Current Date

Search
Close this search box.
Search
Close this search box.

ഇണയോടുള്ള ശാരീരികവും മാനസികവും സാമൂഹ്യവുമായ ബാധ്യത

അത്യധികം ആത്മാർത്ഥതയും സ്ഥൈര്യധൈര്യാദികളും കൈമുതലായുള്ള ഉഥ്മാൻ ഇബ്നു മള്’ഊൻ ദേശത്യാഗം, സുപ്രധാനമായ പോരാട്ടങ്ങൾ എന്നിവയിലൊക്കെ പ്രവാചകനൊപ്പം പങ്കെടുത്തിട്ടുള്ള ഒരനുചരനാണ്. ക്ഷണികമായ ഐഹികജീവിതത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തിൽ വിരക്തിയുളവാക്കി. സ്വന്തം വീട്ടിൽ അദ്ദേഹം ആത്മീയതയുടെ ഒരു തുരുത്തായി മാറി. ഇണയിൽ നിന്നും ലൈംഗികമായി അകലം പാലിച്ചു.

അതത്ര നല്ല ഏർപ്പാടായി ഖൌല ബിൻത് ഹകീമിന് തോന്നിയില്ല. അവരാകട്ടെ, തന്റെ സമർപ്പണ സന്നദ്ധതയും സ്ഥൈര്യവുമൊക്കെ ഉഥ്മാനെക്കാൾ മുന്നേ തെളിയിച്ച വനിതയുമാണ്. ഖൌല നബിയെ സമീപിച്ചു. ഭർത്താവിനെതിരെയുള്ള പരാതിയുമായി. നബി അവരെ ശ്രദ്ധാപൂർവം കേട്ടു. ശേഷം ഉഥ്മാനെ വിളിപ്പിച്ചു.

ജീവിതത്തിന്റെ സമഗ്രതയും ഇസ്ലാമിന്റെ മിതത്വം, ദ്വിധ്രുവതാദാത്മ്യം, സന്തുലിതത്വം എന്നിവയുമൊക്കെ പഠിപ്പിച്ചു. ഏകാന്തജീവിതം (monasticism), വിരക്തി (asceticism) തുടങ്ങിയവയൊന്നും ദീനിൽ ഒട്ടും പഥ്യമല്ലെന്നും അതൊന്നും മാതൃകായോഗ്യമായ നടപടികളേയല്ലെന്നും ബോധിപ്പിച്ചു. ഇണയോടുള്ള ശാരീരികവും മാനസികവും സാമൂഹ്യവുമായ ബാധ്യതകളെ കർക്കശമായി ഓർമിപ്പിക്കുകയും ചെയ്തു. ഞാനിതിൽ കാണുന്നത് രണ്ട് കാര്യങ്ങളാണ്.

Also read: മാതൃത്വം: സഫൂറ കേസ് വ്യക്തമാക്കുന്നത്‌

ഒന്ന്, ലൈംഗികതയോടുള്ള ഇസ്ലാമിന്റെ സമീപനം. മനുഷ്യന്റെ വികാരങ്ങളെയും അഭിനിവേശങ്ങളെയും ആദരിക്കുന്ന ദർശനമാണത്. ഇണയോടൊപ്പം രമിക്കുന്നതിൽ നിനക്ക് പുണ്യമുണ്ട് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ഒരിക്കൽ പ്രവാചകൻ തന്നെ.

അയഅ്തീ അഹദുനാ ശഹ്‌വതഹു അകാന ലഹു ഫീഹാ അജ്ർ എന്നതിശയിച്ചു അന്നേരം അത് കേട്ടവർ. ഞങ്ങളിലൊരാൾക്ക് കാമതൃഷ്ണയുണരുകയും അയാൾ അത് പൂർത്തീകരിക്കുകയും ചെയ്താൽ അതിലും പുണ്യമോ പ്രവാചകരേ? അതിശയിക്കാനില്ല. അതായിരുന്നു നേരത്തേ അവർ പഠിച്ചിരുന്ന ആത്മീയതയും മതവും.

അവിഹിതമായ, അധാർമികമായ മാർഗത്തിലാണ് തന്റെ തൃഷ്ണയ്ക്കൊരാൾ നിവൃത്തി കണ്ടെത്തുന്നതെങ്കിൽ അത് പാപമാകുമോ? എന്ന് പ്രവാചകൻ. തീർച്ചയായും. അക്കാര്യത്തിലാർക്കുമില്ല സംശയം. എങ്കിൽപ്പിന്നെ നേരെ തിരിച്ചും ചിന്തിക്കാൻ നിങ്ങൾക്കെന്തിന് മടി എന്ന് പ്രവാചകന്റെ ന്യായം.

സുപ്രധാനമായ രണ്ടാമത്തെ കാര്യം അന്നത്തെ സ്ത്രീകൾ നേടിയെടുത്തിരുന്ന ആർജവമാണ്. പെണ്ണവകാശങ്ങളെസ്സംബന്ധിച്ച മഹത്തരമായ പാഠങ്ങളും ബോധങ്ങളും സ്വായത്തമാക്കിയിട്ടുള്ള ഇന്നത്തെ സമൂഹത്തിൽപ്പോലം കെട്ടിയോൻ കൂടെക്കിടക്കുന്നില്ല എന്ന് പരാതി പറയാൻ ഒരുപക്ഷേ ഏത് പെണ്ണും ഒന്നറച്ചേക്കും.

Also read: കുഞ്ഞുമനസ്സിൽ ഉദിക്കുന്ന ലൈംഗീകപരമായ സംശയങ്ങൾ

ഇനിയഥവാ ഒരു പെണ്ണത് പറഞ്ഞാലും വേദിയിൽ പുരോഗമനം പറയുന്നവർ പോലും അബോധത്തിന്റെ ഏതോ കോണിലെങ്കിലും അവളെക്കുറിച്ച അശ്ലീലപദങ്ങൾ രേഖപ്പെടുത്തുകയും ചെയ്തേക്കാം. (വാളിൽ തുറന്ന പിന്തുണ കൊടുത്തിട്ട് ഇൻബോക്സിന്റെ പിൻവാതിലിൽ ചെന്ന് മുട്ടാനും ധൃഷ്ടരായേക്കാം അപൂർവം ചിലരെങ്കിലും).

ഖൌലക്ക് ഇതൊരു അവകാശപ്രശ്നമായിത്തന്നെ തോന്നി. തന്റെ വികാരങ്ങൾ തന്നെസ്സംബന്ധിച്ചിടത്തോളം പവിത്രമാണെന്നും. ഭർത്താവ് വിരക്ത സന്യാസം സ്വീകരിക്കുന്നത് തന്റെ വൈകാരികാവകാശങ്ങളുടെ ലംഘനം തന്നെയാണ്.

ഇതുപോലെ മറ്റൊരു പ്രശ്നം തന്റെ ഭർത്താവിനെതിരെ ഉന്നയിച്ച വേറൊരു ഖൌലയുമുണ്ട്. അവരുടെ പേര് ഖൌല ബിൻത് ഥഅലബ എന്നാണ്. ഖുർആൻ അവരുടെ കാര്യത്തിൽ ഇടപെടുന്നുമുണ്ട്. ആ പരാമർശത്തിൽ നിന്ന് മനസ്സിലാവുന്നത് തന്റെ ന്യായത്തിന് വേണ്ടി അവർ പ്രവാചകനോട് തർക്കിച്ചു നിന്നു എന്നാണ്. പക്ഷേ, ആ തർക്കത്തിൽ ഖൌലയോടൊപ്പമായിരുന്നു ഖുർആൻ നിലകൊണ്ടത്.

നാല് മാസത്തിൽക്കൂടുതൽ ഇണയിൽ നിന്ന് വേർപിരിഞ്ഞ് നിൽക്കാൻ ഒരു കാരണവശാലും ഒരു ഭർത്താവിനും അർഹതയില്ല എന്ന ഒരു ചർച്ചയുണ്ട് ഫിഖ്ഹിൽ. ഉമറിന്റെ കാലത്ത് അക്കാര്യത്തിൽ ഒരു നിയമം തന്നെ പാസ്സാക്കിയിരുന്നു. എന്ന് മാത്രമല്ല, രാജ്യരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട് സുപ്രധാനമായ പങ്കാളിത്തം വഹിക്കുന്ന സൈനികരിൽത്തന്നെ അദ്ദേഹം ആ നിയമം ആദ്യം കർക്കശമായി നടപ്പിൽ വരുത്തുകയും ചെയ്തു.

Also read: സൂറത്തുല്‍ മുല്‍ക്: ജീവിത മികവിന്‍റെ പാഠങ്ങള്‍

അത് പ്രകാരം നാല് മാസത്തിൽക്കൂടുതൽ വിട്ടു നിൽക്കുന്ന ഭർത്താവിനോട് ഭാര്യക്ക് തിരികെ വരാൻ ആവശ്യപ്പെടാം. അയാളത് കൂട്ടാക്കുന്നില്ലെങ്കിൽ അയാൾക്കെതിരെ കോടതിയെ സമീപിക്കണം. കോടതി വിവാഹമോചനം നൽകണം. ആ തീർപ്പിന് അയാൾ വഴങ്ങുന്നില്ലെങ്കിൽ അയാളെ ജയിലിലടക്കാൻ പോലും ചില ഇസ്ലാമിക നിയമപടുക്കൾ വിധിച്ചിട്ടുണ്ടെന്നാണ് അറിവ്. (ഫിഖ്ഹിൽ ഇതെഴുതുന്നയാൾക്ക് കാര്യമായ അവഗാഹമില്ല. ചില പുസ്തകങ്ങളെ അവലംബമാക്കിയാണ് ഇക്കാര്യങ്ങൾ പറയുന്നത്).

ഇനിയും ചില കർമശാസ്ത്രകാരന്മാരുടെ അഭിപ്രായത്തിൽ ഇതിനിടയിലൊരു കോടതി തന്നെ ആവശ്യമില്ല. നാല് മാസം കഴിഞ്ഞ് ഭാര്യ ആവശ്യപ്പെട്ടിട്ടും വരാൻ അയാൾ തയ്യാറാകുന്നില്ലെങ്കിൽ അവൾ സ്വയം തന്നെ വിവാഹമുക്തയായിത്തീരും എന്നാണ്.

ചുമ്മാ ഇരുന്ന് മുത്വലാഖ് മൊഴിഞ്ഞാൽ അത് ബാഇനായ (സ്ഥിരപ്പെട്ട) ത്വലാഖ് (വിവാഹമോചനം) ആയിത്തന്നെ പരിഗണിക്കും എന്ന് നിയമം കൊണ്ടു വന്നത് ഉമറാണ്. ഇന്ന് സ്ത്രീകൾക്കെതിരായി ഉപയോഗിക്കുകയും അതിന്റെ പേരിൽ വിവാദമാകുകയും ചെയ്തു ആ വ്യവസ്ഥ, പക്ഷേ ഉമർ കൊണ്ടു വന്നത് സ്ത്രീകളുടെ തന്നെ ആവശ്യപ്രകാരമായിരുന്നു.

ദേഷ്യപ്പെടുമ്പോൾ ചുമ്മാ മുത്വലാഖ് മൊഴിയുന്നത് തങ്ങളുടെ അന്തസ്സിന് നേരെയുള്ള വെല്ലുവിളിയാണെന്നും അമ്മാതിരി ഭർതൃവങ്കന്മാരെ നിയന്ത്രിക്കണം എന്നുമായിരുന്നു പെണ്ണുങ്ങളുടെ ആവശ്യം. ഉമർ അത് അപ്പാടെ പരിഗണിച്ചു.

അതായത്, ആ മുത്വലാഖ് നിയമം ആണുങ്ങളെ കൈകാര്യെ ചെയ്യാൻ വേണ്ടി പുറപ്പെടുവിച്ച ഒരു വിജ്ഞാപനമായിരുന്നു. എന്തെന്നാൽ ഇത്തരം വർത്തമാനങ്ങൾ പറയുന്ന ഭർത്താക്കന്മാരോട് പോയിപ്പണി നോക്കാമ്പറയണം എന്ന് ഭരണകൂടത്തോട് ആവശ്യപ്പെടാനുള്ള ആർജവത്തിലേക്കാണ് പ്രവാചകദർശനം സ്ത്രീകളെ ഉയർത്തിയത്. അതായിരുന്നു പ്രവാചകന്റെ കാഴ്ചപ്പാടും ദർശനവും.

ഇതിപ്പോൾ പറയാൻ കാരണമെന്തെന്നൊന്നും ചോദിക്കണ്ട. വെറുതെ ഇരുന്നോരോന്ന് ചിന്തിച്ചപ്പോൾ കുറിച്ചു എന്നേയുള്ളൂ. പിന്നെ, ഇതൊക്കെ എപ്പോഴും പ്രസക്തമായ പാഠങ്ങളുമാണല്ലോ.

Related Articles