related Articles