Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുമനസ്സിൽ ഉദിക്കുന്ന ലൈംഗീകപരമായ സംശയങ്ങൾ

വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് കണ്മുന്നിൽ കാണുന്ന എന്തിനോടും തോന്നുന്ന അടങ്ങാത്തൊരു കൗതുകം ഉണ്ട്. അവരെ വിസ്മയിപ്പിക്കുന്ന വസ്തുക്കൾക്കും കാഴ്ചകൾക്കും നേരെ പതിയിരിക്കുന്ന അപകടം പോലും ഓർക്കാതെ അവർ നടന്നടുക്കുന്നത് കണ്ടിട്ടില്ലേ? ഓരോ നിമിഷവും കുഞ്ഞ് ലോകത്തെ അറിയാനുള്ള വ്യഗ്രതയിലാണ്. ചുറ്റിലുമുള്ള ഓരോന്നിനെക്കുറിച്ചും അറിയാനുള്ള ത്വരയും അമിതജിജ്ഞാസയും കൗതുകവും പോലെ സ്വന്തം ശരീരത്തിൽ കാണുന്ന അവയവങ്ങളോടും പ്രത്യകിച്ച് ലൈംഗീക അവയവത്തെക്കുറിച്ചും അറിയാനുള്ള ആകാംഷ അവരിൽ ഉണ്ടാവും.

എതിർലിംഗത്തിലുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഇത് എന്താണ് അവന്റേത്/അവളുടേത് അങ്ങനെ ഇരിക്കുന്നത് എന്നൊക്കെ കുഞ്ഞുങ്ങൾ ചിന്തിക്കുന്നത് സ്വാഭാവികമാണ്. സംസരിക്കാൻ ശീലിച്ചു കഴിഞ്ഞ ഒരു കുഞ്ഞാണെങ്കിൽ നിഷ്കളങ്കഭാവത്തിൽ എപ്പോഴെങ്കിലും അത് എന്താണ് അങ്ങനെയെന്ന് അമ്മയോടോ അച്ഛനോടോ ചോദിച്ചെന്നും വരാം. പറഞ്ഞുവരുന്നത് എന്തെന്നാൽ ലൈംഗീകപരമായ സംശയങ്ങളും അജ്ഞതകളും കുഞ്ഞുങ്ങളെ ഓരോ പ്രായത്തിലും അലട്ടാറുണ്ട്. അതിനാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് കുഞ്ഞുങ്ങളെ തടയരുത് ഒരിക്കലും. അതിനെല്ലാം വളരെ സമചിത്തതയോടെ കുഞ്ഞിന്റെ പ്രായത്തിനും ബൗദ്ധിക നിലവരത്തെയും അടിസ്ഥാനപ്പെടുത്തി ഉൾക്കൊള്ളാൻ തക്കവിധത്തിൽ അതിനൊത്ത മറുപടി നൽകുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾ മുന്നിൽ വരുമ്പോൾ മടിയും സങ്കോചവും കൂടാതെ അച്ഛനമ്മമാർ അതിനെ മാനേജ് ചെയ്യേണ്ടതുണ്ട്. ഒരുപക്ഷേ അമ്മയ്ക്കാവം അത് കുറച്ചുകൂടെ ഭംഗിയായി നിരവ്വഹിക്കാൻ സാധിക്കുക.

ലൈംഗീകാവയവങ്ങൾ കഴുകി ശുചിയാക്കി കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകതകയും അടിവസ്ത്രങ്ങൾ വൃത്തിയുള്ളവ ധരിക്കാനും പറഞ്ഞുകൊടുക്കണം. ലൈംഗീകാവയവങ്ങൾ നമ്മുടെ ശരീരത്തിലെ സ്വകാര്യ ഇടങ്ങളാണെന്നും അവിടെ അച്ഛനമ്മമൊരോ കൂടാതെ വീട്ടിൽ അവരെ പരിചരിക്കുന്ന മറ്റാരെങ്കിലും അല്ലാതെ ആർക്കും തൊടാൻ അനിവദിക്കരുത് എന്ന് ആൺകുട്ടിയോടും പെൺകുട്ടിയോടും ഒരേപോലെ പറഞ്ഞുകൊടുക്കണം. അതേപോലെ ഈ സമയങ്ങളിലാണ് തെറ്റായ സ്പർശനവും (bad touch) ശരിയ സ്പർശനവും (good touch) എന്തെന്ന് കുട്ടി അറിയേണ്ടത്. ഇത്തരം സംഗതികൾ സംസാരിക്കാനുള്ള ഒരു കംഫർട് ലെവൽ ബോധപൂർവ്വം മാതാപിതാക്കൾ ഉണ്ടാക്കി എടുക്കുകയാണ് വേണ്ടത്, അങ്ങനെ ഒരു സ്ട്രെയ്റ്റ് കമ്മ്യൂണിക്കേഷൻ വേണ്ടിയുള്ള ചാനൽ അച്ഛനമ്മമാർക്കും മക്കൾക്കും ഇടയിൽ ഉണ്ടായിരിക്കൽ വളരെ അനിവാര്യമാണെന്ന കാര്യം മറക്കാതിരിക്കുക. കുഞ്ഞുങ്ങൾക്ക് സ്വന്തം ശരീരത്തെക്കുറിച്ച് ബോധം നൽക്കേണ്ടതിന്റെ അനിവാര്യത എന്തെന്ന് ഇപ്പോഴും ഒട്ടുമിക്ക മാതാപിതാക്കൾക്കും അറിയില്ല എന്ന വസ്തുതയെ തള്ളിക്കളയാൻ കഴിയില്ല. മറ്റൊന്ന് എന്താണെന്ന് വെച്ചാൽ വലിയ പിള്ളേരായി മാറുന്നതു വരെ കുളിപ്പിച്ചും തല തോർത്തി കൊടുത്തും ഓവർ കേയറിങ് നൽകാതെ കൂടെ നിന്ന് അവരെ സ്വയം എല്ലാം ചെയ്യാൻ പ്രാപ്തരാക്കാൻ നോക്കണം. എല്ലാം സ്വയം ചെയ്യാൻ പരിശീലീപ്പിച്ചു എടുക്കലാണ് ആവശ്യം. പ്രാരംഭഘട്ടത്തിൽ എല്ലാം അച്ഛനമ്മമാരുടെ മേൽനോട്ടത്തിൽ ആവണം എന്ന് മാത്രം. പിന്നീട് അവർക്ക് വിട്ടുകൊടുക്കുകയും വേണം. മക്കളുടെ മേൽ, അവരുടെ കഴിവിലും സാമർത്ഥ്യത്തിലും ഒട്ടും ആത്മവിശ്വാസം പുലർത്താത്ത മാതാപിതാക്കളും അമിത ആത്മവിശ്വാസം പുലർത്തുന്ന മാതാപിതാക്കളും ചെയ്യുന്നത് ഏകദേശം ഒന്ന് തന്നെയാണ്, രണ്ടും ശരിയല്ല മക്കൾക്ക് അത് ദോഷം ചെയ്യും.

Also read: പ്രവാചകനും അനുചരന്മാരും ക്ഷമ കൈകൊണ്ട നിമിഷങ്ങള്‍

അപരിചിതരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അടുത്തപരിചയക്കാരിൽ നിന്നോ കുഞ്ഞുങ്ങൾക്ക് ശരീരത്തിൽ അനുചിതമായതോ, ആസ്വാരസ്യമുണർത്തുന്നതോ ആയ സ്പർശനമേൽക്കേണ്ടി വന്നു എന്നിരിക്കട്ടെ, സത്യത്തിൽ മിക്ക കുഞ്ഞുങ്ങൾക്കും അത് എളുപ്പം സെൻസ് ചെയ്യാനൊക്കെ കഴിയും എന്തോ തെറ്റായ ഒന്നാണ്, ഹിതമല്ലാത്ത ഒന്നാണ് ആ വ്യക്തി തന്നോട് ചെയ്യുന്നതെന്ന തോന്നൽ പെട്ടെന്ന് തന്നെ കുഞ്ഞിൽ ഉണ്ടാവും, ഒരു ഉൾശബ്ദത്തിലൂടെ കുഞ്ഞുങ്ങൾ അത് തിരിച്ചറിയും. എന്നാൽ അതിനെ തടയേണ്ടത് എങ്ങനെ എന്നറിയില്ല ഉള്ളിൽ പരിഭ്രമവും പരിഭ്രാന്തിയും വന്ന് നിറയും. കാരണം ആരും അവർക്ക് ഇതുവരെ പറഞ്ഞുകൊടുത്തിട്ടില്ല ഇത്തരമൊന്നിനെ കുറിച്ച്, ഇത്തരമൊരു ഘട്ടത്തിൽ എന്ത് വേണമെന്ന്. പരിഭ്രമത്താൽ കുഞ്ഞ് നാവ് അനങ്ങാതെ, കൈകാലുകൾ അനക്കാൻ ശേഷിയില്ലാത്ത വിധം ഇരയാവാൻ നിന്ന് കൊടുക്കും. കുഞ്ഞിനോട് ഹൃദയമില്ലായ്‌മ കാണിക്കുന്ന ആ ക്രൂരമനസ്സ് ആനന്ദം കൊള്ളുകയാവും അപ്പോഴെല്ലാം. അയാളുടെ സൈക്കിക്ക് മൈൻഡ് അതിനിടയിൽ കുഞ്ഞിനെ ഭീഷണിപ്പെടുത്തി നിർത്താനും മറക്കില്ല.

നിരന്തരം കുഞ്ഞ് ആ നിഷ്ഠൂരന്റെ കാര്യങ്ങളിൽ കിടന്ന് ഞെരിഞ്ഞമരും. ആ നിമിഷങ്ങളിലും അത് കഴിഞ്ഞും കുഞ്ഞ് കടന്ന് പോകുന്ന മാനസ്സിക അവസ്ഥയോ നിസ്സഹായതയോ ആരും അറിയില്ല. ഇനി ഈ അനുഭവം ആരെങ്കിലുമായി പങ്കിടാനോ താൻ നേരിടുന്ന മാനസ്സിക സംഘർഷം ആരോടെങ്കിലും ഒന്ന് തുറന്ന് പറയാനോ ആണെങ്കിൽ ആരോടാണ് പറയേണ്ടത്? എന്താണ് പറയേണ്ടത്, എങ്ങനെയാണ് പറയേണ്ടത്? പറഞ്ഞാൽ കേൾക്കാൻ ആരാണ് ഉള്ളത്? ഇത്തരം ചോദ്യങ്ങൾക്ക് മുന്നിൽ കുഞ്ഞ് പകച്ചു നിന്ന് പോകും. ആരെങ്കിലും അറിയുമെന്ന ഘട്ടം വന്നാലോ, കുഞ്ഞു തന്നെ സ്വയം ധൈര്യം സംഭരിച്ചെടുത്ത് താൻ അച്ഛനോടും അമ്മയോടും പറഞ്ഞു കൊടുക്കും എന്ന് ഭീഷണി മുഴക്കിയാലോ അയാളുടെ കയ്യിൽ കിടന്ന് ആ കുഞ്ഞിന്റെ പ്രാണൻ പിടഞ്ഞു തീരും.

ഇത്തരം സഹചര്യങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണം. ഒരു തവണ ഇതുപോലെ വല്ലതും സംഭവിച്ചുപോയാൽ മരണം വരെ തീരാദുഃഖമായി മാറും എന്ന് മാത്രമല്ല സ്വന്തം കുഞ്ഞിന്റെ ദുർവിധിയ്ക്ക് കാരണമായി തീർന്നതിൽ അവനവന് ഒരിക്കലും മാപ്പ് നൽകാൻ കഴിയാതെ സ്വയം മാനസികമായി തകർന്ന് പോകും. മക്കൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ട ആവശ്യകത മനസ്സിലാവാത്തത് കൊണ്ടോ, നാണംകൊണ്ടോ അതിന് മുതിരാതെ മാതാപിതാക്കളുടെ അശ്രദ്ധ കാരണം ലൈംഗീകപരമായ ചൂഷണങ്ങളും അതിക്രമങ്ങളും നേരിടേണ്ടി വന്ന കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഒരുപാട് ഉണ്ട്. പിന്നീട് അതോർത്ത് തനിയ്ക്ക് വന്നത് എത്ര വലിയ തെറ്റ് ആണെന്ന് മനസ്സിലായപ്പോൾ ആജീവനാന്തം അവനവനെ ശപിച്ചും വേദന തിന്നും പശ്ചാത്താപമനസ്സോടെ ജീവിക്കേണ്ടി വന്ന മാതാപിതാക്കളും ഉണ്ട്. ആതുകൊണ്ട് റിസ്‌ക്ക് എടുക്കേണ്ട ആരും. മക്കളോട് എല്ലാം തുറന്ന് പറയാനുള്ള മനസ്സ് കാണിക്കുക.

കുട്ടിക്കാലത്ത് കുഞ്ഞുമനസ്സിന് ഉൾക്കൊള്ളാൻ കഴിയാത്തതോ, താങ്ങാൻ പറ്റാത്തതോ ആയ അനുഭവങ്ങൾ ഉണ്ടായാൽ അത് ഒരാളുടെ വ്യക്തിത്വത്തെ സാരമായി തന്നെ ബാധിക്കും. മാനസികമോ ശാരീരികമോ ആയ പീഡനങ്ങൾക്കും ക്രൂരതയ്ക്കും ഇരയക്കപ്പെട്ട, ലോകമെന്തെന്ന് നല്ല നിലയിൽ തിരിച്ചറിയും മുമ്പേ മനം തർക്കുന്ന അനുഭവങ്ങളുടെ തീച്ചൂളയിലേയ്ക്ക് എടുത്തെറിയപ്പെട്ട, എല്ലാവരാലും തഴയപ്പെട്ട മക്കൾക്ക് ആഴം നിറഞ്ഞ ആ കയത്തിൽ നിന്ന് എഴുന്നേറ്റ് കയറിവരികയെന്ന് പറഞ്ഞാൽ അത്ര എളുപ്പമല്ല. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റാത്ത വിധം ഉള്ളിൽ വിഭ്രാന്തിയും പരിഭ്രമവും പടർന്ന് പിടിച്ച് മാനസ്സിക രോഗിയായി മാറിയേക്കാം അല്ലെങ്കിൽ വല്ല കടുംകൈയും ചെയ്തേക്കാം. നഷ്ടം ആ കുഞ്ഞിനും ജൻമം നൽകിയ മാതാപിതാക്കൾക്കും തന്നെ അല്ലാതെ മറ്റാർക്ക്? ഇന്നത്തെക്കാലം അച്ഛനമ്മമാർ രണ്ടുപേരും ജോലി ചെയ്യുന്നവരാവും മക്കൾക്ക് ശരിയായ ശ്രദ്ധയും പരിഗണനയും നൽകാൻ രക്ഷിതാക്കൾക്ക് കഴിയാതെ വരും. പലപ്പോഴും മക്കൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത് സ്വന്തം കുടുംബത്തിലെ ഏതെങ്കിലും അംഗങ്ങളാലോ, അല്ലെങ്കിൽ അച്ഛനമ്മമാരുടെ സുഹൃത്തുക്കളാലോ, അല്ലങ്കിൽ ഒരു അയൽവീട്ടിലുള്ള വ്യക്തിയുടെ കൈകളാൽ ഒക്കെയായിരിക്കും. അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടുന്നയും പ്രിയപ്പെട്ടവനുമായ ഒരാൾ തന്നോട് ഹീനമായ രീതിയിൽ പെരുമാറുന്നെന്ന് പറയാൻ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല ആ വ്യക്തി സമൂഹത്തിൽ പേരും പ്രശസ്തിയും ആദരവും ലഭിക്കുന്ന ആളാണെങ്കിൽ പിന്നെ ഒട്ടും പറയേണ്ട അവർ കടുത്ത മാനസിക സംഘർഷമാണ് നേരിടാൻ പോകുന്നത്.

Also read: കുടുംബ രൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ടത്

ഇത് ഭാവിയിൽ വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ തടസ്സങ്ങൾ സൃഷ്ടിച്ചെക്കും പങ്കാളിയോടുള്ള പെരുമാറ്റവും മനോഭാവവും എന്നുവേണ്ട എല്ലാത്തിനെയും ബാധിക്കും ദാമ്പത്യജീവിതത്തെ മൊത്തത്തിൽ അവതാളത്തിലാക്കുന്ന അവസ്ഥ വരും. അവസാനം കൗണ്സിലിങ്ങ് ചെയ്യുമ്പോഴാണ് അറിയുന്നത് കുട്ടിക്കാലത്ത് അവൾക്ക് അല്ലെങ്കിൽ അവന് ഉണ്ടായ ഒരു ദുരനുഭവമാണ് ഇത്രവരെ കൊണ്ടുവന്നെത്തിച്ചത്. ഉപബോധമനസ്സിൽ കിടന്ന, ഇടയ്ക്കിടെ ദുസ്വപ്നമായി വന്ന് ഉറക്കം കെടുത്തുന്ന, എന്നും മറക്കാനായി ആഗ്രഹിച്ച ഓർമ്മകളാണ് ഇപ്പോൾ വില്ലനായി പുറത്ത് വന്നിരിക്കുന്നതെന്ന്. ലൈംഗികതയെ വെറുത്ത് പോകാനും എതിർലിംഗത്തെ അറപ്പും വെറുപ്പും കലർന്ന രീതിയിൽ കാണാനും ഇത് കാരണമാവും. പൊതുവെ പെൺകുട്ടികൾക്കാണ് ഇത്തരം അനുഭവങ്ങൾ കൂടുതൽ ഉണ്ടാവുന്നത് എങ്കിലും ചൂഷണം ചെയ്യപ്പെടുന്നതിൽ ആൺകുട്ടികളും ഉണ്ട്.

കുഞ്ഞുങ്ങളുടെ ഭാവപ്രകടനത്തിൽ പെട്ടെന്ന് ഉണ്ടാവുന്ന ചില മാറ്റങ്ങൾ, ഒരു ഉൾവലിച്ചിൽ അതായത് ആളൊഴിഞ്ഞ മൂലയിൽ അല്ലെങ്കിൽ അടച്ചിട്ട മുറിയിൽ തനിച്ചിരിക്കൽ, ദുസ്വപ്‍നം കണ്ട് ഞെട്ടിയുണരൽ, തനിച്ച് ഉറങ്ങാൻ തയാറാവാതെ ഇരിക്കൽ ഇതൊക്കെ അപശകുനങ്ങളാണ്, ആകുലതയ്ക്ക് വഴിയൊരുക്കുന്നതാണ് , കുഞ്ഞ് എന്തിനെയോ ഭയക്കുന്നു എന്നർത്ഥം. പതിയെ ചേർത്ത് പിടിച്ചു ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ പറയാനുള്ള കംഫർട്ട് ലവവൽ ഉണ്ടാക്കി എടുക്കണം. ആദ്യം അവരെ മുഴുവനായ് കേൾക്കണം അതിനിടയിൽ കയറി സംസാരിക്കുകയോ വൈകരികതയോടെ പെരുമാറുകയോ ചെയ്യരുത്. മുഴുവൻ ഒരു ഒഴുക്കിൽ പറയട്ടെ, എല്ലാം ഓർത്ത് വെക്കണം, പെട്ടെന്ന് തന്നെ മറന്നു പോകാതിരിക്കാൻ നോട്ട് ചെയ്ത് വെക്കണം. വേണമെങ്കിൽ റെക്കോർഡ് ചെയ്ത് വെയ്ക്കാം. ജീവിതപങ്കാളിയുമായി ഒരിക്കലും ഇതൊന്നും ഒളിച്ചു വയ്ക്കരുത് ഒരിക്കലും കുഞ്ഞിനെയും അതിന് പ്രേരിപ്പിക്കരുത്. തുറന്ന് സംസാരിക്കാനുള്ള ധൈര്യം പകർന്നു കൂടെ നിൽക്കണം. എന്നിട്ട് കുടുംബത്തിലെ മുതിർന്നവരുമായി സംസാരിച്ച് വേണ്ട നടപടികൾ എടുക്കണം. കുഞ്ഞുമക്കളോട് ഇത്തരം നീചകൃത്യങ്ങൾക്കായി മുതിരുന്നവരെ വെറുതെ വിടരുത്, നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം. ജാമ്യം പോലും നൽകാത്ത വകുപ്പാണ് പോക്സോ, പിഞ്ചുമക്കളെ ലൈംഗീക ചൂഷണത്തിന്  ഇരയാക്കുന്നവർക്കായുള്ളതാണ്. ശിഷ്ടജീവിതം അവർ ജയിലിൽ അനുഭവിക്കട്ടെ. അവരെ ഒരു പാഠം പഠിക്കുക തന്നെ വേണം,

പക്ഷെ.. ഇത്തരം ഒരു ദുരന്തസാഹചര്യത്തെ നമ്മിലേക്ക് ഇങ്ങോട്ട് വിളിച്ചു വരുത്താതെയും അതിലേയ്ക്ക് കാര്യങ്ങളെ എത്തിക്കാതെയും നേരിടലാണല്ലോ ബുദ്ധി. അതിനാൽ ജാഗ്രത വേണം എപ്പോഴും എന്ന് പറഞ്ഞാൽ തന്നെ ഇന്നത്തെക്കാലം അത് എത്രത്തോളം പ്രാക്ടിക്കൽ ആവും എന്നതും വലിയൊരു ചോദ്യമാണ്. മക്കളെ ഏത് നേരത്തും കൺവെട്ടത്ത് തന്നെ പിടിച്ച് ഇരുത്താൻ പറ്റുമോ? അതുമല്ല പണ്ടത്തെക്കാലം പോലെ അല്ലല്ലോ ഇന്ന് അച്ഛനമ്മമാരും മക്കളും അകന്ന് നിൽക്കുന്ന അവസരങ്ങൾ കൂടുതലാണ്. അതേപോലെ പണ്ടൊക്കെ മാതാപിതാക്കളുമായി അടുത്ത പരിചയമുള്ളവരും അയൽവാസികളും എന്തിനേറെ പറയുന്നു നാട്ടുകാർ പോലും സ്വന്തം കുഞ്ഞുങ്ങളെപ്പോലെ തന്നെയാവും ഈ കുഞ്ഞുങ്ങളെയും കാണുന്നത്, ഇന്ന് അതൊന്നുമല്ല സീൻ, എല്ലാവർക്കും സ്വന്തം കാര്യം സ്വന്തം കുടുംബം എന്ന നിലപാടാണ്.. അതുകൊണ്ടാണ് പറയുന്നത് ചെറിയ രീതിയിലൊക്കെ തുടക്കത്തിലേ പറഞ്ഞുകൊടുത്ത് തുടങ്ങണം ഈ സമൂഹത്തിൽ ഇത്തരം ചില ആൾക്കാരും ഉണ്ടെന്നും എല്ലാവരെയും വിശ്വസിക്കാൻ കൊള്ളില്ല, ആരെയും പെട്ടെന്ന്, കണ്ണടച്ച് 100% വിശ്വസിക്കരുത്, അവർ പറയുന്നത് ശരിയാണോ, വിശ്വസിക്കാൻ കൊള്ളാമോ എന്നൊക്കെ നോക്കണം നാം നമ്മെ സ്വയം സുരക്ഷിതരാക്കണം അതിന്റെ ഉത്തരവാദിത്വം നമുക്കാണ് എന്നെല്ലാം. എന്ന് വെച്ച് നമ്മൾ പറഞ്ഞുകൊടുക്കുന്നത് കുഞ്ഞുങ്ങൾക്ക് സമൂഹത്തോടും ആളുകളോടും ഒരു നെഗറ്റീവ് കാഴ്ചപ്പാട് ഉണ്ടാക്കാനും ഇടയാക്കരുത് അതും പ്രത്യേകം ശ്രദ്ധിക്കണം. അച്ഛനും അമ്മയുമില്ലാത്ത സമയങ്ങളിൽ കൂട്ടിന് വല്ലവരെയും നിർത്തിപ്പോകുന്നെങ്കിൽ അപ്പോഴും സൂക്ഷിയ്ക്കണം. ആരെയും ശരീരത്തിൽ അമിതമായി തൊട്ട് കളിക്കാൻ അനുവദിക്കരുത് സ്വകാര്യഭാഗങ്ങളിലേയ്ക്ക് കൈകൾ കൊണ്ടുപോകുന്നെങ്കിൽ അയാളുടെ മുന്നിൽ നിന്ന് ഒഴിഞ്ഞുമാറാനും യാത്രയിലും മറ്റും അപരിചിതർക്കിടയിലേയ്ക്ക് ചെന്ന് അധികം കൂട്ട് കൂടാതെ ഇരിക്കാനും വല്ലതും തിന്നാനായി വെച്ചു നീട്ടിയാൽ സ്നേഹപൂർവ്വം നിരസിക്കാനും നിർബ്ബന്ധിക്കാൻ തുടങ്ങിയാൽ കൈയ്യിൽ വാങ്ങിവെച്ചാൽ മതി കഴിക്കണ്ട എന്നൊക്കെ മനസ്സിലാക്കി കൊടുക്കാം. കൗമാരത്തോട് അടുക്കുമ്പോൾ മാതാപിതാക്കൾ അച്ഛനമ്മമാർ അയിട്ടല്ല നല്ലൊരു സൗഹൃദം എന്ന സമീപനം എടുക്കണം മക്കളോട്. സയൻസ്പരമായിട്ട് സ്വന്തം ശരീരത്തെക്കുറിച്ചും പ്രത്യുത്പാദനത്തെക്കുറിച്ചും സ്ത്രീ/പുരുഷ ലൈംഗീക അവയവങ്ങളെക്കുറിച്ചും ബീജങ്ങളെകുറിച്ചും ആൺശരീരത്തെ കുറിച്ച് പെണ്ണിനും പെൺശരീരത്തെക്കുറിച്ച് ആൺകുട്ടിയ്ക്കും അല്പം ബോധം പകർന്ന് നൽകാവുന്നതാണ്. അവനവന് കഴിയുന്നില്ലെങ്കിൽ നല്ലൊരു കൗണ്സിലറെ വെച്ചോ അല്ലെങ്കിൽ ഈ ഒരു ഉദ്യമം ഏൽപ്പിക്കാൻ വുശ്വാസയോഗ്യമായ, ഉചിതമായ ഒരു വ്യക്തിയെ കണ്ടെത്തി അയാളിലൂടെയോ ചെയ്യിപ്പിക്കാവുന്നതെ ഉള്ളൂ. എല്ലാം മക്കൾക്ക് വേണ്ടിയല്ലേ മക്കളുടെ നന്മയ്ക്ക് വേണ്ടിയല്ലേ എന്നോർക്കുന്ന മാതാപിതാക്കൾ അത് ചെയ്‌തിരിക്കും.

Related Articles