Current Date

Search
Close this search box.
Search
Close this search box.

സൂറത്തുല്‍ മുല്‍ക്: ജീവിത മികവിന്‍റെ പാഠങ്ങള്‍

പ്രവാചകന്‍ തിരുമേനിയുടെ മക്കാ ജീവിത കാലയളവില്‍ അവതരിച്ച 30 സൂക്തങ്ങളുള്ള അറുപത്തിയേഴാമത്തെ അധ്യായമാണ് സൂറത്തുല്‍ മുല്‍ക്. മാലാഖമാരായാലും പ്രവാകചകന്മാരായാലും മനുഷ്യരായാലും ചിലര്‍ക്ക് ചിലരെക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന് പറയുന്ന ഇസ്ലാം, ഖുര്‍ആനിക അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും കാര്യത്തിലും ഈ ഒരു നിലപാട് സ്വീകരിച്ചതായി കാണാം. അത്തരത്തില്‍ ശ്രദ്ധേയമായ ഒരു അധ്യായമാണ് സൂറത്തുല്‍ മുല്‍ക്. അല്ലാഹുവിന്‍റെ ആധിപത്യം എന്നാണ് അധ്യായത്തിന്‍റെ വിവിക്ഷ.

മക്കയില്‍ അവതരിച്ച മറ്റു സൂറത്തുകളെ പോലെ, ഈ അധ്യായത്തിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: അല്ലാഹുവിന്‍റെ മഹത്വം സംസ്ഥാപിക്കല്‍, അതിന് ആവശ്യമായ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കല്‍, സത്യനിഷേധികളുടെ ദാരുണമായ പരിണാമം,ഏകദൈവവിശ്വാസത്തെ മനുഷ്യ മനസ്സില്‍ ശക്തമായി ഊട്ടിയുറപ്പിക്കല്‍, മരണാനന്തരം വരാനിരിക്കുന്ന ഭയാനക ദിനങ്ങളെ കുറിച്ച മുന്നറിയിപ്പ് നല്‍കല്‍ തുടങ്ങിയ എക്കാലത്തേയും മനുഷ്യ മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഇതിലെ പ്രതിപാദ്യം.

Also read: മാതൃത്വം: സഫൂറ കേസ് വ്യക്തമാക്കുന്നത്‌

വിശ്വാസി ദിനേന  പാരായണം ചെയ്യേണ്ട സൂറത്തുകളില്‍ ഒന്നാണ് ഇതെന്ന് പ്രവാചക വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. അബൂഹുറൈറ (റ) യില്‍ നിന്ന് നിവേദനം: നബി (സ) അരുളി: അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മുപ്പത് സൂക്തങ്ങള്‍ മാത്രമുള്ള അധ്യായം അന്ത്യനാളില്‍ നരകാവകാശിയായ ഒരു മനുഷ്യനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നത് വരെ ശുപാര്‍ശ ചെയ്തുകൊണ്ടിരിക്കും. അതത്രെ സൂറത്തുല്‍ മുല്‍ക്. ഇബ്നു അബ്ബാസ് (റ) യില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു നിവേദനം: നബി (സ) അരുളി: എന്‍റെ സമുദായത്തിലെ ഓരോ മനുഷ്യന്‍റെ ഹൃദയത്തിലും “തബാറകല്ലദീ ബി യദിഹില്‍ മുല്‍ക്” എന്ന സൂക്തത്തില്‍ തുടങ്ങൂന്ന സൂറത് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.

ചില നാടകീയ രംഗങ്ങളിലൂടെ കാര്യങ്ങള്‍ വിവരിക്കുന്ന രീതി നബി വചനങ്ങളില്‍ വിശ്രുതമാണ്. സൂറത്തുല്‍ മുല്‍കിനെ കുറിച്ച അത്തരത്തിലുളള ഒരു സംഭാഷണ ശകലം കാണൂ: സൂറത്തുല്‍ മുല്‍ക് അല്ലാഹുവിനോട് ഇങ്ങനെ ബോധിപ്പിക്കുന്നു: ഞാന്‍ നിന്‍റെ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഒരു ഭാഗമാണെങ്കില്‍, എന്നെ പരായണം ചെയ്തവനെ രക്ഷിച്ചാലും. എന്നാല്‍ ഞാന്‍ നിന്‍റെ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഭാഗമല്ലങ്കില്‍, അങ്ങ് എന്നെ ആ വിശുദ്ധ താളുകളില്‍ നിന്നും നീക്കം ചെയ്താലും. അതിനാല്‍ എന്നെ പാരായണം ചെയ്തവനെ അങ്ങ് രക്ഷിച്ചാലും.

ഈ അധ്യായത്തിലെ സുപ്രധാനമായ പാഠം മരണത്തേയും ജീവിതത്തേയും കുറിച്ചുള്ളതാണ്. മനുഷ്യരില്‍ ആരാണ് ഏറ്റവും മികവാര്‍ന്ന രീതിയില്‍ പ്രവൃത്തിക്കുന്നതെന്ന് പരീക്ഷിക്കുവാനാണ് ജീവിതവും മരണവും സൃഷ്ടിച്ചിട്ടുള്ളതെന്ന ആമുഖത്തോടെയാണ് അധ്യായം ആരംഭിക്കുന്നത്. ജീവിതം ഒരു പരീക്ഷണമാണെന്ന് ഇന്ന് ഏതാണ്ട് എല്ലാവരും സമ്മതിക്കുന്നു. ഒരിക്കല്‍ മാത്രം എഴുതാന്‍ കഴിയുന്ന പരീക്ഷ. മനുഷ്യായുസ്സാണ് പരീക്ഷാകാലം. സിലബസ്സാകട്ടെ ഖുര്‍ആനും. കര്‍മ്മങ്ങളാണ് അതിലെ ഉത്തരങ്ങള്‍. ആ ഉത്തരങ്ങള്‍ ശരിയും തെറ്റുമാകാം. സത്യാസത്യ മാനദണ്ഡമായ ഖുര്‍ആന്‍ അനുസരിച്ചായിരിക്കും വിജയനിദാനം നിര്‍ണ്ണയിക്കുക.

Also read: പരലോകബോധം ജീവിതത്തിൻ്റെ അടിത്തറയാക്കണം

ഈ സുറത്തിലെ രണ്ടാമത്തെ പാഠം പ്രപഞ്ച സൃഷ്ടിക്ക് പിന്നില്‍ അത്യുന്നതനായ ഒരു സൃഷ്ടാവുണ്ട് എന്നുള്ളതാണ്. എണ്ണമറ്റ പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക് അല്ലാഹു നമ്മുടെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് പറയുന്നു: നിങ്ങള്‍ സൂക്ഷ്മാമയി നിരീക്ഷിച്ച് നോക്കു: അവന്‍റെ സൃഷ്ടിപ്പില്‍ ഒരു തരത്തിലുള്ള വൈകല്യവും കാണുക സാധ്യമല്ല. മൂന്നാമത്തെ പാഠം ഓരോ സംഘവും നരഗത്തിലേക്ക് തള്ളപ്പെടുമ്പോള്‍ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും: ‘നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആരും വന്നിരുന്നില്ലയോ?’അവര്‍ പറയും: ‘അതെ, മുന്നറിയിപ്പുകാരന്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ, ഞങ്ങളദ്ദഹേത്തെ നിഷേധിച്ചുകളഞ്ഞു. ഇത്തരത്തിലുള്ള മനുഷ്യ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന നിരവധി സൂക്തങ്ങള്‍ ഈ അധ്യായത്തില്‍ കാണാം.

മികവിന്‍റെ അത്യുന്നത മാതൃകയാണ് (State of the art) നാം കാണുന്ന പ്രപഞ്ചം. അതിലെ നായകന്‍റെ റോളിലാണ് മനുഷ്യരുള്ളത്. പ്രപഞ്ചത്തെ സൃഷ്ടിച്ചത് പോലെ അവരെ സൃഷ്ടിച്ചിരിക്കുന്നതും അത്യുന്നതമായ മികവിലാണ്. ആ മികവ് അവരുടെ ജീവിതത്തിലും പ്രകടമാവണം എന്ന സുപ്രധാന ആഹ്വാനത്തോടെയാണ് ഈ അധ്യായം ആരംഭിക്കുന്നത്. മാലാഖ ജിബ്രീലിന്‍റെ പ്രശസ്തമായ ഹദീസില്‍ എങ്ങനെയാണ് ഇഹ്സാന്‍ (മികവ്) ആര്‍ജ്ജിക്കാന്‍ കഴിയുക എന്ന് വ്യക്തമാക്കുന്നു: അല്ലാഹു നിന്നെ കാണുന്നത് പോലെ നീ അവനെ ആരാധിക്കുക. ഇനി നിനക്ക് അവനെ കാണുന്നില്ലങ്കില്‍, അവന്‍ നിന്നെ കാണുന്നുണ്ട് എന്ന ബോധമെങ്കിലും ഉണ്ടാവണം.

സദാ സമയവും എല്ലായിടത്തും അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന വിചാരമാണ് മികവിലത്തൊനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. തൊഴിലെടുക്കുമ്പോള്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായാല്‍ കാര്യക്ഷമത വര്‍ധിക്കുമല്ലോ? അപ്പോള്‍ എല്ലാം അറിയുന്ന എല്ലാം കാണുന്ന ഒരു സൃഷ്ടാവിന്‍റെ സാനിധ്യം സൃഷ്ടിക്കുന്ന നിതാന്ത ജാഗ്രത പറയേണ്ടതില്ല. ജനങ്ങളോടുള്ള ഇടപെടലുകളിലും മികവ് പുലര്‍ത്താന്‍ ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്: അല്ലാഹു നിനക്കുതന്നിട്ടുള്ള സമ്പത്തുകൊണ്ട് പാരത്രികഗേഹം നേടാന്‍ നോക്കണം. എന്നാല്‍, ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളതുപോലെ നീയും നന്മ ചെയ്യക. ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്നേഹിക്കുന്നില്ല. 28:77 തുടര്‍ന്ന് വരുന്ന ആയത്തകളെല്ലാം സൃഷ്ടാവിന്‍റെ മഹത്തായ ദൃഷ്ടാന്തങ്ങളിലേക്ക് നമ്മെ ചിന്തകളെ ആനയിപ്പിക്കുന്നു. അചഞ്ചലമായ ദൈവവശ്വാസം മനസ്സില്‍ രൂഡമൂലമാവാനും സൂറത്തുല്‍ മുല്‍ക് നമ്മെ സഹായിക്കും. ഇത്കൊണ്ടാവാം ഈ സൂറത്തിന് അല്ലാഹുവിങ്കല്‍ പ്രത്യേക പദവി ലഭിക്കാന്‍ കാരണം.

Related Articles