Book Review

ഭൂപടങ്ങളില്‍ ഇടം കിട്ടാത്ത ദേശത്തിന്‍റെ കഥ

ജോര്‍ദാനും ഫലസ്തീനുമിടയിലെ ആദ്യത്തെ ചെക്ക്‌പോസ്റ്റില്‍ വെച്ച് ഒരു ഇസ്രായേലി സൈനികന്‍ എന്റെ ദേശീയതയെക്കുറിച്ച് ചോദിച്ചു.
ഞാനാക്രോശിച്ചു.
”എന്നെ നോക്കൂ? എന്നിട്ട് എന്താണ് കാണുന്നതെന്ന് പറയൂ”.
എന്റെ ഞരമ്പില്‍ നിന്ന് ഞാനൊരു ഒലീവ് മരം വലിച്ചെടുത്തു.
ഉഗ്രകോപത്തോടെ മുന്നോട്ട് നീങ്ങി. എന്റെ പിതാമഹന്റെ ചോര കൊണ്ട് ചിത്രങ്ങള്‍ തുന്നിയുണ്ടാക്കിയ മാതാവിന്റെ വസ്ത്രം ഞാനവന് കാട്ടിക്കൊടുത്തു.
— ഇഖ്ബാല്‍ തമീമി (ഫലസ്തീനി കവയിത്രി)

ഇങ്ങനെയാണ് പി.കെ പാറക്കടവിന്റെ ഫലസ്തീന്‍ ജീവിതവും ചരിത്രവും പോരാട്ടവും പ്രണയവും രാഷ്ട്രീയവുമൊക്കെ പ്രമേയമാകുന്ന ‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന നോവല്‍ ആരംഭിക്കുന്നത്. ഒതുക്കിപ്പറയലിന്റെ രചനാതന്ത്രം വേണ്ടുവോളം ആവാഹിച്ചെടുത്ത മലയാളത്തിന്റെ അനുഗ്രഹീതനായ എഴുത്തുകാരനാണ് പി.കെ പാറക്കടവ്. ആ കയ്യടക്കം കൃതിയില്‍ മുഴുക്കെ കാണാം. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന ചെറുനോവല്‍, എങ്കിലും ഭാഷയുടെ സൗന്ദര്യവും താളാത്മകതയും പല അധ്യായങ്ങളും ആവര്‍ത്തിച്ച് വായിക്കാന്‍ വായനക്കാരനെ നിര്‍ബന്ധിപ്പിക്കുന്നു. ഓരോ വാക്കും സംവദിക്കുന്നത് ഹൃദയത്തോടാണ്. ഒപ്പം ഹൃദയഭേദകമായ ചിത്രങ്ങളും അനുബന്ധമായി ചേര്‍ത്തുവെച്ചിരിക്കുന്നു. നോവലിസ്റ്റ് ഫലസ്തീന്‍ എന്ന ദേശത്തിന്റെ ഭൂമിശാസ്ത്രം, രാഷ്ടീയം, പോരാട്ടം എന്നിവയെക്കുറിച്ചൊക്കെ നന്നായി ഗൃഹപാഠം നടത്തിയിട്ടുണ്ടെന്ന് ഓരോ വരിയിലും തെളിഞ്ഞ് കാണാം.

ഭൂപടങ്ങളില്‍ ഇടം കിട്ടാത്ത ദേശമാണ് ഫലസ്തീന്‍. ഏലിയ സുലൈമാന്‍ സംവിധാനം ചെയ്ത ”ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍” എന്ന പ്രസിദ്ധമായൊരു സിനിമയുണ്ട്. ജറുസലേമിലേക്ക് യാത്ര പോകുന്ന പ്രണയജോടികളുടെ കഥ പറയുന്നതാണ് പ്രമേയം. സിനിമ ഓസ്‌കാര്‍ അവാര്‍ഡിന് നാമനിര്‍ദേശം നല്‍കപ്പെട്ടെങ്കിലും ഫലസ്തീന്‍ എന്ന ഒരു രാജ്യം തന്നെയില്ലെന്ന് പറഞ്ഞാണെത്രെ അവാര്‍ഡില്‍ നിന്നും അന്ന് തഴയപ്പെട്ടത്. രാജ്യമില്ലാത്ത ജനതയായി ഫലസ്തീന്‍ ജനത എന്നും ലോകത്തിനു മുന്നില്‍ മുദ്രകുത്തപ്പെട്ടു. എന്നാല്‍ ലോകഭൂപടത്തില്‍ നിന്ന് മാത്രമേ ഇസ്രായീലിന് ഫലസ്തീനിനെ മായ്ച്ചുകളയാന്‍ സാധിച്ചിട്ടുള്ളൂ, അവിടെ പിറക്കുന്ന ഓരോ കുഞ്ഞിനും ദേശം എന്ന വികാരം നിറഞ്ഞുനിന്നിരുന്നു. അവരുടെ സാഹിത്യത്തിലും സിനിമകളിലും കവിതകളിലുമെല്ലാം ആ ദേശബോധം തെളിഞ്ഞുകാണാം. ഉമ്മ പറഞ്ഞുകൊടുക്കുന്ന കഥകളിലൂടെയാണ് ശഖാവി എന്ന പന്ത്രണ്ടു വയസ്സുകാരന്റെ ഉള്ളില്‍ ഫലസ്ത്വീന്‍ ദേശം പുനര്‍ജനിക്കുന്നത്. അവന്റെ ചുറ്റും മുഴങ്ങുന്നത് വെടിയൊച്ചകളാണ്. തോക്കുമായി റോന്ത് ചുറ്റുന്ന പട്ടാളക്കാര്‍ക്ക് നേരെ ഏതോ ഒരു ദൃഢ നിശ്ചയം പോലെ തന്റെ ജീന്‍സ് പാന്റിന്റെ പോക്കറ്റില്‍ നിന്ന് കല്ലെടുത്ത് എറിയുന്ന ശഖാവിയുടെ ചിത്രം ഫ്രെയിമിട്ട് വെക്കേണ്ടതാണ്. അന്തരീക്ഷത്തിലൂടെ ചീറിപ്പായുമ്പോള്‍ കല്ല് സംസാരിക്കുന്നുണ്ട്. ”ഞങ്ങളുടെ ജനതയെ തൊട്ടു കളിക്കരുത്. ഞങ്ങളുടെ നാടിനെ തൊട്ടുകളിക്കരുത് ”.

Also read: മനുഷ്യനും യന്ത്രവും തമ്മിലുള്ള സംഘട്ടനമാണ് റോബോട്ടിന്റെ സാമ്പത്തിക തന്ത്രം

ഭൂമിയില്‍ കഴിയുന്ന അലാമിയയും രക്തസാക്ഷികളുടെ സ്വര്‍ഗ്ഗം പൂകിയ ഫര്‍നാസുമാണ് മുഖ്യകഥാപാത്രങ്ങള്‍. തലക്ക് മുകളില്‍ തീ ബോംബുകള്‍ വര്‍ഷിക്കുമ്പോഴും ഫലസ്തീന്‍ ജനത കാണിക്കുന്ന ധൈര്യം ആരെയും അമ്പരപ്പിക്കുന്നതാണ്. ഇസ്രായീലിന്റെ മൃഗീയമായ അക്രമങ്ങളില്‍ സ്‌കൂളുകളും ആശുപത്രികളും വീടുകളുമെല്ലാം തകര്‍ന്ന് വീഴുമ്പോള്‍ അലാമിയക്ക് ഫര്‍നാസ് ധൈര്യം നല്‍കുന്നുണ്ട്. ” എല്ലാ മേല്‍ക്കൂരകളും തകര്‍ന്നാലും ആകാശം ബാക്കിയായി അവിടെയുണ്ടാകും. ഭൂമിയില്‍ വിനാശം വിതയ്ക്കുന്നവര്‍ക്കെതരിരെ ആകാശം മേല്‍ക്കൂരയാക്കി നമ്മള്‍ പൊരുതും”. ഇസ്രായീലി സൈന്യം ബോംബ് വര്‍ഷിച്ച് തകര്‍ന്ന് തരിപ്പണമായ ബില്‍ഡിംഗുകള്‍ക്കിടയില്‍ നിന്ന് പന്ത് കളിക്കുന്ന കുട്ടികളുടെ മനോധൈര്യം അളക്കാനുള്ള മാപിനി കണ്ടെത്തപ്പെട്ടിട്ടില്ലത്രെ. അല്ലെങ്കിലും പ്രതീക്ഷ തന്നെയാണ് ജീവിതം. അലാമിയക്ക് ഫര്‍നാസ് നല്‍കിക്കൊണ്ടിരിക്കുന്നതും പ്രതീക്ഷ തന്നെ.

യുദ്ധം തളം കെട്ടി നില്‍ക്കുമ്പോഴും അവിടെ കല്യാണങ്ങള്‍ കെങ്കേമമായിത്തന്നെ നടക്കുന്നുണ്ട്. ഒരു സുപ്രഭാതത്തില്‍ ഫര്‍നാസ് അലാമിയയെ ക്ഷണിക്കുന്നുണ്ട്. വരൂ നമുക്കൊരു കല്യാണത്തിന് പോകാനുണ്ട്. അലാമിയ അത്ഭുതം കൂറുന്നു ”വെടിയൊച്ചകള്‍ക്ക് നടുവില്‍ തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ കല്യാണമോ ഫര്‍നാസ്? ഫര്‍നാസ് വേഗം വസ്ത്രം മാറി അണിഞ്ഞൊരുങ്ങാന്‍ പറയുന്നു. അവര്‍ ചെന്നു കയറിയത് ഗസ്സ സിറ്റിയിലുള്ള അഭയാര്‍ഥി ക്യാമ്പില്‍. അവിടെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ്. ഉമര്‍ അബൂ നമര്‍ ഹിബ ഫയ്യാദിനെ കൈ പിടിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. അവിടെ ഗസ്സയുടെ കണ്ണീരില്ല, നെടുവീര്‍പ്പില്ല. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയുള്ള ആഹ്ലാദത്തിന്റെ നൃത്തച്ചുവടുകളാണ് എല്ലായിടത്തും. അവരുടെ കണ്ണുകളില്‍ പോലും ഭയത്തിന്റെയോ ആശങ്കയുടേയോ ഒരു മുറിപ്പാടു പോലുമില്ല. ഫര്‍നാസ് പതിയെ ചെവിയില്‍ മന്ത്രിക്കുന്നുണ്ട് ‘ അലാമിയാ, ഒരു ബോംബ് വന്ന് അവരുടെ ജീവിതം കെടുത്തിക്കളഞ്ഞാല്‍ പോലും ആരും നെടുവീര്‍പ്പിടില്ല ”. തോക്കുകളോ ബോംബുകളോ മിസൈലുകളോ അടുത്ത നിമിഷം ഈ ആഹ്ളാദം കെടുത്തിക്കളഞ്ഞാല്‍ പോലും ഇതവസാനിക്കുന്നില്ല. ആറുകളൊഴുകുന്ന ആരാമങ്ങള്‍ക്കിടയില്‍ നാളെ അവര്‍ ഇണകളായി ഉണ്ടാകും. അവര്‍ ജീവിതം തുടങ്ങുന്നതവിടെയായിരിക്കും. ആ വിശ്വാസമാണ് അവരെ ഇത്രമേല്‍ ആനന്ദനൃത്തം ചവിട്ടിക്കുന്നത്.

ഒരിക്കല്‍ ഫര്‍നാസിന്റെ വീടിന്റെ ഭിത്തിയില്‍ തൂങ്ങിയ അതിഭീകരമായ ഒരു പെയിന്റിംഗ് കണ്ട് അവള്‍ പേടിച്ചു പോകുന്നുണ്ട്. നോക്കിനില്‍ക്കെ ചിത്രത്തില്‍ നിന്ന് നിസ്സഹായരായ മനുഷ്യരുടെ നിലവിളികള്‍ കേട്ട് അവള്‍ കാത് പൊത്തി. ഈ പെയിന്റിംഗ് മാറ്റി അവിടെ പൂക്കളുടേയും കിളികളുടേയും ചിത്രം വെച്ചുകൂടെ? എന്നവള്‍ ചോദിക്കുന്നു. ഫര്‍നാസ് പറയുന്നു: ഇവിടെ ഫലസ്തീനില്‍ അവര്‍ ചോരകൊണ്ട് ചിത്രമെഴുതുമ്പോള്‍ നമ്മളെങ്ങനെയാണ് പൂക്കളേയും കിളികളേയും കിനാവു കാണുക? ഫര്‍നാസ് അവളെ തന്നോടു ചേര്‍ത്തി കാതുകളില്‍ മൊഴിഞ്ഞു: ” ഞാന്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നു. പക്ഷെ, ഫലസ്തീനിനെ നിന്നേക്കാള്‍ സ്‌നേഹിക്കുന്നു’.

ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്  50 രൂപയാണ് വില.

Facebook Comments

അബ്ദുല്ലത്തീഫ് പാലത്തുങ്കര

1995 നവംബര്‍ 08ന് കണ്ണൂര്‍ ജില്ലയിലെ പാലത്തുങ്കരയില്‍ ജനനം. മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ 10 വര്‍ഷത്തെ പഠനം, ശേഷം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ദഅ്‌വ ആന്‍ഡ് കംപാരിറ്റീവ് റിലീജ്യനില്‍ പി.ജി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രീ പൂര്‍ത്തിയാക്കി. തെളിച്ചം മാസികയുടെ മുന്‍ എഡിറ്ററായിരുന്നു. നിലവില്‍ മാണിയൂര്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജില്‍ ലക്ചററായി ജോലി ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker